ADVERTISEMENT

സൗരോര്‍ജ പാനലുള്ള ഒരു സ്മാര്‍ട്ഫോണ്‍ പുറത്തിറക്കാന്‍ ചൈനീസ് ടെക് കമ്പനിയായ ഷോമി. ലെറ്‌സ്‌ഗോഡിജിറ്റല്‍ (LetsGoDigital) വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, പിന്നില്‍ സോളാര്‍ പാനല്‍ പിടിപ്പിച്ച ഫോണിനായി കമ്പനി 2018ല്‍ നല്‍കിയ അപേക്ഷ വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫിസ് അംഗീകരിച്ചിരിക്കുകയാണ്. ഇനി കമ്പനിക്ക് ഇത്തരമൊരു ഫോണ്‍ നിര്‍മിക്കാം.

മോശം ഫോണ്‍ ആയിരിക്കില്ല എന്ന് അനുമാനം

ഫോണിന്റെ പിന്നില്‍ ഒരു സോളാര്‍ പാനല്‍ പിടിപ്പിക്കും. ഫോണിന്റെ പിന്‍ഭാഗത്ത് വിശാലമായി തന്നെ ഈ പാനല്‍ പടര്‍ന്നു കിടക്കും. മുകളില്‍ ലംബമായി ഇരട്ട ക്യാമറാ സെറ്റ്-അപ് പിടിപ്പിക്കാനായി സ്ഥലം ഇട്ടിട്ടുണ്ട്. നന്നേ നേര്‍ത്ത, സോളാര്‍ പാനലായതിനാല്‍ ഫോണിനു കനം കൂടില്ല എന്നും ലെറ്റ്‌സ്‌ഗോഡിജിറ്റല്‍ റിപ്പോര്‍ട്ട് പറയുന്നു. പിന്നില്‍ ഫിങ്ഗര്‍പ്രിന്റ് സെന്‍സറിനായി സ്ഥലം ഒഴിച്ചിട്ടിട്ടില്ലാത്തതിനാല്‍, ഇന്‍-ഡിസ്‌പ്ലേ സെന്‍സറായിരിക്കും ഉള്‍ക്കൊള്ളിച്ചിരിക്കുക എന്നാണ് അനുമാനം.

സ്‌ക്രീനിന്റെ മുന്നില്‍ നോച്ച് ഇല്ല. പോപ്-അപ് സെല്‍ഫി ക്യാമറയും ഇല്ല. സ്‌ക്രീനിനുള്ളില്‍ പിടിപ്പിച്ച സെല്‍ഫി ക്യാമറയും ഉള്‍ക്കൊള്ളിക്കാനാണു വഴി. ഇടതുവശത്ത് സിം ട്രേയും, വലതുവശത്ത് വോളിയം നിയന്ത്രണ ബട്ടണുകളും, പവര്‍ ബട്ടണും ഇടം നല്‍കിയിരിക്കുന്നു. അടിയിലായിഇരട്ട സ്പിക്കറുകളും, അവയ്ക്കു മധ്യേ യുഎസ്ബി-ടൈപ് സി പോര്‍ട്ടും കാണാം. ഇതില്‍നിന്നെല്ലാം മനസിലാകുന്ന കാര്യം, അത്ര വില കുറഞ്ഞ ഒരു ഹാന്‍ഡ്‌സെറ്റ് ആകില്ല ഇതെന്നാണ്.

അപ്പോള്‍ ബാറ്ററി പ്രശ്‌നത്തിനു ശാശ്വത പരിഹാരമാകുമോ പുതിയ ഫോണ്‍?

സ്‌ക്രീന്‍, ക്യാമറ, പ്രൊസസര്‍, റാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച ശേഷം സ്മാര്‍ട്ഫോണ്‍ പ്രേമികള്‍ തിരക്കുന്നത് ബാറ്ററി എന്തുമാത്രമുണ്ട് എന്നതാണ്. ക്വിക് ചാര്‍ജറുകളും മറ്റും രംഗത്തു വന്നതോടെ, ഇന്ന് ബാറ്ററി പ്രശ്‌നം മുന്‍ കാലത്തേതു പോലെ തീവ്രമല്ല. എന്നാല്‍, ആപ്പുകളുടെ ബാക്ഗ്രൗണ്ടിങ് ഒക്കെ അനുവദിക്കുകയാണെങ്കില്‍ എത്ര ബാറ്ററിയുണ്ടെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ മതിയാകുകയുമില്ല. അപ്പോള്‍ സോളാര്‍ പവര്‍ ഉപകരിക്കുമോ?

സോളാര്‍ ഊര്‍ജം നല്‍കാന്‍ ശ്രമിക്കുന്ന ലോകത്തെ ആദ്യത്തെ ഫോണൊന്നുമല്ലിത്. സാംസങും എല്‍ജിയും സോളാര്‍ റീച്ചാര്‍ജബ്ള്‍ ബാറ്ററികളുള്ള ഫോണുകള്‍ ഇറക്കിയിട്ടുണ്ട്. 2009ല്‍ സാംസങ് ഇറക്കിയ ഗുരു E1107 എന്നു പേരുള്ള ഒരു ഫീച്ചര്‍ ഫോണാണ് ഓര്‍മ വരുന്ന ഒരു മോഡല്‍. ഈ ഫോണ്‍ ഒരു മണിക്കൂര്‍ വെയിലത്തു വച്ചാല്‍ 5 മുതല്‍ 10 മിനിറ്റു വരെ അധിക ടോക് ടൈം കിട്ടുമെന്നാണ് സാംസങ് അവകാശപ്പെട്ടത്. എല്‍ജി തങ്ങളുടെ പോപ് (LG Pop GD510) സ്മാര്‍ട്ട്‌ഫോണിനൊപ്പം സോളാര്‍ ബാറ്ററി കവര്‍ ഇറക്കുകയാണ് ചെയ്തത്. 

ഷോമി കുറച്ചുകൂടെ ആധുനികമായ ടെക്‌നോളജിയായിരിക്കും ഉപയോഗിക്കുക. ഫോണ്‍ നേരിട്ടു വെയിലത്തു വയ്‌ക്കേണ്ടി വരില്ല. എന്നാല്‍ പോലും, വളരെ കുറച്ചു ചാര്‍ജ് മാത്രമായിരിക്കാം ഫോണില്‍ പ്രവേശിക്കുക. പകല്‍ ഒറ്റപ്പെട്ട പ്രദേശത്തു പെട്ടുപോകുകയും അപ്പോള്‍ ബാറ്ററി ചാര്‍ജ് മുഴുവനായും ഇല്ലാതായി എന്നു മനസിലാകുകയും ചെയ്യുന്ന സാഹചര്യത്തിലൊക്കെ ഗുണകരമാകാം എന്നതല്ലാതെ മറ്റു വലിയ പ്രയോജനമൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍, പാനലിനായി അത്രയധികം പൈസ നല്‍കേണ്ടി വരുന്നില്ലെങ്കില്‍ അതുസ്വാഗതാര്‍ഹമാണ്. സ്മാര്‍ട്ഫോണുകളുടെയൊക്കെ പിന്‍ പ്രതലം പ്രയോജനപ്പെടുത്തപ്പെടാതെ കിടക്കുകയാണല്ലോ. അവിടെയും ഉപകാരപ്രദമായ എന്തെങ്കിലുമൊക്കെ സംഭവിക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com