ADVERTISEMENT

ഐഫോണ്‍ ഉപയോക്താക്കള്‍ ശീലിച്ചു വന്ന ചില ഫീച്ചറുകള്‍ ഈ വര്‍ഷം (സെപ്റ്റംബര്‍ 10ന്?) അവതരിപ്പിക്കാന്‍ പോകുന്ന ഐഫോണുകളില്‍ കണ്ടേക്കില്ല. അവയെ കാലഹരണപ്പെട്ടവയുടെ ഗണത്തില്‍ പെടുത്തി ഒഴിവാക്കും. എന്നാല്‍, ഇപ്പോഴുള്ള ഐഫോണുകളുടെ ഒരു പറ്റം ഫീച്ചറുകള്‍ പുതിയ ഐഫോണുകളിലും കാണുകയും ചെയ്യും. ഇത്തരം ഏതാനും ഫീച്ചറുകള്‍ നോക്കാം:

ഒറ്റ ക്യാമറ

ഈ വര്‍ഷം സെപ്റ്റംബര്‍ 10ന് മൂന്നു മോഡലുകളായിരിക്കും ഇറക്കുക. ഇവയില്‍ ഒന്നിനു പോലും ഒറ്റ ക്യാമറ ആയിരിക്കില്ല ഉണ്ടാകുക. കഴിഞ്ഞ വര്‍ഷത്തെ മോഡലായ ഐഫോണ്‍ XRന് ഒറ്റ ക്യാമറയായിരുന്നു. ആ മോഡലിന്റെ പുതുക്കിയ പതിപ്പിനു പോലും ഇരട്ട ക്യാമറ കണ്ടേക്കും എന്നാണ് വിശ്വാസം. ചിലപ്പോള്‍ ട്രിപ്പിള്‍ ക്യാമറാ സിസ്റ്റം പോലും കണ്ടേക്കും. എന്തായാലും XS/XS മാക്‌സ് മോഡലുകള്‍ക്ക് ഉറപ്പായും ട്രിപ്പിള്‍ ക്യാമറാ സിസ്റ്റമായിരിക്കും. ഐഫോണ്‍ SE പോലെയൊരു ഫോണ്‍ ഇറക്കുന്നില്ലെങ്കില്‍ ഇനി ഒരുപക്ഷെ, ഒറ്റ ക്യാമറയുള്ള ഫോണ്‍ ആപ്പിള്‍ ഇറക്കിയേക്കില്ല.

iPhone-11

3ജിബി റാം

തങ്ങള്‍ എത്ര ജിബി റാമാണ് ഓരോ ഫോണിലും ഉള്‍ക്കൊള്ളിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്ന ശീലം ആപ്പിളിനില്ല. എന്നാല്‍, ഉപകരണങ്ങള്‍ കുത്തിത്തുറന്ന് അവയുടെ ഹാര്‍ഡ്‌വെയര്‍ ഫീച്ചറുകള്‍ വെളിപ്പെടുത്തുന്ന വെബ്‌സൈറ്റായ ഐഫിക്‌സിറ്റ് പറയുന്നത് കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ XRന് 3 ജിബി റാമും, XS/XS മാക്‌സ് മോഡലുകള്‍ക്ക് 4ജിബി റാമുമാണ് നല്‍കിയിരുന്നത് എന്നാണ്. ഈ വര്‍ഷം കുറഞ്ഞത് 4ജിബി റാം ആയിരിക്കും എന്നു കരുതുന്നു. ആപ്പിള്‍, ആന്‍ഡ്രോയിഡിനോട് റാം മത്സരത്തില്‍ ഏറ്റുമുട്ടുന്നില്ല എന്നതിന്റെ കാരണം ഐഒഎസിന്റെ അതിലാളിത്യമാണ്. കുറച്ചു റാം ഉപയോഗിച്ച് ഗംഭീര പ്രകടനം നടത്താനുള്ള ഈ ഓപ്പറേറ്റിങ് സിസ്റ്റം ഹാര്‍ഡ്‌വെയര്‍ ശക്തി കൂടാതെ തന്നെ എതിരാളികള്‍ക്കൊപ്പം നില്‍ക്കാന്‍ ആപ്പിളിനെ അനുവദിക്കുന്നു.

എല്‍സിഡി സ്‌ക്രീന്‍

ഐഫോണ്‍ Xനു മുമ്പ് എല്ലാ ഐഫോണുകളും എല്‍സിഡി സ്‌ക്രീന്‍ ആണ് ഉപയോഗിച്ചിരുന്നത് എന്നു കാണാം. കഴിഞ്ഞ വര്‍ഷത്തെ XR മോഡല്‍ മാത്രമാണ് എല്‍സിഡി സ്‌ക്രീന്‍ ഉപയോഗിച്ചത്. XS/XS മാക്‌സ് മോഡലുകൾക്ക് ഒലെഡ് സ്‌ക്രീനായിരുന്നു. ഈ വര്‍ഷം മൂന്നു മോഡലുകളും ഓലെഡ് സ്‌ക്രീനുമായി ഇറങ്ങിയേക്കും എന്ന് അഭ്യൂഹമുണ്ട്. പക്ഷേ, XR എല്‍സിഡി സ്‌ക്രീന്‍ ആയിരിക്കുമെന്നു വാദിക്കുന്നവരും ഉണ്ട്. മൂന്നു ഫോണുകളും ഓലെഡ് സ്‌ക്രീനുമായാണ് ഇറങ്ങുന്നതെങ്കില്‍ ഒരു പക്ഷേ, ഇനി എല്‍സിഡി സ്‌ക്രീനിലുള്ള ഐഫോണുകള്‍ ഇറക്കിയേക്കില്ല.

2020-iphone

3ഡി ടച്ച്

ഐഫോണ്‍ XS/XS മാക്‌സിന്റെ പുതിയ പതിപ്പുകളില്‍ ആപ്പിളിന്റെ 3ഡി ടച്ച് ഫീച്ചര്‍ കണ്ടേക്കില്ല. ചിലപ്പോള്‍ ഇനിയുള്ള ഒരു മോഡലിലും കണ്ടേക്കില്ല. ഇപ്പോള്‍, 3ഡി ടച്ച് ഉള്ള ഉപകരണങ്ങള്‍ പോലും ഐഒഎസ് 13 അപ്‌ഡേറ്റു ചെയ്യുമ്പോള്‍ ഹാപ്ടിക് ടച്ചിലേക്കു മാറാനുള്ള സാധ്യത പോലുമുണ്ട്. എന്തായാലും, ഇനിയുള്ള തങ്ങളുടെ പ്രധാന ഉപകരണങ്ങളില്‍ 3ഡി ടച്ച് ആപ്പിള്‍ ഉപേക്ഷിച്ചേക്കും. പകരം ഹാപ്ടിക് ടച്ച് ആയിരിക്കും ഉപയോഗിക്കുക. ഐഫോണ്‍ 6എസ്/6എസ് പ്ലസ് മോഡലുകളിലാണ് 3ഡി ടച്ച് ആദ്യമായി അവതരിപ്പിച്ചത്. ലൈവ് ഫോട്ടോസ് എന്ന ഫീച്ചറും ഈ മോഡലിലാണ് കൊണ്ടുവന്നത്.

iPhone-11

10 വാട്ടവര്‍ (watthour) ബാറ്ററി

വലിയ ബാറ്ററികള്‍ ഉപയോഗിക്കുന്ന കാര്യത്തിലും ആപ്പിള്‍ പിശുക്കു കാണിക്കുന്നതായി ആരോപണമുണ്ട്. എതിരാളികളുടെ പല മോഡലുകളും ബാറ്ററി മികവില്‍ മുന്നിലാണ്. കഴിഞ്ഞ വര്‍ഷത്ത ഏറ്റവും കുറഞ്ഞ ബാറ്ററി XS മോഡലിനായിരുന്നു--10വാട്ടവര്‍ (10 WHr (watthour). സെപ്റ്റംബറില്‍ ഇറങ്ങാന്‍ പോകുന്ന മോഡലുകളില്‍ ഒന്നില്‍ പോലും ഇത്രയും കുറഞ്ഞ വാട്ടവര്‍ ഉള്ള മോഡല്‍ ഉണ്ടാവില്ല എന്നുറപ്പാണ് എന്നാണ് പുതിയ വാര്‍ത്ത. ഒപ്പം ഫാസ്റ്റ് ചാര്‍ജിങിലും നിലിവിലുള്ള എല്ലാ ഐഫോണുകളെക്കാളും മികവു ലഭിച്ചേക്കും.

പഴയ ഐഫോണുകളുടെ ഈ ഫീച്ചറുകള്‍ പുതിയ ഫോണിലും കണ്ടേക്കും

മുന്‍ പാനല്‍

2018ലെ മികച്ച മോഡലുകളായ ഐഫോണ്‍ XS/XS മാക്‌സ് മോഡലുകളുടെ മുന്‍പാനല്‍ ഡിസൈനില്‍ കാര്യമായ മാറ്റം കണ്ടേക്കില്ല. അതേ നോച്ചും മറ്റും കാണാനാണ് വഴി. എന്നാല്‍, പിന്‍ ക്യാമറാ സിസ്റ്റം ഈ മോഡലുകളെ പെട്ടെന്ന് തിരിച്ചറിയാന്‍ അനുവദിക്കുകയും ചെയ്യും.

സ്‌ക്രീന്‍ സൈസ്

കഴിഞ്ഞ വര്‍ഷത്തെ അതേ സ്‌ക്രീന്‍ സൈസ് തന്നെയായിരിക്കും ഈ വര്‍ഷത്തെ മൂന്നു മോഡലുകള്‍ക്കും. XS--5.8; XR--6.1;XS മാക്‌സ്--6.5-ഇഞ്ച് എന്നതാണ് നിലവിലുള്ള സൈസ്.

ലൈറ്റ്‌നിങ് പോര്‍ട്ട്

ആപ്പിളിന്റെ സവിശേഷ പവര്‍ കണക്ടറാണ് ലൈറ്റ്‌നിങ് പോര്‍ട്ട്. പുതിയ ചില ഐപാഡ് മോഡലുകളില്‍ ആപ്പിള്‍ യുഎസ്ബി-ടൈപ്-സി പോര്‍ട്ട് അവതരിപ്പിച്ചത്, ആപ്പിള്‍ യുഎസ്ബി-സി ഉപയോഗിച്ചു തുടങ്ങാന്‍ പോകുകയാണ് എന്ന അഭ്യൂഹം പരന്നിരുന്നു. പുതിയ ഐഫോണുകളില്‍ അവ കാണാമെന്നായിരുന്നു വാദം. എന്നാല്‍, ഈ വര്‍ഷത്തെ ഐഫോണുകളും ലൈറ്റ്‌നിങ് പോര്‍ട്ട് തന്നെയായിരിക്കും ഉപയോഗിക്കുക എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

iphone-x-faceid-apple

ഫെയ്‌സ്‌ഐഡി

ഫെയ്‌സ്‌ഐഡി സാങ്കേതികവിദ്യ ആപ്പിള്‍ തുടര്‍ന്നും ഉപയോഗിക്കുമെന്നാണ് പറയുന്നത്. എതിരാളികളില്‍ പലരും ഉപയോഗിക്കുന്ന ഇന്‍-സ്‌ക്രീന്‍ ഫിങ്ഗര്‍പ്രിന്റ് ടെക്‌നോളജി ഐഫോണുകളില്‍ ആപ്പിള്‍ ഈ വര്‍ഷവും അവതരിപ്പിക്കില്ല എന്നും പറയുന്നു.

ഒറ്റ സെല്‍ഫി ക്യാമറ

ഇപ്പോഴുള്ള രീതിയില്‍ ഒറ്റ സെല്‍ഫി ക്യാമറ തന്നെയായിരിക്കും പുതിയ ഐഫോണുകളിലും ഉപയോഗിക്കുക. പക്ഷേ, റെസലൂഷന്‍ കൂട്ടുകയും, സ്ലോ-മോ വിഡിയോ റെക്കോഡിങ് തുടങ്ങിയ കൂടുതല്‍ ഫീച്ചറുകള്‍ ചേര്‍ക്കുകയും ചെയ്‌തേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com