ADVERTISEMENT

ഗ്യാലക്സി നോട്ട് 10, നോട്ട് 10 പ്ലസ് ഫോണുകളെത്തി. ഇന്നു സ്മാര്‍ട്ഫോണുകളില്‍ ലഭ്യമായ മിക്ക ഫീച്ചറുകളും ഉള്‍പ്പെടുത്തിയാണ് ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ഫോണ്‍ നിര്‍മാതാവായ സാംസങ് തങ്ങളുടെ ഗ്യാലക്‌സി നോട്ട് ശ്രേണിയിലെ പുതിയ ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. നോട്ട് 10ന് 6.3 ഇഞ്ച് വലുപ്പമാണെങ്കില്‍, പ്ലസ് മോഡലിന്‍ 6.8-ഇഞ്ച് വലുപ്പമുണ്ട്. ഇവയ്‌ക്കൊപ്പം മിന്നല്‍ വേഗതയുള്ള 5ജി മോഡലും ഉണ്ട്. ഇവ 5ജി സജ്ജമായ മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്കെത്തും. (ആപ്പിളിന്റെ ആദ്യ 5ജി മോഡല്‍ 2020ലാണ് പ്രതീക്ഷിക്കുന്നത്).

 

അല്‍പ്പം അകലെ നടക്കുന്ന ഒരു സംഭവത്തിന്റെ വിഡിയോ ആണു നിങ്ങള്‍ റെക്കോഡു ചെയ്യുന്നതെങ്കില്‍ പുതിയ ഗ്യാലക്‌സി നോട്ട് സീരിസിലെ ഫോണുകള്‍ക്കുള്ള സൂം-ഇന്‍-മൈക്ക് ഉപകരിക്കും. ചുരുക്കി പറഞ്ഞാല്‍, ഇന്ന് വാങ്ങാന്‍ ലഭിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളിലെ ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റുകള്‍ തന്നെയായിരിക്കും ഇവ.

 

ഹാര്‍ഡ്‌വെയര്‍ 

 

സാംസങിന്റെ സ്വന്തം 7എന്‍എം എക്‌സിനോസ് 9825 അല്ലെങ്കില്‍ സ്‌നാപ്ഡ്രാഗണ്‍ 855 എന്നിവ ആയിരിക്കും ഫോണുകള്‍ക്കു ശക്തി പകരുന്നത്. നോട്ട് 10 മോഡലിന് 8 ജിബി അല്ലെങ്കില്‍ 12 ജിബി റാമും 256 ജിബി സംഭരണശേഷിയുമായിരിക്കും ഉണ്ടാകുക. മൈക്രോഎസ്ഡി കാര്‍ഡ് സ്വീകരിക്കില്ല. എസ് 10 പ്ലസിനാണെങ്കില്‍ 12 ജിബി റാം ഉള്ള മോഡലാണ് ഇറക്കുന്നത്. സംഭരണശേഷി 256 ജിബി അല്ലെങ്കില്‍ 512 ജിബിയുള്ള രണ്ടു മോഡലുകള്‍ ഉണ്ട്. 1 ടിബി വരെയുള്ള മൈക്രോഎസ്ഡി കാര്‍ഡ് സ്വീകരിക്കും.

 

നോട്ട് 10ന് 3500 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 25 വോട്ട് ക്വിക് ചാര്‍ജിങ് സാധ്യമാണ്. നോട്ട് 10 പ്ലസിനാകട്ടെ 4300 എംഎഎച്ച് ബാറ്ററിയും 45വോട്‌സ് ക്വിക് ചാര്‍ജിങും ഉണ്ട്. എന്നാല്‍, രണ്ടു ഫോണുകള്‍ക്കും 25 വോട്‌സ് ചാര്‍ജറേ ഒപ്പം കിട്ടൂ. ഇരു മോഡലുകള്‍ക്കും റിവേഴ്‌സ്‌വയര്‍ലെസ് ചാര്‍ജിങ് ഫീച്ചര്‍ ഉണ്ട്. വയര്‍ലെസ് ചാര്‍ജിങ് ഉള്ള മറ്റു ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ ഇവ ഉപയോഗിക്കാം. ആന്‍ഡ്രോയിഡ് 9 പൈ ഉപയോഗിച്ചു സൃഷ്ടിച്ച സാംസങിന്റെ വണ്‍യുഐ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. പുതിയ വൈ-ഫൈ 6 ഇരു മോഡലുകളും സപ്പോര്‍ട്ട് ചെയ്യും.

 

ബെസലിന്റെ സാന്നിധ്യം വളരെ കുറച്ചു നിര്‍മിച്ച അമോലെഡ് സ്‌ക്രീനുകള്‍ക്ക് എച്ഡിആര്‍ 10, ഡൈനാമിക് ടോണ്‍ മാപ്പിങ് എന്നീ ഫീച്ചറുകള്‍ ഉണ്ട്. 

സാംസങ് ഗ്യാലക്‌സി നോട്ട് സീരീസ് ആണ് വലുപ്പം കൂടിയ ഫോണുകള്‍ എന്ന സങ്കല്‍പ്പം മുന്നോട്ടു വച്ച ആദ്യ സ്മാര്‍ട്ഫോണ്‍ ശ്രേണികളിലൊന്ന്. ഈ ഫോണുകളുടെ വലുപ്പത്തെയും സ്റ്റൈലസ് സപ്പോര്‍ട്ടിനെയും മുന്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് കണക്കിനു കളിയാക്കിയിട്ടുണ്ട്. സ്മാര്‍ട്ഫോണിന് 3.5-ഇഞ്ച് വലുപ്പമേ പാടുള്ളൂ എന്ന അദ്ദേഹത്തിന്റെ കടുംപിടുത്തം കുപ്രസിദ്ധമാണല്ലോ. എന്നാല്‍, അദ്ദേഹത്തിന്റെ മരണ ശേഷം ഐഫോണുകളുടെ വലുപ്പം കൂടുകയും ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ഇറങ്ങുന്ന ഐഫോണുകള്‍ക്കൊപ്പം സ്റ്റൈലസ് ഇറക്കുകയോ ചെയ്‌തേക്കാം എന്നും പറയുന്നു.

 

സാംസങിന്റെ എസ്-പെന്‍ സ്റ്റൈലസിനും ഈ വര്‍ഷം മാറ്റങ്ങളുണ്ട്. എയര്‍ ജെസ്ചറുകളാണ് ഇവയ്ക്ക് ഈ വര്‍ഷം സിദ്ധിച്ചിരിക്കുന്ന ശേഷി. ഫോണിനു മുകളില്‍ വായുവില്‍ ഇവ ചുഴറ്റി ചില കാര്യങ്ങള്‍ നടത്താം. ഹാന്‍ഡ്‌റൈറ്റിങ് റെക്കക്‌നിഷനും ഉണ്ട്. ഇവ ചില ഇന്ത്യന്‍ ഭാഷകള്‍ സപ്പോര്‍ട്ടു ചെയ്യുന്നു. ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ എഴുതുന്നവ ടൈപ്പ് ചെയ്താലെങ്ങനെ ഇരിക്കുമോ അങ്ങനെ മാറ്റാം. ഈ ഫീച്ചര്‍ സപ്പോര്‍ട്ട് മലയാളത്തിനുണ്ടോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. എസ്-പെന്‍ സ്റ്റൈലസ് ഫോണിന് ഒരു റിമോട്ട് ആയും ഉപയോഗിക്കാം. ഫോട്ടോ എടുക്കാനും, പ്രെസന്റേഷന്‍സ് നടത്താനും ഇത് ഉപയോഗിക്കാം.

 

ഫോണുകളുടെ ഡെസ്‌ക്ടോപ് ഇന്റഗ്രേഷനാണ് മറ്റൊരു ഉപകാരപ്രദമായ ഫീച്ചര്‍. ഇത് പുതിയതല്ല. പക്ഷേ ചില മാറ്റങ്ങള്‍ ഇവിടെയും ഉണ്ട്. ഡെക്‌സ് എന്നറിയപ്പെടുന്ന ഈ ഫീച്ചര്‍ ഇപ്പോള്‍ മാക്കിലും, വിന്‍ഡോസിലും ഉപയോഗിക്കാം. മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് വിന്‍ഡോസ് ലൈവ് എന്നൊരു ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ ഫീച്ചര്‍ ഉപയോഗിച്ചാല്‍ ഫോണിന്റെ സ്‌ക്രീന്‍ പിസിയുടെ സ്‌ക്രീനില്‍ മിറര്‍ ചെയ്യാം. തുടര്‍ന്ന് മെസെജിങ്, നോട്ടിഫിക്കേഷന്‍സ് തുടങ്ങിയവയൊക്കെ പിസിയില്‍ നിന്നു അക്‌സസ് ചെയ്യാം.

 

ക്യാമറ

 

ഇരു മോഡലുകള്‍ക്കും ട്രിപ്പിള്‍ പിന്‍ ക്യാമറാ സിസ്റ്റമാണുള്ളത്. ടൈം-ഓഫ്-ഫ്ലൈറ്റ് സെന്‍സറുമുണ്ട്. ഇതുപയോഗിച്ച് വസ്തുക്കളുടെ ത്രിമാന മോഡലുകള്‍ സൃഷ്ടിക്കാം. ബോ-കെ എഫക്ട് സൃഷ്ടിക്കാനും ഇത് ഉപകരിക്കും.

 

ഫോണിന് 12MP പ്രധാന ക്യാമറയാണ് ഉള്ളത്. ഇതിന്  1/2.55' വലുപ്പമുള്ള സെന്‍സറും 27mm ലെന്‍സുമാണ് ഉള്ളത്. അപര്‍ചര്‍ F1.5-2.4 ഇടയില്‍ മാറ്റാം. ഡ്യൂവല്‍ പിക്‌സല്‍ ഓട്ടോഫോക്കസും ഓപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്. 12MP ടെലി ലെന്‍സിന് കുറച്ചു കൂടെ വലുപ്പക്കുറവുള്ള (1/3.6') സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. 52mm ഫോക്കല്‍ ലെങ്ത് ഉള്ള ഈ ക്യമറയ്ക്ക് F2.1 അപര്‍ചര്‍ ആണ് ഉള്ളത്. അള്‍ട്രാ വൈഡ് ലെന്‍സിനാകട്ടെ 16എംപി ക്യാമറയും 12mm ഫോക്കല്‍ ലെങ്തുമാണ് ഉള്ളത്.

 

സെല്‍ഫി ക്യാമറ 10 എംപി റെസലൂഷനുള്ളതാണ്. ഇത് ഫോണിന്റെ സ്‌ക്രീനിനുള്ളില്‍ പിടിപ്പിച്ചിരിക്കുകയാണ്. മുന്‍-പിന്‍ ക്യാമറകള്‍ക്ക് 4കെ വിഡിയോ റെക്കോഡു ചെയ്യാനാകും. വിഡിയോ എഡിറ്ററും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ അഡോബി പ്രീമിയര്‍ റഷ് ഫോണ്‍ ഉടമകൾക്ക് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം. ഗ്യാലക്‌സി എസ് 10 തുടക്ക മോഡലിന് 946 ഡോളറാണ് വില. പ്ലസ് മോഡലിന്റെ തുടക്ക വില 1,099 ഡോളറാണ്. ഇവ ഓഗസ്റ്റ് 23 മുതല്‍ വാങ്ങാനാകും.

 

മികച്ച ഫീച്ചറുകളുടെ ധാരാളിത്തമാണ് ഫോണുകളില്‍ കാണാവുന്നതെങ്കിലും, വില വളരെയധികമാണ് എന്നാണ് പ്രതികരണം. വികസിത രാജ്യങ്ങളില്‍ പ്രീമിയം സ്മാര്‍ട്ഫോണുകളുടെ വില്‍പ്പന കുറയുകയാണ്. അതിനാല്‍, വില പ്രശ്‌നമാക്കാതെ വാങ്ങുന്നവരില്‍ നിന്ന് പരമാവധി പൈസ വാങ്ങാമെന്ന ചിന്തയിലാണ് മിക്കവാറും എല്ലാ ഫോണ്‍ നിര്‍മ്മാതാക്കളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com