sections
MORE

ഇടത്തരം ഫോൺ വിപണിയില്‍ വന്‍ 'അട്ടിമറി ശ്രമം'; 14,000 രൂപയ്ക്ക് 4 ക്യാമറ ഫോണുമായി റിയല്‍മി

Realme-5
SHARE

മധ്യനിരയിലെ മികച്ച പ്രോസസറുകളിലൊന്നായ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 712 AIE ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതും പിന്നില്‍ നാലു ക്യാമറ സിസ്റ്റമുള്ളതുമായ റിയല്‍മി 5 പ്രോ, 13,999 രൂപയ്ക്ക് അവതരിപ്പിച്ചു ഞെട്ടിച്ചിരിക്കുകയാണ് റിയല്‍മി. റിയല്‍മി 5 പ്രോമോഡലുകള്‍ക്ക് 4GB/64GB, 6GB/64GB, 8GB RAM/128GB എന്നീ മൂന്നു വേരിയന്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ വില യഥാക്രമം 13,999 രൂപ, 14,999 രൂപ, 16,999 രൂപ എന്നിങ്ങനെയായിരിക്കും. എതിരാളികളില്ലാതെ ഷഔമി വിലസിയിരുന്നിടത്തേക്കാണ് ബുദ്ധിപൂര്‍വ്വമായ നീക്കത്തില്‍ റിയല്‍മി 'ചെക്ക്' പറഞ്ഞിരിക്കുന്നത്.

നല്‍കുന്ന വിലയ്ക്കുള്ള മൂല്യമുള്ള സ്മാര്‍ട് ഫോണ്‍ ലഭിക്കുന്നു എന്ന പ്രതീതി ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കിടയില്‍ വളര്‍ത്തുന്നതില്‍ വിജയിച്ചു നിന്ന ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാവാണ് ഷഓമി. ചൈനയിലെ ആപ്പിള്‍ എന്ന് അറിയപ്പെടുന്ന കമ്പനിയുടെ അടി തെറ്റിക്കുന്ന നീക്കവുമായി ഇറങ്ങയിരിക്കുകയാണ് ചൈനയില്‍ നിന്നു തന്നെയുള്ള ഒപ്പോയുടെ സബ്-ബ്രാന്‍ഡ് ആയ റിയല്‍മി. പുതിയ മോഡലുകള്‍ സെപ്റ്റംബര്‍ നാലു മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലും കമ്പനിയുടെ സ്വന്തം വെബ്‌സൈറ്റിലും വില്‍പനയ്ക്കു വരും.

ഫോണിന്റെ മറ്റു ഫീച്ചറുകള്‍ പരിശോധിക്കാം

6.3-ഇഞ്ച് വലുപ്പമുള്ള ഫുള്‍എട്ഡി പ്ലസ് റെസലൂഷനുള്ള (2340×1080 പിക്‌സല്‍സ്) സ്‌ക്രീനാണ് റിയല്‍മി 5 പ്രോയ്ക്ക്. സ്‌നാപ്ഡ്രാഗണ്‍ 712 AIE  പ്രോസസറിനൊപ്പം അഡ്രെനോ 616 ഗ്രാഫിക്‌സ് പ്രോസസറും ഉണ്ട്. ആന്‍ഡ്രോയിഡ് 9.0 പൈ ഉപയോഗിച്ചു സൃഷ്ടിച്ച കളര്‍ഓഎസ് 6 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 4,035 എംഎഎച്ച് ബാറ്ററിയും കമ്പനിയുടെ VOOC 3.0 ക്വിക് ചാര്‍ജിങും ഉണ്ട്. മുന്നില്‍ ഡ്യൂഡ്രോപ് നോച്ചും അതില്‍ 16 മെഗാപിക്സൽ സെല്‍ഫി ക്യാമറയും അടക്കം ചെയ്തിരിക്കുന്നു. ഇതിന് എഐ ബ്യൂട്ടിഫിക്കേഷന്‍, എച്ഡിആര്‍ തുടങ്ങിയ മോഡുകളുമുണ്ട്. കപ്പാസിറ്റീവ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പിന്നിലാണ്. ദ്രുതമായി അണ്‍ലോക് ചെയ്യാനാകുന്നതാണിത്. ഇരട്ട സിമ്മുകളോ, മൈക്രോഎസ്ഡി കാര്‍ഡും ഒരു സിമ്മുമോ ഉപയോഗിക്കാം. 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക് ഉണ്ട്. ടൈപ്-സി പോര്‍ട്ടും ഉണ്ട്.

പിന്‍ ക്യാമറ സിസ്റ്റം

സോണിയുടെ 48 എംപി (IMX 586) സെന്‍സറാണ് ഫോണിന്റെ പ്രധാന ക്യാമറ. f/1/7 അപേര്‍ച്ചറുള്ള ഈ ക്യാമറയ്ക്ക് 4കെ വിഡിയോ റെക്കോഡിങ്, ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷന്‍ തുടങ്ങിയവയൊക്കെയുണ്ട്. പ്രകാശമുളളിടത്തു വച്ച് എടുക്കുന്ന ചിത്രങ്ങള്‍ക്ക് ധാരാളം വിശദാംശങ്ങള്‍ കാണാന്‍ കഴിഞ്ഞു. കളറുകള്‍ക്കും കൃത്യത തോന്നി. എന്നാല്‍ വെളിച്ചം കുറയും തോറും പ്രകടനത്തില്‍ മികവു കുറയുന്ന അനുഭവവും ഉണ്ടായി. ചിത്രങ്ങളില്‍ ഗ്രെയ്ന്‍ കാണാം. എന്നാല്‍ ഇത്തരമൊരു ഫോണ്‍ വാങ്ങാന്‍ സാധ്യതയുള്ളവര്‍ക്ക് മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാം. ഫോക്കസിങ് അതിവേഗം നടക്കുന്നു. പെട്ടെന്നു തലങ്ങും വിലങ്ങും കുറച്ചു പടമെടുത്തു നീങ്ങുന്നവര്‍ക്ക് ഈ ഫോണ്‍ ഇഷ്ടപ്പെട്ടേക്കും. സൂം ചെയ്‌തെടുക്കുന്ന ചിത്രങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന മികവു തോന്നുന്നില്ല എന്നതും എടുത്തു പറയണം. സമൂഹ മാധ്യമങ്ങളിലും മറ്റും പോസ്റ്റു ചെയ്യാന്‍ ഉചിതമായ ചിത്രങ്ങളാണ് ലഭിക്കുക. എന്നാല്‍ ഡിഎസ്എല്‍ആര്‍ ക്വാളിറ്റി ചിത്രങ്ങളൊന്നും ലഭിക്കില്ല.

മറ്റു ക്യാമറകള്‍

അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയ്ക്ക് 8 മെഗാപിക്സൽ റെസലൂഷനാണുള്ളത്. 119-ഡിഗ്രി കാഴ്ചയാണ് ഈ ക്യമറ നല്‍കുന്നത്. മറ്റു പല ഫോണുകള്‍ക്കും ഇല്ലാത്ത 'അള്‍ട്രാ മാക്രോ' ലെന്‍സാണ് ഈ മോഡലിന് അധികമായി ലഭിക്കുന്ന ഒരു ക്യാമറ. ചെറിയ സബ്ജക്ടുകളുടെ ഫോട്ടൊ എടുക്കാന്‍ ഇത് ഉപകരിക്കും. ക്യാമറയ്ക്ക് 2 എംപി റെസലൂഷനുള്ള സെന്‍സറാണ്. നാലാം ക്യാമറ പോര്‍ട്രെയ്റ്റുകള്‍ എടുക്കാനാണ് ഉപകരിക്കുക. ഇതിനും 2 മെഗാപിക്സൽ സെന്‍സറാണ് നല്‍കിയിരിക്കുന്നത്. സെല്‍ഫി ക്യാമറയുടെ പ്രകടനം അത്ര മികച്ചതാണെന്ന് പറയാന്‍ വയ്യ.

ഫോണിന്റെ ഭാരമാണ് ചില ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെടാതിരിക്കാന്‍ സാധ്യതയുള്ള ഒരു കാര്യം. എന്നാല്‍ ഫോണ്‍ നല്ല മെറ്റീരിയല്‍ ഉപയോഗിച്ചായിരിക്കാം നിര്‍മിച്ചിരിക്കുക എന്ന തോന്നലുണ്ടാക്കാനും ഇത് ഉപകരിക്കും. സ്‌ക്രീന്‍ ഇത്തരമൊരു ഫോണില്‍ നിന്നു പ്രതീക്ഷിക്കുന്നത്ര ഷാര്‍പ് ആണ്. നേരിട്ടു സൂര്യപ്രകാശമടിച്ചാലും ടെക്സ്റ്റും മറ്റും വായിക്കാം. ആദ്യ വിലയിരുത്തല്‍ പ്രകാരം ഈ വിലയ്ക്കു ലഭിക്കാവുന്ന ഫോണാണ്.

റിയല്‍മി 5

പ്രോയിലും വില താഴ്ത്തിയിറക്കിയ മോഡലാണ് റിയല്‍ മി 5. സ്‌നാപ്ഡ്രാഗണ്‍ 665 AIE ആണു പ്രോസസര്‍. നാലു ക്യമറ സിസ്റ്റം തന്നെയാണ് ഇതിനെങ്കിലും പ്രധാന ക്യാമറയ്ക്ക് 12 എംപി പ്രധാന ക്യാമറയാണുള്ളത്. സ്‌ക്രീനിന് 6.5-ഇഞ്ച് വലുപ്പമാണെങ്കിലും റെസലൂഷന്‍ എച്ഡിപ്ലസ് ആണ്. 3GB/32GBയാണ് തുടക്ക മോഡലിന്. ഇതിന്റെ വില 9,999 രൂപയായിരിക്കും.

ഷഓമി റെഡ്മി നോട്ട് 7 പ്രോ മോഡലുകളുടെ വില കുറക്കുന്നു

റിയല്‍മിയുടെ നീക്കത്തില്‍ പകച്ചു പോയ ഷഓമി തങ്ങളുടെ റെഡ്മി നോട്ട് 7 പ്രോ മോഡലുകളുടെ വില വെട്ടിക്കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. 6Gb/64GB മോഡലിന്റെ വില 14,999 രൂപയായി കുറച്ചേക്കുമെന്നാണ് കേള്‍ക്കുന്നത്. 

ഉപയോക്താക്കള്‍ക്കു നേട്ടം

ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ സ്‌നേഹികളെ രണ്ടു വിഭാഗമായി തിരിക്കാം. ഷഓമിയെ പോലെയുള്ള ചൈനീസ് നിര്‍മാതാക്കളെ ഇഷ്ടപ്പെടുന്നവരും അവരെ അത്യന്തം വെറുക്കുന്നവരും. ഇവരില്‍ ആദ്യ കൂട്ടത്തില്‍ പെടുന്നവര്‍ക്ക് ഇത് ഉത്സവ കാലം തന്നെയാണ്. അടുത്ത കാലം വരെ 18,000 രൂപ നല്‍കേണ്ടിയിരുന്ന ഫോണുകളുടെ വില 15,000 ല്‍ താഴേക്ക് എത്തുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA