sections
MORE

നരേന്ദ്ര മോദി അകമഴിഞ്ഞു സഹായിച്ചു, നന്ദി പറഞ്ഞ് ആപ്പിൾ; ഐഫോൺ വില കുറയും

modi-cook
SHARE

ഉത്കൃഷ്ടതയുടെ പര്യായമായി പലരും കാണുന്ന അമേരിക്കന്‍ കമ്പനി ആപ്പിള്‍ ഇന്ത്യയിലേക്ക് വരികയാണ്. ഇന്ത്യയില്‍ ഫോണ്‍ നിര്‍മിക്കാനും ഉപയോക്താക്കള്‍ക്ക് നേരിട്ട് ഇടനിലക്കാരില്ലാതെ ഫോണ്‍ വില്‍ക്കാനും തയാറായാണ് കമ്പനി വരുന്നത്. ഇന്ത്യയിലെ ആദ്യ ആപ്പിള്‍ സ്‌റ്റോര്‍ രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ ആയിരിക്കും സ്ഥാപിക്കുക എന്നാണ് അഭ്യൂഹങ്ങള്‍ പറയുന്നത്. എന്നാല്‍ അതിനു മുൻപെ കമ്പനി ഓണ്‍ലൈനിലൂടെ ഫോണുകളും മറ്റും വില്‍പന തുടങ്ങിയേക്കും. ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്, ആമസോണ്‍ തുടങ്ങിയ വ്യാപാരികളിലൂടെയാണ് ഫോണുകളും മറ്റും വിറ്റഴിക്കുന്നത്. ഇതോടെ ഐഫോണുകളുടെ വില കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്ര മന്ത്രിസഭ സിംഗിൾ ബ്രാന്‍ഡ് റീട്ടെയ്‌ലര്‍മാര്‍ക്ക് ഇന്ത്യയില്‍ നിലനിന്നിരുന്ന നിയന്ത്രണങ്ങളില്‍ പലതും എടുത്തു കളഞ്ഞ് ഒരു ദിവസത്തിനു ശേഷമാണ് കമ്പനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞത്. തന്റെ ബജറ്റ് പ്രസംഗത്തില്‍ ഫിനാന്‍സ് മിനിസ്റ്റര്‍ നിര്‍മല സീതാരാമന്‍ ഈ ഇളവു നല്‍കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ടീമും നല്‍കുന്ന പിന്തുണയ്ക്ക് നന്ദി പറയുകയും ഒപ്പം തങ്ങള്‍ക്ക് ഇന്ത്യയിലെ ആപ്പിള്‍ ഉപയോക്താക്കളേ ഓണ്‍ലൈനിലൂടെയും ആപ്പിള്‍ സ്റ്റോറിലൂടെയും സേവനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ അതീവ സന്തോഷമുണ്ടെന്നും കമ്പനി പറയുകയായിരുന്നു. ഇന്ത്യയിലെ ആദ്യ ആപ്പിള്‍ സ്റ്റോറിലേക്ക് തങ്ങളുടെ ഉല്‍പന്നങ്ങളെ സ്‌നേഹിക്കുന്നവരെ സ്വാഗതം ചെയ്യാന്‍ സാധിക്കുന്ന ആ ദിനത്തിനായി കാത്തിരിക്കുകയാണെന്നും കമ്പനി പറഞ്ഞു. ഞങ്ങളുടെ സേവനങ്ങള്‍ നല്‍കിതുടങ്ങാന്‍ അല്‍പം കൂടെ സമയമെടുത്തേക്കുമെന്നും കമ്പനി അറിയിച്ചു. എന്നു മുതല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകുമെന്ന കാര്യം വഴിയെ അറിയിക്കാമെന്നും അവര്‍ പറഞ്ഞു.

ആദ്യ ആപ്പിള്‍ സ്റ്റോര്‍ തുറക്കാന്‍ എത്ര കാലം?

എന്നാല്‍, ആദ്യ ആപ്പിള്‍ സ്റ്റോറിലേക്ക് നടന്നു കയറാന്‍ കുറച്ചു കാലം കൂടെ കാത്തിരിക്കണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കമ്പനിയുടെ ഉപകരണങ്ങള്‍ പോലെ ആപ്പിള്‍ സ്റ്റോറുകളും കമ്പനി നടത്തുന്ന ഒരു പ്രസ്താവനയായിരിക്കും. കമ്പനി പേറ്റന്റ് എടുത്തിട്ടുള്ള നിര്‍മാണരീതികളും മറ്റു കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചുള്ളവയായിരിക്കും ഇത്തരം സ്റ്റോറുകള്‍.

അതേസമയം, സർക്കാരിന്റെ നീക്കത്തെ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ സ്വാഗതം ചെയ്തു. ഇതിലൂടെ ഇന്ത്യയിലെ റീട്ടെയ്ല്‍ രംഗം ലോകത്തെ മികച്ച വിപണികള്‍ക്കൊപ്പമാകുമെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ മള്‍ട്ടിബ്രാന്‍ഡ് വിദേശ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

എന്തിനാണ് പ്രധാനമന്ത്രിക്ക് ആപ്പിള്‍ നന്ദി പറഞ്ഞത്?

അടുത്ത കാലം വരെ ആപ്പിളിനെ പോലെയുള്ള കമ്പനികള്‍ തങ്ങളുടെ ഫോണുകളും മറ്റും ഉണ്ടാക്കാനുള്ള സാമഗ്രികളില്‍ 30 ശതമാനം ഇന്ത്യല്‍ നിന്നു തന്നെ കണ്ടെത്തണം എന്നതായിരുന്നു നയം. ഇതാണ് ഇപ്പോള്‍ വേണ്ടന്നുവച്ചത്. ആപ്പിളിനെ പോലെയുള്ള കമ്പനികള്‍ക്ക് ആഹ്ലാദം പകര്‍ന്നതും ഇതാണ്. ഇത് ആപ്പിളിന് ഇന്ത്യയിലെ അതിവേഗം വളരുന്ന സ്മാര്‍ട് ഫോണ്‍ വിപണിയില്‍ ഒരു കൈനോക്കാന്‍ അവസരമൊരുക്കിയേക്കും.

വില്‍പനയുടെ കാര്യത്തിലും കമ്പനിക്ക് ഇനി ആമസോണിനെയും ഫ്‌ളിപ്കാര്‍ട്ടിനെയും ആശ്രിയിക്കേണ്ടിവരില്ല എന്നതു കൂടാതെ, വേണമെങ്കില്‍ രാജ്യത്തിനായി പുതിയ റീട്ടെയിൽ തന്ത്രങ്ങള്‍ ഒരുക്കുകയും ചെയ്യാമെന്നതാണ് ആപ്പിളിന് സന്തോഷം പകര്‍ന്ന കാര്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA