ADVERTISEMENT

റിയല്‍മിയില്‍ നിന്ന് വന്‍ വെല്ലുവിളി നേരിടുന്ന ഷഓമി വിപണിയിലെ മേല്‍ക്കോയ്മ നിലനിര്‍ത്താനായി പുതിയ റെഡ്മി നോട്ട് സീരിസ് അവതരിപ്പിച്ചു. നോട്ട് 8, നോട്ട് 8 പ്രോ എന്നീ മോഡലുകളാണ് കമ്പനി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. വിലക്കുറവും നാലു പിന്‍ ക്യാമറകളുമാണ് ഈ ഫോണുകളുടെ പ്രധാന ആകര്‍ഷണീയത. പ്രോ മോഡലിന് 64 മെഗാപിക്സൽ ക്യാമറയും ഉണ്ട്. നോട്ട് 7 പ്രോ അവതരിപ്പിച്ച് എട്ടു മാസം കഴിഞ്ഞപ്പോള്‍ത്തന്നെ അതിന്റെ അപ്‌ഡേറ്റും നടത്തിയെന്നു പറഞ്ഞാല്‍ കമ്പനി നേരിടുന്ന മത്സരത്തിന്റെ കടുപ്പം മനസിലാകും. ഇവയ്‌ക്കൊപ്പം റെഡ്മി ടിവിയും റെഡ്മിബുക്ക് 14 ലാപ്‌ടോപ്പും ഷഓമി പുറത്തിറക്കിയിട്ടുണ്ട്.

 

എന്തായാലും, ഷഓമി പോലെയൊരു കമ്പനിയുടെ ഫോണ്‍ വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് നല്ല വാര്‍ത്തകളാണ് പുറത്തു വരുന്നത്. റെഡ്മി നോട്ട് 7 പ്രോ അവതരിപ്പിച്ചപ്പോള്‍ 16,999 ആയിരുന്നു 6ജിബി/64ജിബി വേര്‍ഷന്റെ വിലയെങ്കില്‍ 8 പ്രോയുടെ 6ജിബി/64ജിബി വേര്‍ഷന്റെ വില 14,000 ആയിരിക്കുമെന്നാണ് കരുതുന്നത്. (ഇന്ത്യയിലെ വില പുറത്തുവിട്ടിട്ടില്ല.) നോട്ട് 8ന്റെ 4ജിബി/64ജിബി വേര്‍ഷന്റെ വില 10,000 രൂപയായിരിക്കുമെന്നും കരുതുന്നു.

 

റെഡ്മി നോട്ട് 8 പ്രോ

 

ഫോണിന് 6.53-ഇഞ്ച് വലുപ്പമുള്ള ഫുള്‍ എച്ഡി പ്ലസ് (1080×2340 പിക്‌സല്‍) റെസലൂഷനുള്ള, വാട്ടര്‍ഡ്രോപ് രീതിയിൽ നോച്ചുള്ള 3ഡി കേര്‍വിഡ് ഗ്ലാസ് സ്‌ക്രീനാണ് നല്‍കിയിരിക്കുന്നത്. സ്‌ക്രീനിന്റെ അനുപാതം 19.5:9 ആണ്. ഫോണിന് മുകളിലും താഴെയും കോര്‍ണിങ് ഗൊറില്ലാ ഗ്ലാസ് 5ന്റെ സുരക്ഷയും ലഭിക്കുന്നു. പിന്നിലാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍. ഹെലിയോ G90T പ്രോസസറാണ് നല്‍കിയിരിക്കുന്നത്. 8ജിബി വരെ റാമും 256 ജിബി വരെ സംഭരണശേഷിയുമുള്ള മോഡലുകള്‍ ഇറക്കുന്നു. നോട്ട് 8 പ്രോയുടെ മറ്റൊരു സവിശേഷത അതിന്റെ ലിക്വിഡ് കൂളിങ് സിസ്റ്റമാണ്. ഗെയിം കളിക്കുന്നവര്‍ക്ക് ഫോണ്‍ ചൂടാകുന്നതു കുറയ്ക്കാനാണ് ഈ കൂളിങ് സിസ്റ്റം.

 

ഗെയിം ടര്‍ബോ 2.0 മോഡും ഇതിനുണ്ട്. ഗെയിം കണ്ട്രോളറും ഫോണിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ഇതിന് 1,800 രൂപയാണ് വിലയിട്ടിരിക്കുന്നത്. എന്നാല്‍ ഇത് ഏകദേശം 1,000 രൂപയ്ക്ക് വില്‍ക്കാനാണ് കമ്പി ഉദ്ദേശിക്കുന്നതെന്നും വാര്‍ത്തകളുണ്ട്. 

 

ക്യാമറ സിസ്റ്റം 

 

redmi-note-8

റെഡ്മി നോട്ട് 8 പ്രോയുടെ നാലു പിന്‍ ക്യാമറ സെറ്റ്-അപ്പിലെ പ്രധാന ക്യാമറ 64 മെഗാപിക്സൽ റെസലൂഷനുള്ളതാണ്. ഇതു കൂടാതെ 8 മെഗാപിക്സൽ വൈഡ് ആംഗിള്‍ ലെന്‍സും 2 മെഗാപിക്സൽ ടെലി ലെന്‍സും 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സറും അടങ്ങുന്നതാണ് ക്യാമറ സജ്ജീകരണം. 20 മെഗാപിക്സലാണ് സെല്‍ഫി ക്യാമറയുടെ റസലൂഷന്‍.

 

ബാറ്ററി

 

4,500എംഎഎച് കപ്പാസിറ്റിയുള്ള ബാറ്ററിയാണ് ഉള്‍ക്കൊളളിച്ചിരിക്കുന്നത്. 18 വാട്‌സ് ക്വിക് ചാര്‍ജറും ഫോണിനൊപ്പം നല്‍കും.

 

ആന്‍ഡ്രോയിഡ് പൈ കേന്ദ്രമാക്കി നിര്‍മിച്ച എംഐയുഐ 10 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. ഫോണിന് 3.5 ഓഡിയോ ജാക്ക് ഉണ്ട്. യുഎസ്ബി ടൈപ്-സി പോര്‍ട്ടുമുണ്ട്. എന്‍എഫ്‌സി തുടങ്ങിയ എല്ലാ കണക്ടിവിറ്റി ഓപ്ഷനുകളും തന്നെ ഉണ്ട്. ഐപി52 വാട്ടര്‍ റെസിസ്റ്റന്‍സും ഉണ്ടെന്നു കമ്പനി പറയുന്നു. പ്രീ ഓര്‍ഡര്‍ സെപ്റ്റംബര്‍ 17 മുതല്‍ സ്വീകരിക്കും എന്നാണ് മനസിലാക്കുന്നത്.

 

റെഡ്മി നോട്ട് 8

 

പ്രോ മോഡലിനെക്കാള്‍ കുറഞ്ഞ സ്‌പെസിഫിക്കേഷനാണ് റെഡ്മി നോട്ട് 8ന്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 665 പ്രോസസറും 6 ജിബി വരെ റാമും 128 ജിബി വരെ സംഭരണശേഷിയുമുള്ള മോഡലുകളാണ് ഇറക്കിയിരിക്കുന്നത്. ഈ മോഡലിന് 6.39-ഇഞ്ച് വലുപ്പമുള്ള ഫുള്‍എച്ഡി പ്ലസ് റെസലൂഷനുള്ള ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഗൊറില്ലാ ഗ്ലാസിന്റെ സംരക്ഷണവും ഉണ്ട്.

 

പിന്നില്‍ 4 ക്യാമറ സിസ്റ്റം തന്നെയാണ് സജ്ജീകരിച്ചിരിക്കുന്നതെങ്കിലും നോട്ട് 8ന്റെ പ്രധാന ക്യാമറയ്ക്ക് 48 മെഗാപിക്സൽ റെസലൂഷനുളള സെന്‍സറാണ്. ഇതിനൊപ്പം, 8 മെഗാപിക്സൽ വൈഡ് ആംഗിള്‍ ലെന്‍സും, 2 മെഗാപിക്സൽ മാക്രോ ലെന്‍സും 2 മെഗാപിക്സൽ ഡെപ്ത് സെന്‍സറുമടങ്ങുന്നതാണ് ക്യാമറ ക്രമീകരണം. സെല്‍ഫി ക്യാമറയ്ക്ക് 13 മെഗാപിക്സലാണ് റെസലൂഷന്‍. ബാറ്ററി 4,000 എംഎഎച് ആണ്. മറ്റു ഫീച്ചറുകള്‍ പ്രോ മോഡലിന് സമാനമാണ്. പ്രീ ഓര്‍ഡര്‍ സെപ്റ്റംബര്‍ 10ന് സ്വീകരിച്ചു തുടങ്ങും. ഇതെല്ലാം മതിയാകുമോ റിയല്‍മി ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com