ADVERTISEMENT

ഇസ്രയേല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോര്‍ഫോട്ടോണിക്‌സ് (Corephotonics) എന്ന ടെക്‌നോളജി കമ്പനിയെക്കുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവില്ല. 2017 ല്‍ ഇരട്ട ക്യാമറാ സാങ്കേതികവിദ്യ ആപ്പിള്‍ മോഷ്ടിച്ചുവെന്നു പറഞ്ഞ് അവർ കേസു കൊടുത്തിരുന്നു. തങ്ങള്‍ക്കു പേറ്റന്റ് കിട്ടിയ സാങ്കേതികവിദ്യ ആപ്പിള്‍ എടുത്ത് ഐഫോണ്‍ 7 പ്ലസ്, 8 പ്ലസ് ഫോണുകളില്‍ ഉപയോഗിച്ചു എന്നായിരുന്നു കോര്‍ഫോട്ടോണിക്‌സ് ഉയര്‍ത്തിയ ആരോപണം. ഈ ടെക്‌നോളജി ഉപയോഗിക്കുന്ന കാര്യത്തില്‍ തങ്ങളുമായി ഒരു ധാരണയിലെത്താനായി വന്ന ആപ്പിളിന്റെ പ്രതിനിധികള്‍ തങ്ങളെ കളിയാക്കിയെന്നും അവര്‍ ആരോപിച്ചിരുന്നു. ഇതൊക്കെ പഴയ കാര്യങ്ങളല്ലെ, എന്തിനാണിപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് എന്നാണു ചോദ്യമെങ്കില്‍ കോര്‍ഫോട്ടോണിക്‌സ് തങ്ങളുടെ കഴിവു തെളിയിച്ചു കഴിഞ്ഞ ശേഷം വീണ്ടും കേസ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നാണ് പുതിയ വാര്‍ത്ത.

 

എങ്ങനെയാണ് കോര്‍ഫോട്ടോണിക്‌സ് കഴിവു തെളിയിച്ചത്? ശ്രദ്ധ പിടിച്ചുപറ്റിയ ഒപ്പോ റെനോ 10X സൂം സ്മാര്‍ട് ഫോണിന്റെ ക്യാമറാ ടെക്‌നോളജി അവരാണ് സൃഷ്ടിച്ചത്. തങ്ങളുടെ 10 പേറ്റന്റുകള്‍ ആപ്പിള്‍ കൈയ്യേറി എന്നാണ് പുതിയ പരാതിയില്‍ പറയുന്നത്. കാലിഫോര്‍ണിയയിലെ യുഎസ് ഡിസ്ട്രിക്ട് കോര്‍ട്ട് ഫോര്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് ഓഫ് കാലിഫോര്‍ണിയ കോടതിയിലാണ് അവര്‍ വീണ്ടും പരാതി സമര്‍പ്പിച്ചിരിക്കുന്നതെന്ന് ഐഡ്രോപ് ന്യൂസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുപ്രകാരം ഐഫോണ്‍ 7 പ്ലസിനു ശേഷം ഇറക്കിയ ഇരട്ട ക്യാമറാ മോഡലുകളായ ഐഫോണ്‍ 8പ്ലസ്, X/Xs/Xs Max എന്നിവ അവരുടെ സാങ്കേതികവിദ്യ അനുവാദമില്ലാതെ എടുത്ത് ഉപയോഗിച്ചാണ് നിര്‍മിച്ചതെന്നാണ് കോടതിയില്‍ വാദിക്കുന്നത്.

 

കഴിഞ്ഞ തവണ നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ കോര്‍ഫോട്ടോണിക്‌സ് വീണ്ടും ആവര്‍ത്തിക്കുന്നുമുണ്ട്. തങ്ങളുടെ ക്യാമറാ ടെക്‌നോളജി പേറ്റന്റുകള്‍ കണ്ടശേഷം ആപ്പിളിന്റെ എക്‌സിക്യൂട്ടീവുമാര്‍ തങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്നാണ് അവര്‍ ആവര്‍ത്തിക്കുന്നത്. ഇരട്ട ക്യാമറാ ലെന്‍സ് സാങ്കേതികവിദ്യയുടെ പേറ്റന്റിന്റെ ലൈസൻസ് വാങ്ങാനെന്ന രീതിയിലായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ ചര്‍ച്ചയുമായി മുന്നോട്ടു പോയി ധാരണയിലെത്തുന്നതിനു പകരം കമ്പനി തങ്ങളുടെ സാങ്കേതികവിദ്യ അതേപടി എടുത്തുവച്ച് ഫോണ്‍ നിര്‍മിച്ചുവെന്നാണ് അവരുടെ ആരോപണം. ഐഫോണ്‍ 7 പ്ലസില്‍ ഉപയോഗിച്ചത് തങ്ങളുടെ സാങ്കേതികവിദ്യയാണെന്നാണ് കോര്‍ഫോട്ടോണക്‌സ് ആരോപിക്കുന്നത്. തങ്ങളുടെ പേറ്റന്റ് അപേക്ഷകള്‍ യുഎസ്പിടിഓയില്‍ 2013നും 2016നും ഇടയില്‍ നല്‍കിയവയാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഓപ്ടിക്കല്‍ സൂം, ടെലിഫോട്ടോ ലെന്‍സ്, രണ്ടു പിന്‍ ക്യാമറകളിലെ ഫോട്ടോകള്‍ സംയോജിപ്പിക്കാനുള്ള സോഫ്റ്റ്‌വെയര്‍ എന്നിവയ്ക്കാണ് തങ്ങള്‍ പേറ്റന്റ് നേടിയതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

ആപ്പിള്‍ തങ്ങളുടെ പേറ്റന്റുകളിലേക്ക് കടന്നുകയറുകയും ആ കടന്നുകയറ്റം ഇന്നും തുടരുന്നുവെന്നാണ് കമ്പനി കോടതിയില്‍ വാദിക്കുന്നത്. അസേര്‍ട്ടഡ് പേറ്റന്റ്‌സ് (Asserted Patents) എന്നു മൊത്തത്തില്‍ വിളിക്കുന്ന '233 പേറ്റന്റ്, '898 പേറ്റന്റ്,'840 പേറ്റന്റ്, '647 പേറ്റന്റ്, '277 പേറ്റന്റ്, '897 പേറ്റന്റ്, '479 പേറ്റന്റ്, '408 പേറ്റന്റ്, '332 പേറ്റന്റ്, '942 പേറ്റന്റ് എന്നിവയിലേക്കാണ് ആപ്പിള്‍ കടന്നു കയറിയതെന്ന് കോര്‍ഫോട്ടോണിക്‌സ് ചൂണ്ടിക്കാണിക്കുന്നു. ഇവയില്‍ പലതും 'ആരോപണവിധേയമായ' മോഡലുകളായ ഐഫോണ്‍ 7 പ്ലസ്, 8പ്ലസ്, X/Xs/sX മാക്‌സ് എന്നീ മോഡലുകളില്‍ ഉപയോഗിച്ചു വില്‍ക്കുന്നുണ്ട്.

 

ഇത്രകാലം ഈ ഫീച്ചറുകൾ ഉപയോഗിച്ചതിന് ആപ്പിള്‍ പൈസ നല്‍കണമെന്നും ഈ സാങ്കേതികവിദ്യ തുടര്‍ന്നും ആപ്പിള്‍ ഉപയോഗിക്കുന്നത് നിരോധിക്കണം എന്നുമാണ് കോര്‍ഫോട്ടോണിക്‌സ് കോടതിയോട് അപേക്ഷിച്ചിരിക്കുന്നത്. ആപ്പിള്‍ ഈ മാസം പുറത്തിറക്കാനിരിക്കുന്ന ഐഫോണ്‍ മോഡലുകളിൽ കോര്‍ഫോട്ടോണിക്‌സിന്റെ സാങ്കേതികവിദ്യ 'ഉപയോഗിച്ചിട്ടുണ്ടോ' എന്ന് അറിയില്ല. ഈ വര്‍ഷം മൂന്ന് ക്യാമറകള്‍ വരെയുള്ള ഐഫോണ്‍ മോഡലുകളാണ് പ്രതീക്ഷിക്കുന്നത്.

 

ചരിത്രം

 

ആദ്യകാല ഇരട്ട സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ 3ഡി ചിത്രങ്ങള്‍ എടുക്കാനാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, 2016 മുതലുള്ള ഫോൺ മോഡലുകളാണ് ഫോട്ടോ എടുക്കാന്‍ രണ്ടു ലെന്‍സ് എന്ന ആശയം മുന്നോട്ടുവയ്ക്കുന്നതെന്നു കാണാം. ഇരട്ട ലെന്‍സുകള്‍ നോര്‍മല്‍, വൈഡ് എന്നിങ്ങനെ അറിയപ്പെട്ടു. എല്‍ജി ജി5, വാവെയ് പി9/പി9 പ്ലസ് എന്നിവയായിരുന്നു പുതിയ ഇരട്ട ക്യാമറാ സിസ്റ്റത്തിന് തുടക്കം കുറിച്ചത്. ലൈക്കയുമായി ചേര്‍ന്നാണ് വാവെയ് തങ്ങളുടെ സെന്‍സര്‍ ഫ്യൂഷന്‍ ടെക്‌നോളജി അവതരിപ്പിച്ചത്. 

 

അടുത്ത വര്‍ഷം ഇറങ്ങിയ എല്‍ജി ജി6, വാവെയ് പി10/പി10 പ്ലസ് എന്നിവയാണ് ടെലി ലെന്‍സുമായി എത്തിയ ആദ്യ സ്മാര്‍ട് ഫോണുകള്‍. തുര്‍ന്നാണ് ആപ്പിള്‍ ഐഫോണ്‍ 7 പ്ലസ് എത്തുന്നത്. ഇതാകട്ടെ പുതിയ ട്രെന്‍ഡ് തുടങ്ങുകയായിരുന്നു. ആപ്പിളും എത്തിയതോടെ ഇരട്ട ക്യാമറകള്‍ ആവേശമായി തീരുകയായിരുന്നു.

 

എന്തായാലും കോര്‍ഫോട്ടോണിക്‌സിന്റെ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടാല്‍ ആപ്പിളിനെ കാത്തിരിക്കുന്നത് വമ്പന്‍ നാണക്കേടാണെന്നു പറയേണ്ടകാര്യമില്ലല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com