ADVERTISEMENT

കുറഞ്ഞ കാലത്തിനിടെ വൻ വിജയം നേടിയ ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കള്‍ ഇന്ത്യയിൽ കൂടുതല്‍ നിക്ഷേപമിറക്കാന്‍ തീരുമാനിച്ചിരിക്കുന്നതായി റിപ്പോർട്ട്. വിലക്കിഴിവ് നല്‍കിയും ആകര്‍ഷകമായ പരസ്യങ്ങളിലൂടെയും ഓണ്‍ലൈൻ ഓഫറുകളിലൂടെയും ഉപയോക്താക്കളുടെ ശ്രദ്ധയില്‍ നിറഞ്ഞു നില്‍ക്കാനാകുന്നതാണ് ഇവര്‍ക്കു ഗുണകരമാകുന്നത്. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികളിലൊന്നായ മെയ്ക്ക് ഇൻ ഇന്ത്യക്ക് കീഴിൽ നിക്ഷേപമിറക്കാൻ മിക്ക ചൈനീസ് കമ്പനികളും തയാറാണ്. മെയ്ക്ക് ഇൻ ഇന്ത്യക്ക് കീഴിൽ വരുന്ന വിദേശ കമ്പനികൾക്ക് നിരവധി ഇളവുകളാണ് കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്യുന്നത്.

 

ഇപ്പോഴും സാമ്പത്തിക മാന്ദ്യം അശേഷം ബാധിക്കാത്ത ഒരു മേഖലയാണ് രാജ്യത്തെ സ്മാര്‍ട് ഫോണ്‍ വിപണി എന്നതും ശ്രദ്ധേയമാണ്. വാഹനങ്ങള്‍ മുതല്‍ അതിവേഗം വിറ്റഴിക്കപ്പെട്ടിരുന്ന ഉല്‍പന്നങ്ങള്‍ വരെ ഇപ്പോള്‍ മാന്ദ്യത്തിന്റെ പിടിയിലാണെന്നാണ് സൂചന. എന്നാല്‍ സ്മാര്‍ട് ഫോണ്‍ വാങ്ങലിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ ഒരു കുറവും വരുത്തിയിട്ടില്ല എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇന്ത്യക്കാരുടെ ഫോണ്‍ വാങ്ങൽ ജ്വരം പ്രധാനമായും മുതലാക്കുന്നത് ചൈനീസ് കമ്പനികളുമാണ്.

 

ജൂണ്‍ അവസാനത്തെ കണക്കു പ്രകാരം ഇന്ത്യയിലെ ആദ്യ അഞ്ചു സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനികളില്‍ നാലും ചൈനയില്‍ നിന്നുള്ളവയാണ്. ഷഓമി (28.3 ശതമാനം), സാംസങ് (25.3 ശതമാനം), വിവോ (15.1 ശതമാനം), ഒപ്പോ (9.7 ശതമാനം), റിയല്‍മി (7.7 ശതമാനം) എന്നീ കമ്പനികളാണ് വിപണിയിലെ വിജയികള്‍.

 

ഒന്നാം സ്ഥാനത്തുള്ള ഷഓമി 2015ല്‍ തന്നെ ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് തുടങ്ങിയിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ഏഴു യൂണിറ്റുകളാണ് ഇന്ത്യയിലുള്ളത്. കഴിഞ്ഞ വര്‍ഷം അവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാർട്സ് നിര്‍മാതാക്കളെ ഉത്തര്‍പ്രദേശിലും ആന്ധ്രാപ്രദേശിലും കൊണ്ടുവന്നിരുന്നു. പ്രാദേശികമായി ഘടകഭാഗങ്ങള്‍ നിര്‍മിച്ചെടുക്കാനുള്ള സാധ്യത ആരായാനായിരുന്നു ഈ പരിപാടി. കഴിഞ്ഞ ജൂണ്‍ വരെയുള്ള കാലയളവില്‍ ഷഓമിയുടെ വില്‍പന വര്‍ധിച്ചതായി കാണാം. സെപ്റ്റംബര്‍ അവസാനമാകുമ്പോഴേക്കും അവര്‍ നില മെച്ചപ്പെടുത്തിയേക്കാമെന്നും പറയുന്നു.

 

ഇന്ത്യന്‍ സ്മാര്‍ട് ഫോൺ വിപണിയെ തങ്ങള്‍ എങ്ങനെയാണ് കാണുന്നതെന്ന് ഷഓമിയുടെ ഓണ്‍ലൈന്‍ വില്‍പനയുടെ ചുമതലയുള്ള രഘു റെഢി വിശദീകരിച്ചു. രണ്ടു രീതിയിലാണ് ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണി വളരുന്നത്. ഒന്നാമതായി ഉപയോക്താക്കള്‍ അവരുടെ കൈയ്യിലുള്ള ഫോണിനെക്കാൾ മെച്ചപ്പെട്ടത് അടുത്ത തവണ വാങ്ങാന്‍ ശ്രമിക്കുന്നു. അവരുടെ രണ്ടാമത്തെയോ, മൂന്നാമത്തെയോ ഫോണ്‍ ഉപയോഗിച്ചു മതിയായി എന്നു തോന്നുന്നവര്‍ വളരെ വില കൂടിയ മോഡലുകളിലേക്ക് മാറാന്‍ ശ്രമിക്കുന്നു എന്നതാണ് രണ്ടാമത്തെ ട്രെന്‍ഡ്. ഫോണുകള്‍ക്ക് കൂടുതല്‍ ശേഷിയുണ്ടാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ഇതിനാല്‍ കൂടുതല്‍ പൈസ ചിലവിടാന്‍ മടി കാണിക്കുന്നില്ല. ഇന്ത്യയിലെ ഫോണുകളുടെ ശരാശരി വില വര്‍ധിച്ചിരിക്കുന്നതിന്റെ കാരണം മറ്റൊന്നല്ലെ‌ന്നും അദ്ദേഹം പറയുന്നു.

 

ചൈനയിലെ ബിബികെ ഇലക്ട്രോണിക്‌സിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളും ഇന്ത്യയില്‍ വന്‍ നിക്ഷേപമിറക്കാന്‍ പോകുകയാണ്. ഇത് തങ്ങള്‍ക്ക് കൂടുതല്‍ വില്‍പന ലഭിക്കാന്‍ ഇടയാക്കുമെന്നതാണ് കാരണം. വിവോ 7,500 കോടി രൂപയാണ് ഇറക്കാന്‍ പോകുന്നത്. ഇത് ഇന്ത്യയില്‍ വില്‍ക്കാന്‍ പോകുന്ന ഫോണുകളുടെ നിര്‍മാണത്തിനും കയറ്റുമതി ചെയ്യാനുള്ളവയ്ക്കും കൂടെയാണ്. ഇന്ത്യ പ്രധാനപ്പെട്ട ഒരു വിപണിയാണ്. അതു വളരുകയുമാണ്. ഞങ്ങള്‍ക്ക് ഇവിടെയുള്ള പ്രധാനപ്പെട്ട ഫോണ്‍ നിര്‍മാതാക്കളില്‍ ഓരാളായി തുടരണമെന്നാണ് വിവോയുടെ ബ്രാന്‍ഡ് തന്ത്രങ്ങളൊരുക്കുന്ന നിപുന്‍ മാര്യ പറഞ്ഞത്. യമുന എക്‌സ്പ്രസ്‌ വേയോട് (ഡൽഹിയുടെ പ്രാന്തപ്രദേശത്ത്) ചേര്‍ന്നു കിടക്കുന്ന 169 ഏക്കര്‍ സ്ഥലത്ത് തങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി തുടരാനാണ് കമ്പനി 7,500 കോടി രൂപ ഉപയോഗിക്കുക. ഇത് എത്ര കാലത്തിനുള്ളില്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയില്ല. ഒപ്പോയാകട്ടെ 2020ല്‍ തങ്ങളുടെ ഉൽപാദനം ഇരട്ടിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഗ്രെയ്റ്റര്‍ നോയിഡയിലുള്ള തങ്ങളുടെ പ്ലാന്റില്‍ നിന്ന് പ്രതിവര്‍ഷം 100 ദശലക്ഷം ഫോണുകള്‍ പ്രതിവര്‍ഷം നിര്‍മിച്ചെടുക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

 

ബിബികെ ഇലക്ട്രോണിക്‌സിന്റെ കീഴിലുള്ള പ്രീമിയം ഫോണ്‍ നിര്‍മാതാവ് വണ്‍പ്ലസിനും ഇന്ത്യയില്‍ ചാകരയാണ്. ആഗോള വിപണിയിലെ തങ്ങളുടെ വില്‍പനയുടെ 40 ശതമാനം വരുമാനവും അവര്‍ക്കു ലഭിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. സ്മാര്‍ട് ടിവി ആദ്യമായി വില്‍ക്കാനുദ്ദേശിക്കുന്ന രാജ്യങ്ങളിലൊന്നും ഇന്ത്യയാണ്. 1000 കോടി രൂപ ഹൈദരാബാദിലെ ഗവേഷണ വിഭാഗത്തിനായി നിക്ഷേപിക്കുകയാണ് എന്നാണ് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചത്. അവരുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും മെഷീന്‍ ലേണിങ്ങിന്റെയും പ്രധാന ഗവഷണശാലയായി ഹൈദരാബാദിലെ കേന്ദ്രം പ്രവര്‍ത്തിക്കും. പുതിയ കാലത്തിനു വേണ്ടിയുള്ള പ്രൊഡക്ടുകള്‍ ഇറക്കുമ്പോള്‍ ഇത് ഉപകരിക്കും. നിലവില്‍ വണ്‍പ്ലസ് നേരിട്ടു നടത്തുന്ന 12 സ്റ്റോറുകളാണ് ഇന്ത്യയിലുളളത്. ഇത് 2020ല്‍ 25 ആയി ഉയര്‍ത്താനാണ് കമ്പനിയുടെ തീരുമാനം.

 

വിശകലന വിദഗ്ധര്‍ പറയുന്നത് ചൈനീസ് കമ്പനികള്‍ കൂടുതല്‍ ആവേശത്തോടെ ഇന്ത്യയില്‍ പൈസ ഇറക്കുമെന്നാണ്. കാരണം ചൈനയെ പോലെയല്ലാതെ ഇവിടെ വളരെയധികം ആളുകള്‍ സ്മാര്‍ട് ഫോണ്‍ വാങ്ങാത്തവരായി ഉണ്ട്. അത് അതുല്യമായ വളര്‍ച്ചാ സാധ്യതയാണ് തുറന്നിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com