ADVERTISEMENT

ഓസ്‌ട്രേലിയയിലെ പെര്‍ത്തിലെ ആപ്പിള്‍ സ്റ്റോര്‍ തകര്‍ത്ത് കള്ളന്മാര്‍ ഐഫോണുകളുമായി കടന്നു. ആദ്യ തവണ വാതിലുകള്‍ തകര്‍ത്ത് അകത്തു കടന്നെങ്കിലും ഒരു ടാക്‌സി കടന്നു പോകുന്ന ശബ്ദം കേട്ട് ആദ്യ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍, അവര്‍ വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല.

 

പെര്‍ത്തിലെ ബൂറാഗൂണിലെ (ആപ്പിള്‍ ഗാര്‍ഡന്‍ സിറ്റി) ആപ്പിള്‍ സ്റ്റോറിന്റെ വാതിലുകള്‍ ഭേദിച്ചാണ് കള്ളന്മാര്‍ അകത്തു കടന്നത്. വീണ്ടുമെത്തിയ കള്ളന്മാര്‍ കടത്തിയത് 300,000 ഡോളര്‍ (ഏകദേശം 2.15 കോടി രൂപ) വിലയ്ക്കുള്ള ഐഫോണുകള്‍ ഉള്‍പ്പടെയുളഅള ആപ്പിള്‍ ഉപകരണങ്ങളാണെന്ന് പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ അവരുടെ പരിശ്രമം വിഫലമായെന്നും ഐഫോണുകള്‍ ഗ്ലാസ് പേപ്പര്‍ വെയ്റ്റുകളായി ഉപയോഗിക്കാനേ ഉതകൂവെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

 

സ്റ്റോറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഫോണുകളെക്കുറിച്ച് ആപ്പിളിനുള്ള വ്യക്തമായ അറിവ് ഉപയോഗിച്ച് എല്ലാ ഫോണുകളും കമ്പനി ലോക്കു ചെയ്തു. കൊള്ളയടിക്കപ്പെട്ട ഫോണുകളുടെ സീരിയല്‍ നമ്പറുകള്‍, ഐഎംഇഐ നമ്പര്‍ തുടങ്ങി ഫോണുകളെ വ്യക്തമായി തിരിച്ചറിയാവുന്ന കാര്യങ്ങളെല്ലാം ഉപയോഗിച്ചാണ് ഫോണുകളെ കമ്പനി സോഫ്റ്റ്‌വെയര്‍ താഴിട്ടു പൂട്ടിക്കെട്ടി. കള്ളന്മാര്‍ക്കോ, ഈ ഫോണുകള്‍ വാങ്ങിക്കുന്നവര്‍ക്കോ, ആപ്പിള്‍ ഐഡി ഉപയോഗിച്ച് ലോഗ്-ഇന്‍ ചെയ്യാനോ, ഇവയുടെ ഏതെങ്കിലും പ്രാഥമിക ഫീച്ചറുകള്‍ പോലും ഉപയോഗിക്കാനോ സാധിക്കില്ല. ചുരുക്കി പറഞ്ഞാല്‍ ഫോണുകള്‍ വേണമെങ്കില്‍ പേപ്പര്‍ വെയ്റ്റുകളായി ഉപയോഗിക്കാവുന്ന ചെറിയ ഗ്ലാസ് ദീര്‍ഘചതുരക്കട്ടകളാക്കി ആപ്പിള്‍ മാറ്റി.

 

എന്നാല്‍ ഇവയെ അഴിച്ചെടുത്ത് ഘടകഭാഗങ്ങളായി മോഷ്ടാക്കള്‍ക്കു വില്‍ക്കാമെന്ന സാധ്യത നിലനില്‍ക്കുന്നുണ്ട്. ഡിസ്‌പ്ലേ, മദര്‍ബോഡ്, ബാറ്ററി എന്നിവയ്ക്ക് ആപ്പിള്‍ നല്ല വിലയാണല്ലോ വാങ്ങുന്നത്. ഇതിനാല്‍ അത്തരമൊരു സാധ്യത നിലനില്‍ക്കുന്നുണ്ട്. പക്ഷേ, ഐഫോണുകളുടെ പ്രശ്നം മാറ്റിയെടുക്കുക എന്നു പറയുന്നതും വളരെ ശ്രമകരമാണ്. കൂടാതെ കള്ളന്മാര്‍ പെട്ടെന്ന് അല്‍പം പൈസയുണ്ടാക്കാന്‍ വേണ്ടിയാകണം ഫോണുകള്‍ കവര്‍ന്നത്.

 

ഗുണപാഠം

 

ഇതില്‍ നിന്നുള്ള ഗുണപാഠം എന്തെന്നു ചോദിച്ചാല്‍ ഗ്യാരന്റിയില്ലാത്ത ഐഫോണുകള്‍ വാങ്ങരുത് എന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒഎല്‍എക്‌സ്, ക്വിക്കര്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും മറ്റും വില്‍ക്കപ്പെടുന്ന ഫോണുകള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടാം. ഇത്തരം സൈറ്റുകളില്‍ നിന്ന് സെക്കന്‍ഡ് ഹാന്‍ഡ് ഉപകരങ്ങളാണ് വാങ്ങുന്നതെങ്കില്‍ പോലും ഗ്യാരന്റി സാക്ഷ്യവും ബില്ലും ചോദിച്ചു വാങ്ങുക. വില ആകര്‍ഷകമാകാമെങ്കിലും ഇവ എങ്ങനെയാണ് വിപണിയിൽ എത്തിയിരിക്കുന്നതെന്ന ഉറപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ഉണ്ടാവില്ല. വാങ്ങല്‍ നൂറു ശതമാനം സുരക്ഷിതമാക്കണമെങ്കില്‍ അംഗീകൃത വ്യാപാരികളില്‍ നിന്നു മാത്രം വാങ്ങുക.

 

വരുന്നു ആപ്പിളിന്റെ വിസ്മയ സ്റ്റോര്‍ ഇന്ത്യയില്‍

 

മുംബൈയില്‍ അവതരിപ്പിക്കാൻ പോകുന്ന ആദ്യ ഇന്ത്യന്‍ ആപ്പിള്‍ സ്റ്റോര്‍ വിസ്മയങ്ങളുടെ കലവറയായിരിക്കുമെന്നു പറയുന്നു. മറ്റേതെങ്കിലും കമ്പനിയുടെ സ്റ്റോര്‍ ഇതിനോടു കിടപിടിക്കുന്നതായി ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

 

ഐഫോണ്‍ 11 പ്രോ മാക്‌സിന്റെ പിന്‍ പ്രതലത്തില്‍ ഉപയോഗിച്ചിരിക്കുന്നത് പൊട്ടില്ലാത്ത ഗ്ലാസ്?

 

ഈ വര്‍ഷത്തെ ഐഫോണുകളുടെ അനാവരണ ദിവസം അടുത്തുവരികയാണ്. ഈ മാസം 10-ാം തിയതിയായിരിക്കും അവ അവതരിപ്പിക്കുക. മൂന്നു മോഡലുകളാണ് ഉണ്ടാകുക, ഐഫോണ്‍ 11, 11 പ്രോ, 11 പ്രോ മാക്‌സ്.

 

ഇവയില്‍ രണ്ടു ഫോണുകള്‍ക്ക് എന്തിനാണ് പ്രോ എന്നാണ് സംശയമെങ്കില്‍ അറിയുക ഇവയിലായിരിക്കും ആദ്യമായി കമ്പനി സ്റ്റൈലസ് സപ്പോര്‍ട്ട് നല്‍കുക. വര്‍ഷങ്ങളായി സാംസങ് ഉപയോക്താക്കള്‍ ആസ്വദിക്കുന്ന ഫീച്ചറാണിത്. ഔദ്യോഗികമായി ഐഫോണുകള്‍ക്ക് ഇതാദ്യമായാണ് സ്‌റ്റൈലസ് സപ്പോര്‍ട്ട് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ XS, XS മാക്‌സ് മോഡലുകള്‍ക്കും നല്‍കാതിരുന്ന ഫീച്ചര്‍ പുതിയ ഫോണുകള്‍ക്ക് ലഭ്യാക്കുമെന്നാണ് കേട്ടുകേള്‍വി. പ്രോ മോഡലുകളെ തിരിച്ചറിയാനുള്ള മറ്റൊരു പ്രധാന മാറ്റം അവയുടെ പിന്നിലെ ട്രിപ്പള്‍ ക്യാമറകളുടെ സാന്നിധ്യമായിരിക്കും. അതു കൂടാതെ ഐഫോണ്‍ 11 പ്രോ മാക്‌സിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് താഴെ വീണാലും തകരാത്തതായരിക്കുമെന്നും പറയുന്നു. ഈ വര്‍ഷത്തെ ഐഫോണുകളുടെ സെല്‍ഫി ക്യാമറകള്‍ 12 എംപി ആയിരിക്കുമെന്നും ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com