sections
MORE

എവിടെ എന്റെ 5ജി ഐഫോണ്‍, യുഎസ്ബി-സി പോര്‍ട്ട്?

iphone-pro-11
SHARE

അതിവേഗ നെറ്റ്‌വര്‍ക്ക് 5ജി ലഭ്യമായ രാജ്യങ്ങളിലെ ഐഫോണ്‍ പ്രേമികളുടെ ചോദ്യമാണ് 'എവിടെ എന്റെ 5ജി ഐഫോണ്‍?' എന്നത്. വിലകകൂടിയ ഫോണുകള്‍ ഇന്നു പലരും വാങ്ങുന്നത് വീമ്പിളക്കാനും കൂടിയാണ്. ഇവിടെയാണ് ആ ചോദ്യത്തിന്റെ പ്രസക്തി. സാംസങും മറ്റും 5ജി ഫോണ്‍ വിപണിയിലെത്തിക്കുമ്പോഴും ആപ്പിള്‍ തങ്ങളുടെ ആദ്യ 5ജി ഫോണ്‍ ഇറക്കിയില്ല എന്നത് വിദേശ രാജ്യങ്ങളിലെ ആപ്പിള്‍ ആരാധകര്‍ക്ക് അമ്പേ നിരാശ പകരുന്ന കാര്യമാണ്. 4ജി ഫോണുകളുമായി 5ജി നെറ്റ്‌വര്‍ക്ക് ഉപയോഗിക്കേണ്ടിവരുന്ന നിരാശ ഈ രാജ്യങ്ങളിലെ ഐഫോണ്‍ ആരാധകരെ പിടികൂടിയിരിക്കുകയാണ്. 5ജി ഫോൺ ഇറക്കില്ലെന്ന് അഭ്യൂഹങ്ങളില്‍ നിന്ന് നേരത്തെ വ്യക്തമായിരുന്നു. ( ആരാധകരുടെ നിരാശ ഇരട്ടിക്കാതിരിക്കാന്‍ ആപ്പിള്‍ തന്നെ ചോര്‍ത്തി നല്‍കിയതാണിതെന്നും വാദിക്കുന്നവരുണ്ട്.) അപ്പോഴും ചെറിയൊരു പ്രതീക്ഷ വച്ചിരുന്നു കടുത്ത ആപ്പിള്‍ ആരാധകര്‍. സാംസങ്, വാവെയ്, വണ്‍പ്ലസ് തുടങ്ങിയ കമ്പനികള്‍ മുതല്‍ പലരും നല്‍കുന്ന ഈ ഫീച്ചര്‍ നല്‍കാനൊരുങ്ങുകയാണ് റീയല്‍മി പോലും.

പ്രമുഖ ചിപ് നിര്‍മാതാവായ ക്വാല്‍കമുമായി ആപ്പിളിനുണ്ടായിരുന്ന തര്‍ക്കങ്ങളാണ് 5ജി ഐഫോണ്‍ എത്താന്‍ വൈകുന്നതിന്റെ പ്രധാന കാരണം. അത് തീര്‍ത്തുവെങ്കിലും ഇനിയും കടമ്പകള്‍ കടക്കാനുണ്ട്. ഇന്റലിന്റെ 5ജി ടീമിനെ ആപ്പിള്‍ ഏറ്റെടുത്തിട്ടുണ്ട്. അടുത്ത വര്‍ഷം ഇറക്കുന്ന ഐഫോണുകള്‍ 5ജി സജ്ജമായിരിക്കുമെന്നു പറയുന്നു. എന്തായാലും അതുവരെ ഐഫോണ്‍ ആരാധകര്‍ക്ക് കാത്തിരിക്കേണ്ടി വരും.

(വോഡഫോണ്‍ ബ്രിട്ടനില്‍ തുടങ്ങിയ 5ജി നെറ്റ്‌വര്‍ക്കിന് നിരാശാജനകമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. 4ജിയെക്കാള്‍ കുറഞ്ഞ സ്പീഡാണ് കിട്ടുന്നതെന്ന് വാര്‍ത്തകള്‍ പറയുന്നു.) 

എവിടെ എന്റെ യുഎസ്ബി-സി പോര്‍ട്ട്?

5ജിയുടെ കാര്യം പോട്ടെ. പ്രതീക്ഷിച്ച മറ്റൊരു പ്രധാന ഫീച്ചര്‍ യുഎസ്ബി-സിയുടെ വരവായിരുന്നു. ഐപാഡ് പ്രോ 3 സീരിസില്‍ ഇതു കൊണ്ടുവന്നിരുന്നതിനാല്‍ യുഎസ്ബി-സി ഐഫോണ്‍ പ്രോ മോഡലുകളിലെങ്കിലും കാണുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ താരതമ്യേന സ്പീഡ് കുറഞ്ഞ ലൈറ്റ്‌നിങ് പോര്‍ട്ടുമായാണ് പുതിയ ഫോണുകള്‍ എത്തുന്നത്. (ചാര്‍ജിങ്ങില്‍ മാത്രം പ്രോ മോഡലുകള്‍ക്ക് യുഎസ്ബി-സി പോര്‍ട്ടിലേക്ക് കണക്ടു ചെയ്യാം.) പ്രായോഗികമായി പറഞ്ഞാല്‍ ഇതു വലിയൊരു സംഭവമല്ലെങ്കിലും ഇവിടെയും ആപ്പിള്‍ എൻജിനീയര്‍മാരുടെ പരാജയം ദര്‍ശിക്കാവുന്നതാണ്. ആപ്പിളിന് റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലാത്തതാണ് പ്രധാന പ്രശ്‌നമെന്നു പറയുന്നു.

ട്രിപ്പിള്‍ ക്യാമറാ സിസ്റ്റം

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ പല മാസങ്ങളായി ഉപയോഗിക്കുന്ന ഒന്നാണ് ട്രിപ്പിള്‍ ക്യാമറ സിസ്റ്റം. വാവെയ് മെയ്റ്റ് 20 പ്രോയില്‍ അവതരിപ്പിച്ചതാണീ ഫീച്ചര്‍. 

ലോ ലൈറ്റ് മോഡ്

ഗൂഗിളിന്റെ പിക്‌സല്‍ 3 ഉടമകള്‍ ഒരു വര്‍ഷമായി ആസ്വദിക്കുന്നതാണിത്. ഇങ്ങനെ പുതിയ ഐഫോണ്‍ മോഡലുകളിലെ പല ഫീച്ചറുകളും ആന്‍ഡ്രോയിഡ് ഹാന്‍ഡ്‌സെറ്റുകളില്‍ കണ്ടു കഴിഞ്ഞവയാണ്. 

അടുത്ത വര്‍ഷത്തെ ഐഫോണുകള്‍

മുകളില്‍ പറഞ്ഞ ഇല്ലാത്ത ഫീച്ചറുകളെല്ലാം ഉള്‍ക്കൊള്ളിച്ച് പുതിയ ഡിസൈനിലായിരിക്കും അടുത്ത വര്‍ഷത്തെ ഐഫോണുകളിറങ്ങുക എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. അതിനാല്‍, വര്‍ഷാ വര്‍ഷം ഒരു ലക്ഷം രൂപ ഒരു ഫോണിനായി എറിഞ്ഞു കളയാനില്ലാത്തവരാണെങ്കില്‍ ഒരു വര്‍ഷം കാത്തിരിക്കുന്നതായിരിക്കും ഉചിതമെന്നാണ് പൊതുവെ പറയുന്നത്. 

കടുത്ത ഐഫോണ്‍ ആരാധകര്‍ക്ക് ഇഷ്ടപ്പെടും

എന്നാല്‍ ഐഫോണ്‍ 11 മോഡലുകള്‍ മുന്‍ നിര ആന്‍ഡ്രോയിഡ് ഫോണുകളെ തൊട്ടു നോക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് പുതുമ പകരാന്‍ കെല്‍പ്പുള്ളവയാണെന്നും വാദമുണ്ട്. ആദ്യമായാണ് ആപ്പിള്‍ ഒരു ഐഫോണിനെ പ്രോ എന്നു വിളിക്കുന്നത്. എന്നു പറഞ്ഞാല്‍ ഇതുവരെ ഇറങ്ങിയിട്ടുള്ള ഐഫോണുകളേക്കാള്‍ മികച്ചതു തന്നെയാകും അത്. വൈഡ് ആംഗിള്‍ ലെന്‍സും മറ്റു ക്യാമറാ ഫീച്ചറുകളും ഇത്തരം ഉപയോക്താക്കള്‍ക്ക് പുതുമ പകരും.

ഐഫോണ്‍ എസ്ഇ 2

അതേസമയം, തങ്ങളുടെ പ്രോ മോഡലുകള്‍ അധികം വിറ്റു പോയേക്കില്ലെന്ന ഭീതിയിലാണ് കമ്പനിയെന്നും എണ്ണം തികയ്ക്കാനായി ഐഫോണ്‍ എസ്ഇ മോഡലിന്റെ രണ്ടാം പതിപ്പ് ഇറക്കാന്‍ ഒരുങ്ങുകയാണെന്നും വാര്‍ത്തകള്‍ പറയുന്നു. 300-400 ഡോളര്‍ വിലയ്ക്കായിരിക്കാം ഇത് ഇറക്കുക. അതിലൂടെ എണ്ണത്തില്‍ വരുന്ന കുറവ് പരിഹരിക്കുകയും ഇനത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ആദ്യ ഐഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരെ ആകര്‍ഷിക്കുകയും ചെയ്യാമെന്നാണ് കമ്പനി കരുതുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ വര്‍ഷമോ, അടുത്ത വര്‍ഷം ആദ്യമോ ഇത് വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ഈ മോഡല്‍ 4.7-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനുമായി ആയിരിക്കും എത്തുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA