ADVERTISEMENT

ചൈനീസ് ടെക്‌നോളജി ഭീമന്‍ തങ്ങളുടെ സുപ്രധാന മോഡലായ മെയ്റ്റ് 30 സീരിസ് ഈ മാസം 19ന് അവതരിപ്പിച്ചേക്കുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. അമേരിക്കയിലെ ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നിരോധനാജ്ഞ വിടാതെ പിടികൂടിയിരിക്കുന്ന കമ്പനിയായ വാവെയ്ക്ക് ഇനി എന്തു ചെയ്യാനാകുമെന്നാണ് ചോദ്യം. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറോറ്റിങ് സിസ്റ്റമാണ് വാവെയ് ഉപയോഗിച്ചുവന്നത്. അതടക്കം അമേരിക്കന്‍ കമ്പനികള്‍ നല്‍കുന്ന പല സോഫ്റ്റ്‌വെയര്‍-ഹാര്‍ഡ്‌വെയര്‍ സേവനങ്ങളും എപ്പോള്‍ വേണമെങ്കിലും നിലയ്ക്കാമെന്ന സ്ഥിതിയാണ് വാവെയ്ക്ക് ഉള്ളത്. ഹൃസ്വകാലത്തേക്ക് അവര്‍ക്ക് ആന്‍ഡ്രോയിഡ് വേണമെങ്കില്‍ ഉപയോഗിക്കാം. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്തെങ്കിലും ചെയ്യാതെ കമ്പനിക്കു പിടിച്ചുനില്‍ക്കാനാകുമോ എന്നാണ് ഉയരുന്ന ചോദ്യം. 

 

മെയ്റ്റ് 30, മെയ്റ്റ് 30 പ്രോ, മെയ്റ്റ് 30 ലൈറ്റ് എന്നീ മോഡലുകളാണ് വാവെയ് ഈ മാസം അവതരിപ്പിക്കുമെന്ന പ്രതീക്ഷിക്കുന്നത്. ഇവയുടെ ഓപ്പറേറ്റിങ് സിസ്റ്റം എന്തായിരിക്കുമെന്ന കാര്യത്തില്‍ ഊഹാപോഹങ്ങള്‍ മാത്രമാണ് പ്രചരിക്കുന്നത്. കമ്പനി ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല. ഇവയില്‍ ഒന്നോ, ഒന്നിലേറയോ മോഡലുകള്‍ വാവെയുടെ സ്വന്തം ഹാര്‍മണി ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചായിരിക്കാം പ്രവര്‍ത്തിക്കുക എന്നു വാദിക്കുന്നവരുണ്ട്.

 

ഗൂഗിള്‍ രഹിത ആന്‍ഡ്രോയിഡ്

 

എന്നാല്‍, അതിലേറെ സാധ്യത ആന്‍ഡ്രോയിഡ് തന്നെ ഉപയോഗിക്കാനാണ് എന്നാണ് കൂടുതല്‍ പേരും പറയുന്നത്. ആന്‍ഡ്രോയിഡ് ഒരു ഓപ്പണ്‍സോഴ്‌സ് ഓപ്പറേറ്റിങ് സിസ്റ്റമാണ്. ഇത് ഉപയോഗിക്കുന്നതിന് ഗൂഗിളിന്റെ ലൈസന്‍സ് ഒന്നും വേണ്ട. എന്നാല്‍, ഗൂഗിളിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് കമ്പനിയുടെ ലൈസന്‍സ് വേണം താനും. ജിമെയില്‍, ഗൂഗിള്‍ മാപ്‌സ്, ക്രോം ബ്രൗസര്‍, പ്ലേസ്‌റ്റോര്‍, യുട്യൂബ് ആപ് തുടങ്ങിയവ ഉള്‍പ്പടെയുളള ഗൂഗിള്‍ ആപ്‌സും മറ്റു ഗൂഗിള്‍ സേവനങ്ങളും വാവെയ് വേണ്ടന്നു വച്ചേക്കാം. ഇവയ്ക്കാണ് ഗൂഗിളിന്റെ ലൈസന്‍സ് വേണ്ടിവരുന്നത്. എന്നാല്‍, വാവെയ് കമ്പനിയുടെ ഫോണ്‍ വാങ്ങുന്ന ഉപയോക്താവിന് തന്റെ ഗൂഗിള്‍ അക്കൗണ്ടിലേക്കു കയറുമ്പോള്‍ ഈ സേവനങ്ങളെല്ലാം ലഭിച്ചേക്കുമെന്നും പറയുന്നു. ഈ വഴിയായിരിക്കും കമ്പനിക്ക് തത്കാലത്തേക്ക് ഏറ്റവും നല്ലതെന്നാണ് പറയുന്നത്. 

 

ചൈനയില്‍ സ്വന്തം ഒഎസ്?

 

വാവെയ് ഫോണുകളുടെ 51 ശതമാനവും വിറ്റുപോകുന്നത് ചൈനയില്‍ തന്നെയാണ്. അവിടെയാണെങ്കില്‍ ഗൂഗിളിനു പ്രവേശനവുമില്ല. അപ്പോള്‍ അവര്‍ക്കു വേണമെങ്കില്‍ സ്വന്തം ഹാര്‍മണിഒഎസ് ഉള്ള ഫോണുകള്‍ ചൈനയ്ക്കായി ഇറക്കി സോഫ്റ്റ്‌വെയറിന്റെ മിനുക്കുപണികള്‍ നടത്താം. കൂടാതെ, ചൈനയോട് അനുഭാവമുള്ള രാജ്യങ്ങളിലും ഇതു വില്‍ക്കാം. അമേരിക്കയും അവര്‍ പറയുന്നതു മാത്രം കേള്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലും ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിനു പ്രവേശനമുണ്ടാകാന്‍ വഴിയില്ല. അത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യ എന്തു നിലപാടു സ്വീകരിക്കും എന്ന കാര്യവും കണ്ടറിയേണ്ടതാണ്. ചൈനീസ് ബ്രാന്‍ഡുകളുടെ വിളയാട്ടം നടക്കുന്ന ഒരു സ്ഥലമാണല്ലോ ഇന്ത്യന്‍ സ്മാര്‍ട് ഫോൺ വിപണി. 

 

ഹാര്‍മണി ഒഎസിന്റെ സാധ്യതകള്‍

 

ഇപ്പോള്‍ നിരവധി വീഴ്ചകള്‍ സംഭവിച്ചേക്കാവുന്ന ഒന്നാണ് ഹാര്‍ണിഒഎസ്. പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നു മനസിലാക്കണമെങ്കിലും പരിഹരിക്കണമെങ്കിലും അവ ഇന്‍സ്റ്റാള്‍ ചെയ്ത ഫോണുകള്‍ ആളുകള്‍ ഉപയോഗിക്കേണ്ടി വരും. അങ്ങനെ പ്രശ്‌നങ്ങള്‍ പരിഹരിച്ച ഹാര്‍മണിഒഎസ് ആന്‍ഡ്രോയിഡിനു കനത്ത വെല്ലുവിളി ഉയര്‍ത്തുക പോലും ചെയ്യാം. അതിനു വര്‍ഷങ്ങള്‍ എടുത്തേക്കാമെങ്കിലും അതൊരു സാധ്യത തന്നെയാണ്. മറ്റു ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളും അത്തരമൊരു ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ തത്പരരാണ് എന്നാണ് സൂചനകള്‍. അങ്ങനെ വന്നാല്‍ അത് ആന്‍ഡ്രോയിഡിന് വന്‍ തിരിച്ചടിയായരിക്കും. ഗൂഗിള്‍ പോലും ആന്‍ഡ്രോയിഡ് ഉപേക്ഷിക്കാന്‍ തയാറായി നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫ്യൂഷ എന്ന ഓപ്പറേറ്റിങ് സിസ്റ്റം കമ്പനി വരും വര്‍ഷങ്ങളില്‍ അവതരിപ്പിച്ചേക്കും. ഫ്യൂഷയുടെ സവിശേഷതകളുള്ള ഓപ്പറേറ്റിങ് സിസ്റ്റമായിരിക്കാം വാവെയുടെ ഹാര്‍മണിഒഎസ്. ഇതു വിജയിച്ചാല്‍ ഇപ്പോള്‍ നടക്കുന്ന ആന്‍ഡ്രോയിഡ്, ഐഒഎസ് മത്സരം അവസാനിക്കും. ഏഷ്യയില്‍ നിന്നുള്ള ഗൗരവമുള്ള ആദ്യ ഓപ്പറേറ്റിങ് സിസ്റ്റമെന്ന പേരും അതിനു ലഭിച്ചേക്കാം.

 

ഒന്നും വിട്ടുപറയാതെ വാവെയ്

 

നിക്കെയ് ഏഷ്യന്‍ റിവ്യൂ റിപ്പോര്‍ട്ട് പറയുന്നത് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം മൂലം വാവെയ്ക്ക് ഈ വര്‍ഷം ഒരു കോടി ഫോണുകളുടെ വില്‍പന കുറയുമെന്നാണ്. ആഗോള തലത്തില്‍ അവരുടെ ഓഹരി 30 ശതമാനം വരെ ഇടിയുമെന്നാണ് പ്രവചനം. ലഭ്യമായ സൂചനകള്‍ വച്ച് വാവെയ് മെയ്റ്റ്ഫോണുകള്‍ (ആഗോള വിപണിയിലെങ്കിലും) എത്തുക ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിങ് സിസ്റ്റവുമായി (എംഐയുഐ10) ആയിരിക്കും. എന്നാല്‍ ഗൂഗിള്‍ ആപ്പുകള്‍ ഉണ്ടാകുകയുമില്ല. പക്ഷേ, എന്താണ് വാവെയുടെ മനസിലെന്ന് കൃത്യമായി അറിയണമെങ്കില്‍ ഫോണുകളുടെ അവതരണം വരെ കാത്തിരിക്കേണ്ടി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com