ADVERTISEMENT

ആപ്പിള്‍ ദിവസങ്ങൾക്ക് മുൻപ് അവതരിപ്പിച്ച മോഡലുകളില്‍ ഐഫോണ്‍ 11 പ്രോ, പ്രോ മാക്‌സ് എന്നീ ഫോണുകളുമുണ്ട്. എന്താണ് പ്രോ കൊണ്ട് ഉദ്ദേശമാക്കുന്നത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 'പ്രോ' നാമകരണം ആപ്പിളിന് ഒട്ടും പുതുമയല്ലെന്നു കാണം, മാക്ബുക് പ്രോ, ഐപാഡ് പ്രോഎന്നിങ്ങനെ പേരുകള്‍ ഇട്ടിരിക്കുന്നത് കാണാം. എന്നാല്‍, ഐഫോണിനെ പ്രോ എന്നു വളിക്കുമ്പോള്‍ എന്താണ് അതിനെ വ്യത്യസ്തമാക്കുന്നത്?

 

ഈ ഫോണുകല്‍ അനാവരണം ചെയ്ത ശേഷം സംസാരിച്ച ആപ്പിള്‍ വൈസ് പ്രസിഡന്റ് പോള്‍ ഷിലര്‍ വേദിയില്‍ വച്ചു പറഞ്ഞത് അവയെ പ്രൊഫഷണലുകള്‍ക്ക് 'കാര്യങ്ങള്‍ ചെയ്തു കിട്ടാന്‍ ആശ്രിയക്കാം' ('can count on to get their work done') എന്നാണ്. അപ്പോള്‍ പ്രോസസിങ് ശക്തിയാണോ കാര്യം? അങ്ങനെയാണെങ്കില്‍ വിലയില്‍ 300 ഡോളര്‍ കുറവുള്ള ഐഫോണ്‍ 11നും പ്രോ മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്ന എ13 ബയോണിക് ചിപ് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതെങ്ങനെ സാധ്യമാകും?

 

പ്രോ കൊണ്ട് ആപ്പിള്‍ ഉദ്ദേശിക്കുന്നത് ഫൊട്ടോഗ്രഫി മികവാണെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്. ഐഫോണ്‍ ഫൊട്ടോഗ്രഫിയെ കൂടുതല്‍ ഗൗരവത്തില്‍ എടുക്കുന്നവര്‍ക്ക് 'കാര്യം നടത്തിക്കിട്ടാന്‍' കൂടുതല്‍ ആശ്രിയിക്കാവുന്ന മോഡലുകളാണ് പേരില്‍ പ്രോയുമായി എത്തിയിരിക്കുന്നതെന്നാണ് അവരുടെ വാദം. ഫോണിലെ നാലു ക്യാമറ ലെന്‍സുകളും (സെല്‍ഫി ക്യാമറയുടേതടക്കം) ഒരേസമയം പ്രവര്‍ത്തിപ്പിക്കാന്‍ ശക്തിയുളളതാണ് എ13 ബയോണിക് ചിപ്പ്. വേദിയില്‍ ഫില്‍മിക് (Filmic) എന്ന ആപ്പാണ് ഡെമോയ്ക്ക് ഉപയോഗിച്ചത്. എന്നാല്‍ ഫില്‍മിക് ആപ്പില്ലാതെയും പ്രോ മോഡലുകള്‍ വിവിധ മള്‍ട്ടി ക്യാമറാ ഷൂട്ടിങ് മോഡുകള്‍ക്ക് സജ്ജമാണ്.

 

സാംസങ്ങിനും വണ്‍പ്ലസിനും അത്യുഗ്രന്‍ ക്യാമറകളുണ്ടെങ്കിലും അവയ്ക്ക് എ13 ചിപ്പിന്റെയത്ര ശക്തിയില്ലാത്തതിനാല്‍ ഐഫോണ്‍ 11 പ്രോ മോഡലുകളുടെയത്ര മികവു കിട്ടില്ല. ഗൂഗിള്‍ പിക്‌സല്‍ മോഡലുകളും, വാവെയും തുറന്നിട്ട കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫി മേഖലയില്‍ പിന്നോട്ടായിപ്പോയി എന്നു കരുതിയിരുന്ന ആപ്പിള്‍ നടത്തുന്ന കുതിപ്പാണിവിടെ ദൃശ്യമാകുന്നതെന്നു പറയുന്നു.

 

ഡീപ് ഫ്യൂഷന്‍

 

ആപ്പിള്‍ ഡീപ് ഫ്യൂഷന്‍ എന്നു വിളിക്കുന്ന സ്റ്റിച്ചിങ് ടെക്‌നോളജി ഉപയോഗിച്ച് ഒന്‍പതു ഫോട്ടോകളെ വരെ ഒരുമിപ്പിച്ച് പുതിയ ചിത്രമുണ്ടാക്കി ഇന്നേവരെ ഒരു സ്മാര്‍ട് ഫോണിനും സാധ്യമല്ലാത്ത തരിത്തിലുള്ള ഫോട്ടോ സൃഷ്ടിക്കാനാകുമെന്നാണ് ഒരു വാദം. വിശദാംശങ്ങള്‍, ടെക്‌സ്ചറുകള്‍, ഷെയ്ഡുകള്‍ തുടങ്ങിയവ സ്മാര്‍ട് ഫോണ്‍ ക്യാമറകളാകുന്ന തുമ്പികള്‍ക്ക് എടുക്കാന്‍ പറ്റില്ലാത്തതാണ് എന്നൊരു വിശ്വാസമുണ്ടായിരുന്നു. അത് പുതിയ ഫോണ്‍ തിരുത്തിക്കുറിക്കുമെന്നാണ് പറയുന്നത്. 

 

ഒമ്പതില്‍ നാലു ചിത്രങ്ങളും നിങ്ങള്‍ ഷട്ടര്‍ അമര്‍ത്തുന്നതിനു മുൻപു തന്നെ എടുക്കും. ഷട്ടര്‍ അമര്‍ത്തുമ്പോള്‍ ക്യാമറ ലോങ് എക്‌സ്‌പോഷര്‍ മോഡിലേക്കായിരിക്കും പോകുക. പിന്നെ ഫോണിലെ ന്യൂറല്‍ പ്രോസസറിന്റെ തലയിലാണ് കാര്യങ്ങള്‍. ഈ പ്രോസസര്‍ രണ്ടു തരത്തിലുള്ള ഫോട്ടോകളും പിക്‌സല്‍ ലെവലില്‍ ഏകോകിപ്പിക്കുന്നു. 24 മില്ല്യന്‍ പിക്‌സലുകളാക്കി ഫോട്ടോയെ പരിണമിപ്പിക്കും.

 

(ഇവിടെ ഓര്‍ക്കേണ്ട മറ്റൊരു കാര്യം പികസല്‍ 4 ഈ മാസം തന്നെ പുറത്തിറക്കിയേക്കാം എന്നതാണ്. ഐഫോണ്‍ പ്രോ മോഡലുകളെപ്പോലെ മൂന്നു ക്യാമറകള്‍ തന്നെയാണ് അവയ്ക്കുമുള്ളത്. ആപ്പിളിന്റെ മുന്നേറ്റം നൈമിഷികം മാത്രമാണോ എന്ന് കാത്തിരുന്നു കാണം.)

 

മറ്റൊരു ഫീച്ചര്‍ നൈറ്റ് മോഡാണ്. വെളിച്ചക്കുറവില്‍ ഫോട്ടോ എടുക്കുമ്പോള്‍ ഉപയോക്താവിന്റെ അനുവാദം ചോദിക്കാതെ നൈറ്റ് മോഡ് രംഗത്തെത്തും. സാധാരണ മോഡില്‍ ചിത്രമെടുത്താല്‍ കിട്ടാത്ത തരം വിശദാംശം നൈറ്റ് മോഡിലും പിടിച്ചെടുക്കാം. രാത്രിയെ പകലാക്കി റെക്കോഡു ചെയ്യാനല്ല ശ്രമം മറിച്ച് രാത്രിയുടെ ഫീലോടു കൂടിത്തന്നെ പിടിച്ചെടുക്കാനാണ്. ഉപയോക്താക്കള്‍ക്ക് നൈറ്റ് മോഡ് ഓഫു ചെയ്തും ചിത്രമെടുക്കാം.

 

പുതിയ ഐഫോണുകളിലെ ഫൊട്ടോഗ്രാഫി മോഡ് മാത്രമാണ് ഐഫോണ്‍ ആരാധകരെപ്പോലും പുതിയമ മോഡലുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കൂ എന്നാണ് പറയുന്നത്. അല്ലാതെ മറ്റ് എടുത്തു പറയത്തക്ക മേന്മകളൊന്നും ഇല്ല. ഇപ്പോള്‍ കൂടുതല്‍ ഐഫോണ്‍ ഉടമകളും തങ്ങളുടെ ഫോണ്‍ അപ്‌ഗ്രേഡു ചെയ്യുന്നത് മൂന്നു വര്‍ഷത്തിലൊരിക്കലാണ്. ഫൊട്ടോഗ്രഫി മികവ് തങ്ങള്‍ക്ക് ഉപകരിക്കുമെന്നു തോന്നി ആരെങ്കിലും ആ പതിവു തെറ്റിച്ചെങ്കില്‍ മാത്രമെ കച്ചവടം മുന്നേറൂ എന്നാണ് പറയുന്നത്. ഫോണിലെ ബയോണിക് ചിപ്പും, ന്യൂറല്‍ എൻജിനും മികച്ച പ്രകടനം നടത്തുന്നതിന് ഫോണിനെ സഹായിക്കും. അത് കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിച്ചേക്കാമെന്ന വാദവും ഉയരുന്നു.

 

എന്തായാലും ഈ മസം തന്നെ ഇറങ്ങിയേക്കാവുന്ന പിക്‌സല്‍ 4, വാവെയ് മെയ്റ്റ് 30 പ്രോ എന്നീ മോഡലുകള്‍ എങ്ങനെയിരിക്കും എന്നറിഞ്ഞ ശേഷം മതി പ്രോ മോഡലിന്റെ കിരീടധാരണച്ചടങ്ങ് എന്നാണ് ഐഫോണ്‍ പ്രേമികള്‍ പോലും പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com