ADVERTISEMENT

സാംസങ്ങിനു പിന്നില്‍ ലോകത്തെ രണ്ടാമത്തെ വലിയ ഫോണ്‍ നിര്‍മാതാവായ വാവെയ് ഏറ്റവും മികച്ച മോഡലുകളിലൊന്നായ മെയ്റ്റ് 30 മോഡലുകള്‍ അവതരിപ്പിച്ചു. മെയ്റ്റ് 30, മെയ്റ്റ് 30 പ്രോ, മെയ്റ്റ് 30 5ജി, മെയ്റ്റ് 30 പോര്‍ഷ എഡിഷന്‍ എന്നിങ്ങനെ നാലു മോഡലുകളാണ് കമ്പനി അനാവരണം ചെയ്തത്. അത്യാധുനിക സ്മാര്‍ട് ഫോണുകള്‍ക്കൊപ്പമോ, മുന്നിലോ ഹാർഡ്‌വെയര്‍ കരുത്തുള്ളവയാണ് ഇവ. പിന്നില്‍ വൃത്താകൃതിയില്‍ സജ്ജീകരിച്ച ടിഒഎഫ് ക്യാമറയടക്കമുള്ള നാലു ക്യാമറ സിസ്റ്റമാണ് ഇതിന്റെ മുഖ്യാകര്‍ഷണീയത.

ഓപ്പറേറ്റിങ് സിസ്റ്റം

ലോകമെമ്പാടുമുള്ള ടെക്‌നോളജി പ്രേമികള്‍ അറിയാന്‍ ആഗ്രഹിച്ച കാര്യങ്ങളിലൊന്ന് വാവെയ് സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ഹാര്‍മണി ഒഎസ് പുതിയ ഫോണുകളില്‍ അവതരിപ്പിക്കുമോ, അതോ ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുമോ എന്നതായിരുന്നു. വാവെയ് ഇതിനു രണ്ടിനുമിടയിലുള്ള ഒരു സൂത്രമാണ് ചെയ്തിരിക്കുന്നതെന്നു കാണാം. സ്വന്തം ഒഎസ് ഉപയോഗിച്ച് ചൈനയ്ക്കു വെളിയില്‍ ഫോണ്‍ വില്‍ക്കാന്‍ ശ്രമിച്ചാല്‍ അതു പ്രശ്‌നമാകാം. അതേസമയം, ഗൂഗിളിന്റെ ലൈസന്‍സോടെ അവരുടെ ആപ്പുകള്‍ ഉള്‍പ്പെടെ എടുത്താല്‍, അമേരിക്ക എടുത്തേക്കാവുന്ന പുതിയ തീരുമാനം അവരെ വെട്ടിൽ വീഴിക്കുകയും ചെയ്യാം. വാവെയ് സ്വീകരിച്ച മധ്യമാര്‍ഗം ഇതാണ്. ആന്‍ഡ്രോയിഡ് ഒഎസ് ഫ്രീ ആണ്. എന്നാല്‍ ഗൂഗിളിന്റെ പ്ലേ സ്റ്റോര്‍, ക്രോം, മാപ്‌സ് തുടങ്ങിയ ആപ് ബണ്‍ഡ്‌ലോടു കൂടി ആന്‍ഡ്രോയിഡ് ഉപയോഗിക്കണമെങ്കില്‍ ഗൂഗിളിന്റെ ലൈസന്‍സ് കൂടിയേ കഴിയൂ താനും. അവര്‍ ആന്‍ഡ്രോയിഡ് എടുത്തു, ഗൂഗിള്‍ ആപ് ബണ്‍ഡിൽ വേണ്ടെന്നു വച്ചു. ആൻഡ്രോയിഡ് 10നു മേല്‍ തങ്ങളുടെ സ്വന്തം സ്‌കിന്‍ ആയ ഇഎംയുഐ 10 മായാണ് പുതിയ ഫോണുകള്‍ എത്തിയിരിക്കുന്നത്.

വാവെയ് മെയ്റ്റ് 30 പ്രോ

കമ്പനി ഇറക്കിയ ഫോണുകളില്‍ ഫീച്ചറുകളിലും വിലയിലും സന്തുലിതമായ മോഡല്‍ മെയ്റ്റ് 30 പ്രോയാണ്. വെറും 'മെയ്റ്റ് 30', ഐഫോണ്‍ 11 പോലെയുള്ള മോഡലുകളോട് മത്സരിക്കുമ്പോള്‍ പ്രോ മോഡല്‍ ഐഫോണ്‍ 11 പ്രോ, സാംസങ് ഗ്യാലക്‌സി നോട്ട് സീരിസ് തുടങ്ങിയ മോഡലുകള്‍ക്കാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. 5ജി വേരിയന്റിന് വില വ്യത്യാസമുണ്ടായിരിക്കും. കൂടാതെ, പോര്‍ഷാ ഡിസൈന്‍ മെയ്റ്റ് 30 പ്രോ ആര്‍എസ് എഡിഷന്‍ എന്ന മോഡല്‍ ആഡംബര ഫോണായിരിക്കും.

മെയ്റ്റ് 30 പ്രോ മോഡലിന്റെ ഫീച്ചറുകൾ പരിശോധിക്കാം

സ്‌ക്രീനിന് 6.53-ഇഞ്ച് വലുപ്പമാണുള്ളത്. 2400 x 1176 റെസലൂഷനുള്ള, ഓലെഡ് ഡിസ്‌പ്ലെ, 88-ഡിഗ്രി ചെരിവോടു കൂടിയാണ് പിടിപ്പിച്ചിരിക്കുന്നത്. എപ്പോഴും ഉണര്‍ന്നിരിക്കുന്ന ഡിസ്‌പ്ലെയാണിതിന്. കമ്പനിയുടെ എം-പെന്‍ സ്റ്റൈലസും ഫോണിനൊപ്പം ഉപയോഗിക്കാം. വാവെയുടെ സ്വന്തം കിരിന്‍ 990 (7nm) പ്രോസസറാണ് ഫോണിന് ശക്തി പകരുന്നത്. ജിപിയു ടര്‍ബോയോടു കൂടിയ മാലി-ജി76 എംപി16 ജിപിയു, പ്രോസസറിനൊപ്പം ചേരുമ്പോള്‍ മെയ്റ്റ് 30 പ്രോ ഇന്നു ലഭ്യമായ ഫോണുകളില്‍ ഏറ്റവും കരുത്തുറ്റ മോഡലുകളിലൊന്നായി തീരുന്നു. ഫോണിന് ഏതെങ്കിലും തരത്തിലുള്ള ബട്ടണുകള്‍ ഇല്ല. എല്ലാം സ്‌ക്രീനിലാണ് നിര്‍വഹിക്കുക. ഉദാഹരണത്തിന് ഇരട്ട ടാപ്പിലൂടെ വോളിയം ബട്ടണുകളെ ക്ഷണിച്ചു വരുത്താം.

8 ജിബി റാം, 128ജിബി/256ജിബി സ്റ്റോറേജ് ശേഷി എന്നിവയാണ് മറ്റ് ഹാര്‍ഡ്‌വെയര്‍ സവിശേഷതകള്‍. എന്‍എം കാര്‍ഡ് ഉപയോഗിച്ച് സംഭരണശേഷി 256 ജിബി കൂടെ വര്‍ധിപ്പിക്കുകയും ചെയ്യാം. ബ്ലാക്, സ്‌പെയ്‌സ് സില്‍വര്‍, കോസ്മിക് പര്‍പിള്‍, എമെറാള്‍ഡ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ലഭ്യമാക്കുന്ന ഫോണിന് ഐപി68 വാട്ടര്‍/ഡസ്റ്റ് റെസിസ്റ്റന്‍സുമുണ്ട്. 4500 എംഎഎച് ബാറ്ററിയുള്ള ഫോണിന്, 40w അതിവേഗ ചാര്‍ജിങ് സാധ്യമാണ്. 27w വയര്‍ലെസ് അതിവേഗ ചാര്‍ജിങും ഉപയോഗിക്കാം. അമിതമായി ഉപയോഗിച്ചാല്‍ പോലും 9.2 മണിക്കൂര്‍ ബാറ്ററി ലഭിക്കുമെന്ന് കമ്പനി പറയുന്നു.

ക്യാമറ

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ക്യാമറയുടെ കാര്യത്തില്‍ അവരുടെ ഏറ്റവും അടുത്ത എതിരാളികളായ സാംസങ്, ആപ്പിൾ എന്നിവരേക്കാള്‍ ഒരു പടി മുന്നിലായിരുന്നു വാവെയ്. നിലവില്‍ ലോകത്തെ ഏറ്റവും നല്ല സ്മാര്‍ട് ഫോണ്‍ ക്യാമറയായി, പ്രകടനം ശാസ്ത്രീയമായി അപഗ്രഥിക്കുന്ന, ഡിഎക്‌സോ വിലയിരുത്തുന്നത് സാംസങ് ഗ്യാലക്‌സി നോട്ട് 10 പ്ലസിനെയാണ്- 117 പോയിന്റ്. ഐഫോണ്‍ 11 പ്രോ, ഇപ്പോള്‍ ഇറങ്ങിയ വാവെയ് മെയ്റ്റ് 30 പ്രോ തുടങ്ങിയ ഫോണുകളുടെ ക്യാമറയെ അവര്‍ ഇനിയും റിവ്യൂ ചെയ്തിട്ടില്ല. രണ്ടാം സ്ഥാനത്ത് വാവെയ് പി30 പ്രോയാണ്. വണ്‍പ്ലസ് 7 പ്രോയ്ക്കും ഷഓമി എം ഐ9നും എല്ലാം പിന്നിലായി പത്താം സ്ഥാനത്താണ് കഴിഞ്ഞ വര്‍ഷത്തെ മോഡലായ ഐഫോണ്‍ XS മാക്‌സ്.

camera

ആപ്പിളിന്റെയും ഗൂഗിളിന്റെയും എൻജിനീയര്‍മാര്‍ കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രാഫിയില്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഗൂഗിള്‍ പിക്‌സല്‍ 3 മോഡലിന്റെ ക്യാമറയെ വിശകലനം ചെയ്ത ഒരു രാജ്യാന്തര റിവ്യൂവര്‍ പറഞ്ഞത് ആന്‍ഡ്രോയിഡിനെ വിശ്വാസമില്ലെങ്കില്‍ പോലും ഈ മോഡല്‍ അതിന്റെ ക്യാമറയ്ക്കു മാത്രമായി ഉപയോഗിക്കാമെന്നാണ്. വാവെയ് മെയ്റ്റ് 30 പ്രോയെ കമ്പനി ഉയര്‍ത്തിക്കാണിക്കുന്നത് അതിന്റെ ക്യാമറ ശേഷിവച്ചാണ്. ക്യാമറയ്ക്കു ചുറ്റും ഒരു ഫോണ്‍. നാല് ഇമേജ് സെന്‍സറുകളാണ് പുതിയ ക്യാമറാ സിസ്റ്റത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 40 എംപി വൈഡ് ആങ്ഗിള്‍ (സിനി ക്യാമറ), 40 എംപി അള്‍ട്രാ വൈഡ് ആങ്ഗിള്‍ (സൂപ്പര്‍ സെന്‍സിങ്), 8 എംപി ടെലിഫോട്ടോ എന്നിവയ്‌ക്കൊപ്പം ഡെപ്ത് സെന്‍സിങ്ങിനായി ടൈംഓഫ് ഫ്ലൈറ്റ് മൊഡ്യൂളും ചേര്‍ത്താണ് പുതിയ സിസ്റ്റം വാവെയ്-ലൈക്ക സഖ്യം ഇത്തവണ ഇറക്കിയിരിക്കുന്നത്. ക്യാമറാ നിര്‍മാണത്തില്‍ എക്കാലത്തും മുന്നില്‍ നിന്നിരുന്ന ജര്‍മന്‍ നിര്‍മാതാവ് ലൈക്കയുമായി ചേര്‍ന്ന് ഫോണ്‍ ക്യാമറകള്‍ നിര്‍മിക്കാനുള്ള തീരുമാനമാണ് വാവെയെ ഈ മേഖലയിലെ വന്‍ശക്തിയാക്കിയത്.

ഈ വര്‍ഷം ആദ്യമിറക്കിയ പി30 പ്രോ മോഡലില്‍, സൂം ലെന്‍സിന്റെ പ്രകടനം കൊണ്ടാണ് വാവെയ് ഞെട്ടിച്ചതെങ്കില്‍ (തൊട്ടടുത്ത രണ്ട് എതിരാളികളും ഈ കാര്യത്തില്‍ ഇപ്പോഴും പിന്നിലാണ്), മെയ്റ്റ് 30 പ്രോയില്‍ സ്ലോമോഷന്‍ റെക്കോഡിങ്ങാണ് കമ്പനി ഉയര്‍ത്തിക്കാണിക്കുന്നത്. സ്ലോമോഷന്‍ റെക്കോഡിങും രാത്രി ഷോട്ടുകളുടെ മികവുമാണ് കമ്പനി ഈ മോഡലില്‍ ഉയര്‍ത്തിക്കാണിക്കുന്നത്. തങ്ങളുടെ മെയ്റ്റ് 30 പ്രോ ഒരു സ്മാര്‍ട് ഫോണ്‍ എന്നതിനേക്കാല്‍ ഒരു ക്യാമറയാണ് എന്ന നിലാപാട് വാവെയ് സ്വീകരിക്കുന്നതായി പറയുന്നു. ഒരു പക്ഷേ, പിക്‌സല്‍ 3യുടെ റിവ്യൂവര്‍ പറഞ്ഞതു പോലെ ഒതുക്കമുള്ള ഒരു ക്യാമറ കൈയ്യില്‍ വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മെയ്റ്റ് 30 പ്രോ പരിഗണിക്കാം, പൈസ പ്രശ്‌നമല്ലെങ്കില്‍. ക്യാമറാ പ്രകടനം വെളിവാക്കാന്‍ വാവെയ് പുറത്തിറക്കിയ വിഡിയോ കാണാം.

കമ്പനിയുടെ അവകാശവാദങ്ങള്‍ പൂര്‍ണമായും മുഖവിലയ്‌ക്കെടുക്കേണ്ട കാര്യമില്ല എങ്കില്‍പോലും, ഇന്നു വിപണിയില്‍ ലഭ്യമായ ഏതു സ്മാര്‍ട് ഫോണിനോടും കിടപിടിക്കുന്ന തരത്തിലുള്ള പ്രകടനം മെയ്റ്റ് 30 പ്രോയിലും പ്രതീക്ഷിക്കാം. (എന്നാല്‍, ഇപ്പോള്‍ ഇറങ്ങിയിട്ടില്ലാത്ത പിക്‌സല്‍ 4ല്‍ നിന്ന് നിലവിലുള്ള എല്ലാ ഫോണുകളെയും വെല്ലുന്ന പ്രകടനം പ്രതീക്ഷിക്കുന്നുണ്ട്. ഈ മാസം തന്നെ പിക്‌സല്‍ 4 അനാവരണം ചെയ്യപ്പെട്ടേക്കാം.)

സെല്‍ഫി ഷൂട്ടര്‍

നോച്ച് ഒഴിവാക്കാതെയാണ് വാവെയ് തങ്ങളുടെ ഫോണ്‍ ഇറക്കിയിരിക്കുന്നത്. അവിടെയുമുണ്ട് അവര്‍ക്ക് അവകാശവാദം. നിലവിലുള്ള ഫോണുകളില്‍ ഏറ്റവും അത്യന്താധുനികം തങ്ങളുടെ ഫോണിന്റെ നോച്ചാണ് എന്നാണ് അവര്‍ പറയുന്നത്. നാലു സെന്‍സറുകളാണ് നോച്ചിലുള്ളത്. അവയില്‍ പ്രധാനം 32 എംപി സെല്‍ഫി ക്യാമറ തന്നെയാണ്. അതിനോട് അടുത്തിരിക്കുന്നതാണ് ജെസ്ചര്‍ സെന്‍സര്‍ (എല്‍ജി ജി8ലും ഇതു കാണാം.) 3 ഡി ഡെപ്ത് സെന്‍സറും ആംബിയന്റ് ലൈറ്റ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയുമാണ് പിന്നെയുള്ളത്.

സോഫ്റ്റ്‌വെയര്‍ ഫീച്ചറുകള്‍

പുതിയ ഫോണുകളെല്ലാം എത്തുന്നത് നിരവധി സോഫ്റ്റ്‌വെയര്‍ ഫീച്ചറുകളുമായാണ്. ഇവയില്‍ പലതും ഉപയോക്താക്കള്‍ തിരിഞ്ഞു നോക്കാറു പോലുമില്ല എന്നത് മറ്റൊരു കാര്യം. എയര്‍ജെസ്ചറുകളാണ് മെയ്റ്റ് 30 പ്രോയുടെ പ്രധാന ഫീച്ചറുകളിലൊന്ന്. മറ്റൊന്ന് എഐ റൊട്ടേറ്റ് ആണ്. കമ്പനി പറയുന്നത് ഫോണ്‍ നിങ്ങളുടെ കണ്ണുകള്‍ എവിടെയാണ് എന്നു നോക്കിക്കണ്ട് അതിനനുസരിച്ച് ഡിസ്‌പ്ലെ ക്രമീകരിക്കുമെന്നാണ്. ഏതു കോണില്‍ നിന്നു നോക്കിയാലും അതു ചെയ്യുമെന്ന് വാവെയ് പറയുന്നു.

ഇതു രസകരം

നിങ്ങള്‍ക്ക് ഒരു മെസേജ് ലഭിച്ചു എന്നിരിക്കട്ടെ. നിങ്ങള്‍ ഒറ്റയ്ക്കാണെങ്കില്‍ അതിന്റെ സംക്ഷിപ്ത രൂപം സ്‌ക്രീനില്‍ ഫോണ്‍ കാണിക്കും. എന്നാല്‍ നിങ്ങള്‍ക്കൊപ്പം ആരെങ്കിലും കൂടെയുണ്ടെങ്കില്‍ ഫോണ്‍ നോട്ടിഫിക്കേഷന്‍ മാത്രമേ തരൂ.

ആപ് ശേഖരം

പ്ലേ സ്റ്റോര്‍ ഇല്ലാത്തതിനാല്‍ ഗൂഗിളിന്റെ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകുമോ എന്ന് അറിയില്ല. നേരത്തെ കേട്ട രീതിവച്ചാണെങ്കില്‍ ഉപയോക്താവ് തന്റെ ഗൂഗിള്‍ അക്കൗണ്ടിലേക്കു സൈന്‍-ഇന്‍ ചെയ്തു കഴിഞ്ഞാല്‍ പ്ലേസ്റ്റോര്‍ അടക്കമുള്ള ആപ്പുകള്‍ വേണമെങ്കില്‍ ഇന്‍സ്റ്റോള്‍ ചെയ്യാം. അതേക്കുറിച്ച് ഇപ്പോള്‍ ഉറപ്പില്ല. വാവെയുടെ ആപ് സ്റ്റോറില്‍ 45,000 ആപ്പുകളാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഏകദേശം 25 ലക്ഷം ആപ്പുകള്‍ ഉണ്ടെന്നാണ് പറയുന്നത്. തങ്ങള്‍ ഡെവലപ്പര്‍മാര്‍ക്ക് 1 ബില്ല്യന്‍ ഡോളര്‍ ആപ് നിര്‍മാണത്തിനായി നല്‍കുമെന്നും കമ്പനി പറഞ്ഞു. ഗൂഗിള്‍ ആപ്പുകള്‍ ഉപയോഗിച്ചു ശീലിച്ചവര്‍ക്ക് അതു കിട്ടിയില്ലെങ്കില്‍ പ്രശ്‌നമാകുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ല.

Huawei-Mate-30

വില

തുടക്ക മോഡലുകള്‍

∙ വാവെയ് മെയ്റ്റ് 30 – 799 യൂറോ
∙ പ്രോ - 1,099 യൂറോ
∙ 5ജി – 1,199 യൂറോ
∙ പോര്‍ഷ - 2,095 യൂറോ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com