ADVERTISEMENT

ഐഫോൺ 11 പ്രീ ഓർഡർ ഇന്ത്യയിൽ തുടങ്ങി. ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്സ് എന്നീ മോഡലുകളാണു ദിവസങ്ങൾക്ക് മുൻപ് ആപ്പിൾ അവതരിപ്പിച്ചത്. ആപ്പിൾ വാച്ച് സീരീസ് 5, പുതിയ ഐപാഡ്, മാക്ബുക് പ്രോ എന്നിവയും ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്. ഐഫോൺ 11ന് 64,900 രൂപയാണ് ഇന്ത്യയിലെ വില. ഐഫോൺ 11 പ്രോയ്ക്ക് 99,900 രൂപയും ഐഫോൺ 11 പ്രോ മാക്സിനു 109,900 രൂപയും ഇന്ത്യയിൽ വിലയാകും. ഐഫോൺ 11 പ്രോ മാക്സ് 512 ജിബി മോഡാണ് ഏറ്റവും വിലയുള്ളത് - 1,44,900 രൂപ.

 

ഫ്ലിപ്കാർട്ട് ബിഗ് ബില്യൻ ഡേയ്സ്, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്നിവയോടനുബന്ധിച്ചു കാഷ്ബാക്ക് ഉൾപ്പെടെയുള്ള ഓഫറുകളുമായാണു പുതിയ ഐഫോൺ ശ്രേണി ഇന്ത്യൻ വിപണിയിലെത്തുന്നത്. ആപ്പിൾ വാച്ച് സീരീസ് 5ന് ഇന്ത്യയിൽ 40,900 മുതലാണ് വില. ജിപിഎസ് മാത്രമുള്ള മോഡലിനാണിത്. ജിപിഎസും സെല്ലുലാർ കണക്ഷനുമുള്ള മോഡലിനു 49,900 രൂപ വരെയാകും വില. ഇതോടൊപ്പം വാച്ച് സീരീസ് 3ന്റെ വില കുറച്ചിട്ടുണ്ട്. 20,900 മുതൽ 29,900 വരെയാണ് പുതിയ വില.

 

നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ള ഓൺഡിമാൻഡ് വിഡിയോ സ്ട്രീമിങ് കമ്പനികൾക്കു വെല്ലുവിളിയുയർത്തിയാണ് ഇന്ത്യയിൽ ആപ്പിൾ ടിവി പ്ലസ് സേവനം അവതരിപ്പിച്ചിരിക്കുന്നത്. യുഎസിൽ പ്രതിമാസം 350 രൂപയാകുന്ന സേവനം കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത് 99 രൂപയ്ക്കാണ്. 7 ദിവസത്തെ ട്രയലും ഉണ്ട്. ഐഫോണും ഐപാഡും ഉൾപ്പെടെയുള്ള ആപ്പിൾ ഉപകരണങ്ങളിൽ ആപ്പിൾ ടിവി പ്ലസ് സേവനം ആസ്വദിക്കാം.

 

ഐഫോൺ മുൻ മോഡലുകൾക്ക് ഇന്ത്യയിൽ വിലകുറച്ചു

 

പുതിയ ഐഫോൺ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി മുൻ മോഡലുകൾക്കു കമ്പനി വിലകുറച്ചു. പുതിയ വിലകൾ:

 

iPhone XR (64GB) - Rs 49,900, 128GB - Rs 54,900, iPhone XS (64GB) - Rs 89,900, 256GB - Rs 1,03,900, iPhone X (64GB) - Rs 91,900, 256GB - Rs 1,06,900, iPhone 8 (64GB) - Rs 39,900, 128GB - Rs 44,900, iPhone 8 Plus (64GB) - Rs 49,900, 128GB - Rs 54,900, iPhone 7 Plus (32GB) - Rs 37,900, 128GB - Rs 42,900, iPhone 7 (32GB) - Rs 29,900, 128GB - Rs 34,900.

 

മാക് ഒഎസ് കാറ്റലീന ഒക്ടോബറിൽ

 

ആപ്പിൾ മാക് കംപ്യൂട്ടറുകളുടെ ഓപ്പറേറ്റിങ് സിസ്റ്റമായ മാക് ഒഎസിന്റെ പുതിയ പതിപ്പായ കാറ്റലീന ഒക്ടോബറിൽ അവതരിപ്പിക്കും. ആപ്പിൾ ഉപയോക്താക്കളുടെ എക്കാലത്തെയും വലിയ പരാതിക്കു പരിഹാരം കണ്ടുകൊണ്ടാണ് പുതിയ ഒഎസിന്റെ വരവ്. എന്തിനും ഏതിനും ഐട്യൂൺസിനെ ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കി മീഡിയ മാനേജ്മെന്റിൽ ഉപയോക്താക്കൾക്കു കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന കാറ്റലീന ഐപാഡിനെ സെക്കൻഡ് ഡിസ്പ്ലേയായി ഉപയോഗിക്കാൻ അവസരം നൽകുന്നതുൾപ്പെടെ വേറെയും പുതുമകൾ അവതരിപ്പിച്ചിട്ടുണ്ട്.

 

അതേ സമയം, ഐഫോൺ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പായ ഐഒഎസ് 13 ഇന്നു മുതൽ ലഭിക്കും. സിസ്റ്റം ആപ്പുകളിലുള്ള അപ്ഗ്രേഡ്, ഡാർക് മോഡ്, പ്രവർത്തനമികവ് എന്നിവയെല്ലാമാണ് ഐഒഎസ് 13ന്റെ പ്രധാന സവിശേഷതകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com