ADVERTISEMENT

നിരവധി മികച്ച ഫീച്ചറുകളുമായാണ് ഐഒഎസ് 13 ഐപാഡ് ഒഎസ് 13 എത്തിയത്. എന്നാല്‍ അവയില്‍ പ്രശ്‌നങ്ങള്‍ കണ്ടതിനാൽ ഐഒഎസ് 13.1, ഐപാഡ്ഒഎസ് 13.1 എന്നീ അപ്‌ഡേറ്റുകള്‍ പെട്ടെന്നു തന്നെ അവതരിപ്പിക്കേണ്ടിയും വന്നു. ഒരു അപ്‌ഡേറ്റ് കൊണ്ടൊന്നും തീരുന്നതല്ല, ഐഒഎസ് 13 ലെ പിഴവുകളെന്ന് ആപ്പിള്‍ തന്നെ ഇപ്പോള്‍ സമ്മതിച്ചിരിക്കുകയാണ്. ഉപയോക്താക്കള്‍ ശ്രദ്ധാലുക്കളായിരിക്കണമെന്ന് ആപ്പിള്‍ എടുത്തു പറയുന്ന പ്രധാന പിഴവുകളിലൊന്ന് തേർഡ് പാര്‍ട്ടി കീബോർഡുകളുടെ കാര്യത്തിലാണ്.

തങ്ങളുടെ ഒരു ഔദ്യോഗിക സുരക്ഷാ പോസ്റ്റിലൂടെയാണ് ആപ്പിള്‍ ഐഒഎസ് 13.1, ഐപാഡ് ഒഎസ് 13.1 സോഫ്റ്റ്‌വെയറില്‍ തേർഡ് പാര്‍ട്ടി കീബോഡുകള്‍ ഉപയോഗിച്ചാല്‍ പ്രശ്‌നങ്ങള്‍ വരാമെന്ന മുന്നറിയിപ്പു നല്‍കുന്നത്. തേർഡ് പാര്‍ട്ടി കീബോര്‍ഡുകള്‍ക്ക് ഐഫോണിലേക്കും ഐപാഡിലേക്കും പൂര്‍ണമായും കയറാന്‍ കഴിയുമെന്നാണ് ആപ്പിള്‍ ഉപയോക്താക്കളെ അറിയിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ സമ്മതമില്ലാതെ പോലും ഇത്തരം കീബോർഡുകള്‍ക്ക് ഐഒഎസ് 13.1, ഐപാഡ് ഒഎസ് 13.1 എന്നീ സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ നടക്കുന്ന കാര്യങ്ങൾ പരിപൂര്‍ണമായി അറിയാനാകും. ഈ അവസരം ദുഷ്ടലാക്കുള്ള തേർഡ് പാര്‍ട്ടി കീബോഡുകള്‍ പൂര്‍ണമായും ഉപയോഗിക്കുക തന്നെ ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.

എന്താണ് തേർഡ്പാര്‍ട്ടി കീബോഡുകള്‍?

ഐഒഎസ് 12 വരെയുള്ള ആപ്പിളിന്റെ സ്വന്തം കീബോഡുകളെക്കാള്‍ ഫീച്ചറുകള്‍ (കൂടുതല്‍ ഇമോജികളും മറ്റുമടക്കം പല സൗകര്യങ്ങളും) നല്‍കിയാണ് ആപ്പിളിന്റെ സ്വന്തമല്ലാത്ത കീബോർഡുകള്‍ ശ്രദ്ധ പിടിച്ചത്. ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ഇവ ഉപയോഗിക്കുന്നുമുണ്ട്. നിങ്ങള്‍ ഏതെങ്കിലും കീബോർഡ് ഇന്‍സ്‌റ്റാള്‍ ചെയ്തിട്ടുണ്ടോ എന്നറിയാന്‍ ഈ പാത് ഉപയോഗിക്കുക: Settings > General > Keyboard > Keyboards. ആപ്പിളിന്റെതൊഴികെ ഏതെങ്കിലും കീബോഡ് ഉണ്ടെങ്കില്‍ അവയുടെ സാന്നിധ്യം സംശയകരമാണെങ്കില്‍, എത്രയും വേഗം അണ്‍ഇന്‍സ്‌റ്റാള്‍ ചെയ്യുക എന്നതാണ് ഒരു പരിഹാരമാര്‍ഗം.

ഈ പ്രശ്‌നം ആപ്പിള്‍ ഔദ്യോഗികമായി അംഗീകരിച്ചുവെങ്കിലും അതു ശരിയാക്കാനുള്ള പാച്ച് ഒന്നും ഇതുവരെ അയച്ചിട്ടില്ല. ഡേറ്റ ചോരരുതെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ ചെയ്യാവുന്ന ഏക മാര്‍ഗം അണ്‍ഇന്‍സ്‌റ്റാള്‍ ചെയ്യുക എന്നതാണ്. ആപ്പിളിന്റെ ഫിക്‌സ് വന്ന ശേഷം തേർഡ്പാര്‍ട്ടി കീബോർഡ് വേണമെങ്കില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാം. ആപ്പിളിന്റെ ഐഒഎസ്/ഐപാഡ്ഒഎസ് 13ലെ കീബോഡുകള്‍ ആവശ്യത്തിനു ഫീച്ചറുകള്‍ നല്‍കുന്നുണ്ട് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ഈ പ്രശ്‌നം ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ/മാക്‌സ് എന്നീ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അല്‍പം നിരാശയായിരിക്കും സമ്മാനിക്കുക. അവര്‍ക്ക് ഈ പ്രശ്‌നം ഒഴിവാക്കാന്‍ മാര്‍ഗമില്ല എന്നതാണ് കാരണം. ഐഒസ് 12ല്‍ നിന്ന് പുതിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലേക്ക് അപ്‌ഗ്രേഡു ചെയ്തവര്‍ക്ക് ഒരു പ്രശ്‌നമല്ല, നിരവധി പ്രശ്നങ്ങളാണ് കിട്ടിയിരിക്കുന്നത്. ദി വേര്‍ജ് തുടങ്ങിയ വെബ്‌സൈറ്റുകളാണ് ഐഒഎസ് 13ല്‍ ബഗുകളുടെ കൂമ്പാരമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. പല ആപ്പുകളും തുറക്കുമ്പോഴെ ക്രാഷാകുന്നു, സെല്‍ഫോണ്‍ സിഗ്നലുകള്‍ കുറഞ്ഞു പോകുന്നു, ക്യാമറാ ആപ് വളരെ മന്ദഗതിയിലായിരിക്കുന്നു, ഫോ‌ട്ടോകളിലേക്ക് അവയുമായി ബന്ധമില്ലാത്ത ഡേറ്റ സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നു, എയര്‍ഡ്രോപ്പിന് പ്രശ്‌നങ്ങളുണ്ട്, ഐമെസേജിലെ ടെക്സ്റ്റ് ഫീല്‍ഡ് ഫ്‌ളിപ് ഔട്ടാകുന്നു തുടങ്ങിയവാണ് കണ്ടെത്തിയരിക്കുന്ന പ്രശ്‌നങ്ങളില്‍ ചിലത്.

വളരെയധികം ബഹുമാനിക്കപ്പെടുന്ന ഡെവലപ്പര്‍മാരില്‍ ഒരാളായ സ്റ്റീവ് ട്രോട്ടണ്‍-സ്മിത്ത് പുതിയ അപ്‌ഡേറ്റിനെ മൊത്തം പ്രശ്‌നത്തിലുള്ള ഒരു റിലീസ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഐഒഎസ് 8നു ശേഷം എത്തിയ ഏറ്റവും മോശം അപ്‌ഡേറ്റാണിത്. മറ്റൊരു പ്രശസ്ത ഡെവലപ്പറായ ക്രെയ്ഗ് ഹോക്കെന്‍ബെറി പറഞ്ഞിരിക്കുന്നത് ഐക്ലൗഡ് സിങ്കിങ്ങില്‍ താന്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയെന്നാണ്. അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് തങ്ങളുടെ ഉദ്യോഗസ്ഥരോട് ഐഒഎസ് 13 ഉപയോഗിക്കരുതെന്ന് ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ്.

ആപ്പിള്‍ താമസിക്കാതെ ഐഒഎസ് 13.1.1 പുറത്തിറക്കുമെന്നാണ് കരുതുന്നത്. എന്തായാലും, അടുത്ത 4-8 ആഴ്ചയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു തീരൂവെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com