ADVERTISEMENT

തമിഴ് നടൻ അജിത്തിന്റെ ഭാര്യയും മലയാളിയുമായ ശാലിനിയുടെ പുതിയ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്. ശാലിനിയും അജിത്തും മകനും കാറിൽ സഞ്ചരിക്കുന്നതിനിടയ്ക്ക് ഒരു ആരാധകൻ പകർത്തിയ ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

 

മേക്കപ്പൊന്നുമില്ലാതെ കെയ്യിൽ ഒരു പഴയ മോഡൽ മൊബൈലുമായി കാറിലിരിക്കുന്ന ശാലിനിയെയാണ് ഫോട്ടോയിൽ കാണുന്നത്. അത്യാധുനിക സ്മാർട് ഫോണുകൾ ഉപയോഗിക്കുന്ന പുതിയ തലമുറ ശാലിനിയുടെ കയ്യിലിരിക്കുന്ന ഫോൺ കണ്ട് അദ്ഭുതപ്പെട്ടിരിക്കയാണ്. ശാലിനി ഉപയോഗിക്കുന്ന മൊബൈൽ പഴയ ഫീച്ചർ ഫോൺ ആണെന്നാണ് ചിത്രത്തിൽ നിന്നു മനസിലാകുന്നത്. ഫോൺ നോക്കിയയുടെ ഫീച്ചർ ഫോൺ ആണെന്നാണ് മിക്കവരും പറയുന്നത്.

 

വിൽപനയിൽ ലോകത്തെ തന്നെ അദ്ഭുതപ്പെടുത്തിയ നോക്കിയയുടെ 3310 മോഡൽ ഫോൺ കൈയിൽ പിടിച്ചുകൊണ്ടുള്ള ശാലിനിയുടെ ഒരു ചിത്രം മുൻപ് വൈറലായിരുന്നു. അജിത്തും സ്മാർട് ഫോൺ ഉപയോഗിക്കാറില്ലെന്ന് വാർത്തകൾ വന്നിരുന്നു.

 

ലോകത്തെ അദ്ഭുതപ്പെടുത്തിയ നോക്കിയ 3310

 

നോക്കിയ എന്ന പേര് കേൾക്കുമ്പോൾ തന്നെ ആ ബ്രാന്റിന്റെ ആരാധകരുടെ മനസ്സിലോടിയെത്തുന്ന ഫോൺ നോക്കിയ 3310; മുപ്പത്തിമൂന്ന് പത്ത് എന്ന് മലയാളി സ്നേഹത്തോടെ വിളിച്ചിരുന്ന, ആരും ലാളിച്ചു പോകുന്ന ആ മോഡലാണ്. 2000 സെപ്റ്റംബർ ഒന്നിനാണ് ഈ ഫോൺ അവതരിപ്പിച്ചത്. അന്നുള്ളതിൽ വച്ച് ഒതുങ്ങിയതും മികച്ച രൂപകൽപ്പനയോടെയുള്ള ഈ ഫോണായിരുന്നു വിദേശങ്ങളിൽ പലരും കാമുകിമാർക്ക് സമ്മാനം കൊടുക്കാൻ തിരഞ്ഞെടുത്തിരുന്നത്. നമ്മുടെ നാട്ടിലും ചില നിരാശ പ്രേമത്തിന്റെ ഭാരം പേറുന്ന 3310 ഫോണുകൾ ഉണ്ടാകും.

 

20 വർഷങ്ങൾക്ക് മുൻപെത്തിയ ആ ഫോൺ 12.6 കോടി യൂണിറ്റുകളുടെ വിൽപനയാണ് അന്ന് നടത്തിയത്. ഇതു വരെ ലോകത്ത് വിറ്റഴിച്ച ഫോൺ മോഡലുകളിൽ പത്താം സ്ഥാനത്താണ് ഇതിന്റെ സ്ഥാനം. ആ ഫോണിലൂടെ സ്നേക്ക്, സ്പേസ് ഇംപാക്ട് എന്നീ ഗെയിമുകളെ സ്നേഹിച്ച കുട്ടികൾ ഇന്ന് അത്യാധുനിക സ്മാർട് ഫോണുകളിൽ കൗമാരത്തിന്റെ നിറമാർന്ന ലോകത്തെ തിരക്കുകളിലാകും. എപ്പോഴെങ്കിലും അവരോർക്കുന്നുണ്ടാകുമോ തങ്ങളെ ഗെയിമിംഗ് ലോകത്തേക്ക് കൂട്ടിയ ആ പഴയ 3310 നെ?

 

നോക്കിയ 3310 പോലെ ജനപ്രിയമായ മറ്റൊരു നോക്കിയ മോഡലായ നോക്കിയ 1100; 2003 ലാണ് വിപണിയിലെത്തുന്നത്. ടോർച്ച്ലൈറ്റും പൊടി കയറാത്ത കീപാഡുമായി വന്ന ഫോൺ നൈജീരിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ വൻ വിൽപ്പനയാണ് നടത്തിയത്. ലോകത്ത് ഇതുവരെ വിറ്റഴിഞ്ഞ ഫോണുകളിൽ ഏറ്റവും മുൻപന്തിയിലുള്ള 1100 എന്ന നോക്കിയ മോഡലിന്റെ 25 കോടിയിലധികം ഫോണുകളാണ് വിറ്റഴിഞ്ഞത്. മറ്റൊരു ബ്രാന്റിന്റെ മോഡലിനും ഇതുവരെ ഈ റിക്കോർഡ് ഭേദിക്കാൻ കഴിഞ്ഞിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com