sections
MORE

അദ്ഭുത ഫീച്ചറുകൾ, ഗ്യാലക്‌സി ഫോള്‍ഡ് ഇന്ത്യയില്‍; വാങ്ങാൻ ക്യൂ നിൽക്കുമെന്ന് സാംസങ്

samsung-flod
SHARE

ലോകത്തെ ആദ്യത്തെ മടക്കാവുന്ന ഫോണുകളിലൊന്നായ സാംസങ് ഗ്യാലക്സി ഫോള്‍ഡ് ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തി. ഫോണിന് 164,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. എന്നാല്‍, ഈ വിലയ്ക്കും ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ത്യയിലുണ്ടെന്ന് സാംസങ് പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ അവതരിപ്പിച്ച ഫോണിന്റെ വില്‍പന മാറ്റിവച്ചിരിക്കുകയായിരുന്നു. ആദ്യം റിവ്യൂവിനു നല്‍കിയ മോഡലുകള്‍ക്ക് ചുളിവു വീണു എന്നതിനാല്‍ ഫോണ്‍ ഇറക്കുന്നതു കമ്പനി മാറ്റിവച്ചു. എന്നാലിപ്പോള്‍ ആ പ്രശ്‌നം പരിഹരിച്ചുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ ഫോൺ വാങ്ങാൻ നിരവധി പേർ ഇഷ്ടപ്പെടുന്നു എന്നാണ് കമ്പനിയുടെ വാദം.

ആഢംബര ഫോണുകള്‍ക്ക് ലോകമെമ്പാടും ആവശ്യക്കാരുണ്ട്. വ്യത്യസ്തരാണെന്നു കാണിക്കാനാഗ്രഹിക്കുന്നവരാണ് ഇത്തരം ഉപകരണങ്ങള്‍ തിരഞ്ഞുപിടിച്ചു വാങ്ങുന്നത്. രത്‌നം പതിപ്പിച്ചും സ്വര്‍ണ പുറംചട്ടയുമൊക്കെയായി വിലകൂടിയ ഫോണുകള്‍ ലഭ്യമാണ്. എന്നാല്‍ അവയെക്കാള്‍ വ്യത്യസ്തമായി ഗ്യാലക്‌സി ഫോള്‍ഡിന് സാങ്കേതിക വിദ്യാപരമായ മികവുണ്ട്. പുതിയ ആശയം എങ്ങനെ പ്രാവര്‍ത്തികമാക്കിയിരിക്കുന്നുവെന്ന് അറിയാനുള്ള ജിജ്ഞാസയുള്ളവരും ഫോണ്‍ വാങ്ങുമെന്നു പറയുന്നു. 

ഇപ്പോള്‍ ഫോണ്‍ 200,000 തവണ പ്രശ്‌നമില്ലാതെ തുറക്കുകയും അടയ്ക്കുകയും ചെയ്യാമെന്നാണ് സാംസങ് പറയുന്നത്. ശരാശരി ഉപയോക്താവ് ഏകദേശം 40,000 ആയിരിക്കും ഒരു വര്‍ഷം തുറക്കലും അടയ്ക്കലും നടത്തുക എന്നാണ് കമ്പനിയുടെ കണ്ടെത്തല്‍. മടങ്ങിയിരിക്കുമ്പോള്‍ 4.6-ഇഞ്ച് വലുപ്പമുള്ള ഉപകരണമായും തുറക്കുമ്പോള്‍ 7.3-വലുപ്പമുള്ള സ്‌ക്രീനായി മാറുകയും ചെയ്യുമെന്നതാണ് ഫോള്‍ഡിനെമറ്റു ഫോണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

സാംസങ്ങിന്റെ സ്വന്തം എക്‌സിനോസ് 9825 പ്രോസസറാണ് ഫോണിനു ശക്തി പകരുന്നത്. അതിനൊപ്പം 12 ജിബി റാമും, 512 ജിബി സ്റ്റോറേജ്ശേഷിയും 4,380 എംഎഎച്ച് ബാറ്ററിയുമുള്ള ഒരു മോഡലാണ് ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തിച്ചിരിക്കുന്നത്. കോസ്‌മോസ് ബ്ലാക് നിറത്തിലാണ് ഫോണ്‍ എത്തുന്നത്. ഒക്ടോബര്‍ 4ന് പ്രീ ഓര്‍ഡര്‍ ചെയ്യാം. ഓക്ടോബര്‍ 20ന് വില്‍പന തുടങ്ങും. സാംസങ്ങിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ വില്‍പനശാല കൂടാതെ, 35 നഗരങ്ങളിലായി, 315 സാംസങ് കടകളിലും വില്‍പനയ്‌ക്കെത്തിക്കും. ഫോണിന് 24/7 വില്‍പനാനന്തര സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ഒരു കെല്‍വര്‍ കെയ്‌സ് ഫ്രീ ആയി നല്‍കും. പോറലും മറ്റും ഒഴിവാക്കാന്‍ ഇത് ഉപകരിക്കും. ഇയര്‍ ഫോണായ ഗ്യാലക്‌സി ബഡ്‌സും ഒപ്പം ലഭിക്കും.

ഫോണിന്റെ 'വിജാഗിരി' ആയി പ്രവര്‍ത്തിക്കുന്ന ഭാഗത്തിനു മുകളിലാണ് ചുളുക്കുകള്‍ വീണതായി കണ്ടത്. അത്തരമൊരു പേടിയുള്ളവര്‍ക്കായി, പ്രശ്‌നം നേരിട്ടാല്‍ ഫോണിന്റെ സ്‌ക്രീന്‍ 10,500 രൂപയ്ക്ക് മാറ്റിവച്ചു നല്‍കുമെന്നും കമ്പനി പറയുന്നു. ആദ്യമിറക്കിയ ഫോണിന്റെ രൂപകല്‍പനയില്‍ മതിയായ മാറ്റം വരുത്തിയാണ് ഇറക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ടെക്‌നോളജി വെബ്‌സൈറ്റായ സിനെറ്റ് ഫോള്‍ഡ് ഫോണ്‍ എത്ര തവണ മടക്കുകയും തുറക്കുകയും ചെയ്യാമെന്നറിയാന്‍ ടെസ്റ്റു ചെയ്യാനിരിക്കുകയാണ്. ഒക്ടോബര്‍ 4ന് യുട്യൂബില്‍ ഇതു ലൈവായിരിക്കും. അപകടമുണ്ടായാല്‍ തീയണയ്ക്കാന്‍ ഫയര്‍ എക്സ്റ്റിങ് ഗ്യുഷറുകള്‍ ഉപയോഗിക്കുമെന്നും സിനെറ്റ് പറഞ്ഞു.

പ്രത്യേകതകള്‍

ഐഫോണ്‍ 6.6 എസ് തുടങ്ങിയ ഫോണുകള്‍ക്കുണ്ടായിരുന്നതു പോലെ 4.7- ഇഞ്ചിനടുത്തു വലുപ്പമുള്ള സ്‌ക്രീനാണ് മടങ്ങിയിരിക്കുമ്പോള്‍ ഗ്യാലക്‌സി ഫോള്‍ഡിനുള്ളത്. തുറക്കുമ്പോള്‍ 7.3-ഇഞ്ച് വലുപ്പമുള്ള ഒരു ടാബ്‌ലറ്റ് പോലെയാകുന്നു എന്നതാണ് ഇതിന്റെ മുഖ്യ ആകര്‍ഷണീയത. നിങ്ങള്‍ 4.6-ഇഞ്ച്സ്‌ക്രീനില്‍ മാപ്‌സ് നോക്കുകയാണെന്നിരിക്കട്ടെ. വലുപ്പം പോരായെന്നു കരുതി ഫോണ്‍ തുറക്കുമ്പോള്‍ അതേ ആപ് വിശാലമായ സ്‌ക്രീനില്‍ കാണാനാകുന്നു. 7.3-ഇഞ്ച് സ്‌ക്രീനില്‍ ഒരേ സമയം മൂന്ന് ആപ്പുകളെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം. വാട്‌സാപ്, ബ്രൗസര്‍, മ്യൂസിക് സ്ട്രീമിങ് ആപ് തുടങ്ങി മിക്കവാറും ആപ്പുകളൊക്കെ ഇങ്ങനെ ഒരേസമയം തുറന്നുവയ്ക്കാം. സ്‌ക്രീനിന്റെ കൂടിയ വലുപ്പം ടെക്സ്റ്റ് എഡിറ്റിങ്, ഫോട്ടോ, വിഡിയോ എഡിറ്റിങ് തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ ഉപകരിക്കുമെന്നാണ് കമ്പനി കരുതുന്നത്.

ഇത്തരം ഉപകരണം ആവശ്യവുമില്ല എന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ അത് നിങ്ങള്‍ക്ക് ആവശ്യമില്ല എന്നാണ് മനസിലാക്കേണ്ടത് എന്നാണ് ഒരു റിപ്പോര്‍ട്ടര്‍ പറഞ്ഞത്. ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്ന ധനികരായ ആളുകള്‍ക്ക് ഇത് ഇഷ്ടപ്പെടുമെന്നു തന്നെയാണ് വിലയിരുത്തല്‍. യാത്രയ്ക്കിടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ അനുവദിക്കുന്ന ഈ ഫോണ്‍ ധനികരുടെ, പ്രത്യേകിച്ചും ബിസിനസുകാരുടെയും, എക്‌സിക്യൂട്ടീവുകളുടെയും മറ്റും പ്രീയ ഫോണായി തീര്‍ന്നാല്‍ അദ്ഭുതപ്പെടേണ്ട എന്നാണ് പറയുന്നത്. ആപ്പിളും വാവെയും എല്‍ജിയും ഫോള്‍ഡിങ് ഫോണ്‍ എന്ന ആശയം ഗൗരവത്തിലെടുക്കുന്നവരാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA