sections
MORE

ഐഫോണ്‍ 6എസ് ഫോണുകൾ പണിമുടക്കി, ഫ്രീ ആയി നന്നാക്കി തരാമെന്ന് ആപ്പിള്‍

3d-touch-iphone-6s-press
SHARE

ചില ഐഫോണ്‍ 6എസ്, 6എസ് പ്ലസ് ഫോണുകള്‍ സ്വിച്ച് ഓണ്‍ ചെയ്യാന്‍ സാധക്കുന്നില്ലെ‌ന്നും അത്തരം ഫോണുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാതെ നന്നാക്കി നല്‍കുമെന്നും ആപ്പിള്‍ അറിയിച്ചു. കുറച്ചു സീരിയല്‍ നമ്പറുകളിലുള്ള ഫോണുകളില്‍ മാത്രമാണ് ഈ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. നിങ്ങളുടെ ഫോണിന് ഈ പ്രശ്‌നം ഉണ്ടെന്നു കരുതുന്നുണ്ടെങ്കില്‍ ഫ്രീ സര്‍വീസിനു യോഗ്യതയുണ്ടോ എന്നറിയാന്‍ ഈ പേജില്‍ സീരിയല്‍ നമ്പര്‍ ടൈപ് ചെയ്തു കൊടുത്തു പരിശോധിക്കാം. 

നാലുവര്‍ഷം മുൻപുള്ള ഡിസൈനും ടെക്‌നോളജിയുമാണ് ഈ ഫോണിലുള്ളതെങ്കിലും ആപ്പിളിന്റെ ചരിത്രത്തിലെ ഒരു പ്രധാന മാറ്റത്തിനു വഴിതെളിച്ച ഹാന്‍ഡ് സെറ്റുമാണിത്. ഇതാണ് 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്കുള്ള അവസാനത്തെ ഐഫോണ്‍. ഐഫോണ്‍ 6എസ്/6എസ് സീരിസിലുള്ള ഫോണുകള്‍ ചിലരെങ്കിലും മാറ്റാതെയിരിക്കുന്നതിന്റെ കാരണവുമിതാണത്രെ. ദശലക്ഷക്കണക്കിന് ഉപയോക്താക്കളുള്ള മോഡലാണിത്.

എന്തായാലും ഓണാകാത്ത ഫോണുകള്‍ ഫ്രീ ആയി നന്നാക്കാമെന്ന വാഗ്ദാനം ആപ്പിളിന്റെ മഹാമനസ്‌കതയായി കാണാന്‍ പറ്റുമെന്നും കരുതാനാവില്ല. കാരണം ഈ പ്രശ്‌നമുള്ള ഫോണുകള്‍ തങ്ങള്‍ നിര്‍മിച്ചത് ഒക്ടോബര്‍ 2018നും ഓഗസ്റ്റ് 2019നും ഇടയിലാണെന്നാണ് കമ്പനി പറയുന്നത്. അപ്പോള്‍ അവ എന്തായാലും ഗ്യാരന്റി പീരിയഡില്‍ ആയിരിക്കാനാണ് വഴി. ഓണാകാത്തതിനു കാരണം ഹാര്‍ഡ്‌വെയര്‍ പ്രശ്‌നമാണെന്നും ആപ്പിള്‍ കണ്ടെത്തിയിട്ടുണ്ട്.

ഒരു കാലത്ത് പ്രശ്‌നങ്ങള്‍ ഇല്ലാത്ത ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനി എന്ന പേരുണ്ടായിരുന്ന ആപ്പിള്‍ സമീപകാലത്ത് പല പ്രശ്‌നങ്ങളിലും ചെന്നു ചാടുന്നതായി കാണാം. കഴിഞ്ഞ വര്‍ഷം കണ്ട മാക്ബുക് കീബോഡ്, ബാറ്ററി പ്രശ്‌നങ്ങള്‍, ഐഒഎസ് അപ്‌ഗ്രേഡുകളില്‍ വന്ന പ്രശ്‌നങ്ങള്‍ തുടങ്ങി പലതും ഗുണമേന്മയില്‍ അഭിമാനിക്കുന്ന കമ്പനിയായ ആപ്പിൾ അടുത്ത കാലത്ത് നേരിട്ട വലിയ പ്രശ്‌നങ്ങളാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

'വില കുറഞ്ഞ ഐഫോണ്‍ അടുത്ത വര്‍ഷം ഇറങ്ങും'

ഈ വര്‍ഷമിറങ്ങിയ ഐഫോണ്‍ 11, 11 പ്രോ, 11 പ്രോ മാക്‌സ് എന്നീ മോഡലുകള്‍ക്കു പുറമെ, ഐഫോണ്‍ എസ്ഇ2 എന്ന പേരിലൊരു ഹാന്‍ഡ്‌സെറ്റ് 2020ല്‍ ഇറക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. ഐഫോണ്‍ വില്‍പനയിലൂടെ ആവശ്യത്തിനു കാശ് ആപ്പിളിന്റെ പെട്ടിയല്‍ വീഴുന്നുണ്ടെങ്കിലും ഉപയോക്താക്കളുടെ എണ്ണം കുറയുന്നു എന്നതായിരിക്കാം പുതിയ നീക്കത്തിനു പിന്നിലെന്നാണ് വിലയിരുത്തല്‍. ഐഫോണുകളുടെ വില കുത്തനെ ഉയര്‍ത്തിയതിലൂടെ, വാര്‍ഷിക വരുമാനത്തിലും ലാഭത്തിലും ആപ്പിളിന് വലിയ പ്രശ്‌നം നേരിട്ടിട്ടില്ല എന്നും പറയുന്നു. എന്നാല്‍ ഒരു വര്‍ഷത്തെ ആഗ്രഹം പൂർത്തിയാക്കാൻ ആയിരം ഡോളറും മറ്റും കളയേണ്ട കാര്യമില്ലെന്ന ചിന്തയിലേക്ക് പല ഉപയോക്തകാക്കളും നീങ്ങുന്നതോടെ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ആപ്പിളിന് പുതിയ വഴി കണ്ടെത്തേണ്ടതായി വന്നിരിക്കുകയാണ് എന്നാണ് വാര്‍ത്ത.

ആപ്പിള്‍ ഇറക്കിയതില്‍ ഏറ്റവും വില കുറഞ്ഞ മോഡലായിരുന്നു ഐഫോണ്‍ എസ്ഇ. ഇതിനൊരു പിന്‍ഗാമിയെ ഇറക്കിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്നാണ് കമ്പനി ചിന്തിക്കുന്നതെന്നാണ് മിങ്-ചി കുവോയെ ഉദ്ധരിച്ച് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആപ്പിളുമായി ബന്ധപ്പെട്ട പ്രവചനങ്ങളില്‍ വളരെയേറെ കൃത്യതയുള്ളയാളായാണ് കുവോ അറിയപ്പെടുന്നത്. 

സാധ്യതയുള്ള ഫീച്ചറുകള്‍

എസ്ഇ2 ഐഫോണ്‍ 8ന്റെ രീതിയില്‍ രൂപകല്‍പന ചെയ്ത മോഡലായിരിക്കും. ഐഫോണ്‍ 8ന്റെ ഇപ്പോഴത്തെ വില 449 ഡോളറാണ്. എന്നാല്‍, ഈമോഡലിനേക്കാള്‍ 50 ഡോളറോ അതിലും കുറവോ ആയിരിക്കാം എസ്ഇ2ന്റെ വില എന്നതായിരിക്കും അതിന്റെ പ്രധാന ആകര്‍ഷണീയത. പുതിയ മോഡലിന് ഫെയ്‌സ്‌ഐഡി തുടങ്ങിയ അധികവില വരുന്ന ഫീച്ചറുകള്‍ ഉണ്ടാവില്ല. പകരം പഴയ ടച്‌ഐഡി ആയിരിക്കും ഉപയോഗിക്കുക. സ്‌ക്രീന്‍ 4.7 ഇഞ്ച് വലുപ്പമുള്ള എല്‍സിഡി സ്‌ക്രീന്‍ ആയിരിക്കും ഇതിന്റെ സ്‌ക്രീന്‍. പിന്നിലും മുന്നിലും ഒറ്റ ക്യമാറ മാത്രമായിരിക്കും ഉണ്ടാകുക എന്നതും കടുത്ത ഐഫോണ്‍ പ്രേമികള്‍ക്ക് ആവേശം ചോര്‍ത്തുന്ന കാര്യമാണ്. പക്ഷേ, പുതിയ എസ്ഇ2ന് ശക്തിപകരുക ഈ വര്‍ഷത്തെ ആപ്പിളിന്റെ പ്രോസസറായ എ13 ബയോണിക് ആയിരിക്കുമെന്നത് ഉപയോക്താക്കളെ ആവേശം കൊള്ളിക്കുമെന്നാണ് ആപ്പിള്‍ കരുതുന്നത്. ആപ്പിളിന്റെ ഇക്കോ സിസ്റ്റത്തിലേക്കു കടന്നു ചെല്ലാനും മറ്റെല്ലാക്കാര്യത്തിനും പല ഉപയോക്താക്കള്‍ക്കും ഇത്തരമൊരു ഉപകരണം ധാരാളം മതിയാകും. ഇന്ത്യയിലാണ് ഇതു നിര്‍മിക്കുന്നതെങ്കില്‍ എന്തു വില വരുമെന്നു പറയാനാവില്ല. പക്ഷേ, ഇന്ത്യയ്ക്കു വെളിയിലാണെങ്കില്‍ തുടക്ക മോഡലിന് 40,000 രൂപ വരെ വില വരാം.

വരുന്നു എയര്‍പോഡ് 3

ആപ്പിളിന്റെ വയര്‍ലെസ് ഹെഡ്‌സെറ്റായ എയര്‍പോഡിന്റെ പുതുക്കിയ പതിപ്പ് ഉടന്‍ അവതരിപ്പിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പറയുന്നു. എയര്‍പോഡ് 2 ഇറക്കിയിട്ട് ഒരു വര്‍ഷം പോലും ആകുന്നതിനു മുൻപാണ് പുതുക്കിയ മോഡല്‍ വരുമെന്നു പറയുന്നത്. എയര്‍പോഡ് 1നെ അപേക്ഷിച്ച് വന്‍മാറ്റം ഇല്ലാതെയാണ് എയര്‍പോഡ് 2 ഇറക്കിയതെന്നും അതായിരിക്കാം എയര്‍പോഡ് 3 കാലം തെറ്റി എത്തുന്നതെന്നും ചിലര്‍ വാദിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA