ADVERTISEMENT

ഐഫോണിന്റെ 'അമാനുഷിക' കഥകള്‍ എക്കാലത്തും പലര്‍ക്കും കേള്‍ക്കാന്‍ താത്പര്യമുള്ള വിഷയമായിരുന്നു. അത്തരത്തിലൊരാളാണു നിങ്ങളെങ്കില്‍ ഇതാ ഒരു സംഭവം. കഴിഞ്ഞ വര്‍ഷമാണ് ഫോട്ടോഗ്രാഫറായ ഹൗകുര്‍ സോണോറാസണ്‍ (Haukur Snorrason), തെക്കന്‍ ഐസ്‌ലൻഡിലെ സ്‌കാഫ്റ്റാ (Skaftá river) നദിക്കു മുകളിലൂടെ ചെറു വിമാനത്തില്‍ പറന്നത്. വാര്‍ഷികമായി സംഭവിക്കുന്ന വെള്ളപ്പൊക്കം ക്യാമറയിലാക്കുകയായിരുന്നു ലക്ഷ്യം. ഷൂട്ടിനിടയില്‍ തന്റെ ഐഫോണ്‍ എടുത്ത് അല്‍പം വിഡിയോ പകര്‍ത്താന്‍ തീരുമാനിച്ചതാണ് പ്രശ്‌നമായത്. പെട്ടെന്നുവന്ന കാറ്റ് അദ്ദേഹത്തിന്റെ ഫോണ്‍ താഴേക്കിട്ടു. ഇത്ര മുകളില്‍ നിന്ന് താഴേക്കു പതിച്ച തന്റെ ഐഫോണ്‍ 6എസ് പ്ലസ് തകര്‍ന്നു പോയിരിക്കുമെന്നു കരുതി സോണോറാസണ്‍ അതിനെന്തു സംഭവിച്ചുവെന്ന് അവിടെ പോയി അന്വേഷിക്കാനൊന്നും മുതിര്‍ന്നുമില്ല. പാറക്കെട്ടുകളുള്ള, നിറഞ്ഞൊഴുകുന്ന കൂറ്റന്‍ പുഴയുള്ളിടത്തുനിന്ന് എന്തു കിട്ടാന്‍ എന്നാണ് അദ്ദേഹം കരുതിയത്. എന്നാല്‍ ആ പ്രദേശത്തിനടുത്തു താമസിക്കുന്ന ഒരു കര്‍ഷകനെ വിളിച്ച് ഫോണ്‍ പോയ കാര്യം പറയുകയും പറ്റുമെങ്കില്‍ ഒന്നു നോക്കാനും പറഞ്ഞിരുന്നു. എന്നാല്‍ കര്‍ഷകന് ഫോണ്‍ കണ്ടെത്താനായില്ല. സംഭവം നടന്നത് 2018, ഓഗസ്റ്റ് 4നാണ്. അദ്ദേഹം ഫോണിന്റെ കാര്യം മറന്നു തുടങ്ങിയിരുന്നു.

ഈ സംഭവിത്തിനു ശേഷം, 13 മാസം കഴിഞ്ഞ് അദ്ദേഹത്തിന് ഒരു ഫോണ്‍ കോള്‍ ലഭിക്കുന്നു. സെപ്റ്റംബര്‍ 13, 2019നാണ് കോള്‍ കിട്ടുന്നത്. ഹൈക്കിങ്ങിനു പോയ ഒരു പറ്റം ആളുകള്‍ക്കാണ് ഫോണ്‍ ലഭിച്ചത്. അവരത് എടുത്തുകൊണ്ടുപോയി കംപ്യൂട്ടറില്‍ കണക്ടു ചെയ്തപ്പോള്‍ ഹൗകുര്‍സ് ഐഫോണ്‍ (Haukur´s iPhone) എന്ന് തെളിഞ്ഞു വന്നതിനാലാണ് അവര്‍ ഫോട്ടോഗ്രാഫറെ വിളിക്കുന്നത്. ഫോണ്‍ പ്രവര്‍ത്തിക്കുന്നുവെന്നു മാത്രമല്ല, അതിന്റെ പതനത്തിന്റെ വിഡിയോ റെക്കോഡു ചെയ്തതും സുരക്ഷിതമായി ഫോണിലുണ്ടായിരുന്നു എന്നതും പലരെയും ആശ്ചര്യപ്പെടുത്തുന്നു.

ഫോണ്‍ ഏകദേശം 30 സെന്റിമീറ്റര്‍ കട്ടിയില്‍ കിടന്ന പായലിലാണ് പതിച്ചത്. അതായിരിക്കണം പ്രശ്‌നമില്ലാതിരുന്നതെന്ന് സോണോറാസണ്‍ വിശ്വസിക്കുന്നത്. എന്തായാലും നിലത്തു യാതൊരു സംരക്ഷണവുമില്ലാതെ കിടന്ന ഫോണ്‍ ഒരു വര്‍ഷം കഴിഞ്ഞും പവര്‍ത്തിക്കുന്നു എന്നതും പലരെയും അദ്ഭുതപ്പെടുത്തുന്നു.

വീഴ്ചയില്‍ ഫോണിന് കാര്യമായി പരിക്കൊന്നുമേറ്റില്ലെന്നും വിഡിയോയിൽ കാണാം. ഫോണ്‍ വന്യതയെ അതിജീവിച്ചു എന്നു മാത്രമല്ല, ഏകദേശം പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നുമുണ്ട്. തനിക്ക് ഇന്റര്‍നെറ്റിലേക്കു കടക്കാനാകുന്നുവെന്നും ഫയലുകളും മറ്റും സെന്‍ഡ് ചെയ്യാനാകുന്നുവെന്നും ഓക്കസോണോറാസണ്‍ പറഞ്ഞു. എന്നാല്‍ ഫോണിന്റെ മൈക്രോഫോണ്‍ പ്രവര്‍ത്തിക്കുന്നില്ല. വിളിക്കുന്നവരുടെ ശബ്ദം തനിക്കു കേള്‍ക്കാനാവുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

ഫോണുകളിലെ ദാര്‍ഢ്യത്തിന്റെ അവസാന വാക്കായിരുന്നു നോക്കിയ 3310. ഈ മോഡലിന്റെ റെക്കോഡു തകര്‍ക്കാനിറങ്ങിയിരിക്കുകയാണോ ഐഫോണ്‍ 6എസ് പ്ലസ് എന്നു ചിലര്‍ ചോദിക്കുന്നു. കൂടാതെ തന്റെ ഐഫോണ്‍ 6എസുമായി ചെറിയ ചാറ്റൽ മഴയത്തു ബൈക്കില്‍ സഞ്ചരിച്ചപ്പോൾ പോലും അതു നിശ്ചലമായിരുന്നുവെന്ന് ഒരാള്‍ പറയുന്നു. ഇതെന്തോ ഭാഗ്യം മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഐഫോണ്‍ 7 മുതലാണ് വാട്ടര്‍ റെസിസ്റ്റന്‍സി മോഡലുകള്‍ ആപ്പിള്‍ ഇറക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com