sections
MORE

ആപ്പിളിനു തിരിച്ചടി, പുതിയ ഐഫോണ്‍ 11 പ്രോയ്ക്ക് പോറൽ വീഴുന്നു, പരാതിയുമായി ഉപയോക്താക്കൾ

iPhone11-pro
SHARE

സ്മാര്‍ട് ഫോണുകളില്‍ കണ്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും ദാര്‍ഢ്യമുള്ള ഗ്ലാസാണ് ഐഫോണ്‍ 11ല്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. അത്രയ്ക്കു കേമനായ തങ്ങളുടെ ഐഫോണ്‍ 11ന് എന്താണ് പെട്ടെന്നു പോറല്‍ വീഴുന്നതെന്ന് മനസിലാകാതെ തലചൊറിയുകയാണ് ലോകമെമ്പാടുമുള്ള ചില ഉപയോക്താക്കളെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഒരു ഫോണ്‍ വാങ്ങാനായി 1199 ഡോളറോ അതിലേറെയോ ചെലവാക്കിയവരാണ് തങ്ങളുടെ നിരാശ എങ്ങനെ രേഖപ്പെടുത്തണമെന്നറിയാതെ വീര്‍പ്പുമുട്ടുന്നത്. ഈ വര്‍ഷത്തെ ഐഫോണ്‍ മോഡലുകള്‍ക്ക് വളരെ പെട്ടെന്ന് തന്നെ പോറല്‍ വീഴുന്നു എന്നാണ് അവരുടെ പരാതി. ഐഫോണ്‍ 11, 11 പ്രോ തുടങ്ങിയ മോഡലുകള്‍ വിപണിയിലെത്തിയിട്ട് കഷ്ടി ഒരാഴ്ച കഴിഞ്ഞതേയുള്ളു. ഇതിനിടയില്‍ ആവേശത്തിൽ ഇടിച്ചുകയറി ഫോണ്‍ വാങ്ങിയവരാണ് ഇപ്പോള്‍ വിഷമിച്ചിരിക്കുന്നത്. മുന്‍ ഐഫോണ്‍ മോഡലുകളിലുള്ളതിനേക്കാള്‍, എതിരാളികളുടെ മോഡലുകളില്‍ ഉള്ളതിനേക്കാള്‍ മികച്ച ഗ്ലാസ് തങ്ങളുടെ ഫോണിനുണ്ടാകുമെന്ന് ഐഫോണ്‍ ആരാധകര്‍ വിശ്വസിച്ചുപോയെങ്കില്‍ അവരെ കുറ്റം പറയാനാകില്ല.

പുതിയ ഐഫോണുകളുടെ മുന്നിലും പിന്നിലും ഗ്ലാസ് ആണ്. പിന്നിലേത് ഒറ്റ ഗ്ലാസ് കഷണമാണ്. അതിഗംഭീരമെന്ന് ആപ്പിള്‍ വിളിക്കുന്ന ട്രിപ്പിള്‍ ക്യാമറ സിസ്റ്റത്തിനിരിക്കാന്‍ സ്ഥലമുണ്ടാക്കാനായി ഈ ഗ്ലാസ് ഒന്നു മുറിച്ചിട്ടുണ്ടെന്നു മാത്രമേയുള്ളൂവെന്ന് ആപ്പിള്‍ പറയും. എന്നാല്‍ ഈ 'ദൃഢതയേറിയ' ഗ്ലാസിന്റെ പ്രകടനത്തില്‍ അതീവ നിരാശരാണ് ചില ഉപയോക്താക്കള്‍ നൽകിയിരിക്കുന്നത്. ആദ്യ പരാതികള്‍ ഉയര്‍ന്നത് ഫോണുകള്‍ ഇറങ്ങി അഞ്ചാം ദിവസമാണ്.

ആപ്പിളിന്റെ സപ്പോര്‍ട്ട് കമ്യൂണിറ്റി ബോര്‍ഡുകളില്‍ തന്നെയാണ് അവര്‍ തങ്ങളുടെ പ്രശ്‌നം അവതരിപ്പിച്ചിരിക്കുന്നത്. ഉപയോഗിച്ചു തുടങ്ങി രണ്ടാം ദിവസം തന്നെ തങ്ങളുടെയും ഭാര്യമാരുടെയും ഹാന്‍ഡ്‌സെറ്റുകളില്‍ അമിതമായി പോറലേറ്റിരിക്കുന്നു എന്നാണ് പരാതി. പിന്നീട് 250ലേറെ പേര്‍ എന്താണ് ഈ ഫോണുകള്‍ക്ക് ഇങ്ങനെ പോറലേല്‍ക്കുന്നതെന്ന സംശയവുമായി എത്തി. ഇവര്‍ക്കു മറുപടികളുമായി എത്തിയവരും പറയുന്നത് തങ്ങളും ഇതേ പ്രശ്‌നം നേരിടുന്നുവെന്നാണ്. യാതൊരു കാരണവുമില്ലാതെ, തങ്ങളുടെ പുതുപുത്തന്‍ ഐഫോണുകള്‍ക്ക് പോറലേറ്റിരിക്കുന്നു.

മുന്‍ മോഡലുകളൊന്നും സ്‌ക്രീന്‍ പ്രൊട്ടക്ടറുകളില്ലാതെ ഉപയോഗിച്ചിട്ടും പോറലേറ്റിരുന്നില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. താന്‍ ആദ്യ ഐഫോണ്‍ മുതല്‍ ഉപയോഗിച്ചയാളാണ്. താനൊരിക്കലും സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല. ഗൗരവമുള്ള ഒരു പോറല്‍പോലും ഒരിക്കലും ഏറ്റിട്ടില്ല. ഇതാദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാകുന്നതെന്നാണ് ഒരാള്‍ എഴുതിയിരിക്കുന്നത്. പോറലേറ്റ ഫോണിന്റെ ചിത്രവു കൊടുത്തിട്ടുണ്ട്. പോറല്‍ മാറ്റിക്കളയാനാകില്ല എന്നാണ് അദ്ദേഹത്തിന്റെ പരാതി.

നിര്‍മാണപ്പിഴവോ?

മറ്റൊരാള്‍ പറയുന്നത് തന്റെ ഫോണിന്റെ പിന്‍പ്രതലത്തില്‍ ഉഗ്രന്‍ പോറല്‍ അല്ലെങ്കില്‍ വിള്ളല്‍ വീണിരിക്കുന്നു എന്നാണ്. യാതൊന്നും ചെയ്യാതെ, വാങ്ങി 24 മണിക്കൂറിനുള്ളില്‍ പോറല്‍ വീണിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഇത് 24 മണിക്കൂറിനുള്ളില്‍ സംഭവിച്ചതാകയാല്‍ എന്തൊ നിര്‍മാണപ്പിഴവു തന്നെയാകാമെന്നാണ് അദ്ദേഹം തുടര്‍ന്നെഴുതുന്നത്. 

എന്നാല്‍ ഇതിനു മറുപടിയുമായി എത്തിയ വേറൊരാള്‍ പറഞ്ഞത് ഇതൊക്കെ കുറേ കണ്ടാതാണെന്നാണ്. തങ്ങളുടെ പുതിയ ഫോണില്‍ അകാരണമായി പോറലേറ്റെന്നും അടയാളം വീണെന്നും മുന്‍ മോഡലുകള്‍ക്ക് ഇതുപോല സംഭിവച്ചിട്ടില്ലെന്നും എല്ലാം പറഞ്ഞ് എല്ലാവര്‍ഷവും ഇതുപോലെ ആളുകള്‍ വരാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അത് അവരുടെ കാര്യത്തില്‍ ശരിയായിരിക്കും. എന്നാല്‍ എല്ലാ മോഡലുകളെക്കുറിച്ചും ഇത്തരം പരാതി ഉന്നയിക്കുന്ന ഒരു മെസേജ് ത്രെഡ് എങ്കിലും ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഐഫോണ്‍ XR മോഡലിന് വിശദീകരിക്കാനാകാത്ത രീതിയില്‍ പോറല്‍ വീണുവെന്നു പറയുന്ന ത്രെഡ് ഉണ്ട്. ഈ പ്രശ്‌നം ട്വിറ്ററിലും ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ കൂടുതലൊന്നും പറയാനില്ലെന്ന നിലപാടാണ് ആപ്പിള്‍ സ്വീകരിച്ചത്.

സാംസങ് ഗ്യാലക്‌സി ഫോള്‍ഡിന് ഉറപ്പില്ലാത്ത സ്‌ക്രീനാണ് എന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് അവര്‍ ആദ്യമുണ്ടാക്കിയ ഫോണുകള്‍ വിറ്റില്ലെന്നു ചില വാര്‍ത്തകള്‍ പറയുന്നു. പിന്നീട് മാസങ്ങള്‍ക്കു ശേഷം സ്‌ക്രീന്‍ പ്രശ്‌നങ്ങള്‍ നീക്കിയാണ് അവര്‍ അതു പുറത്തിറക്കിയത്. ഫോണ്‍ ഏറ്റവും ദാര്‍ഢ്യമുള്ള സ്‌ക്രീന്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത് തുടങ്ങിയ വീരവാദങ്ങള്‍ മുഴക്കിയാണ് ആപ്പിള്‍ ഈ വര്‍ഷത്തെ മോഡലുകള്‍ പുറത്തിറക്കിയത്. ചിലരെങ്കിലും എന്നാല്‍ അതൊന്നു പരീക്ഷിച്ചു നോക്കാമെന്നു കരുതി എന്തെങ്കിലും കുരുത്തക്കേടു കാണിച്ചിട്ടുണ്ടാകാമെന്നു കരുതുന്നവരും ഉണ്ട്.

ഇതാണോ സത്യം?

ഉപകരണങ്ങളുടെ കാര്യത്തില്‍ ഒരാള്‍ക്കു സംഭവക്കുന്നത് മറ്റൊരാള്‍ക്കു സംഭവിക്കണമെന്നില്ല. ഗുണമാണെങ്കിലും ദോഷമാണെങ്കിലും. ഫോണുകള്‍ താഴേക്കിട്ടു നടത്തുന്ന ഡ്രോപ് ടെസ്റ്റ് പലരും കാണാറുണ്ട്. ഈ വര്‍ഷത്തെ ഐഫോണുകളുടെ കാര്യത്തില്‍ ടോംസ് ഗൈഡ് നടത്തിയ ഡ്രോപ് ടെസ്റ്റില്‍ ആദ്യ വീഴ്ചയില്‍ തന്നെ ഐഫോണ്‍ പ്രോ തകര്‍ന്നു. എന്നാല്‍, എവ്‌രിതിങ് ആപ്പിള്‍പ്രോ എന്ന യുട്യൂബ് ചാനലില്‍ ഗോവണിയുടെ മുകളില്‍ കയറിനിന്ന് ഇതേ മോഡല്‍ താഴേക്കിട്ടെങ്കിലും ഒരു പ്രശ്‌നവും നേരിട്ടില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഇതെല്ലാം നമ്മുടെ ഒരു ഭാഗ്യമോ ഭാഗ്യക്കേടോ ആയി അങ്ങുകണ്ടാല്‍ മതിയെന്നാണ് പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA