ADVERTISEMENT

പ്രശസ്തമായ സ്മാര്‍ട് ഫോണുകള്‍ക്കെല്ലാം 2007ലെ ആദ്യ ഐഫോണില്‍ ഉറപ്പിച്ച ആ രൂപകല്‍പന തന്നെയാണ് ഇന്നും. അതില്‍നിന്നു മാറിയുള്ള ഡിസൈന്‍ അങ്ങനെ വിജയിച്ചിട്ടുമില്ല. എന്നാല്‍, 2019ല്‍ ചില ഗൗരവമുള്ള മാറ്റങ്ങള്‍ കണ്ടുതുടങ്ങുകയാണോ എന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. സാംസങ്, വാവെയ്, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ ഇറക്കിയ ഫോള്‍ഡിങ് ഫോണാണ് അവയിലൊന്ന്. ഇപ്പോള്‍ ഗൂഗിളിന്റെ കൈയ്യിലുള്ള ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സഹസൃഷ്ടാക്കളില്‍ ഒരാളായ ആന്‍ഡി റൂബിന്‍ പുതിയതായി ഇറക്കാന്‍ പോകുന്ന ഇസെന്‍ഷ്യല്‍ ഫോണാണ് ഇപ്പോള്‍ ആകാംക്ഷയുണര്‍ത്തുന്ന മറ്റൊരു ഉപകരണം. എന്തു രഹസ്യക്കൂട്ടാകാം ഇതിനെ വേറിട്ടതാക്കുന്നതെന്നാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ചിന്തിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആദ്യമായി  സമഗ്രാധിപത്യം പുലര്‍ത്താന്‍ പോകുന്ന ഫോണാകുമോ എന്നു വരെ ചിലരുടെ ചിന്ത കാടുകയറുന്നു. എന്ത് ഓപ്പറേറ്റിങ് സിസ്റ്റമായിരിക്കും ഇതിനെന്ന കാര്യത്തിലും വ്യക്തതയില്ല.

andy-rubin-essential-phone-tease-2

 

റൂബിന്‍ പുറത്തെടുത്ത ഇസെന്‍ഷ്യല്‍ ഫോണിന്റെ ചിത്രങ്ങള്‍ക്ക് നമുക്കു പരിചിതമായ ഡിസൈനല്ല ഉള്ളതെന്ന് ആദ്യ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. വേറിട്ട ഉപകരണങ്ങള്‍ ഉണ്ടാക്കുക എന്നത് റൂബിനെ ആവേശംകൊള്ളിക്കുന്ന കാര്യങ്ങളിലൊന്നാണ്. ചിത്രങ്ങള്‍ പുറത്തുവിട്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടുമില്ല എന്നതാണ് ഈ ഫോണിനെക്കുറിച്ച് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ചര്‍ച്ച തുടങ്ങാന്‍ കാരണം. നല്ല നീളമുള, എന്നാല്‍ വീതികുറഞ്ഞ ഒരു ഫോണിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രൊജക്ട് ജെം (Project Gem) എന്നാണ് തന്റെ പണിപ്പുരയിലുള്ള ഫോണിനെ റൂബിന്‍ വിളക്കുന്നത്. പരമ്പരാഗത ഡിസൈനിന്റെ പിടിയില്‍ നിന്ന് സ്മാര്‍ട് ഫോണിനെ മോചിപ്പിക്കാന്‍ ഈ ഫോണിനാകുമോ?

andy-rubin-essential-phone-tease-4

 

സമൂല മാറ്റവുമായി ഇറങ്ങുന്ന ഈ നീണ്ട സ്മാര്‍ട് ഫോണിന് പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സായിരിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. നമ്മള്‍ കണ്ടു ശീലിച്ച ഫോണിനേക്കാല്‍ പുതിയ ഉപകരണത്തിന് റിമോട്ട് കണ്ട്രോളിനോടാണ് സാമ്യം. അസാധാരണമായി നീണ്ട ഈ ഡിസൈന്‍ ആണ് ആളുകളുടെ ജിജ്ഞാസയുണര്‍ത്തിയിരിക്കുന്നത്. നേര്‍ത്ത ബെസല്‍ അതിരിടുന്ന പ്രൊജക്ട് ജെമ്മിന്റെ മുകള്‍ ഭാഗം മുഴുവനും തന്നെ സ്‌ക്രീനാണ്. ആപ്പുകള്‍ കാര്‍ഡുകള്‍ പോലെയാണ് കാണപ്പെടുന്നത്. അവ വീതികുറഞ്ഞ സ്‌ക്രീനിൽ നിറഞ്ഞു നില്‍ക്കുന്നുണ്ട്.

andy-rubin-phone

 

ഡിസ്‌പ്ലെയില്‍ ദ്വാരമിട്ടാണ് സെല്‍ഫി ക്യാമറ ഉറപ്പിച്ചിരിക്കുന്നതെന്നു കാണാം. പിന്‍ പ്രതലം വിവിധ നിറങ്ങളിലാണ് അണിയിച്ചിരിക്കുന്നത്. പല ഗ്രേഡിയന്റ് കളറുകളില്‍ ഫോണ്‍ ലഭ്യമാക്കും. ഫോണിന് 'ജെം കളര്‍ഷിഫ്റ്റ് മെറ്റീരിയലാണ്' ഉപയോഗിച്ചിരിക്കുന്നതത്രെ. എന്നു പറഞ്ഞാല്‍ വിവിധ വീക്ഷണകോണുകളില്‍ നിന്ന് പല നിറങ്ങള്‍ ഇതിനു തോന്നാം. പിന്‍ ക്യാമറാ സിസ്റ്റവും ചെറിയ വൃത്തവും കാണാം. ചെറിയ വൃത്തം ഫിങ്ഗര്‍പ്രിന്റ് സെന്‍സറായിരിക്കുമെന്നു കരുതുന്നു. ഇത് വോയിസ് അസിസ്റ്റന്റിനെ വിളിച്ചുവരുത്താനുള്ള സ്വിച്ചായും പ്രവര്‍ത്തച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. 

 

ഇസെന്‍ഷ്യല്‍ കമ്പനിയുടെ ട്വീറ്റില്‍ പറയുന്നത് മൊബൈല്‍ ഫോണ്‍ സങ്കല്‍പം തിരുത്തിക്കുറിക്കാനുള്ള ശ്രമം തങ്ങള്‍ നടത്തുന്നതായാണ്. പ്രൊജക്ട് ജെം അതിന്റെ ടെസ്റ്റിങ് ഘട്ടത്തില്‍ എത്തിയിട്ടേയുള്ളു. പുതിയ ഫോണ്‍ അടുത്ത വര്‍ഷം പുറത്തിറക്കാനാണു പദ്ധതിയെന്നാണ് കേള്‍ക്കുന്നത്. ഇത്തരം ചെറിയ വിവരങ്ങളൊഴികെ, ആശ്ചരിയപ്പെടുത്തുന്ന ഡിസൈനുള്ള ഈ ഫോണിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല താനും. ഇതിന്റെ ഹാര്‍ഡ്‌വെയര്‍ ഘടകങ്ങള്‍ എന്താകുമെന്നോ ആന്‍ഡ്രോയിഡ് തന്നെ ആയിരിക്കുമോ ഓപ്പറേറ്റിങ് സിസ്റ്റം എന്ന കാര്യത്തിലുമൊക്കെ ആകാംക്ഷ നിലനിര്‍ത്തിയാണ് ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

 

കഴിഞ്ഞ വര്‍ഷം പ്രശസ്ത ബിസിനസ് വാര്‍ത്ത മാധ്യമമായ ബ്ലൂംബര്‍ഗ്, ഇസന്‍ഷ്യല്‍ സവിശേഷതകളുള്ള ഓരു ഫോണിന്റെ നര്‍മാണത്തിലാണെന് വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇതിനെ വോയ്സ് കമാന്‍ഡിലൂടെയായിരിക്കും നിയന്ത്രിക്കുക എന്നും അവര്‍ പറഞ്ഞിരുന്നു. ഇതില്‍ ആഴത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഇമെയിലിനു ടെക്സ്റ്റ് മെസേജുകള്‍ക്കും മറ്റും മറുപടി അയയ്ക്കാനുള്ള കഴിവുണ്ടായിരിക്കുമെന്നാണ് പറഞ്ഞു കേട്ടത്. ഉപയോക്താവ് എപ്പോഴും ഫോണെടുത്ത് നീട്ടിപ്പിടിച്ചു നില്‍ക്കേണ്ട കാര്യമുണ്ടാവില്ലാത്ത രീതിയിലായിരിക്കും ഇതിന്റെ നിര്‍മാണമെന്നാണ് അവരന്നു പറഞ്ഞുവച്ചത്. ആന്‍ഡി റൂബിനില്‍ നിന്ന് തീരെ നിലവാരമില്ലാത്ത ഒരു ഉപകരണം പ്രതീക്ഷിക്കുന്നില്ല എന്നാണ് പൊതുവെയുള്ള പറച്ചില്‍. എന്തായാലും, നാം പരിചയിച്ചുവന്ന സ്മാർട് ഫോണ്‍ സങ്കല്‍പത്തെ മാറ്റിമറിക്കുന്ന ഒരു ഉപകരണമായിരിക്കുമോ പുറത്തുവരിക എന്ന് ഉറ്റുനോക്കുകയാണ് ഫോൺ പ്രേമികള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com