sections
MORE

ഐഫോണിനെ തോൽപിക്കും കാഴ്ചയുടെ ഇന്ദ്രജാലവുമായി വണ്‍പ്ലസ് 7ടി പ്രോ !

Oneplus7t-pro
One Plus 7 T Pro
SHARE

സാംസങ്, ആപ്പിള്‍ കമ്പനികളെ വച്ചു നോക്കിയാല്‍ നല്‍കുന്ന കാശ് മുതാലാകുന്ന കമ്പനിയാണ് ചൈനീസ് മൊബൈൽ കമ്പനി വണ്‍പ്ലസ്. തങ്ങളുടെ പുതിയ ശ്രേണിയിലുള്ള ഫോണുകളുമായി വണ്‍ പ്ലസ് വീണ്ടും വിപണിയിൽ സജീവമാകുകയാണ്. വണ്‍പ്ലസ് 7ടി/7ടി പ്രോ/7ടി മക്ലാരന്‍ എഡിഷന്‍ എന്നിവയാണ് പുതിയ മോഡലുകള്‍. നേരത്തെ അവതരിപ്പിച്ച വണ്‍പ്ലസ് 7 സീരിസിന് അല്‍പ്പം മാറ്റം വരുത്തി അവതരിപ്പിച്ചിരിക്കുന്നവയാണ് ഈ മോഡലുകൾ. ഇന്ത്യന്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് മുന്തിയ ബ്രാന്‍ഡുകളെ പിന്നിലാക്കി, ആധിപത്യം പുലര്‍ത്തുന്ന വണ്‍പ്ലസ്, പുതിയ മോഡലുകളുമായി യൂറോപ്പിലേക്ക് കടന്നുകയറ്റം നടത്താന്‍ മോഹിക്കുന്നതായി പറയുന്നു.

വണ്‍പ്ലസ് 7ടി പ്രോ

വണ്‍പ്ലസ് 7 പ്രോ ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ഇതില്‍ കാര്യമായ പുതുമയൊന്നും തോന്നില്ല. പുതിയ മോഡലിന് അല്‍പ്പം ഭാരവും, വീതിയും നീളവും കൂടുതലുണ്ട്. കൂടാതെ, പുതിയ സ്‌നാപ്ഡ്രാഗണ്‍ 855 പ്ലസ് (Snapdragon 855 Plus) പ്രൊസസറാണ് ഇതിനു ശക്തി പകരുന്നത്. 8ജിബി മുതലാണ് റാം. എന്നാല്‍ കാര്യമായ പെർഫോർമൻസ് വ്യത്യാസമൊന്നും പ്രതീക്ഷിക്കേണ്ട. വലിയ 4085 എംഎഎച് ബാറ്ററിയുണ്ട്. ഒപ്പം 30 വോട്‌സ് വാര്‍പ് ചാര്‍ജറും, അതിനാൽ ബാറ്ററി തീരുന്ന പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കപ്പെടും. സ്‌ക്രീനിലുള്ളിലാണ് ഫിങ്ഗര്‍പ്രിന്റ് സെന്‍സര്‍.

ക്യാമറ

പിന്നിലുള്ളത് ട്രിപ്പിള്‍ ക്യാമറാ സിസ്റ്റമാണ്. വൈഡ്, അള്‍ട്രാവൈഡ്, ടെലി എന്നീ ലെന്‍സുകളാണ് ഉള്ളത്. പ്രധാന ക്യാമറയായ വൈഡിന് സോണിയുടെ 48എംപിയാണ് (Sony IMX586) നല്‍കിയിരിക്കുന്നത്. എഫ്/1.6 അപര്‍ചറും, ഓപ്ടിക്കല്‍ ഇമെജ് സ്റ്റബിലൈസേഷനും ഉണ്ട്. അള്‍ട്രാവൈഡിന് എഫ്/2.2 അപര്‍ചറും, 16 എംപി സെന്‍സറുമാണ് ഉള്ളത്. ടെലി ലെന്‍സിന് 8എംപി സെന്‍സറാണ്. ഐഫോണുകളെ പോലെയല്ലാതെ 3X ഓപ്ടിക്കല്‍ സൂമാണ് ഉള്ളത്. (ഐഫോണുകള്‍ക്ക് 2X ആണ്.)

പ്രധാന ക്യാമറയില്‍ നിന്നു ലഭിക്കുന്ന ചിത്രങ്ങള്‍ മികച്ചവയാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. എചിഡിആര്‍ മോഡ് മികച്ച ഡൈനാമിക് റെയ്ഞ്ച് നല്‍കുന്നു. ഇരുളിലെ പ്രകടനവും മോശമില്ല. (എന്നാല്‍, ഈ കാര്യത്തില്‍ അടുത്തിറങ്ങാന്‍ പോകുന്ന പിക്‌സല്‍ ഫോണുകള്‍ എന്തു മാന്ത്രികതയാണ് കാട്ടാന്‍ പോകുന്നതെന്നാണ് ആളുകള്‍ ഇപ്പോള്‍ അറിയാന്‍ ആഗ്രഹിക്കുന്നത്.) ഓപ്ടിക്കല്‍ സ്റ്റബിലൈസേഷന്‍ വിഡിയോ റെക്കോഡിങും എളുപ്പമാക്കുന്നു. മുന്നില്‍, 16എംപി പോപ് അപ് ക്യാമറയാണ് ഉളളത്. ഇതും നിരാശപ്പെടുത്തിയേക്കില്ല. ക്യാമറ പോപ്-അപ് ആയി നില്‍ക്കുമ്പോള്‍, ഫോണ്‍ കൈയ്യില്‍ നിന്നു താഴെ വീണാല്‍, അതു മനസിലാക്കി ക്യാമറ സ്വയം ഉള്‍വലിയും.

ആന്‍ഡ്രോയിഡ് 10നു മേല്‍ വണ്‍പ്ലസിന്റെ സ്വന്തം ഓക്‌സിജന്‍ ഒഎസ് 10 ആണ് പുതിയ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. പ്രകടനം മികവുറ്റതാണ്. റീഡിങ് മോഡാണ് ഒരു പുതുമ. ഇതു ഓണാക്കിയാൽ, സ്‌ക്രീനിനെ വായനയ്ക്ക് അനുയോജ്യമായ രീതിയില്‍ മാറ്റും. റീഡിങ് മോഡിന് ക്രോമാറ്റിക് എഫക്ടും ഉണ്ട്. മറ്റൊരു സവിശേഷത നേരത്തെ അവതരിപ്പിച്ച സെന്‍ മോഡാണ്. ഇതുപയോഗിച്ച് നിങ്ങള്‍ക്ക് 20, 30, 40 അല്ലെങ്കില്‍ 60 മിനിറ്റ് നേരത്തേക്ക് ഫോണില്‍ നിന്ന് 'അവധിയെടുക്കാം'. ഈ സമയത്തും കോളുകള്‍ വിളിക്കുകയോ, ക്യാമറ ഉപയോഗിക്കുകയോ ചെയ്യാം.

സ്‌ക്രീനാണ് താരം!

പുതിയ മോഡലിന് 6.7-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണ്. മുകളിലും താഴെയും ഗൊറിലാ ഗ്ലാസ് ആവരണമുണ്ട്. ഈ വര്‍ഷത്തെ ഐഫോണ്‍ പ്രോ മോഡലുകള്‍ക്കു പോലും ഇല്ലാത്ത തരം 90ഹെട്‌സ് റിഫ്‌റെഷ് റെയ്റ്റുള്ള ഈ സ്‌ക്രീന്‍ ഉജ്ജലമാണ്. റിഫ്രെഷ് റെയ്റ്റ് എത്ര കൂടുന്നോ, അത്രയും നല്ലത്. ഒരു സെക്കന്‍ഡില്‍ ഒരു ചിത്രം എത്ര തവണ പ്രത്യക്ഷപ്പെടുന്നു എന്നതാണ് ഇതു പറയുന്നത്. ആക്ഷന്‍ സീനുകളും മറ്റും കാണുമ്പോഴാണ് ഇതിന്റെ ഗുണം മനസിലാകുക. ഇപ്പോഴുള്ള മിക്ക ഫോണുകളുടെയും റിഫ്രെഷ് റെയ്റ്റ് 60ഹെട്‌സ് ആണ്. വണ്‍പ്ലസിന്റെ ഈ വര്‍ഷത്തെ മോഡലുകളില്‍ മോഷന്‍ ബ്ലേര്‍ എന്ന വൈകല്യം തീരെ ഇല്ല. ഹൈ-എന്‍ഡ് ഗെയ്മുകളും ഫ്രെയിം ലോസാകാതെ സുഗമമായി കളിക്കാം. കനത്ത ഗ്രാഫിക്‌സ് പ്രദര്‍ശിപ്പിക്കുന്ന ഗെയ്മകുള്‍ പോലും ഇത്തരം സ്‌ക്രീനുകളില്‍ നല്ല അനുഭവം പകരും.

സ്‌ക്രീനുകളുടെ മറ്റൊരു ഗുണം സ്‌ക്രോളിങ്ങാണ്. സോഷ്യല്‍ മീഡിയ സ്ട്രീമുകള്‍ പരിശോധിക്കുമ്പോള്‍ ഈ വ്യത്യാസം കാണാം. വെബ് പേജുകള്‍ വായിക്കാനും ഇത് മികച്ചതു തന്നെ. ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. മറ്റു പല ഫോണുകളെ അപേക്ഷിച്ചും നിമഗ്‌നമായ അനുഭവമാണ് ഇതു പകരുന്നത്. ബെസലില്ലാത്ത സ്‌ക്രീനാണ് എന്നത് ഇതിനു മാറ്റു കൂട്ടുകയും ചെയ്യും. ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലെയില്‍ ആഴത്തിലുള്ള കോണ്‍ട്രാസ്റ്റും സാന്ദ്രമായ നിറങ്ങളും കാണാം. നേരിട്ടു സൂര്യപ്രകാശം അടിച്ചാലും സ്‌ക്രീന്‍ സ്പഷ്ടമായി കാണുകയും ചെയ്യാം.

എച്ഡിആര്‍ 10 പ്ലസ്

മുന്തിയ ഫോണുകളുടെ ഒരു സവിശേഷത അവയില്‍ ഉപയോഗിച്ചിരിക്കുന്ന സ്‌ക്രീന്‍ ടെക്‌നോളജിയാണ്. വണ്‍പ്ലസ് 7 പ്രോയക്കും മറ്റും എച്ഡിആര്‍ 10 പ്ലസ് മികവുണ്ട്. അത്തരം ഫോണുകളില്‍ നെറ്റ്ഫ്‌ളിക്‌സിന്റെയും ആമസോണ്‍ പ്രൈമിന്റെയും യൂട്യൂബിന്റെയും എച്ഡി കണ്ടെന്റ് വേണ്ട രീതിയില്‍തന്നെ കാണാനാകും. മറ്റൊരു സവിശേഷത കുത്തി നിറച്ചിരിക്കുന്ന പിക്‌സലുകളുടെ എണ്ണമാണ്. പ്രോ മോഡലിന് 516 പിപിഐ പിക്‌സല്‍ സാന്ദ്രതയാണുള്ളത്. 7റ്റിക്ക് 402 പിപിഐയും. ടെക്‌സ്റ്റോ, ചിത്രമോ, ഗ്രാഫിക്‌സോ എന്ന വ്യത്യാസമില്ലാതെ, സ്‌ക്രീന്‍ ഷാര്‍പ് ആയിത്തന്നെ നില്‍ക്കും. ഡിസ്‌പ്ലെയ്ക്കു ലഭിക്കാവുന്ന പരമാവധി റെയ്റ്റിങായ എ പ്ലസ് ആണ്, സ്‌ക്രീനിന്റെ ഗുണനിലവാരത്തിനു മാര്‍ക്കിടുന്ന ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയായ ഡിസ്‌പ്ലെ മെയ്റ്റ് (Display Mate), വണ്‍പ്ലസ് 7 ടി പ്രോയുടെ ഡിസ്‌പ്ലേയ്ക്കു നല്‍കിയിരിക്കുന്നത്! ഗെയ്മിങ് ആയാലും, ഗ്രാഫിക്‌സ് നോവല്‍ ആയാലും, ഈ സ്‌ക്രീന്‍ ഇപ്പോള്‍ മികിവിന്റെ തുഞ്ചത്താണ്. 

മറ്റൊരു ഗുണവും ഉണ്ട്. മറ്റ് സ്‌ക്രീനുകൾ കണ്ണിന് ആഘാതമേല്‍പ്പിക്കുന്നു എന്നാൽ വണ്‍പ്ലസ് 7 പ്രോയുടെ സ്‌ക്രീന്‍ അത് കുറയ്ക്കാന്‍ സഹായിക്കുന്നു. വണ്‍പ്ലസ് 7 ടി/പ്രോ മോഡലുകള്‍ക്ക് നൈറ്റ് മോഡുമുണ്ട്. കണ്ണിന് പ്രശ്‌നമുണ്ടാക്കുന്ന നീല പ്രകാശത്തെ, കുറയ്ക്കുക എന്നതാണ് ഇതു ചെയ്യുന്ന കടമ. വിഡിഇ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (VDE Institute) ഡിസ്‌പ്ലേ സര്‍ട്ടിഫിക്കേഷന്‍ വണ്‍പ്ലസിനു ലഭിച്ചിട്ടുണ്ട്. നീല വെളിച്ചം കുറയ്ക്കുന്ന കാര്യത്തില്‍ ടിയുവി-സർട്ടിഫൈഡ് (TÜV-certified ) സാങ്കേതികവിദ്യയാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ബഹുഭൂരിപക്ഷം വണ്‍പ്ലസ് ഉപയോക്താക്കളും, മറ്റു ബ്രാന്‍ഡുകളിലേക്ക് മാറാത്തത് ഇതെല്ലാം കൊണ്ടാണ്.

വില

പ്രോ മോഡലിന് 53,999 രൂപയാണ് വില. മക്ലാരന്‍ എഡിഷനാണു വേണ്ടതെങ്കില്‍ 58,999 രൂപ നല്‍കണം. (ഈ ഫോണിന് ഡിസൈനില്‍ ഒരു മക്ലാരന്റെ സഹകരണം ഉണ്ട്. 12ജിബി റാമും ഉണ്ട്.)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA