ADVERTISEMENT

ഗൂഗിള്‍ അവതരിപ്പിച്ച പുതിയ മോഡലുകളായ പിക്‌സല്‍ 4/XL എന്നിവ ഇന്ത്യയില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വില്‍പനയ്‌ക്ക് എത്തിയേക്കില്ല. ഇന്ത്യയിലെ പിക്‌സല്‍ ഫോണ്‍ പ്രേമികള്‍ക്ക് ഇതൊരു മോശം വാര്‍ത്തയാണ്. എന്താണ് ഗൂഗിള്‍ ഇത്തരമൊരു തീരുമാനം എടുക്കാനുള്ള സാഹചര്യം? പുതിയ ഫോണുകളിലുള്ള സോളി റഡാര്‍ ചിപ്പുകളാണ് ഇതിനു കാരണമെന്നാണ് പ്രാഥമിക വിവരം. ഈ ചിപ്പുകളാണ് ഫോണിന്റെ മോഷന്‍ സെന്‍സ് (Motion Sense) ഫീച്ചറും ഫെയ്‌സ് അണ്‍ലോക് ഫീച്ചറും നിയന്ത്രിക്കുന്നത്. ഇന്ത്യയില്‍ തങ്ങള്‍ ഈ ഫോണ്‍ വില്‍ക്കില്ലെന്ന് ഗൂഗിള്‍ ഔദ്യോഗികമായി തന്നെ അറിയിച്ചു കഴിഞ്ഞു.

 

തങ്ങള്‍ക്ക് നിരവധി പ്രൊഡക്ടുകള്‍ ഉണ്ടെന്നും അവ ലോകവ്യാപകമായി പല രാജ്യങ്ങളിലും വില്‍പനയ്‌ക്കെത്തുന്നുവെന്നും അവ ഏതൊക്കെ രാജ്യത്ത് വില്‍ക്കണമെന്ന കാര്യത്തില്‍ പലതും പരിഗണിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. പ്രാദേശിക വിപണിലെ ട്രെന്‍ഡുകള്‍, തങ്ങളുടെ പ്രൊഡക്ടുകളുടെ ഫീച്ചറുകള്‍ തുടങ്ങിയവയാണ് ഒരു വിപണിയില്‍ വില്‍ക്കണോ വേണ്ടയോ എന്നു തീരുമാനിക്കപ്പെടുന്ന കാര്യങ്ങളില്‍ ചിലത്. 'ഇപ്പോഴത്തെ പിക്‌സല്‍ 4 മോഡലുകള്‍ ഇന്ത്യയില്‍ വില്‍ക്കണ്ട എന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്'. എന്നാല്‍, ഭാവിയില്‍ പിക്‌സല്‍ മോഡലുകള്‍ ഇന്ത്യയിലെത്തിക്കാന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.

 

ശരിക്കുള്ള സാങ്കേതിക പ്രശ്‌നമെന്താണ്?

 

സോളി റഡാര്‍ ചിപ്പുകള്‍ 60Ghz സ്‌പെക്ട്രം ആണ് ഉപയോഗിക്കുന്നത്. ഇത് ഇന്ത്യയില്‍ ഇപ്പോഴും വാണിജ്യ ആവശ്യങ്ങള്‍ക്കായി അനുവദിച്ചു നല്‍കിയിട്ടില്ല. എന്നാല്‍ പല രാജ്യങ്ങളും 60Ghz ബാന്‍ഡിന്റെ ലൈസന്‍സ് എടുത്തുകളഞ്ഞു. എന്നാല്‍ ഇതുപയോഗിക്കണമെങ്കില്‍ ഉപയോക്താക്കള്‍ക്ക് ലൈസന്‍സ് ലഭിക്കേണ്ടതുണ്ട്. 60Ghz ബാന്‍ഡിന്റെ മറ്റൊരു പേരാണ് വൈഗിഗ് ബാന്‍ഡ് ( WiGig band (Wi-Fi at 60 GHz) എന്നത്. ഇത് IEEE 802.11a പ്രോട്ടൊക്കോളാണ് ഉപയോഗിക്കുന്നത്.

 

ഗൂഗിളിന്റെ അമേരിക്കയിലെ സ്‌റ്റോര്‍ പറയുന്നത് പ്രകാരം യുഎസ്, കാനഡ, ഓസ്‌ട്രേലിയ, തായ്‌വാന്‍, സിങ്കപ്പൂര്‍ എന്നിവ കൂടാതെ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഇത് ഉപയോഗിക്കുന്നതിന് പ്രത്യേകം ലൈസന്‍സ് വേണ്ട. എന്നാല്‍ ജപ്പാനില്‍ പോലും ഇത് 2020ല്‍ മാത്രമെ അനുവദനീയമാകൂ. പക്ഷേ, ഫോണിന്റെ പ്രൊഡക്ട് പേജ് പറയുന്നത് ഫോണ്‍ ജപ്പാനില്‍ വില്‍ക്കുമെന്നാണ്. 

 

പുതിയ പിക്‌സല്‍ ഫോണുകളുമായി മോഷന്‍ സെന്‍സ് അനുവദനീയമല്ലാത്ത ഒരു രാജ്യത്തു ചെന്നാല്‍ അതു പ്രവര്‍ത്തിക്കില്ലെന്നും ഗൂഗിള്‍ മുന്നറിയിപ്പു നല്‍കുന്നു. നിങ്ങള്‍ മോഷന്‍ സെന്‍സ് അനുവദിച്ചിരിക്കുന്ന രാജ്യത്താണോ എന്നു പരിശോധിക്കണമെന്നാണ് പ്രൊഡക്ട് പേജില്‍ പറയുന്നത്. മോഷന്‍ സെന്‍സിന് അംഗീകാരമില്ലാത്ത രാജ്യങ്ങളില്‍ അതു പ്രവര്‍ത്തിക്കില്ലെന്നും ഗൂഗിള്‍ എടുത്തു പറയുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ മറ്റേതെങ്കിലും രാജ്യത്തു നിന്നു പിക്‌സല്‍ 4 വാങ്ങി കൊണ്ടുവന്നാലും മോഷന്‍ സെന്‍സ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കില്ല.

 

നാഷണല്‍ ഫ്രീക്വന്‍സി അലോക്കേഷന്‍ പ്ലാന്‍ (National Frequency Allocation Plan (NFAP) പ്രകാരം 60 Ghz ഫ്രീക്വന്‍സി വാണിജ്യാവശ്യത്തിന് ഉപയോഗിക്കാന്‍ ഇന്ത്യ അനുവദിക്കുന്നില്ല. എന്നാല്‍ മുന്‍ പിക്‌സല്‍ മോഡലുകള്‍ക്കും ഇന്ത്യയില്‍ വലിയ സ്വീകാര്യത ലഭിക്കാത്തതിനാല്‍ പിക്‌സല്‍ 4 ഇന്ത്യയില്‍ വില്‍ക്കാനായില്ലല്ലോ എന്നോര്‍ത്ത് ഗൂഗിളിനു വലിയ സങ്കടമൊന്നും വരില്ല. എന്നാല്‍ കമ്പനി മുന്‍കാലങ്ങളില്‍ വരുത്തിയ തെറ്റുകള്‍ തിരുത്താതെ ഇന്ത്യയിലെ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാനുമാവില്ല. വിപണിയിലും സര്‍വീസിലും അടക്കം കമ്പനിക്ക് ഇന്ത്യയില്‍ പല പാളിച്ചകളും സംഭവിച്ചിട്ടുണ്ടെന്നാണ് ഒരു വിദഗ്ധന്‍ പറഞ്ഞത്. 

 

സോളി ചിപ്പ് പ്രവര്‍ത്തനരഹിതമാക്കി പിക്‌സല്‍ 4 ഇന്ത്യയില്‍ വില്‍ക്കാമോ, വിദേശത്തു നിന്ന് ഫോണ്‍ കൊണ്ടുവന്ന് ഉപയോഗിക്കാനായാല്‍ അതു നിയമലംഘനമാകുമോ തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമല്ല. സോളി ചിപ്പ് എന്ന ഏക കാരണം മാത്രമാണോ പിക്‌സല്‍ മോഡലുകള്‍ ഇവിടെ വില്‍ക്കണ്ടെന്ന തീരുമാനത്തിനു പിന്നിലെന്നും ഗൂഗിള്‍ വിശദീകരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com