ADVERTISEMENT

ഗൂഗിള്‍ പിക്‌സല്‍ 4 സീരിസ് ഹാൻഡ്സെറ്റുകൾ സ്മാര്‍ട് ഫോണ്‍ രംഗത്ത് ചില പുതുമകള്‍ അവതരിപ്പിച്ചാണ് എത്തിയത്. എന്നാല്‍ ഇന്ത്യയിലെ പിക്‌സല്‍ ഫോണ്‍ ആരാധകരെ അമ്പേ നിരാശപ്പെടുത്തി വിതരണത്തിനെത്തില്ല എന്നാണ് ഗൂഗിള്‍ പറഞ്ഞത്. അവയിലുള്ള പ്രൊജക്ട് സോളി റഡാര്‍ ചിപ്പുകള്‍ പ്രവര്‍ത്തിക്കുന്ന 60 GHz സ്‌പെക്ട്രം ഇന്ത്യയില്‍ നിയമവിരുദ്ധമായതിനാല്‍ രാജ്യത്ത് പുതിയ സീരിസ് ഫോണുകള്‍ ഇറക്കില്ല എന്നാണ് കമ്പനി ഇറക്കിയ പത്രക്കുറിപ്പില്‍ തട്ടിവിട്ടത്. പക്ഷേ, അതായിരിക്കണമെന്നില്ല സത്യമെന്നാണ് പല വിദഗ്ധരും പറയുന്നത്. അവര്‍ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന കാര്യം ആലോചിച്ചിട്ടു പോലുമുണ്ടാവില്ല എന്നാണ് വാദം.

 

ഒരു ശതമാനത്തില്‍ വളരെ താഴെയാണ് പിക്‌സല്‍ ഫോണുകളുടെ ഇന്ത്യയിലെ സാന്നിധ്യം. വിതരണ ശൃംഖല ശക്തിപ്പെടുത്താത്തതാണ് പ്രശ്‌നമെന്ന് കൗണ്ടര്‍ പോയിന്റ് ടെക്‌നോളജി മാര്‍ക്കറ്റ് റിസേര്‍ച്ചിലെ ഉദ്യോഗസ്ഥനായ തരുണ്‍ പഥക് പറഞ്ഞു. ഓണ്‍ലൈനിലൂടെയുള്ള വില്‍പന 40 ശതമാനമാണ് ഇന്ത്യയില്‍ നടക്കുന്നത്. കടകളിലൂടെയുള്ള വില്‍പന ശക്തിപ്പെടുത്താനുള്ള ശ്രമം ഗൂഗിള്‍ നടത്തിയിട്ടില്ല. തീര്‍ച്ചയായും അതിനു പൈസ ഇറക്കേണ്ടിവരും.

pixel-4-1

 

pixel-4-5

ഗൂഗിള്‍ തങ്ങളുടെ ഫോണ്‍ ഇറക്കിയത് ഐഫോണ്‍ 11 പ്രോ, സാംസങ് ഗ്യാലക്‌സി എസ് 10 തുടങ്ങിയ സീരിസുകളുമായി മത്സരിക്കാനാണ്. പിക്‌സല്‍ മോഡലുകളുടെ സാങ്കേതികവിദ്യാപരമായ ചില മികവുകള്‍ വണ്‍പ്ലസ് കൈക്കലാക്കിയിരുന്നു. പിക്‌സല്‍ മോഡലുകളുടെയും മറ്റും പകുതി വിലയ്ക്ക് ഫോണുകളിറക്കിയാണ് വണ്‍പ്ലസ് ഇവിടെ കളംപിടിച്ചത്. ഫോണ്‍ റിവ്യൂവര്‍മാര്‍ക്കും വാങ്ങുന്നവര്‍ക്കും അവ ഇഷ്ടവുമായി. ഇവിടെ ഫോണ്‍ ഇറക്കിയാലും അവര്‍ മത്സരിക്കാന്‍ പോകുന്നത് വണ്‍പ്ലസിനോടായിരിക്കുമെന്ന് ഗൂഗിളിനു തോന്നിയിരിക്കാമെന്നാണ് ഒരു വാദം.

 

മറ്റൊരു കാര്യം ഈ മോഡല്‍ വാങ്ങാന്‍ സാധ്യതയുള്ള ഇന്ത്യയിലെ ഉപയോക്താക്കളുമായി ഗൂഗിള്‍ കാര്യമായ ആത്മബന്ധമൊന്നും ഇതുവരെ സ്ഥാപിച്ചിട്ടില്ലെന്നതു പോകട്ടെ, അതിനുള്ള ശ്രമം പോലും നടത്തിയിട്ടില്ല. സാംസങ്ങിന്റെ കാര്യമെടുത്താല്‍ അവര്‍ ഇന്ത്യയ്ക്കു വേണ്ടി തങ്ങളുടെ പ്രധാന മോഡലുകളുടെ വേരിയന്റുകള്‍ പോലും ഇറക്കുന്നുണ്ടെന്ന് കാണാം. വേണ്ട രീതിയില്‍ ഒരു റീട്ടെയില്‍ ശൃംഖല കെട്ടിപ്പെടുക്കാനൊന്നും കമ്പനി ശ്രമിച്ചിട്ടില്ല. പിക്‌സല്‍ 4 വന്നാല്‍ പോലും മുന്‍ മോഡലുകളെ പോലെ ആരും ശ്രദ്ധിക്കാതെ പോകാനായിരുന്നു വഴി.

 

pixel-4-6

ക്യാമറ vs ബാറ്ററി

 

ക്യാമറയുടെ മികവാണ് തങ്ങളുടെ ഫോണില്‍ ശ്രദ്ധിക്കേണ്ടതെന്ന രീതിയിലാണ് പിക്‌സല്‍ ഫോണുകളെ ഗൂഗിള്‍ വില്‍ക്കുന്നത്. തുടര്‍ച്ചയായി സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റും നല്‍കും. എന്നാല്‍, ഇന്ത്യക്കാര്‍ക്കു വേണ്ടത് ദീര്‍ഘനേരം നില്‍ക്കുന്ന ബാറ്ററിയും മറ്റുമാണ്. ആദ്യ മൂന്നു പിക്‌സല്‍ മോഡലുകള്‍ക്ക് ഇന്ത്യക്കാര്‍ക്കിഷ്ടമുള്ള ഫീച്ചറുകളില്ലെന്നത് പോകട്ടെ, ഉയർന്ന വിലയും, വിരസമായ നിര്‍മാണ രീതിയും ആവശ്യക്കാരെ അകറ്റി നിർത്തി. പിക്‌സല്‍ ഫോണുകള്‍ക്ക് വില കുറച്ചു വിറ്റിരുന്നെങ്കില്‍ കളി മാറിയേനെ എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റ് എന്നു പറഞ്ഞാല്‍ 200– 300 ഡോളറിന്റെ മാര്‍ക്കറ്റാണ്. അല്ലാതെ 500– 600 ഡോളറിന്റെയല്ല എന്നാണ് ഐഡിസി ഇന്ത്യയുടെ ഗവേഷകന്‍ നവ്‌കേന്ദര്‍ സിങ് അഭിപ്രായപ്പെട്ടത്.

 

പിക്‌സല്‍ 3എ എന്ന മോഡലിന്റെ കാര്യം തന്നെ പരിഗണിക്കാം. സാധാരണ പിക്‌സല്‍ മോഡലുകളെക്കാള്‍ വിലകുറച്ചിറക്കിയതാണ് ഈ മോഡല്‍. ഇതിനിട്ട വിലയോ 39,999 രൂപയും! ഈ വിലയ്ക്കു കിട്ടാവുന്ന ഫോണുകളില്‍ ഏറ്റവും നല്ല ക്യാമറയുള്ളത് എന്നു വേണമെങ്കില്‍ പറയാവുന്ന മോഡലുമായിരുന്നു ഇതത്രെ. എന്നാല്‍ ഈ ക്യാമറയുടെ ഷാര്‍പ്‌നസിനെക്കുറിച്ചൊന്നും ഇന്ത്യന്‍ ഉപയോക്താക്കള്‍ ചിന്തിച്ചേയില്ല എന്നാണ് പറയുന്നത്. അതിന്റെ ഗുണമേന്മയെക്കുറിച്ച് അറിയാവുന്നവര്‍ പോലും അത് വാങ്ങേണ്ടന്നു വയ്ക്കുകയായിരുന്നു. കാരണം ഭേദപ്പെട്ട ഡിസൈനുള്ള, കൂടുതല്‍ റാമുള്ള ഫോണുകള്‍ അതിന്റെ പകുതി വില പോലും നല്‍കാതെ ചൈനീസ് കമ്പനികള്‍ ഇറക്കുന്നുണ്ട്! 

 

രസകരമായ മറ്റൊരു കാര്യം ഈ 39,999 രൂപ വിലയുള്ള ഫോണിന്റെ പ്രോസസറിനെക്കുറിച്ചു ചിന്തിക്കുന്നതാണ്. സ്‌നാപ്ഡ്രാഗണ്‍ 675 പ്രോസസറാണിതിന്. റെഡ്മി നോട്ട് 7 പ്രോ മോഡലുകളുടെ പ്രൊസസറാണിത്. അതിനു വില വെറും 13,999 രൂപയാണ്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച പ്രൊസസറായ സ്‌നാപ്ഡ്രാഗണ്‍ 855 ഉപയോഗിച്ചിറിക്കിയിരിക്കുന്ന വണ്‍പ്ലസ് 7ന്റെ തുടക്ക വില 32,999 രൂപയാണ്. പിന്നെ പിക്‌സല്‍ വാങ്ങാന്‍ ഇന്ത്യക്കാരനെ എവിടെക്കിട്ടാന്‍!

 

പിക്‌സല്‍ ബ്രാന്‍ഡഡ് ഫോണുകളെ ഇന്ത്യയില്‍ എങ്ങനെ വില്‍ക്കണമെന്ന കാര്യത്തില്‍ സുന്ദർ പിച്ചൈയുടെ ഗൂഗിളിന് ഒരു തീരുമാനത്തിലെത്താല്‍ കഴിഞ്ഞിട്ടില്ല എന്നതാണ് കമ്പനി നേരിടുന്ന വലിയ പ്രശ്‌നം. ഐഫോണിനും മറ്റും എതിരായുള്ള ഫോണായി വില്‍ക്കണോ, അതോ വില കുറച്ചു വില്‍ക്കണോ എന്ന കാര്യത്തില്‍ അവര്‍ക്ക് തീരുമാനം എടുക്കാനായിട്ടില്ല എന്നതാണ് അവര്‍ നേരിടുന്ന പ്രധാന പ്രശ്‌നമത്രെ. അതിനാല്‍, തത്കാലം ഇന്ത്യന്‍ മാര്‍ക്കറ്റ് അങ്ങ് ഒഴിവാക്കാന്‍ എളുപ്പമാര്‍ഗം സോളിയെ പഴി ചാരുന്നതാണെന്ന് കമ്പനി കരുതിയിട്ടുണ്ടാകാം. ഒരു പക്ഷേ, ഇന്ത്യക്കാര്‍ക്കായി പിക്‌സല്‍ 4എയും ആയി ഗൂഗിള്‍ വന്നേക്കാം. ആ വേലയും ഇന്ത്യക്കാരുടെയടുത്തു ചെലവാകാന്‍ സാധ്യതയില്ല, പ്രത്യേകിച്ചും പിക്‌സല്‍ 3എയുടെ വിലയാണ് ഇടാന്‍ പോകുന്നതെങ്കില്‍ വാങ്ങാന്‍ ആളെ കിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com