sections
MORE

സ്ക്രീൻഗാർഡ് ചതിച്ചാശാനേ... നാണംകെട്ട് സാംസങ്, പിഴവ് കണ്ടെത്തിയത് ബ്രിട്ടിഷ് സ്ത്രീ

samsung-s10
SHARE

ഒരു സംഭവം പറഞ്ഞ് തുടങ്ങാം: ആപ്പിള്‍ അവരുടെ ഐഫോണ്‍ Xല്‍ ഫെയ്‌സ്‌ഐഡി അവതരിപ്പിച്ചതിനു ശേഷം ഇറങ്ങിയ ചൈനീസ് അനുകരണ ഫോണുകള്‍ക്കും ഫെയ്‌സ്‌ഐഡി ഉണ്ടായിരുന്നു. ഈ ഫോണുകള്‍ക്കു മുന്നില്‍ ഉപയോക്താവ് മുഖം കാണിച്ചുകൊടുക്കുമ്പോള്‍ അത് രജിസ്റ്റര്‍ ചെയ്യും. ഇതിനുശേഷം ആരുടെയെങ്കിലും മുഖം കാണിച്ചാല്‍ മതി ഫോണ്‍ അണ്‍ലോക് ചെയ്തു കിട്ടാന്‍ എന്നാണ് ഒരു റിവ്യൂവര്‍ കണ്ടെത്തിയത്! സാംസങ്ങിന്റെ പുതിയ കഷ്ടസ്ഥിതി വായിച്ചപ്പോള്‍ ഈ കഥയാണ് ഓര്‍മവന്നത്. അവരുടെ ഏറ്റവും മികച്ച മോഡലായ ഗ്യാലക്‌സി എസ്10ല്‍ അവതരിപ്പിച്ച ഇന്‍-ഡിസ്‌പ്ലെ, അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സറിന്റെ അവസ്ഥയും അതു തന്നെയാണ്. ഫോണില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഫിംഗര്‍പ്രിന്റ് ഉപയോഗിച്ചു പോലും ഫോണ്‍ തുറക്കാമെന്നത് കമ്പനിക്കു ഏറെ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. ഈ പ്രശ്‌നം ശരിയാണെന്ന് സാംസങ് സമ്മതിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രശ്‌നം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ബ്രിട്ടനിലെ 'സണ്‍' ദിനപ്പത്രമാണ്. ബ്രിട്ടിഷുകാരിയായ ഒരു സ്ത്രീയാണ് ഈ ഗുരുതരമായ പിഴവു കണ്ടെത്തിയത്. തന്റെ ഫോണില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഭര്‍ത്താവിന്റെ വിരലടയാളം പതിപ്പിച്ചപ്പോഴും തുറക്കാനായി എന്നാണ് അവര്‍ കണ്ടെത്തിയത്. താന്‍ പുതിയതായി ഒട്ടിച്ച സ്‌ക്രീന്‍ പ്രൊട്ടക്ടര്‍ ആണ് പ്രശ്‌നമായതെന്നും അവര്‍ പറയുന്നു.

ഈ പ്രശ്‌നം പരിഹരിക്കാനായി തങ്ങള്‍ ഒരു സോഫ്റ്റ്‌വെയര്‍ പാച് ഉടനെ അയയ്ക്കുമെന്ന് സാംസങ് അറിയിച്ചു. ഗ്യാലക്‌സി എസ്10ന്റെ സപ്പോര്‍ട്ട് പേജില്‍ സാംസങ് കുറിച്ചത്, 'സാംസങങിന്റേതല്ലാത്തതോ, അല്ലെങ്കില്‍ പോറല്‍ വീണതോ, അഴുക്കു പറ്റിയതോ ആയ സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഉപയോഗിച്ചാല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ കബളിക്കപ്പെട്ടേക്കാം', എന്നാണ്. സിലിക്കണ്‍ ഫോണ്‍ കെയ്‌സുകള്‍ക്കൊപ്പം കിട്ടുന്ന സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍ ഉപയോഗിച്ചാലും ഈ പ്രശ്‌നം വരുമെന്ന് സാംസങ് സമ്മതിച്ചതായി 'റോയിട്ടേഴ്‌സ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പ്രശ്‌നം ആദ്യം കണ്ടെത്തിയത് ലീസ നീല്‍സണ്‍ എന്ന സ്ത്രീയാണ്. ജെല്‍ ആവരണം വാങ്ങി ഒട്ടിച്ചു കഴിഞ്ഞപ്പോള്‍ അവരുടെ ഭര്‍ത്താവിന് അദ്ദേഹത്തിന്റെ വിരലടയാളം പതിച്ച് ഫോണ്‍ അണ്‍ലോക് ചെയ്യാനായി. ആവരണത്തിനു മുകളിലൂടെയാണ് വിരലടയാളം പതിച്ചത്. മറ്റൊരു ഉപയോക്താവ് സാംസങ് പുതിയതായി അവതരിപ്പിച്ച ഗ്യാലക്‌സി നോട്ട് 10 ലും ഇതു സാധ്യമാണെന്ന് കണ്ടെത്തുകയും അതിന്റ വിഡിയോ സ്റ്റാലൈറ്റ് എന്ന ട്വിറ്റര്‍ പേജിൽ പോസ്റ്റു ചെയ്യകയും ചെയ്തിരുന്നു.

സാംസങ് ഗ്യാലക്‌സി നോട്ട് സീരിസ്, എസ് സീരിസ് എന്നിവയിലേതെങ്കിലും ഉപയോഗിക്കുന്നവര്‍ വളരെ സൂക്ഷിക്കണം. പ്രത്യേകിച്ചും പണം കൈമാറ്റ ആപ്പുകള്‍ ഫോണില്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍. ഫോണ്‍ കൈയ്യില്‍ കിട്ടിയാല്‍ ഇത്തരമൊരു സ്‌ക്രീന്‍ പ്രൊട്ടക്ടര്‍ ഉപയോഗിച്ചാല്‍ പണം എടുക്കാനാകും. ദക്ഷിണ കൊറിയയിലെ കാകാബാങ്ക് (Kakaobank) തങ്ങളുടെ ഉപയോക്താക്കളോട് പണമിടപാടുകള്‍ക്കായി ബയോമെട്രിക്‌സിന് പകരം പിന്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. സാംസങ്ങിന്റെ മുന്നറിയിപ്പു പ്രകാരം മുകളില്‍ പറഞ്ഞ ഏതെങ്കിലും മോഡല്‍ ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫിംഗര്‍പ്രിന്റ് ഡിലീറ്റ് ചെയ്ത ശേഷം പുതിയ വിരലടയാളം പതിക്കുക. മറ്റൊരു കാര്യം, കമ്പനി സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നല്‍കുന്നതു വരെ സിലിക്കണ്‍ ആവരണങ്ങള്‍ സ്‌ക്രീനിനു മേല്‍ പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ്. അടുത്തയാഴ്ച ആദ്യം പാച്ച് എത്തും.

ഈ സംഭവം ബയോമെട്രിക്‌സ് സുരക്ഷിതമല്ലെന്ന വാദമുന്നയിക്കുന്നവര്‍ക്ക് വീണു കിട്ടിയ ഒരു വടിയാണ്. പലരും പറയുന്നത് ബയോമെട്രിക്‌സും പിന്നും (PIN) ഒരുമിച്ച് ഉപയോഗിക്കണമെന്നാണ്. സാംസങ്ങിന് ഇത്തരം നാണക്കേടുകള്‍ പുത്തരിയല്ല. അവരുടെ ഗ്യാലക്‌സി നോട്ട് 7 മോഡല്‍ പൊട്ടിത്തെറിക്കുമെന്ന് പറഞ്ഞ് മാര്‍ക്കറ്റില്‍ നിന്നു പിന്‍വലിക്കേണ്ടതായി വന്നിരുന്നു. ഈ വര്‍ഷം ഇറക്കിയ ഗ്യാലക്‌സി ഫോള്‍ഡിന്റെ ഡിസ്‌പ്ലേയില്‍ ചുളിവു വീഴുമെന്നു കണ്ടതിനാല്‍ പറഞ്ഞ സമയത്ത് ഇറക്കാതിരിക്കുകയായിരുന്നു. വിപ്ലവകരമായ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നാണ് ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവയ സാംസങ് ഈ സെന്‍സറിനെ ഫോണ്‍ ഇറക്കിയ സമയത്ത് വിശേഷിപ്പിച്ചത്.

ദക്ഷിണ കൊറിയയുടെ സാമ്പത്തികാരോഗ്യം സംരക്ഷിക്കുന്ന കമ്പനിയാണ് സാംസങ്. ഒരു കുടുംബമാണ് ഈ കമ്പനിക്കു പിന്നില്‍. ദക്ഷിണ കൊറിയയെ ലോകത്തെ 11-ാമത്തെ വലിയ സാമ്പത്തിക ശക്തിയായി നിലനിർത്തുന്നതിനു പിന്നിലും സാംസങ്ങിന്റെ ശക്തിയാണുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA