ADVERTISEMENT

മാള്‍വെയര്‍ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ആപ്പിള്‍ സ്റ്റോറില്‍ നിന്ന് 17 ആപ്പുകളാണ് നീക്കം ചെയ്തത്. ഈ ആപ്പുകള്‍ പ്രശ്‌നക്കാരാണെന്ന് വാണ്‍ഡെറാ എന്ന സുരക്ഷാ കമ്പനിയാണ് കണ്ടെത്തിയത്. ഈ ആപ്പുകളെല്ലാം എന്ത് ആവശ്യത്തിനാണോ ഉപയോക്താവ് ഇന്‍സ്‌റ്റാള്‍ ചെയ്തത് അത് കൃത്യമായി നിര്‍വഹിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആശാസ്യമല്ലാത്ത പല പ്രവര്‍ത്തികളും കൂടെ അവ നടത്തിയിരുന്നു എന്നാണ് വാണ്‍ഡെറാ കണ്ടെത്തിയത്. ഇവയിലേതെങ്കിലും നിങ്ങളുടെ ഐഒഎസ് ഉപകരണത്തില്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അവ എത്രയും വേഗം നീക്കം ചെയ്യണമെന്നാണ് സുരക്ഷാ വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.

 

ഈ ആപ്പുകളെല്ലാം പബ്ലിഷ് ചെയ്തിരിക്കുന്നത് ആപ് ആസ്‌പെക്ട് ടെക്‌നോളജീസ് (AppAspect Technologies) എന്ന കമ്പനിയാണ്. ഇവയിലെല്ലാം ഒരു ക്ലിക്കര്‍ ട്രോജന്‍ മൊഡ്യൂള്‍ ഉണ്ട്. ഇവ എന്താവശ്യത്തിന് ഇന്‍സ്റ്റാള്‍ ചെയ്‌തോ അവ നിര്‍വഹിക്കുമെങ്കിലും പശ്ചാത്തലത്തില്‍ അവര്‍ ഫ്രോഡ് പ്രവര്‍ത്തികളിലേര്‍പ്പെടും. ഉദാഹരണത്തിന് അവ തുടര്‍ച്ചയായി വെബ് പേജുകള്‍ തുറക്കും. അല്ലെങ്കില്‍ ഉപയോക്താവിന്റെ അനുമതിയില്ലാതെ ലിങ്കുകളില്‍ ക്ലിക്കു ചെയ്യുമെന്നും വാണ്‍ഡെറാ പറയുന്നു.

 

ഈ ട്രോജന്‍ മൊഡ്യൂളുകളുടെ ലക്ഷ്യം ആക്രമണകാരിക്കു കാശുണ്ടാക്കി കൊടുക്കുക എന്നതാണ്. ഓരോ ക്ലിക്കിനും കാശ് എന്ന ഉദ്ദേശമാണ് ഉപയോക്താവിന്റെ അറിവില്ലാതെ അയാളുടെ ഐഫോണിലിരുന്ന് ഈ ആപ്പുകള്‍ നിറവേറ്റുന്നത്. കാര്യമായി ട്രാഫിക് ഇല്ലാത്ത ചില വെബ്‌സൈറ്റുകൾക്ക് ക്ലിക് ഉണ്ടാക്കി ഉയര്‍ത്തിക്കാണിക്കുക എന്ന പ്രവൃത്തിയും ഈ ആപ്പുകൾ നിര്‍വഹിക്കുന്നുണ്ട്. ഇവര്‍ ഏതൊക്കെ വെബ്‌സൈറ്റുകള്‍ക്കായി പ്രവര്‍ത്തിക്കുന്നോ, അവരുടെ എതിരാളികള്‍ക്ക് ക്ഷീണമുണ്ടാക്കുന്ന നീക്കങ്ങളും ഇവ നടത്തുന്നുണ്ടെന്നാണ് വാണ്‍ഡെറാ പറയുന്നത്.

 

ഫോണിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നു, ഡേറ്റാ നഷ്ടമാകുന്നു എന്നതുമാണ് ഉപയോക്താക്കൾ നേരിടുന്നു പ്രധാന പ്രശ്‌നങ്ങള്‍. തങ്ങളുടെ ആപ് സ്റ്റോറില്‍ ഇടംപിടിക്കുന്ന ആപ്പുകളെ ആപ്പിള്‍ കാര്യമായി തന്നെ പരിശോധിക്കാറുണ്ട്. എന്നാല്‍ ഈ 17 ആപ്പുകള്‍ ആപ്പിളിന്റെ അപ്രൂവല്‍ നടപടികളെ കബളിപ്പിക്കാനായി ശുദ്ധമായ കോഡുകള്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ, അവ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ റിമോട്ട് സെര്‍വറുകളുമായി ബന്ധപ്പെട്ടാണ് വഞ്ചനാപരമായ പ്രവൃത്തികളിലേര്‍പ്പെടുന്നത് എന്നാണ് വാണ്‍ഡെറാ പറയുന്നത്.

 

ഇതാ 17 ആപ്പുകളുടെ ലിസ്റ്റ്:

 

RTO Vehicle Information

EMI Calculator & Loan Planner

File Manager – Documents

Smart GPS Speedometer

CrickOne – Live Cricket Scores

Daily Fitness – Yoga Poses

FM Radio PRO – Internet Radio

My Train Info – IRCTC & PNR

Around Me Place Finder

Easy Contacts Backup Manager

Ramadan Times 2019 Pro

Restaurant Finder – Find Food

BMT Calculator PRO – BMR Calc

Dual Accounts Pro

Video Editor – Mute Video

Islamic World PRO – Qibla

Smart Video Compressor

 

ആപ്ആസ്‌പെക്ടിന് ഈ 17 ആപ്പുകൾ ഉള്‍പ്പടെ മൊത്തം 51 ആപ്പുകളാണ് ആപ്പിളിന്റെ ആപ്‌സ്റ്റോറിലുള്ളത്. എന്നാല്‍ ഈ 17 എണ്ണം ഒഴികെയുള്ള ആപ്പുകള്‍ക്ക് ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ലെന്നും വാണ്‍ഡെറാ സാക്ഷ്യപ്പെടുത്തുന്നു. ആന്‍ഡ്രോയിഡിലുള്ള വേര്‍ഷന്‍സും സെര്‍വറുകളുമായി ആശയവിനിമയം നടത്തുകയും ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. ഏതു മോഡല്‍ ഫോണാണ് ഉപയോഗിക്കുന്നത്, ഏതു രാജ്യക്കാരനാണ്, ചില കോണ്‍ഫിഗറേഷന്‍ സെറ്റിങ്‌സ് തുടങ്ങിയവയാണ് ശേഖരിച്ച് അയയ്ക്കുന്നതെന്ന് വാണ്‍ഡെറാ പറയുന്നു. ‌

 

പക്ഷേ, ഇവ ആപ്ആസ്‌പെക്ട് സൃഷ്ടിച്ചവയല്ല. ആപ്ആസ്‌പെക്ടിന്റേതായി 28 ആപ്പുകളാണ് ഗൂഗിള്‍ പ്ലേയിലുള്ളത്. ഇവയിലൊന്നു പോലും ദുരുദ്ദേശമുള്ള സെര്‍വറുകളുമായി ആശയവിനിമയം നടത്തുന്നതായി കണ്ടെത്തിയിട്ടില്ലെന്നും വാണ്‍ഡെറാ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com