sections
MORE

ഗൂഗിളിന്റെ പുതിയ ഫോണ്‍ ഒരു കഷണം പേപ്പറോ? 'ഡിജിറ്റല്‍ വിഷമിറക്കാന്‍' ഇതു പരീക്ഷിക്കാം!

paper-phone
SHARE

ഗൂഗിളിന്റെ പുതിയ 'ഫോണ്‍' ഉപയോഗിച്ച് നിങ്ങള്‍ക്ക് സെല്‍ഫിയെടുക്കാനോ, എന്തിന് ഒരു ഫോണ്‍ കോള്‍ നടത്താനോ പോലും സാധിക്കില്ല. കാരണം ചില കാര്യങ്ങള്‍ എഴുതിയ വലിയൊരു കഷ്ണം പേപ്പര്‍ ഒരു ദീര്‍ഘചതുരാകൃതിയില്‍ മടക്കിയെടുത്തതാണ് ഈ 'ഫോണ്‍'.

വ്യക്തികളുടെ 'ഡിജിറ്റല്‍ ക്ഷേമ പരീക്ഷണങ്ങളുടെ' ഭാഗമായാണ് കമ്പനി ഈ പേപ്പര്‍ ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ കംപ്യൂട്ടറുകള്‍ക്കും സ്മാര്‍ട് ഉപകരണങ്ങള്‍ക്കുമൊപ്പം നിരന്തരം വസിക്കുന്നവര്‍ക്ക് അല്‍പം 'ഡിജിറ്റല്‍ വിഷമിറക്കല്‍' (ഡിജിറ്റൽ ഡിറ്റാക്സ്) സാധ്യമായേക്കുമെന്നാണ് നിഗമനം. പിക്‌സല്‍ ഫോണുകള്‍ അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് പേപ്പര്‍ ഫോണും അവതരിപ്പിച്ച് ശ്രദ്ധ പിടിക്കാന്‍ കമ്പനി ശ്രമിക്കുന്നത്. ആളുകളുടെ ജീവിതം മുഴുവന്‍ സാങ്കേതികവിദ്യകൊണ്ടു നിറയുകയാണ്. പലരും സ്മാര്‍ട് ഫോണാല്‍ ചങ്ങലയ്ക്കിട്ടതു പോലെയുള്ള ജീവിതമാണ് നയിക്കുന്നതെന്നും സര്‍വേകള്‍ പറയുന്നു.

മാനസിക സ്വസ്ഥതയുടെ വക്താക്കള്‍ ഫോണിന്റെ പിടിയില്‍ നിന്നു മോചിതരാകാന്‍ പല മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഉദാഹരണത്തിന് കിടപ്പുമുറിയിലെങ്കിലും ഫോണ്‍ ഒഴിവാക്കുക എന്നതാണ് അവയിലൊന്ന്. പുതിയൊരു പ്രസ്ഥാനത്തിന്റെ പേരാണ് 'സാങ്കേതികവിദ്യ മുക്ത ഞായര്‍' എന്നത്. ഈ ദിവസം ഫോണടക്കമുള്ള സാങ്കേതികവിദ്യകള്‍ ഒഴിവാക്കുകയാണ് ക്യാംപെയ്നിൽ പങ്കെടുക്കുന്നവര്‍ ചെയ്യുന്നത്. ഇതു മുതലെടുക്കാനായി റിസോര്‍ട്ടുകളും മറ്റും ശ്രമിക്കുന്നുണ്ട്. 'പ്ലഗ് ഊരിയ ദേശീയ ദിനം' (നാഷണൽ ‍ഡേ ഓഫ് അൺപ്ലഗിങ്) ആണ് മറ്റൊരു ഡിജിറ്റൽ ക്ഷേമ പരീക്ഷണങ്ങളുടെ ദിവസം. ഗൂഗിളിന്റെ ഓപ്പണ്‍ സോഴ്‌സ് പരീക്ഷണങ്ങളുടെ ഭാഗമാണ് പേപ്പര്‍ ഫോണ്‍ എന്ന ആശയം. ടെക്‌നോളജിയുമായി മുന്നോട്ടു പോകുമ്പോള്‍, ഉപയോക്താക്കളുടെ ഡിജിറ്റല്‍ ക്ഷേമവും ഡെവലപ്പര്‍മാര്‍ പരിഗണിക്കുമെന്ന് തങ്ങള്‍ കരുതുന്നതായി ഗൂഗിള്‍ പറയുന്നു. ഗൂഗിള്‍ ക്രീയേറ്റീവ് ലാബ്‌സ് ടീമാണ് പുതിയ ആശയം അവതരിപ്പിച്ചത്.

ടെക്‌നോളജി ആരോഗ്യത്തെ വളരെ മോശമായി ബാധിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്തരം പ്രചാരപ്രവര്‍ത്തനങ്ങള്‍ ടെക്‌നോളജി കമ്പനികളുടെ ഭാഗത്തുനിന്നും തുടങ്ങിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന, കുട്ടികള്‍ എത്രസമയം ഫോണിലും മറ്റും നോക്കിയിരിക്കണം എന്നുള്ളതിനെക്കുറിച്ചുള്ള ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടുത്തിടെ പുറത്തിറിക്കിയിരുന്നു. സ്മാര്‍ട് ഫോണ്‍ ഉപയോഗം ചിലരിലെങ്കിലും അമിതോത്കണ്ഠയുണ്ടാക്കുന്നതായി കണ്ടെത്തുകയുണ്ടായി.

ഡിജിറ്റല്‍ ക്ഷേമ പ്രവര്‍ത്തകയായ ടാന്യാ ഗുഡ്വിന്റെ വാക്കുകളും ശ്രദ്ധേയമാണ്. നമ്മളെല്ലാം സിലിക്കന്‍ വാലിയുടെ പരീക്ഷണശാലയിലെ എലികളാണെന്നാണ്. ഈ കമ്പനികള്‍ വര്‍ഷങ്ങളായി നമ്മളെ ടെക്‌നോളജിയില്‍ പിടിച്ചിട്ടിരിക്കുകയാണ്. പേപ്പര്‍ ഫോണ്‍ പോലുള്ള ഉപകരണങ്ങളല്ല അതില്‍ നിന്നുള്ള മോചനത്തിനുള്ള വഴിയെന്നും പറയുന്നു. ടെക്‌നോളജി മനുഷ്യരെ സഹായിക്കുകയാണ് വേണ്ടത്, അല്ലാതെ അവരുടെ നിലനില്‍പ് പോലും അവതാളത്തിലാക്കുകയല്ല വേണ്ടതെന്ന പക്ഷക്കാരനാണ് മുന്‍ ഗൂഗിള്‍ ഡിസൈനറായ ട്രിസ്റ്റന്‍ ഹാരിസ്. ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും ടെക്‌നോളജിയുടെ ഉപയോഗത്തില്‍ മിതത്വം വേണമെന്നൊക്കെ പറയുന്നുണ്ട്.

എന്താണ് പേപ്പര്‍ ഫോണ്‍?

പേപ്പര്‍ ഫോണിനെക്കുറിച്ച് ഗൂഗിള്‍ പുറത്തുവിട്ട വിഡിയോ കണ്ടു നോക്കൂ. നിങ്ങള്‍ക്ക് ഒരു ദിവസത്തേക്ക് ആവശ്യമുള്ള കുറച്ചു കാര്യങ്ങള്‍ പേപ്പറില്‍ പ്രിന്റ് ചെയ്‌തെടുക്കുക എന്ന ആശയമാണ് അവര്‍ അവതരിപ്പിക്കുന്നത്. ഇതിലൂടെ ഡിജിറ്റല്‍ ലോകത്തിന്റെ പിടിയില്‍ നിന്ന് മുക്തമാകുകയും ചെയ്യാം. ഒരു ആപ്പിലൂടെ നിങ്ങളുടെ പ്രധാനപ്പെട്ട കോണ്ടാക്ടുകള്‍, മാപ്‌സ്, മീറ്റിങ്‌സ് തുടങ്ങിയവ ഒരു ബുക്‌ലെറ്റ് എന്നപോലെ പ്രിന്റു ചെയ്‌തെടുക്കാം.

ഗൂഗിളിന്റെ ഇത്തരത്തിലുള്ള മറ്റൊരു പരീക്ഷണമാണ് അണ്‍ലോക് ക്ലോക് (Unlock Clock). ഇതൊരു വാള്‍ പേപ്പറാണ്. ഇത് നിങ്ങളുടെ ഫോണിലിട്ടാല്‍ ഒരു ദിവസം നിങ്ങള്‍ എത്ര തവണ ഫോണ്‍ അണ്‌ലോക് ചെയ്തുവെന്നു കാണിച്ചുതരും.

English Summary: Google's new phone is not a smartphone! It's a piece of paper

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA