sections
MORE

വിപണിയിൽ താരമായി ഐഫോണ്‍ 11, ഈ ഫോണ്‍ ആപ്പിളിന്റെ രാശി മാറ്റും?

iphone-11
SHARE

ഐഫോണ്‍ XR ആയിരുന്നു ആപ്പിള്‍ കഴിഞ്ഞ വര്‍ഷമിറക്കിയ ഫോണുകളില്‍ ഏറ്റവുമധികം വിറ്റു പോയ മോഡല്‍. അപ്രതീക്ഷിതമായിരുന്നു ആ വിജയം. XR മോഡലിന്റെ പിന്‍ഗാമിയായി ഇറക്കിയ മോഡലാണ് ഐഫോണ്‍ 11. വില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തെ മോഡലിനെ കവച്ചുവയ്ക്കുന്ന പ്രകടനം നടത്താന്‍ കെല്‍പ്പുള്ളതാണ് പുതിയ മോഡല്‍ എന്നാണ് ആദ്യ സൂചനകള്‍. കാരണങ്ങള്‍ പരിശോധിക്കാം.

XR ന്റെ ബോഡിയുമായി വലിയ വ്യത്യാസമില്ലാതെയാണ് ഐഫോണ്‍ 11 നിര്‍മിച്ചിരിക്കുന്നത്. പിന്നിലെ ഇരട്ട ക്യാമറകള്‍, ഫ്‌ളാഷ്, ഒരു മൈക്രോഫോണ്‍ എന്നിവയാണ് പുറമെ കാണാവുന്ന വ്യത്യാസം.

സ്‌ക്രീന്‍

ഐഫോണ്‍ 11 മോഡലിന് പഴയ മോഡലിന്റേതിനു സമാനമായ 6.1-ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലെയാണുള്ളത്. എന്നാല്‍ പഴയ സ്‌ക്രീനില്‍ നിന്നു വ്യത്യസ്തമായി ഡോള്‍ബി വിഷന്‍, എച്ഡിആര്‍ 10 എന്നീ ഡിസ്‌പ്ലെ സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ സ്‌ക്രീനിന് കൂടുതല്‍ ഉപയോഗസുഖം നല്‍കുന്നുണ്ട്. ഐപി68 റെയ്റ്റിങ്ങുമായി വരുന്ന ഫോണിന് വെള്ളത്തെയും പൊടിയെയും അകറ്റി നിർത്താനുള്ള കഴിവുണ്ട്. (ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യം, ഈ മികവ് കാലക്രമത്തില്‍ കുറയാവുന്ന ഒന്നാണ് എന്നതാണ്. എന്നു പറഞ്ഞാല്‍ ആദ്യകാലത്ത് നല്‍കുന്ന അത്ര പ്രതിരോധം പിന്നെ ലഭിക്കണമെന്നില്ല.) കൈപ്പിടിയിലിരിക്കുമ്പോഴും പഴയ മോഡലിനെക്കാള്‍ അല്‍പം കൂടെ വിശ്വാസമര്‍പ്പിക്കാമെന്ന് തോന്നിക്കുന്ന നിര്‍മാണമികവും ഉണ്ട്.

ഇരട്ട പിന്‍ക്യാമറകള്‍

ഐഫോണ്‍ 11നെ വ്യത്യസ്തമാക്കുന്ന ഫീച്ചറുകളില്‍ പ്രധാനം ഇരട്ട ക്യാമറകളാണ്. സെല്‍ഫി ക്യാമറയടക്കം മൂന്ന് 12എംപി ക്യാമറകളെയാണ് ആപ്പിള്‍ പുതിയ മോഡലില്‍ അണിനിരത്തുന്നത്. ഐഫോണ്‍ 7 പ്ലസ്, 8 പ്ലസ്, ഐഫോണ്‍ X/XS/മാക്‌സ് എന്നീ മോഡലുകളില്‍ കണ്ട ഇരട്ട ക്യാമറകളെക്കാള്‍ ഈ ഫോണിന്റെ ഇരട്ട പിന്‍ക്യാമറകള്‍ക്ക് വ്യത്യാസമുണ്ട്. മുന്‍ മോഡലുകളിലെല്ലാം വൈഡ് ആംഗിള്‍ ലെന്‍സിനൊപ്പം ടെലി ലെന്‍സ് ആയിരുന്നു കമ്പനി നല്‍കിയിരുന്നത്. എന്നാല്‍ ഐഫോണ്‍ 11ലാകട്ടെ അള്‍ട്രാ വൈഡ് ആംഗിള്‍ ആണ് രണ്ടാം ഷൂട്ടറായി എത്തുന്നത്. പ്രായോഗികമായി പറഞ്ഞാല്‍ മുന്‍ മോഡലുകളെ പോലെയല്ലാതെ, കൂടുതല്‍ വിശാലമായ ഫ്രെയിം ആയിരിക്കും രണ്ടാം ലെന്‍സില്‍ കിട്ടുക. (അള്‍ട്രാ വൈഡ് ആംഗിളും ടെലിയും വൈഡും ഉള്‍ക്കൊള്ളിച്ചാണ് പ്രോ മോഡലുകളിലെ ട്രിപ്പിള്‍ ക്യാമറ സിസ്റ്റം.) ഐഫോണ്‍ 11ലെ വൈഡ് ലെന്‍സിന് 120 ഡിഗ്രി വീക്ഷണകോണാണ് ലഭിക്കുക. ഇതിന്റെ അനുപാതം 4:2 ആണ്. ഐഫോണ്‍ പ്രേമികള്‍ ഇന്നേവരെ ഇത്തരമൊരു ലെന്‍സിലൂടെ നോക്കിയിട്ടില്ലാത്ത അത്ര വിശാലമായ ഫ്രെയിമാണ് ലഭിക്കുന്നത്. ക്യാമറ ടെക്‌നോളജിയുടെ ഭാഷ ഉപയോഗിച്ചു പറഞ്ഞാല്‍, ഫിഷ് ഐ ലെന്‍സിന്റെ അനുഭവമല്ല പുതിയ ലെന്‍സ് പകരുന്നത്. പ്രത്യേകിച്ചും പ്രകൃതിദൃശ്യങ്ങള്‍ പകര്‍ത്തുന്ന കാര്യത്തില്‍. പ്രധാന ക്യാമറ കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ട 12എംപി ഷൂട്ടര്‍ തന്നെയാണ്.

നിങ്ങള്‍ ഹാന്‍ഡി ക്യാം ചുമന്നു കൊണ്ടു നടക്കുന്ന വ്യക്തിയാണെങ്കില്‍ അതും വീട്ടില്‍ ഉപേക്ഷിക്കാം. ഐഫോണ്‍ 11 ഇരു ക്യാമറകളും സെക്കന്‍ഡില്‍ 60 ഫ്രെയിം വരെ 4കെ വിഡിയോ ഷൂട്ടു ചെയ്യാന്‍ കെല്‍പ്പുള്ളതാണ്. അത്യാകര്‍ഷകമായ വിഡിയോ പ്രകടനമാണ് ഈ ഫോണ്‍ നടത്തുന്നത്. സെല്‍ഫി ക്യാമറയ്ക്കും കാര്യമായ ശക്തിക്കൂടുതല്‍ ലഭിക്കുന്നുണ്ട്. 4കെ വിഡിയോ ഇതിലും ഷൂട്ടു ചെയ്യാം. XRനെ അപേക്ഷിച്ച് കൂടുതല്‍ വിശാല ദൃശ്യമാണ് കിട്ടുന്നതും.

സ്ലോഫി

ആപ്പിളിന്റെ ഈ വര്‍ഷത്തെ മൂന്ന് മോഡലുകള്‍ക്കും നല്‍കിയിരിക്കുന്ന ഒരു തമാശ ഫീച്ചറാണ് സ്ലോഫി. സ്ലോമോഷന്‍, സെല്‍ഫി എന്നീ വാക്കുകളെ സംയോജിപ്പിച്ചാണ് ഈ വാക്കു സൃഷ്ടിച്ചിരിക്കുന്നതെന്നു കാണാം. വൈഡ് ആംഗിള്‍ ലെന്‍സ് സെല്‍ഫി ക്യാമറ എന്ന ആശയം ആപ്പിള്‍ കൊണ്ടുവന്നതല്ല. എന്നാല്‍ അതില്‍ സ്ലോമോഷന്‍ വിഡിയോ പകര്‍ത്തിക്കളിക്കാന്‍ കമ്പനി തങ്ങളുടെ ഉപയോക്താക്കളെ ക്ഷണിക്കുകയാണ് ചെയ്യുന്നത്. പുതിയ തലമുറ ഇതേറ്റെടുക്കുമോ എന്നറിയില്ല, എന്തായാലും റിവ്യൂവര്‍മാര്‍ക്കാര്‍ക്കും തന്നെ ഇതത്ര വിപ്ലവകരമായ ഒരു ആശയമായി തോന്നിയില്ല.

നൈറ്റ് ഷോട്ട്

മുന്‍ തലമുറ ഐഫോണ്‍ ഉടമകള്‍ക്കു പരിചിതമല്ലാത്തതും ഗൂഗള്‍ പിക്‌സല്‍ ഉടമകള്‍ക്കും മറ്റും സുപരിചിതമായതുമായ ഒരു ഫീച്ചറാണ് നൈറ്റ് ഷോട്ട്. ഐഫോണ്‍ 11ന് ഇരുളിലും മികവുറ്റ ചിത്രങ്ങളെടുക്കാമെന്നതാണ് ഇതിന്റെ മെച്ചം. ഇങ്ങനെ ലഭിക്കുന്ന ചിത്രങ്ങള്‍ മാന്ത്രികമാണ്. ഈ മാജിക്കിനു പിന്നില്‍, ഈ വര്‍ഷത്തെ ഐഫോണുകള്‍ക്കു ശക്തി പകരുന്ന എ13 ബയോണിക് പ്രോസസറിന്റെ കരുത്തു കാണാം. എപ്പോഴാണ് നൈറ്റ് മോഡിലേക്ക് കടക്കേണ്ടതെന്നും ഈ പ്രോസസറിന് സ്വയമെ അറിയാം. ഉപയോക്താവ് ഷട്ടറമര്‍ത്തുന്നതിനു മുൻപുള്ള ഫ്രെയിമും റെക്കോഡ് ചെയ്യാനും പുതിയ പ്രോസസറിനു സാധിക്കും. ഷട്ടറമര്‍ത്തിയശേഷം എടുക്കുന്ന ഫ്രെയിമുകളും കൂട്ടിക്കലര്‍ത്തിയാണ് മാന്ത്രിക ഫോട്ടോ സൃഷ്ടിക്കുന്നത്. ഫോട്ടോയില്‍ നോയിസ് കാണാമെങ്കിലും ഗൂഗിളും മറ്റു കമ്പനികളും നേരത്തെ കൊണ്ടുവന്ന ഈ ഫീച്ചര്‍ ഇനി ഐഫോണ്‍ ഉടമകള്‍ക്കും ആസ്വദിക്കം. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയുടെ പുരോഗതി വിളംബരം ചെയ്യുന്നതാണ് നൈറ്റ് ഷോട്ട് മോഡ്.

ഡീപ് ഫ്യൂഷന്‍

നിലവില്‍ ഡീപ് ഫ്യൂഷന്‍ സാങ്കേതികവിദ്യ ഐഫോണില്‍ ഇല്ല. എന്നാല്‍ തങ്ങളുടെ പ്രോസസറിന്റെ കരുത്തും ക്യാമറകളുടെ മികവും അറിയാവുന്ന ആപ്പിള്‍ ഡീപ് ഫ്യൂഷന്‍ എന്ന ഫീച്ചര്‍ ഈ വര്‍ഷം തന്നെ ലഭ്യമാക്കും. മുകളില്‍ കണ്ട നൈറ്റ് ഷോട്ടിന്റെ പരിഷ്‌കരിച്ച വേര്‍ഷനായിരിക്കും ഇത്.

ഐഫോണ്‍ 11ല്‍ ഉള്ള ആപ്പിളിന്റെ എ13 ബയോണിക് പ്രോസസര്‍ മികച്ച പ്രകടനം നടത്തുന്നു. എന്നാല്‍ XR മോഡലിനെ നിഷ്പ്രഭമാക്കുന്ന ശക്തിയൊന്നും ഇതിനില്ലാ താനും. എഐ, മെഷീന്‍ ലേണിങ് തുടങ്ങിയ മേഖലകളില്‍ പുതിയ പ്രോസസര്‍ കൂടുതല്‍ മികവു പുലര്‍ത്തുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ മോഡലുമായി തട്ടിച്ചു നോക്കിയാല്‍ പ്രകടമായ മാറ്റം കാണാനില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ എ12 പ്രോസസറിന് നൈറ്റ് ഷോട്ടും ഡീപ് ഫ്യൂഷനുമൊന്നും സാധ്യമാക്കനാകില്ല.

കഴിഞ്ഞ വര്‍ഷം XR കസറിയത് ബാറ്ററിയുടെ കാര്യത്തിലാണ്. അതിലും അല്‍പം കൂടെ മികച്ച പ്രകടനമാണ് ഐഫോണ്‍ 11ന്റെ ബാറ്ററി നല്‍കുന്നത്. ഒരു മണിക്കൂറോളം അധികം ലഭിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 50 ശതമാനം ബാറ്ററി ചാര്‍ജ് 30 മിനിറ്റുകൊണ്ട് ചെയ്യാം. (ഫാസ്റ്റ് ചാര്‍ജര്‍ ഒപ്പം ലഭിക്കില്ല. അതിന് 4,500 രൂപ അധികമായി നല്‍കണം.)

പ്രധാന സ്‌പെസിഫിക്കേഷന്‍സ്

6.1-ഇഞ്ച് എല്‍സിഡി റെറ്റിന എച്ഡി ഡിസ്‌പ്ലെ, 1792 x 828-പിക്‌സല്‍ റെസലൂഷന്‍ (326 ppi)| എ13 ബയോണിക് പ്രോസസര്‍, ഇരട്ട 12എംപി പിന്‍ ക്യാമറകള്‍, വൈഡ്, അള്‍ട്രാ വൈഡ് ക്യാമറകളാണിവ, ക്യാമറയ്ക്ക് 5x വരെ ഡിജിറ്റല്‍ സൂം കിട്ടും, അള്‍ട്രാവൈഡ്: f/2.4 അപര്‍ചര്‍ (120 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ, പ്രധാന ക്യാമറ: f/1.8 അപര്‍ചര്‍, മുന്നിലും 12എംപി ക്യാമറയാണുള്ളത്. ട്രൂ ഡെപ്ത് ക്യാമറ സിസ്റ്റം എന്നാണ് ആപ്പിള്‍ ഇതിനെ വിളിക്കുന്നത് ( f/2.2 അപര്‍ചര്‍). ഐപി 68 റെയ്റ്റിങ്. 

വില

തുടക്ക മോഡലിന് 64,900 രുപ നല്‍കണം (64ജിബി) 69,900 രൂപയാണ് 128ജിബി മോഡലിന്റെ വില. 256 ജിബി മോഡല്‍ വേണമെങ്കില്‍ 79,900 രൂപ നല്‍കണം. എന്നാല്‍, ഇവ വിവിധ ഓഫറുകളുമായി ബന്ധിപ്പിച്ചു വാങ്ങിയാല്‍ വില കുറച്ചു ലഭിക്കും. ഐഫോണ്‍ XR അവതരിപ്പിച്ചപ്പോഴുളളതിനെക്കാള്‍ വിലക്കുറവിലാണ് ഐഫോണ്‍ 11 എത്തുന്നത് എന്നതാണ് വലിയ മാറ്റം. വിലകൊണ്ടു മാത്രം ഈ ഫോണ്‍ ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലും ഹിറ്റാകുമെന്നാണ് സൂചന.

ഐഫോണ്‍ 7 മുതല്‍ പിന്നിലേക്കുള്ള മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അപ്‌ഗ്രേഡ് ചെയ്താല്‍ കാര്യമായ വ്യത്യാസം അനുഭവിക്കാനായേക്കും. എന്നാല്‍ അതിനു ശേഷമുള്ള ഐഫോണുകള്‍ കയ്യില്‍ വച്ചിരിക്കുന്നവര്‍ ഒരു വര്‍ഷം കൂടെ കാത്തിരിക്കുന്നതായിരിക്കും ഉചിതം. അടുത്ത വര്‍ഷത്തെ മോഡലുകളില്‍ നിരവധി ഉജ്വല ഫീച്ചറുകള്‍ പ്രതീക്ഷിക്കുന്നു.

English Summary: Apple iPhone 11 review: The iPhone for all

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA