ADVERTISEMENT

ഐഫോണ്‍ ഉപയോഗിക്കാന്‍ മാസന്തോറും പണം നല്‍കേണ്ടി വരുമെന്ന സൂചന നൽകി കമ്പനി മേധാവി കുക്ക്. ഐഫോണുകളുടെ നിര്‍മാതാവായ ആപ്പിള്‍ കമ്പനിക്ക് സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങൾ നിരവധിയുണ്ട്. എന്നാല്‍ അവരിതുവരെ ഹാര്‍ഡ്‌വെയര്‍ ഒരു സേവനമാക്കി നല്‍കിയിട്ടില്ല. എന്നു പറഞ്ഞാല്‍ ഐഫോണ്‍ അടക്കമുള്ള കമ്പനിയുടെ ഉപകരണങ്ങള്‍, അല്ലെങ്കില്‍ ചില ഉപകരണങ്ങൾ സേവന വ്യവസ്ഥയില്‍ ഉപയോക്താക്കള്‍ക്കു നല്‍കുക എന്ന പരിപാടി അവര്‍ തുടങ്ങിയിട്ടില്ല. എന്നാല്‍, അത്തരം സാധ്യതയുടെ ഒരു സൂചനയാണ് കമ്പനി മേധാവിയുടെ സംസാരത്തില്‍ നിന്ന് റിപ്പോര്‍ട്ടര്‍മാര്‍ വായിച്ചെടുത്തിരിക്കുന്നത്.

ഭാവിയില്‍ ഐഫോണുകള്‍ ഉപയോഗിക്കുന്നതിന് മാസവരി ഏര്‍പ്പെടുത്തുന്ന കാര്യമാണ് കമ്പനി പരിഗണിക്കുന്നതെന്നാണ് പറയുന്നത്. സബ്‌സ്‌ക്രിപഷന്‍ രീതിയില്‍ ഐഫോണ്‍ വില്‍ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് കുക്ക് അത്തരമൊരു നീക്കമില്ലെന്നു പറയുകയല്ല മറിച്ച് അതു വന്നേക്കാം എന്ന സൂചന നല്‍കുകയാണുണ്ടായത്.

ഹാര്‍ഡ്‌വെയര്‍ അപ്‌ഗ്രേഡു ചെയ്യുന്ന കാര്യമൊക്കെ വരുമ്പോള്‍ (വര്‍ഷാവര്‍ഷം പുതിയ മോഡലുകള്‍ വാങ്ങുന്നവര്‍) അത്തരമൊരു സാധ്യതയുണ്ട് എന്നാണ് പറയുന്നത്. അതിപ്പോള്‍ തന്നെയുണ്ട്. എന്നാല്‍ അത് ഭാവിയില്‍ വളരാം. അത്തരമൊരു സാഹചര്യത്തില്‍ ആപ്പിളിനു ചെയ്യാവുന്ന കാര്യം ഐഫോണ്‍, ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി, ഐക്ലൗഡ് തുടങ്ങിയവ ഒരു ബൻഡിലാക്കി മാസവരിക്കു നല്‍കുക എന്നതാണ്. ഇത്തരം ഒരു സേവനം 'ആപ്പിള്‍ പ്രൈം' എന്ന പേരില്‍ കമ്പനി മുൻപേ തുടങ്ങാനിരുന്നതാണെന്നും ചില സൂചനകളുണ്ട്.

ഇതിലൂടെ കമ്പനിക്ക് മാസം നല്ലൊരു വരുമാനം ലഭിച്ചുകൊണ്ടിരിക്കും. ഫോണ്‍ വിറ്റ്, ഒറ്റയടിക്ക് കുറച്ചു കാശു വീഴുന്നതു പോലെയായിരിക്കില്ല പുതിയ ബിസിനസ് മാതൃക. ഐഫോണുകളുടെ വില്‍പന വേണ്ടത്ര തകൃതിയായി നടക്കുന്നില്ല എന്നതും ആപ്പിളിനെ ഈ വഴിയില്‍ സഞ്ചരിക്കാന്‍ പ്രേരിപ്പിച്ചേക്കാം. ആപ്പിള്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നവര്‍ക്കും ഇത്തരം ഒരു നീക്കമായിരിക്കും കൂടുതല്‍ സ്വീകാര്യമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്റെ പ്രാഥമിക നടപടിക്രമങ്ങളിലേക്ക് കമ്പനി കടന്നതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. കമ്പനിയുടെ ഐഫോണ്‍ അപ്‌ഗ്രേഡ് പ്രോഗ്രാം അതിന്റെ മുന്നോടിയാണെന്നു പറയുന്നവരും ഉണ്ട്.

പുതിയ മോഡല്‍ ഫോണ്‍ ഇറങ്ങുമ്പോള്‍ താന്‍ ഉപയോഗിക്കുന്ന ഹാന്‍ഡ്‌സെറ്റ് തിരിച്ചു നല്‍കി കൂടുതല്‍ പൈസ നല്‍കാതെ പുതിയതു വാങ്ങി ഉപയോഗിക്കാമെന്നത് അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ പല ഉപയോക്താക്കൾക്കും സ്വാഗതാര്‍ഹമാകും. എന്നാല്‍, മാസം പണം നല്‍കുക എന്ന രീതിയോട് അത്ര ഇഷ്ടം കാണിക്കാത്ത ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഈ നീക്കം പ്രശ്‌നമാകും. വിവിധ രാജ്യങ്ങള്‍ക്കായി വേറിട്ട വില്‍പനാ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചാല്‍ പരിഹരിക്കാവുന്ന കാര്യമെയുള്ളൂവിത്. ഇനി തങ്ങള്‍ ഇങ്ങനെയാണെന്നു കമ്പനി തീരുമാനിച്ചാല്‍ ഐഫോണ്‍ വേണ്ടവര്‍ മാസവരി നല്‍കേണ്ടിവരുന്ന ഒരു ഭാവിയും വന്നേക്കാം. സേവനമായി മാത്രമാണ് വില്‍ക്കാന്‍ തീരുമാനമെങ്കില്‍ ഇന്ത്യയില്‍ ഐഫോണ്‍ കാശുകാരുടെ കീശമാത്രം അലങ്കരിക്കുന്ന ഉപകരണമായേക്കാം.

ആപ്പിളിന് നേട്ടം

അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ പാദത്തില്‍ ബിസിനസില്‍ നിന്ന് ആപ്പിളിന് റെക്കോഡ് വരുമാനം ഉണ്ടാക്കാനായിരിക്കുന്നു. കമ്പനിക്ക് 6400 കോടി ഡോളര്‍ വരുമാനമാണ് ലഭിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2 ശതമാനം വര്‍ധനയാണ് കമ്പനി കൈവരിച്ചരിക്കുന്നത്. ഇന്ത്യ അടക്കമുള്ള മാര്‍ക്കറ്റുകളിലും മികച്ച പ്രകടനമാണ് കമ്പനി നടത്തിയിരിക്കുന്നതെന്നു പറയുന്നു. ഐഫോണ്‍ 11 ന്, ഐഫോണ്‍ XRനെക്കാള്‍ വില കുറച്ചിടാനായത് കമ്പനിയുടെ തന്ത്രപരമായ വിജയമാണ്. ഐഫോണ്‍ 11ന് 'രാജ്യത്തിനു യോജിച്ച' തരത്തിലുള്ള വിലയിട്ടത് തങ്ങള്‍ക്കു ഗുണകരമായി എന്നാണ് ഇന്ത്യൻ വിപണിയെക്കുറിച്ച് കുക്ക് പറഞ്ഞത്.

അതേസമയം, തങ്ങളുടെ മാക്ബുക്കുകള്‍ വിറ്റ് ഇന്ത്യയില്‍ നിന്ന് റെക്കോഡ് വരുമാനം ഉണ്ടാക്കയിരിക്കുകയുമാണ് ആപ്പിള്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗംഭീര സ്വീകരണമാണ് ഇന്ത്യക്കാർ മാക്ബുക്കുകള്‍ക്ക് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ വയര്‍ലെസ് ഇയര്‍ബഡുകളായ എയര്‍പോഡുകള്‍ക്കും ഇന്ത്യയില്‍ സ്വീകാര്യത വര്‍ധിച്ചിരിക്കുന്നതായും കമ്പനി പറഞ്ഞു.

ഐഫോണാണ് രാജാവെന്ന് ഒഎല്‍എക്‌സ്

ഇന്ത്യയില്‍ സെക്കന്‍ഡ്ഹാന്‍ഡ് വിപണിയിൽ ഏറ്റവും പ്രിയം ഐഫോണിനാണെന്ന് വാര്‍ത്തകള്‍. ഐഫോണുകള്‍ക്ക് 19 ശതമാനം ആവശ്യക്കാരാണുള്ളത്. സാംസങ് ഫോണുകള്‍ക്ക് 16 ശതമാനം ആവശ്യക്കാരും, ഷഓമിക്ക് 13 ശതമാനം ആവശ്യക്കാരുമാണ് ഉള്ളതെന്നു പറയുന്നു.

English Summary: Users may have to pay monthly for using an iPhone in future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com