sections
MORE

പുതിയ ഐഫോൺ വില കുത്തനെ കൂട്ടുമെന്ന്, നാടകീയ മാറ്റത്തിനൊരുങ്ങി ആപ്പിൾ

iphone-12-new
SHARE

ആപ്പിളിന്റെ അടുത്ത വര്‍ഷത്തെ ഐഫോണുകള്‍ക്ക് നാടകീയമായ ഡിസൈന്‍ മാറ്റവും 5ജിയും എല്ലാം വന്നേക്കും. പക്ഷേ വില 35 ശതമാനം വരെ വര്‍ധിച്ചേക്കുമെന്നാണ് ആപ്പിള്‍ ഉപകരണങ്ങളെക്കുറിച്ച് പ്രവചനങ്ങള്‍ നടത്തുന്ന മിന്‍-ചി കുവോ പറയുന്നത്. പുതിയ സാങ്കേതികവിദ്യയ്ക്കായി ഫോണിന്റെ പ്രധാന ലോജിക്-ബോര്‍ഡില്‍ 10 ശതമാനം കൂടുതല്‍ സ്ഥലമൊരുക്കണം. ഇതിനെല്ലാം ചെലവു കൂടും. പുതിയ ആന്റിന ടെക്‌നോളജിയും ഉപയോഗിക്കും. ഇതെല്ലാം വില 35 ശതമാനം വരെ ഉയര്‍ത്തിയേക്കാമെന്നാണ് കമ്പനി നിക്ഷേപകര്‍ക്ക് അയച്ച നോട്ടില്‍ നിന്ന് തനിക്കു മനസിലാകുന്നതെന്ന് കുവോ പറയുന്നു.

ബോര്‍ഡിന്റെ സൈസ് വര്‍ധിപ്പിക്കേണ്ടി വരുന്നത് 5ജി ടെക്‌നോളജിയിലൂടെ വരുന്ന കൂടിയ ചൂട് പുറത്തുവിടുന്നതിനും 5ജി ആന്റിനയുമായി കണക്ടു ചെയ്യുന്ന സര്‍ക്യൂട്ടറി ഒരുക്കുന്നതിനുമാണ്. എന്നാല്‍ ഒരു പക്ഷേ ബോര്‍ഡിനു മാത്രം 35 ശതമാനം വിലക്കൂടുതല്‍ വരാമെന്നാകാം ഉദ്ദേശിക്കുന്നതെന്നും വാദമുണ്ട്. എന്തായാലും മദര്‍ബോര്‍ഡിന് വളരെയധികം ചെലവു വരുമെന്നാണ് പറയുന്നത്. പുതിയ പ്രോസസര്‍ നിര്‍മിക്കുന്നതിനും ചെലവു കൂടും. 

ഡിസ്‌പ്ലെ ടെക്‌നോളജിയിലും സാരമായ മാറ്റം വരുത്തിയായിരിക്കും അടുത്ത വര്‍ഷത്തെ ഫോണുകള്‍ ഇറങ്ങുക. പ്രധാന മോഡലുകള്‍ക്ക് 120hz റിഫ്രഷ് റെയ്റ്റുള്ള പ്രോമോഷന്‍ ഓലെഡ് (120hz ProMotion display) സ്‌ക്രീനായിരിക്കും എന്നാണ് പറയുന്നത്. ആപ്പിളിനു ബോര്‍ഡുകള്‍ നല്‍കുന്ന ആവറി, ഇഎംസി, എറ്റി ആന്‍ഡ് എസ് തുടങ്ങിയ കമ്പനികള്‍ക്ക് ചാകരയായിരിക്കും ഇതെന്നും പറയുന്നു.

ഐഫോണ്‍ വില കാര്യമായി വർധിച്ചേക്കും

ഇപ്പോള്‍ത്തന്നെ ഫ്‌ളാഗ്ഷിപ് 5 ജി ഫോണുകള്‍ക്ക് 400 ഡോളര്‍ അധികം വാങ്ങുന്ന കാഴ്ചയാണ് കാണുന്നതെന്ന് അവലോകകര്‍ ചൂണ്ടിക്കാണിക്കുന്നു. സാംസങ് എസ്10 പ്ലസ്, എസ്10 പ്ലസ് 5ജി എന്നവ തമ്മില്‍ ഇത്രമാത്രം വില വ്യത്യാസം കാണാം. പരിപൂര്‍ണ്ണമായി ഡിസൈന്‍ മാറ്റംവരുത്തി ഇറക്കിയ ഐഫോണ്‍ Xന് ആപ്പിള്‍ വിലവ്യത്യാസം വരുത്തിയത് ഓര്‍ക്കുക. അടുത്ത വര്‍ഷത്തെ ഐഫോണുകളും സമ്പൂര്‍ണ്ണ മാറ്റവുമായിരിക്കും ഇറങ്ങുക എന്ന് അഭ്യൂഹങ്ങള്‍ പറയുന്നു. പുതിയ മെറ്റല്‍ ഫ്രെയിം, കൂടുതല്‍ സങ്കീര്‍ണ്ണമായ സെഗ്‌മെന്റേഷന്‍ ഡിസൈന്‍, പുതിയ ടെഞ്ചിങ് ആന്‍ഡ് ഇന്‍ജെക്‌ഷൻ മോള്‍ഡിങ് രീതികള്‍, സഫയര്‍ അല്ലെങ്കില്‍ ഗ്ലാസ് കവര്‍ തുടങ്ങിയ പുതിയ രീതികള്‍ അനുവര്‍ത്തിക്കും. മെറ്റല്‍ ഫ്രെയ്മിന് 40 മുതല്‍ 50 ശതമാനം വരെ ചെലവു കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുവോ പറഞ്ഞു. മറ്റു ഘടകഭാഗങ്ങളുടെ കാര്യത്തിലും വില കൂടും.

പിന്നില്‍ നാലു ക്യാമറ സിസ്റ്റമാണ് പ്രതീക്ഷിക്കുന്നത്. പുതിയ വെര്‍ട്ടിക്കല്‍-ക്യാവിറ്റി സര്‍ഫസ്-എമിറ്റിങ് ലേസര്‍ ( vertical-cavity surface-emitting laser), ടൈം-ഓഫ്-ഫ്‌ളൈറ്റ് സാങ്കേതികവിദ്യകള്‍, 2020 ഐഫോണുകളുടെ മുന്‍ പിന്‍ ക്യാമറ സിസ്റ്റങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും കുവോ പ്രവചിക്കുന്നു. നിലവില്‍ ഉപയോഗിക്കുന്നവയെക്കാള്‍ മികവ് പുതിയ സിസ്റ്റത്തിനു പ്രതീക്ഷിക്കുന്നു. ഓഗ്‌മെന്റഡ് റിയാലിറ്റി മികവും വര്‍ധിപ്പിക്കും. ചൈനയ്ക്കു മാത്രമായി 2020ല്‍ ഒരു ഐഫോണ്‍ ഇറക്കിയേക്കുമെന്നും അതിന് ഫെയ്‌സ് ഐഡി ഉണ്ടായേക്കില്ല എന്നൊരു അവകാശവാദവും ഉണ്ട്. ഈ ഫോണിന് സ്‌ക്രീനിനുള്ളില്‍ പിടിപ്പിച്ച ടച്‌ഐഡി കണ്ടേക്കുമെന്നാണ് വാദം.

അടുത്ത വര്‍ഷത്തെ എല്ലാ ഐഫോണ്‍ മോഡലുകളും 5ജി യിൽ അവതരിപ്പിക്കാനാണ് ആപ്പിള്‍ ഉദ്ദേശിക്കുന്നതെന്നും പറയുന്നു. അങ്ങനെ വന്നാല്‍ എല്ലാ മോഡലുകള്‍ക്കും വില കൂടുമെന്നു കരുതാം. എന്നാല്‍ തങ്ങളുടെ വിശ്വസ്തരായ ഉപയോക്താക്കള്‍ കൂടെ നിന്നേക്കുമെന്നു കരുതുന്നതിനാല്‍ ആപ്പിളിന് ധൈര്യമായി വില കൂട്ടാമെന്നു കരുതുന്നവരും ഉണ്ട്. കെട്ടിലും മട്ടിലും ശക്തിയിലും ചരിത്രത്തിലെ ഏറ്റവും മികച്ച ഫോണുകളായിരിക്കും 2020ല്‍ ഇറങ്ങുക. മധുരം ധാരാളമായുണ്ടെങ്കിലും വിലയുടെ കൈപ്പ് കുറെയധികം ഉപയോക്താക്കളെ അകറ്റി നിർത്തിയേക്കുമെന്നു വാദിക്കുന്നവരും ഉണ്ട്.

അവര്‍ക്കല്ലെ ഐഫോണ്‍ എസ്ഇ2

വില കുറഞ്ഞ ഐഫോണ്‍ മോഡലുകള്‍ക്ക് ധാരാളം ആവശ്യക്കാരുണ്ട് എന്നതു മനസിലാക്കി ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ എസ്ഇ മോഡലിന് രണ്ടാം തലമുറ ഹാന്‍ഡ്‌സെറ്റ് ഇറക്കാന്‍ ഒരുങ്ങുകയാണത്രെ. ഇവ 2020 ആദ്യ പകുതിയില്‍ തന്നെ എത്തിയേക്കും. ഇത് കുറഞ്ഞത് 20 കോടി എണ്ണമെങ്കിലും വില്‍ക്കുമെന്നാണ് കരുതുന്നത്. ഈ പ്രവചനം ശരിയാണെങ്കില്‍ ഫോണൊരു വന്‍ വിജയമായിരിക്കും.

ഫോണിന് ഓലെഡ് സ്‌ക്രീന്‍ ആയിരിക്കില്ല. എല്‍ജി കമ്പനിയില്‍ നിന്നു വാങ്ങുന്ന എല്‍സിഡി ആയിരിക്കും ഉപയോഗിക്കുക. 4.7-ഇഞ്ചായിരിക്കും വലുപ്പം. ഫോണിന് 3 ജിബി ഡിഡിആര്‍4 റാം ഉണ്ടായിരിക്കുമെന്നു കരുതുന്നു. എന്നാല്‍ ഫോണിനെ കരുത്തനാക്കുന്നത് ഈ വര്‍ഷത്തെ ഐഫോണ്‍ 11 മോഡലുകള്‍ക്കു ശക്തിപകരുന്ന എ13 ബയോണിക് പ്രോസസറിന്റെ സാന്നിധ്യമായിരിക്കും. ഫെയ്‌സ് ഐഡി ഉണ്ടാവില്ല. ടച് ഐഡി ആയിരിക്കും ലഭ്യമാക്കുക. ഡിസൈനിലും പഴയ രീതികള്‍ ആയിരിക്കും പിന്തുടരുക. എന്നാല്‍ പുതിയ പ്രോസസര്‍, അടുത്ത ഏതാനും വര്‍ഷത്തേക്ക് ഐഒഎസ് സപ്പോര്‍ട്ട് എന്നിവ ഏകദേശം 399 ഡോളറിന് ലഭ്യമാക്കുമ്പോള്‍ ആളുകള്‍ ചാടി വീഴുമെന്നു തന്നെയാണ് കമ്പനി കരുതുന്നത്.

English Summary: iPhone 12 renders tease industrial iPad Pro-esque design

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA