ADVERTISEMENT

ചൈനീസ് ടെക്നോളജി കമ്പനിയായ വാവെയുമായി യുഎസ് കമ്പനികൾ ഇടപാടുകൾ നടത്തുന്നതിനു പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിലക്കേർപ്പെടുത്തിയപ്പോൾ ‘വാവെയ് തീർന്നു’ എന്നാണ് യുഎസ് നിരീക്ഷകർ വിലയിരുത്തിയത്. എന്നാൽ, സംഭവിച്ചതു നേരെ മറിച്ചാണ്. 5ജി സാങ്കേതിക വിദ്യയുൾപ്പെടെ വാവെയുടെ പങ്കാളിത്തത്തോടെ യുഎസിൽ നേരത്തെ പൂർത്തിയാകേണ്ടിയിരുന്ന പദ്ധതികൾ പലതും വൈകി. ചൈനയും റഷ്യയും 5ജി ഉൾപ്പെടെയുള്ളവയിൽ ഏറെ മുന്നോട്ടു പോവുകയും ചെയ്തു. 

 

യുഎസിൽ നിന്ന് ചിപ്പും മറ്റ് സ്മാർട്ഫോൺ ഘടകങ്ങളും കിട്ടിയില്ലെങ്കിൽ വാവെയ് ഫോൺ ഉൽപാദനം നിർത്തി വയ്ക്കേണ്ടി വരുമെന്നു പ്രവചിച്ചവരെ ഞെട്ടിച്ചുകൊണ്ട് യുഎസ് കമ്പനികളിൽ നിന്നുള്ള ഒരു ഘടകം പോലുമില്ലാതെ ഫോൺ വിപണിയിൽ എത്തിച്ചിരിക്കുകയാണു വാവെയ്.

 

ഇന്റൽ, ബ്രോഡ്കോം, ക്വാൽകോം, കോർവോ, സ്കൈവർക്ക്സ്, സൈറസ് ലോജിക് തുടങ്ങി യുഎസിൽ നിന്നുള്ള വാവെയുടെ സ്ഥിരം സപ്ലയർമാരുടെ ഒന്നും ഉൽപന്നങ്ങൾ ഇല്ലാതെയാണ് പുതിയ മേറ്റ് 30 എന്ന സ്മാർട്ഫോൺ പൂർണമായും ‘യുഎസ് മുക്ത’മായി എത്തിയിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് അസാധ്യമെന്നു നിരീക്ഷകർ വിലയിരുത്തിയ നേട്ടമാണ് വാവെയ് കൈവരിച്ചിരിക്കുന്നത്.

 

ബ്രോഡ്കോമിന്റെ ചിപ്പുകൾക്കു പകരം വാവെയുടെ സ്വന്തം സംരംഭമായ ഹൈസിലിക്കൺ കമ്പനിയുടെ ചിപ്പാണ് മേറ്റ് 30ലുള്ളത്. ഡച്ച് കമ്പനിയായ എൻഎക്സ്പിയുടേതാണ് ഓഡിയോ ആംപ്ലിഫയർ. ഇത്തരത്തിൽ യുഎസ് കമ്പനികൾ ആധിപത്യം പുലർത്തിയിരുന്ന സമസ്ത മേഖലകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബദലുകളെ കണ്ടെത്തിയ വാവെയ് യുഎസ് കമ്പനികളെ അമ്പരപ്പിക്കുന്നുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com