ADVERTISEMENT

ഐഫോണുകളുടെ ശ്രേണിയില്‍ ഐഫോണ്‍ 8നു ശേഷം ഐഫോണ്‍ 9 അവതരിപ്പിച്ചിരുന്നില്ല. ഐഫോണ്‍ 8/8പ്ലസ് മോഡലുകള്‍ക്കൊപ്പം ഐഫോണ്‍ X അവതരിപ്പിക്കുകയായിരുന്നു. പിന്നീട്, ഐഫോണ്‍ Xs/മാക്‌സ് മോഡലുകള്‍ക്കൊപ്പം അവതരിപ്പിച്ച മോഡലിന് XR എന്ന പേരാണ് നല്‍കിയത്. പിന്നെ, ഈ വര്‍ഷം നാമകരണ രീതി പൂര്‍ണ്ണമായും വിട്ട് ഐഫോണ്‍ 11/പ്രോ/മാക്‌സ് എന്നീ മൂന്നു മോഡലുകളും അവതരിപ്പിച്ചു. എന്നു പറഞ്ഞാല്‍ ഐഫോണിന്റെ നാമകരണത്തില്‍ ഒരു പിളര്‍പ്പു വന്നിരിക്കുന്നു– ഐഫോണ്‍ 9. അതു പരിഹരിക്കാൻ കമ്പനി ഇപ്പോള്‍ ആഗ്രഹിക്കുന്നു എന്നാണ് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത്. 

 

ഇതുവരെ പറഞ്ഞു കേട്ട ഐഫോണ്‍ എസ്ഇ 2 മോഡലായിരിക്കും ഐഫോണ്‍ 9 എന്ന പേരിലിറങ്ങുക എന്നാണ് മക്കോട്ടകാര (Macotakara) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്ത വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 'ഐഫോണ്‍ 9' ഇറക്കുമെന്നും തങ്ങളുടെ നാമകരണ രീതിയില്‍ 'വിട്ടുപോയ' അക്കം പൂരിപ്പിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

 

ഐഫോണ്‍ 8 സീരിസിനൊപ്പം പത്താം വാര്‍ഷിക ഫോണായ ഐഫോണ്‍ Xആണ് കമ്പനി അവതരിപ്പിച്ചത്. ഐഫോണ്‍ 9ന് ഐഫോണ്‍ 8ന്റെ മട്ടും ഭാവവും ആയിരിക്കുമെന്നും കേള്‍ക്കുന്നു. എന്നാല്‍, വില കുറഞ്ഞ മോഡലിന് ഈ വര്‍ഷത്തെ മോഡലുകളായ ഐഫോണ്‍ 11 ശ്രേണിക്കു നല്‍കിയിരിക്കുന്ന ആപ്പിള്‍ എ13 ബയോണിക് പ്രോസസറായിരിക്കും നല്‍കുക എന്നും കേള്‍ക്കുന്നു. പിന്നില്‍ 12 എംപി ഒറ്റ ക്യാമറ ആയിരിക്കാം. 

 

ഐഫോണുകളുടെ വില പരിഗണിച്ചാല്‍ ഇതൊരു വില കുറഞ്ഞ മോഡലായിരിക്കുമെന്നാണ് കരുതുന്നത്. കുറഞ്ഞ മോഡലിന് 399 ഡോളര്‍ വിലയാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 8നെ പോലെ 4.7 - ഇഞ്ച് വലുപ്പമുള്ള എന്‍സിഡി സ്‌ക്രീനായിരിക്കും നല്‍കുക. ഫെയ്‌സ് ഐഡി കണ്ടേക്കാമെന്നും അല്ല ടച് ഐഡി മാത്രമേ ഉണ്ടാകൂവെന്നും രണ്ടു വാദങ്ങളുമുണ്ട്. എന്നാല്‍ ഐഫോണ്‍ 9 എന്ന പേരിലോ, എസ്ഇ2 എന്ന പേരിലോ ഫോണ്‍ ഇറക്കാന്‍ പോകുന്നുവെന്ന ഒരു സൂചനയും ആപ്പിള്‍ ഔദ്യോഗികമായി നല്‍കിയിട്ടില്ല.

 

അടുത്ത വര്‍ഷം അഞ്ച് ഐഫോണുകള്‍?

 

ആപ്പിള്‍ കമ്പനിയെക്കുറിച്ച് താരതമ്യേന വിശ്വസനീയമായ വാര്‍ത്തകള്‍ നല്‍കുന്ന മിങ് ചി കുവോ പറയുന്നത് അടുത്ത വര്‍ഷം അഞ്ചു മോഡലുകള്‍ ഇറക്കിയേക്കാമെന്നാണ്. നമ്മള്‍ ഇപ്പോള്‍ കണ്ട ഐഫോണ്‍ 9 അല്ലെങ്കില്‍ എസ്ഇ 2 എന്നു വിളിച്ചേക്കാവുന്ന മോഡല്‍, ഐഫോണ്‍ 12, 12 പ്രോ, 12 പ്രോ മാക്‌സ് എന്നിവ കൂടാതെ ഒരു മോഡലും കൂടെ ഉണ്ടായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. അടുത്ത വര്‍ഷത്തെ മികച്ച മോഡലുകളായ ഐഫോണ്‍ 12 സീരിസ് സെപ്റ്റംബറിലായിരിക്കും അവതരപ്പിക്കുക. ഇതിനൊപ്പമായിരിക്കും ഇതുവരെ ഇല്ലാത്ത നാലാം മോഡല്‍ അവതരിപ്പിക്കുക എന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രവചനം. ഐഫോണ്‍ 12 സീരിസിലെ എല്ലാ മോഡലുകള്‍ക്കും ഓലെഡ് ഡിസ്‌പ്ലെയായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴത്തെ, ഐഫോണ്‍ 11 മോഡലിന് 6.1-ഇഞ്ച് ഡിസ്‌പ്ലെയാണ് നല്‍കിയിരിക്കുന്നത്.

 

അടുത്ത വര്‍ഷം 6.1-ഇഞ്ച് സ്‌ക്രീനുള്ള രണ്ടു മോഡലുകള്‍ അവതരിപ്പിച്ചേക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇരു ഫോണുകള്‍ക്കും ഓലെഡ് ഡിസ്‌പ്ലെയുമായിരിക്കും. എന്നാല്‍, ഒരു ഫോണിന് പിന്‍ ക്യാമറ സിസ്റ്റത്തില്‍ ക്യാമറകളുടെ എണ്ണം കുറവായിരിക്കും. ഇവയേക്കാള്‍ വലുപ്പം കൂടിയ ഒരു മോഡലും (സൈസ് 6.7-ഇഞ്ച് അല്ലെങ്കില്‍ 6.4-ഇഞ്ച് ആകാം) പിന്നെ 5.4- ഇഞ്ച് വലുപ്പമുള്ള ഒരു മോഡലുമടക്കം നാലു ഫോണുകളായിരിക്കും സെപ്റ്റംബറില്‍ അവതരിപ്പിക്കുക. ഐഫോണുകള്‍ക്ക് ആവശ്യത്തിലധികം വലുപ്പമായിരിക്കുന്നുവെന്നു പറയുന്നവരെ ഉദ്ദേശിച്ചായിരിക്കും 5.4-ഇഞ്ച് വലുപ്പമുള്ള ഫോണ്‍ ഇറക്കുക. ഓലെഡ് സ്‌ക്രീനുള്ള ഇതിന്റെ പിന്‍ ക്യാമറാ സിസ്റ്റത്തെപ്പറ്റി ഇപ്പോള്‍ സൂചനകള്‍ ലഭ്യമല്ല.

 

ഐഫോണ്‍ 7ന് ഏറ്റവും വിലകുറച്ചു വിറ്റ് ഫ്‌ളിപ്കാര്‍ട്ട്

 

ഐഫോണ്‍ 7 തുടക്ക വേരിയന്റിന് 24,999 രൂപ വിലയ്ക്കാണ് അടുത്തിടെ നടന്ന ഡിസ്‌കൗണ്ട് മേളകളില്‍ ഫ്‌ളിപ്കാര്‍ട്ട് വിറ്റത്. ഈ മോഡലിന്റെ എംആര്‍പി 29,999 രൂപയാണ്. ഐഫോണ്‍ 8 ന്റെ എംആര്‍പി 39,999 രൂപയാണ്. ഈ മോഡലാകട്ടെ ഫ്‌ളിപ്കാര്‍ട്ടില്‍ ആപ്പിൾ ഡെയ്‌സിന്റെ ഭാഗമായി 33,999 രൂപയ്ക്കാണ് വിറ്റത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com