ADVERTISEMENT

മുൻനിര സ്മാർട് ഫോൺ ബ്രാൻഡായ റെഡ്മിയുടെ പുതിയ ഹാൻഡ്സെറ്റ് പുറത്തിറങ്ങി. റെഡ്മി കെ30 മോഡൽ ചൈനയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മിയുടെ നിലവിലെ മുൻനിര ഹാൻഡ്സെറ്റാണ് റെഡ്മി കെ 30. ഇത് ഇപ്പോൾ ഷഓമി വാഗ്ദാനം ചെയ്യുന്നതിൽ ഏറ്റവും മികച്ചതുമാണ്. കിംവദന്തികൾ സൂചിപ്പിച്ചതു പോലെ റെഡ്മി കെ30 ഫോൺ 4ജി, 5ജി വേരിയന്റുകളിൽ വരുന്നുണ്ട്. 5ജി യുടെ അടിസ്ഥാന പതിപ്പിന്റെ വില 1,999 യുവാനിലാണ് (ഏകദേശം 20,000 രൂപ) ആരംഭിക്കുന്നത്. നിലവിൽ റെഡ്മി കെ 30 ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലുമെത്തുമോ എന്നത് സംബന്ധിച്ച് ഒരു വിവരവുമില്ല.

 

redmi-k30-5G-pricing

വേഗമേറിയ ഡിസ്പ്ലേ, കൂടുതൽ ശക്തമായ ചിപ്‌സെറ്റ്, മികച്ച ക്യാമറകൾ എന്നിവയുടെ കാര്യത്തിൽ റെഡ്മി കെ 30 ഏറെ മുന്നിലാണ്. അതുല്യമായ ഗ്രേഡിയന്റ് പാറ്റേൺ ഉള്ള തീർത്തും പുതിയ ഡിസൈനും ഫോണിന് ലഭിക്കുന്നു. റെഡ്മി കെ 30 ന്റെ നാല് വേരിയന്റുകളുണ്ട്. അടിസ്ഥാന വേരിയന്റായ 6 ജിബി റാമിനും 64 ജിബി സ്റ്റോറേജിനുമായി 1,999 യുവാൻ (ഏകദേശം 20,000 രൂപ) മുതലാണ് ആരംഭിക്കുന്ന‌ത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിനായി 2,299 യുവാൻ (ഏകദേശം 23,000 രൂപ) നൽകേണ്ടിവരും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് വേരിയന്റിന് 2,599 യുവാൻ (ഏകദേശം 26,000 രൂപ) വിലവരും. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മറ്റ് വേരിയന്റിന് 2,899 യുവാൻ (ഏകദേശം 29,200 രൂപ) വിലവരും.

 

Redmi-K30-5G-Feature

റെഡ്മി കെ 30 മോഡൽ 4ജി വേരിയന്റിലും നാല് വേരിയന്റുകളുണ്ട്. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന പതിപ്പിന് 1,599 യുവാൻ (ഏകദേശം 16,000 രൂപ) വിലവരും. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മറ്റൊരു വേരിയന്റുണ്ട്. ഇതിന് 1,699 യുവാൻ (ഏകദേശം 17,000 രൂപ) വിലവരും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 1,899 യുവാൻ (ഏകദേശം 19,000 രൂപ) നൽകേണ്ടിവരും. അതേസമയം, 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് വേരിയന്റിന് 2,199 യുവാൻ ( ഏകദേശം 22,000 രൂപ) വിലവരും.

 

റെഡ്‌മി കെ 30 ന്റെ പതിവ് 4ജി വേരിയന്റിൽ സ്‌നാപ്ഡ്രാഗൺ 730 ജി ചിപ്‌സെറ്റ് ഉപയോഗിക്കുന്നു. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 11 ഒഎസാണ് ഉപയോഗിച്ചിരിക്കുന്നത്. റെഡ്മി കെ 30 ന്റെ 5ജി വേരിയന്റ് 7 എൻഎം സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റ് ഉപയോഗിക്കുന്നു. ഇത് വ്യാപകമായി ലഭ്യമായ 5 ജി ബാൻഡുകളെ പിന്തുണയ്‌ക്കും. എന്നാൽ, രണ്ട് വേരിയന്റുകളും 4,500 എംഎഎച്ച് ബാറ്ററി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. 5ജി വേരിയന്റിന് 30W ഫാസ്റ്റ് ചാർജിങ്  പിന്തുണയും 4 ജി വേരിയന്റിന് 27W ഫാസ്റ്റ് ചാർജിങ് സിസ്റ്റവുമുണ്ട്.

 

ഡിസ്‌പ്ലേയെ സംബന്ധിച്ചിടത്തോളം, റെഡ്മി കെ 30ന് 6.67 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ ലഭിക്കുന്നു. ചുറ്റും നേർത്ത ബെസലുകളുമുണ്ട്. ബെസലുകൾ 2.05 എംഎം നേർത്തതാണ്. ഡ്യുവൽ സെൽഫി ക്യാമറയ്ക്കുള്ള കട്ട് ഔട്ടാണ് ഡിസ്‌പ്ലേയിലുള്ളത്. റെഡ്മി കെ 30യിലെ ക്യാമറകളും മികച്ചതാണ്. റെഡ്മി കെ 20 ലെ ട്രിപ്പിൾ ക്യാമറകളിൽ നിന്ന് വ്യത്യസ്തമായി, സോണി ഐഎംഎക്സ് 686 സെൻസർ ഉപയോഗിച്ച് പുതിയ 64 മെഗാപിക്സൽ ക്യാമറയാണ് റെഡ്മി കെ 30ൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിന്നിൽ ക്വാഡ് ക്യാമറ സംവിധാനവുമായാണ് വരുന്നത്. 120 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറയുമായി 120 ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള ഈ ക്യാമറ മികച്ചതാണ്. ഡെപ്ത് ഡേറ്റയ്ക്കായി 2 മെഗാപിക്സൽ ക്യാമറയും മാക്രോ ഫോട്ടോകൾക്കായി 5 മെഗാപിക്സൽ ക്യാമറയും ഉണ്ട്. മുൻവശത്ത് 20 മെഗാപിക്സൽ പ്രധാന ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് ക്യാമറയും ചേർന്നതാണ് റെഡ്മി കെ 30 വരുന്നത്. റെഡ്മി കെ 30 വെള്ള, നീല, ചുവപ്പ്, പർപ്പിൾ എന്നീ നാല് ഗ്രേഡിയന്റ് നിറങ്ങളിൽ ലഭ്യമാണ്. മുന്നിലും പിന്നിലും ഗോറില്ല ഗ്ലാസ് 5 പാനലുകൾ ഫോൺ ഉപയോഗിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com