ADVERTISEMENT

സ്മാര്‍ട് ഫോണ്‍ നിര്‍മാണ രംഗത്ത് വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്തു തുടരുന്ന സാംസങ്ങിന്റെ അടുത്ത പ്രധാന ഹാന്‍ഡ്‌സെറ്റായ ഗ്യാലക്‌സി എസ്11ന്റെ അവതരണ ദിവസം അടുത്തുവരികയാണല്ലോ. ഗ്യാലക്‌സി എസ്11 ഫെബ്രുവരിയിൽ അവതരിപ്പിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. പുതിയ സീരിസില്‍ മൊത്തം അഞ്ചു മോഡലുകൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. ഇവയില്‍ ഗ്യാലക്‌സി എസ് 11, എസ് 11 പ്ലസ്, എസ് 11ഇ എന്നീ മോഡലുകള്‍ക്ക് 4ജി വേരിയന്റുകളും, 5ജി ഫോണുകളും പുറത്തിറക്കുമെന്നും അഭ്യൂഹങ്ങള്‍ പറയുന്നു. ഇവയില്‍ ഗ്യാലക്‌സി എസ് 11 പ്ലസിന്റെ പ്രധാന പുതിയ ഫീച്ചറായി ഉയര്‍ത്തിക്കാട്ടുന്നത് അഞ്ചു ക്യാമറകളടങ്ങുന്ന പിന്‍ ക്യാമറാ സിസ്റ്റമാണ്. ഡച് വെബ്‌സൈറ്റായ ലെറ്റ്‌സ്‌ഗോഡിജിറ്റല്‍  (LetsGoDigital) പറയുന്നത് ഈ അഞ്ചു ക്യാമറാ സെന്‍സറുകളില്‍ ഒന്നിനെ ബ്രൈറ്റ് നൈറ്റ് ('Bright Night') ക്യാമറ എന്നാണ് വിളിക്കാന്‍ പോകുന്നതെന്നാണ്.

 

ലെറ്റ്‌സ്‌ഗോഡിജിറ്റലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് സാംസങ് യൂറോപ്യന്‍ യൂണിയന്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫിസില്‍ (EUIPO) നല്‍കിയിരിക്കുന്ന പേറ്റന്റ് അപേക്ഷയില്‍ തങ്ങള്‍ക്ക് 'ബ്രൈറ്റ് നൈറ്റ്' ക്യാമറയ്ക്ക് ബൗദ്ധികാവകാശം നല്‍കണമെന്നാണ്. ഇത് സ്മാര്‍ട് ഫോണുകളിലും ടാബുകളിലും ഉപയോഗിക്കാനുള്ളതാണെന്നും അപേക്ഷയില്‍ പറയുന്നു. ബ്രൈറ്റ് നൈറ്റ് വെളിച്ചക്കുറവുള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കാനുള്ള ക്യാമറാ സെന്‍സറായിരിക്കുമെന്നാണ് അനുമാനം. ഗൂഗിള്‍ പിക്‌സല്‍ ഫോണുകള്‍ രാത്രി സമയത്ത് മികച്ച പ്രകടനം നടത്തുന്നു. ഈ വര്‍ഷത്തെ ഐഫോണുകള്‍ ഡീപ് ഫ്യൂഷന്‍ എന്ന മോഡ് കൊണ്ടുവന്നിരുന്നു.

 

എന്നാല്‍, സാംസങ്ങിന്റെ നോട്ട് 10, ഗ്യാലക്‌സി എസ്10 എന്നിവയുടെ ക്യാമറകള്‍ക്ക് ഇപ്പോള്‍ത്തന്നെ ബ്രൈറ്റ് നൈറ്റ് ഫീച്ചര്‍ മോഡ് ലഭ്യമാക്കിയിട്ടുണ്ടെന്നും കാണാം. ലോ ലൈറ്റ് സമയത്ത് ചിത്രങ്ങള്‍ എടുക്കുമ്പോള്‍ ഈ ഫീച്ചര്‍ ഓട്ടോമാറ്റിക്കായി നൈറ്റ് മോഡിനെ ആക്ടിവേറ്റു ചെയ്യുന്നു. എന്നാല്‍ ഇനി വരാനിരിക്കുന്ന ക്യാമറകളുടെ ഹാര്‍ഡ്‌വെയര്‍ തലത്തില്‍ തന്നെ ബ്രൈറ്റ് നൈറ്റ് മോഡിനു വേണ്ട അധിക സജ്ജീകരണങ്ങള്‍ കൊണ്ടുവരാനൊരുങ്ങുകയാണ് കമ്പനി എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. 

 

സാംസങ് ഗ്യാലക്‌സി എസ് 11 പ്ലസിന്റെ പിന്‍ക്യാമറാ സിസ്റ്റത്തില്‍ മുന്‍ മോഡലുകളെ അപേക്ഷിച്ച് സമ്പൂര്‍ണ്ണ മാറ്റമായിരിക്കും കാണാനാകുക എന്നാണ് വര്‍ത്തകള്‍ പറയുന്നത്. ദീര്‍ഘചതുരാകൃതിയില്‍ അഞ്ചു ക്യാമറാ ലെന്‍സുകളെയും രണ്ടു സെന്‍സറുകളെയും ഒരു ഫ്‌ളാഷിനെയും ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ സിസ്റ്റമെന്നാണ് പറയുന്നത്. ഇതില്‍ പ്രധാന സെന്‍സറാകട്ടെ സാംസങ് തന്നെ നിര്‍മിച്ച 108 എംപി (108 MP ISOCELL) സെന്‍സറായിരിക്കും. ഇതിന് 5x ഓപ്ടിക്കല്‍ സൂമും 10x ഹൈബ്രിഡ് സൂമും ലഭ്യമാക്കും. ഗ്യാലക്‌സി എസ് 11 പ്ലസിന്റെ സെന്‍സര്‍ പിക്‌സല്‍ 4 ഇന്‍ 1 ബിന്നിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് 27 എംപി ചിത്രങ്ങളായിരിക്കും ഡിഫോള്‍ട്ടായി പകര്‍ത്തുക. 108 എംപി ചിത്രങ്ങളും വേണ്ടവര്‍ക്ക് എടുക്കാം.

 

ടെലീ ലെന്‍സിലും മാജിക്

 

മിക്ക സ്മാര്‍ട് ഫോണ്‍ ക്യാമറാ നിര്‍മാതാക്കളും ടെലീ ലെന്‍സിന് അധികം റെസലൂഷന്‍ നല്‍കുന്നില്ലെന്നു കാണാം. അവിടെയും ഒരു വമ്പന്‍ മാറ്റമാണ് സാംസങ് നടത്തുന്നത്. 48എംപി ടെലീ ലെന്‍സാണ് ഗ്യാലക്‌സി എസ് 11 പ്ലസില്‍ പിടിപ്പിക്കുക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ ക്യാമറയ്ക്ക് 100x ഡിജിറ്റല്‍ സൂമും ഒരുക്കുകയാണ് കൊറിയന്‍ ഹാര്‍ഡ്‌വെയര്‍ നിര്‍മാണ ഭീമനായ സാംസങ്. കമ്പനി അടുത്തിടെ സ്‌പെയസ് സൂം ('Space Zoom') എന്ന ഫീച്ചര്‍ ട്രേഡ്മാർക്കായി ഉപയോഗിക്കുമെന്നു പറഞ്ഞു. പുതിയ തരം സൂം സാങ്കേതികവിദ്യയും സാംസങ് കൊണ്ടുവന്നേക്കുമെന്നാണ് ഇതില്‍ നിന്നു മനസ്സിലാക്കേണ്ടതെന്നാണ് ചിലര്‍ വാദിക്കുന്നത്. സാംസങ് എസ് 11 പ്ലസിന്റെ പഞ്ച ക്യാമറാ സിസ്റ്റത്തിലെ അടുത്ത അംഗം ഒരു അള്‍ട്രാ വൈഡ് ലെന്‍സായിരിക്കുമെന്നാണ് അനുമാനം. നാലാം സെന്‍സര്‍ ടൈം-ഓഫ്-ഫ്‌ളൈറ്റ് മൊഡ്യൂളായിരിക്കാം. എന്നാല്‍, അഞ്ചാമത്തെ ക്യാമറ എന്തിനുള്ളതായിരിക്കാമെന്നത് ഇപ്പോള്‍ വ്യക്തമല്ല. ജന സമ്മതി നേടിവരുന്ന ഫീച്ചറായ മാക്രോ സെന്‍സറായിരിക്കുമോ ഇതെന്ന് അറിയില്ല.

 

സാംസങ് ഗ്യാലക്‌സി എസ് 10ന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ, എസ് 11 സീരിസിന്റെയും ക്യാമറകളില്‍ കമ്പനി അധികശ്രദ്ധ ചെലുത്തുന്നതായി കാണാം. 108 എംപി സെന്‍സറടക്കം മുന്‍ മോഡലുകളില്‍ ലഭ്യമല്ലാത്ത ഒരു പിടി ഫീച്ചറുകള്‍ പുതിയ സീരിസിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുമെന്നാണ് പറയുന്നത്. ബ്രൈറ്റ് നൈറ്റ് ലെന്‍സ്, സ്‌പെയ്‌സ് സൂം തുടങ്ങിയ ഫീച്ചറുകളും ചേര്‍ത്ത് മുന്‍ തലമുറയിലുള്ള സാംസങ് ഫോണുടമകള്‍ ആസ്വദിച്ചിട്ടില്ലാത്ത തരം ഫീച്ചറുകള്‍ പുതിയ ഫോണ്‍ വാങ്ങുന്നവരുടെ ഉള്ളംകയ്യിലെത്തിക്കാന്‍ ഒരുങ്ങുകയാണ് സാംസങ് എന്നാണ് വാര്‍ത്തകള്‍ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com