sections
MORE

ഐഫോണ്‍ വില്‍പ്പന: ആപ്പിളിന്റെ വിജയരഹസ്യമെന്ത്?

iphone-xr
iPhone XR
SHARE

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തില്‍ നിന്നു ലഭിക്കുന്ന ലാഭത്തിന്റെ സിംഹഭാഗവും അമേരിക്കയിലെ കുപ്പര്‍ട്ടീനോയില്‍ നിന്നുള്ള ആപ്പിള്‍ കമ്പനിയുടെ അധീനതയിലാണ് എന്നാണ് കൗണ്ടര്‍പോയിന്റ് റീസേര്‍ച്ചിന്റെ ഏറ്റവും പുതിയ ഗവഷണഫലം പറയുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ നിന്ന് ലോകത്ത് മൊത്തം ലഭിക്കുന്ന ലാഭത്തിന്റെ 66 ശതമാനവും ഐഫോണ്‍ നിര്‍മാതാവിനാണ് ലഭിക്കുന്നത്. (മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇടിവാണ്. എങ്കിലും അതൊരു നേട്ടം തന്നെയാണ്.) കൂടാതെ, മൊത്തം ഹാന്‍ഡ്‌സെറ്റ് നിര്‍മാണത്തില്‍നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 32 ശതമാനവും ആപ്പിളിനാണ് ലഭിച്ചിരിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.

അതിനു കാരണമെന്ത്?

കൗണ്ടര്‍പോയിന്റ് പറയുന്നത്, അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ജപ്പാനിലുമുള്ള ആപ്പിള്‍ കമ്പനിയുടെ 'വിശ്വസ്തരായ, വിലകൂടിയ ഉപകരണങ്ങള്‍ വാങ്ങാന്‍ ശേഷിയുള്ള' ഉപയോക്താക്കള്‍ തന്നെയാണ് ഇതിനു കാരണം. മറ്റു കമ്പനികളുടെ ഫോണുകളില്‍ എന്തൊക്കെ പുതുമകള്‍ വന്നിരിക്കുന്നു എന്നൊന്നും അന്വേഷിക്കാന്‍ ഇക്കൂട്ടര്‍ നടക്കാറില്ല. ആപ്പിള്‍ പുതിയ ഫോണിറക്കുമ്പോള്‍ വേണമെങ്കില്‍ ഒരെണ്ണം വാങ്ങാം. ഇതിനെയാണ് ആപ്പിള്‍ കള്‍ട്ട് എന്ന് വിശേഷിപ്പിക്കുന്നത് – 'ഒരാളോടോ ആശയത്തോടോ ഒക്കെയുള്ള ഉള്ള അമിതമായ ആസക്തി' എന്ന് കള്‍ട്ട് എന്നവാക്കിനെ വിശേഷിപ്പിക്കാം. സ്ഥിതിഗതികള്‍ മാറിവരുന്നുണ്ടെങ്കിലും ഇത്തരം ആസക്തി അല്ലെങ്കില്‍ വിശ്വാസം മറ്റു സ്മാര്‍ട്ട്ഫോണ്‍ കമ്പനികളിലൊന്നും മേല്‍പ്പറഞ്ഞ രാജ്യങ്ങളിലെ ആളുകള്‍ക്കില്ല.

എതിരാളികള്‍ക്ക് സ്വപ്‌നം കാണാന്‍ പോലും സാധ്യമല്ലാത്ത രീതിയിലുള്ള ലാഭവിഹിതം ആപ്പിള്‍ സ്വന്തമാക്കുന്നതിന്റെ കാരണമിതാണ്. തങ്ങളുടെ ഫോണുകളുടെ വില കുറയ്ക്കാതെ, തികവുറ്റ ഫോണുകള്‍ ആപ്പിള്‍ നിര്‍മ്മിച്ചു വില്‍ക്കുന്നതും ഇവരെ മനസില്‍ വച്ചാണ്. കഴിഞ്ഞ വര്‍ഷം മുതൽ ഈ വര്‍ഷം വരെയുള്ള (Q1 2018-Q3 2019) കണക്കുകള്‍ വച്ച് കൗണ്ടര്‍പോയിന്റ് നടത്തിയിരിക്കുന്ന പ്രവചനത്തില്‍ പറയുന്നത്, ആപ്പിളിന്റെ ലാഭം ഇനിയും വര്‍ദ്ധിക്കുമെന്നാണ്. സേവന രംഗത്തേക്കും ആപ്പിള്‍ കടന്നിരിക്കുന്നതു കൊണ്ട്, ആപ്പിളിന്റെ മൊത്തം പരിസ്ഥിതി അഭിവൃദ്ധി പ്രാപിച്ചിരിക്കുന്നുവെന്നും അവര്‍ വിലയിരുത്തുന്നു. വരും വര്‍ഷങ്ങളില്‍ ആപ്പിളിലേക്ക് പണമൊഴുക്ക് തുടര്‍ന്നുകൊണ്ടിരിക്കും. ഇപ്പോള്‍ നടക്കുന്ന ക്രിസ്മസ് സീസണ്‍ വില്‍പ്പനയിലും ആപ്പിള്‍ നേട്ടമുണ്ടാക്കും. കമ്പനിയുടെ പുതിയനിര ഫോണുകള്‍ക്ക് ആവശ്യക്കാരുണ്ടാകും, അവര്‍ പറയുന്നു.

അണിയാവുന്ന ഉപകരണങ്ങളുടെ വിപണിയിലും മുമ്പില്‍ തന്നെ

ആപ്പിള്‍ വാച്ച്, എയര്‍പോഡ്‌സ് തുടങ്ങിയ അണിയാവുന്ന ഉപകരണങ്ങളുടെ വില്‍പ്പനയിലും അവയില്‍ നിന്നുള്ള ലാഭത്തിലും മുന്നില്‍ ആപ്പിള്‍ തന്നെയാണ്. ഇവ രണ്ടും ഈ പതിറ്റാണ്ടില്‍ ടെക്‌നോളജിയില്‍ വന്നിരിക്കുന്ന ശ്രദ്ധേയമായ പുതുമകളായും ആപ്പിള്‍ ആരാധകര്‍ കൊണ്ടാടുന്നു. ടാബ്‌ലറ്റ് വിപണിയിലാകട്ടെ ആപ്പിളിന് കാര്യമായ എതിരുമില്ല.

രണ്ടാമത് സാംസങ്

ലോകത്ത് ഏറ്റവുമധികം ഹാന്‍ഡ്‌സെറ്റുകള്‍ വില്‍ക്കുന്നത് കൊറിയന്‍ കമ്പനിയായ സാംസങ് ആണ്. ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയിലുടെ ലാഭമെടുക്കുന്ന കമ്പനികളില്‍ ആപ്പിളിനു പിന്നില്‍ സാംസങ് ആണെന്ന് കൗണ്ടര്‍പോയിന്റ് പറയുന്നു--17 ശതമാനമാണ് അവരുടെ വിഹിതം. ഒന്നുംരണ്ടും സ്ഥാനക്കാര്‍ തമ്മിലുള്ള അന്തരം അപാരമാണെന്ന് എടുത്തുപറയേണ്ടല്ലോ. സാംസങിന്റെ ഗ്യാലക്‌സി എ സീരിസിനും, ഗ്യാലക്‌സി നോട്ട് സീരിസിനും നല്ല സ്വീകരണമാണ് ലഭിച്ചിരിക്കുന്നതെന്നും കൗണ്ടര്‍പോയിന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സാംസങിനു പിന്നിലായി ചൈനീസ് ബ്രാന്‍ഡുകളാണുള്ളത്--വാവെയ്, ഒപ്പോ, വിവോ, ഷഓമി തുടങ്ങിയവ. ഇവയെല്ലാം നേരിയ ലാഭം മാത്രമാണ് ഉണ്ടാക്കുന്നത്. (അതുകൊണ്ടാണ് അവയുടെ ഫോണുകള്‍ കൊടുക്കുന്ന കാശ് മുതലാകുന്നവയാണെന്ന്, പ്രായോഗികവാദികളായ ഇന്ത്യന്‍ ഉപയോക്തക്കള്‍ കരുതുന്നതും.) എന്നാല്‍, ഈ കമ്പനികളും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തങ്ങളുടെ നില മെച്ചപ്പെടുത്തി എന്ന് കൗണ്ടര്‍പോയിന്റ് നിരീക്ഷിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA