sections
MORE

10 വർഷം കൊണ്ട് സ്മാർട്ഫോൺ ലോകത്തെ പുനർനിർവചിച്ച 11 ഫോണുകൾ

old-smartphones
SHARE

സമൂഹപുരോഗതിയിൽ നിർണായക സ്വാധീനമായ വ്യക്തികളുടെ ഛായാചിത്രം സ്ഥാപിച്ച് അവരെ ആദരിക്കുകയും ഓർമിക്കുകയും ചെയ്യുന്ന പതിവ് നമുക്കുണ്ട്. സ്മാർട്ഫോണുകൾ മനുഷ്യസമൂഹത്തെയാകെ സ്വാധീനിക്കുന്ന ഈ കാലഘട്ടത്തിൽ സ്മാർട്ഫോൺ എന്ന ആശയത്തെയും യാഥാർഥ്യത്തെയും പുരോഗതിയിലേക്കു നയിച്ച ഫോണുകളെ മറക്കാനാവില്ല. സ്മാർട്ഫോണുകൾ കപ്യൂട്ടറുകളെ അതിശയിക്കുന്ന മികവുകൾ കൈവരിച്ചത് കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ടാണ്. 

നാലിഞ്ച് സ്ക്രീനും ഒരു ജിബി റാമും ഉള്ള ഫോണുകൾ വലിയ സംഭവമായിരുന്ന 2010ൽ നിന്ന് 2020ലെത്തി നിൽക്കുമ്പോൾ റാമും റോമും എല്ലാം മാറിമറിഞ്ഞിരിക്കുന്നു. 6 ജിബി റാമും 128 ജിബിയെങ്കിലും റോമും ആറിഞ്ചിൽ കുറയാത്ത 4കെ ഡിസ്പ്ലേയും 48 മെഗാപിക്സലിൽ കുറയാത്ത ക്യാമറകളുമില്ലാത്ത ഫോൺ  ഇന്ന് അത്ര സ്മാർടല്ല. 

ഈ വളർച്ചയിൽ കാലഹരണപ്പെട്ടു പോയെങ്കിലും ഓരോ കാലത്തും ലോകത്തെ വിസ്മയിപ്പിച്ച, സ്മാർട്ഫോൺ എന്ന ഉപകരണത്തെ ഒരുപടി മുന്നോട്ടു കൊണ്ടുപോയിട്ടുള്ള ഫോണുകൾ അനേകമാണ്. പുതിയൊരു ആശയമോ സമീപനമോ ഒക്കെയാണ് വിവിധ കമ്പനികൾ കഴിഞ്ഞ 10 വർഷത്തിനിടെ അവതരിപ്പിച്ച ശ്രദ്ധേയമായ ഈ ഫോണുകളിലുള്ളത്. ഈ ഫോണുകളിൽ ഏറ്റവും ശ്രദ്ധേയമായവയെ ഒരിക്കൽക്കൂടി ഓർമിക്കാം.

∙ ഐഫോൺ 4

2007ൽ ആദ്യ ഐഫോൺ ഇറങ്ങിയെങ്കിലും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന മികച്ച ഐഫോൺ വിപണിയിലെത്തുന്നത് 2010ലാണ്. റെറ്റിന ഡിസ്പ്ലേ ഉൾപ്പെടെയുള്ള ആധുനികസംവിധാനങ്ങൾ ഇതിലെത്തി.

∙ നെക്സസ് വൺ2

സ്മാർട്ഫോൺ വിപണിയിൽ ഗൂഗിളിന്റെ സാന്നിധ്യമായി 2010ൽ എത്തിയ നെക്സസ് വൺ ആൻഡ്രോയ്ഡ് വിസ്മയമായിരുന്നു. സ്റ്റോക്ക് ആൻഡ്രോയ്ഡിന്റെ അനുഭവം ശ്രദ്ധേയമായി.

∙ സാംസങ് ഗ്യാലക്സി എസ് 2

ഗ്യാലക്സി എസ് ശ്രേണിയെ ലോകപ്രസിദ്ധമാക്കിയ മോഡൽ വിപണിയിലെത്തിയത് 2011ൽ. സാംസങ്ങിന്റെ സ്വന്തം എക്സിനോസ് പ്രൊസസർ ആദ്യമായി എത്തിയതും ഈ ഫോണിൽ.

∙ എച്ച്ടിസി വൺ

ആപ്പിൾ ഐഫോൺ താങ്ങാൻ പറ്റാത്തവർക്കായുള്ള മോഡലായാണ് 2013ൽ ഇറങ്ങിയ ഈ ഫോൺ വിശേഷിപ്പിക്കപ്പെട്ടത്. യൂണിബോഡി ഡിസൈൻ പിന്നെ മറ്റു കമ്പനികൾ മാതൃകയാക്കി.

∙ നോക്കിയ ലൂമിയ 520

2013ൽ പുറത്തിറങ്ങിയ ഈ മോഡൽ വിൻഡോസ് ഫോൺ ഓപ്പറേറ്റിങ് സിസ്റ്റത്തെ ലോകപ്രസിദ്ധമാക്കി. ലൂമിയ ഫോണുകളിൽ ഏറ്റവും ജനപ്രിയമാതും ഇതുതന്നെ.

∙ എക്സ്പീരിയ സെഡ്

2013ൽ വിപണിയിലെത്തിയ ഈ ഫോൺ അക്ഷരാർഥത്തിൽ ഞെട്ടിച്ച മോഡലാണ്. ഫുൾ എച്ച്ഡി ഡിസ്പ്ലേയും വാട്ടർ, ഡസ്റ്റ് റസിസ്റ്റൻസും അവതരിപ്പിച്ച ആദ്യമോഡലുകളിലൊന്ന്. മികച്ച ക്യാമറയും.

∙ ഒപ്പോ എൻ1

സ്മാർട്ഫോൺ ക്യാമറയിൽ വിപ്ലവകരമായ പരീക്ഷണം നടത്തിയ മോഡലാണിത്. തിരിയുന്ന ക്യാമറ മൊഡ്യൂളിൽ നിന്ന് പ്രചോദനം കൊണ്ട് മറ്റു കമ്പനികൾ അനേകം പുതുമകൾ അവതരിപ്പിച്ചു.

∙ ഗ്യാലക്സി ഫോൾഡ്

കഴിഞ്ഞ ദശകത്തിലെ ഏറ്റവും വ്യത്യസ്തവും വിസ്മയകരവുമായ ഫോൺ. മടക്കാവുന്ന ഡിസ്പ്ലേയോടു കൂടിയെത്തിയ ഫോൺ വിപണിയിൽ ലഭ്യമായ ഏറ്റവും വിലകൂടി ഫോൺ കൂടിയാണ്.

∙ വൺ പ്ലസ് വൺ

ഒരു ഫോൺ എന്നതിനെക്കാൽ ഒരു സംസ്കാരമായി മാറിയ മോഡൽ. മികച്ച ഫോണുകളെ നിർണയിക്കുന്നത് ഉയർന്ന വിലയല്ല എന്ന സന്ദേശം വിപണിയിൽ അവതരിപ്പിച്ചത് 2014ൽ പുറത്തിറങ്ങിയ വൺ പ്ലസ് ആണ്.

∙ മോട്ടോ ജി

മോട്ടറോള കമ്പനിയുടെ തിരിച്ചുവരവിനു വഴിയൊരുക്കിയ മോഡൽ. ബജറ്റ് സ്മാർട്ഫോൺ വിപണിക്ക് ഉത്തേജനം പകർന്ന് 2015ൽ പുറത്തിറങ്ങിയ മോട്ടോ ജി ശ്രേണി ഇന്നും വിപണിയിൽ ശക്തമായ സാന്നിധ്യം.

∙ ഐഫോൺ 6 പ്ലസ്

ഐഫോണിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ധാരണകളും പൊളിച്ചെഴുതിക്കൊണ്ടാണ് 2016ൽ ഐഫോൺ 6 പ്ലസ് വിപണിയിലെത്തുന്നത്. വലിപ്പമുള്ള സ്ക്രീനിലേക്കുള്ള ചുവടുമാറ്റം ഈ മോഡലിനെ സർവകാല ഹിറ്റ് ആക്കി മാറ്റി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA