sections
MORE

ഫോൺ കമ്പനികൾക്ക് മോദി സർക്കാരിന്റെ 36,000 കോടി, ലക്ഷ്യം മെയ്ക്ക് ഇൻ ഇന്ത്യ

samsung-plant-modi-visit
SHARE

സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണ കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനായി മോദി സർക്കാർ അടുത്ത ബജറ്റില്‍ 36,000 കോടി രൂപയുടെ പാക്കേജ് അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രൊഡക്ഷന്‍ ലിങ്ക്ട് ഇസെന്റീവ്‌സ് എന്ന പേരിലായിരിക്കും ഈ തുക വകയിരുത്തുക. ചൈന, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നും പ്രമുഖ കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് ഉദ്ദേശമെന്ന് ചില പ്രമുഖ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. നിര്‍മ്മാണവുമായി ബന്ധപ്പെടുത്തി പ്രോത്സാഹനമെന്ന നിലയിലായിരിക്കും തുക നല്‍കുക.

എന്നാല്‍, കര്‍ക്കശമായ ചില മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് മാത്രമായിരിക്കും ഈ ഇളവ് ലഭിക്കുക. ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ നിര്‍മ്മിക്കാനും കയറ്റുമതിചെയ്യാനുമുള്ള നിര്‍മ്മാണ കേന്ദ്രം രാജ്യത്ത് സ്ഥാപിക്കുന്ന കമ്പനികള്‍ക്കു മാത്രമായിരിക്കും ഇളവുകൾ നൽകുക. രാജ്യത്തെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.

ആപ്പിള്‍, സാംസങ് തുടങ്ങിയ ടെക്‌നോളജി ഭീമന്മാരെ ആകര്‍ഷിക്കുക എന്നതായിരിക്കും പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ കമ്പനികള്‍ക്കു ഫോണ്‍ നിര്‍മ്മിച്ചു നല്‍കുന്ന ഫോക്‌സ്‌കോണ്‍ തുടങ്ങിയവർ ഇന്ത്യയില്‍ വന്‍ തോതില്‍ ഉത്പാദനം തുടങ്ങിക്കാണാന്‍ സർക്കാർ ആഗ്രഹിക്കുന്നു. ഇതു കൂടാതെ, ഇന്ത്യയില്‍ നിന്നുള്ള ലാവ പോലെയുള്ള ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കായി വേറെ പ്രോത്സാഹനങ്ങളും നല്‍കുന്നുണ്ട്. ഇവയ്ക്ക് ആഗോള തലത്തില്‍ മികവുകാട്ടാനായി ഈ തുക ഉപയോഗിക്കാം. ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം, ഇന്ററസ്റ്റ് സബ്‌വേര്‍ഷന്‍ സ്‌കീം തുടങ്ങിയവ ഇത്തരം കമ്പനികള്‍ക്ക് പ്രയോജനപ്പെടുത്താം.

രണ്ടാഴ്ച മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആപ്പിള്‍, സാംസങ്, ലാവ തുടങ്ങിയ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയെ ഒരു ഇലക്ട്രോണിക് നിര്‍മ്മാണ-കയറ്റുമതി ഹബ് ആക്കുന്ന കാര്യത്തെപ്പറ്റിയാണ് അദ്ദേഹം ചര്‍ച്ച നടത്തിയത്. ഇതിനു ശേഷം ഉദ്യോഗസ്ഥര്‍ അതിവേഗം ഉണ്ടാക്കിയെടുത്തതാണ് പുതിയ ഇന്‍സെന്റീവ്‌സ് പദ്ധതികള്‍. ഇന്ത്യയില്‍ നിന്ന് 11,000 കോടി ഡോളര്‍ മൂല്യമുള്ള സ്മാര്‍ട് ഫോണുകള്‍ 2025ഓടെ കയറ്റുമതി നടത്താനാണ് ലക്ഷ്യമിടുന്നത്.

പുതിയ സ്‌കീം ഒരുതരത്തിലുള്ള ഡ്യൂട്ടി ക്രെഡിറ്റ് സ്‌ക്രിപ് (duty credit scrip) ആയിരിക്കുമെന്നാണ് പറയുന്നത്. ഇത് ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് അത്യന്തം ഉത്സാഹം പകരുന്ന വാര്‍ത്തയാണ്. ലോകത്ത് ഏറ്റവുമധികം മുന്തിയ സ്മാര്‍ട് ഫോണുകള്‍ നിര്‍മ്മിച്ചുനല്‍കുന്ന കമ്പനിയായ ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആപ്പിള്‍ അടക്കമുള്ള കമ്പനികളുടെ ഓര്‍ഡര്‍ സ്വീകരിച്ച് ഫോണ്‍ ഉത്തരവാദിത്വത്തോടെ നിര്‍മ്മിച്ചു നല്‍കുകയാണ് അവര്‍ ചെയ്യുന്നത്. ആപ്പിള്‍, സാംസങ്, വാവെയ്, വിവോ, ഒപ്പോ എന്നീ കമ്പനികളാണ് ലോക മൊബൈല്‍ ഫോണ്‍ വിപണിയുടെ 80 ശതമാനവും കൈവശം വയ്ക്കുന്നത്. ആഗോള തലത്തില്‍ ഏകദേശം 50,000 കോടി ഡോളറിന്റെ ബിസിനസാണ് ഈ കമ്പനികള്‍ നടത്തുന്നത്. 

പ്രധാനമന്ത്രിയുടെ ഓഫിസ് രൂപം നല്‍കിയ ഒരു ഉന്നതതല കമ്മറ്റിയാണ് കമ്പനികള്‍ക്കു നല്‍കേണ്ട പ്രോത്സാഹന തുകയും മറ്റും നിശ്ചയിക്കുന്നത്. നീതി ആയോഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അമിതാഭ് കാന്ത് ആണ് ഈ കമ്മറ്റിയുടെ തലവന്‍. കമ്പനികള്‍ക്ക് 5 മുതല്‍ 7 ശതമാനം വരെ ഇന്‍സെന്റീവ് ലഭിച്ചേക്കും. പിഎല്‍ഐ സ്‌കീമില്‍ ഒരു കമ്പനി എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു, എത്ര തുക മുതല്‍മുടക്കുന്നു, ഫോണിന്റെ ശരാശരി വില്‍പനാ മൂല്യം തുടങ്ങിയ കാര്യങ്ങളും പരിഗണിച്ച ശേഷമായിരിക്കും പ്രോത്സാഹനം നല്‍കുക. എന്നാല്‍, ഈ സ്‌കീമിലേക്ക് കുറച്ചു കമ്പനികള്‍ വരുന്നതാണ് നല്ലതെന്നാണ് സ്മാര്‍ട് ഫോണ്‍ വ്യവസായവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. അത് നിയമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാതിരിക്കുമെന്നാണ് അവര്‍ വാദിക്കുന്നത്.

എന്നാല്‍, ഇന്ത്യ 5-7 ശതമാനം ഇന്‍സെന്റീവ് നല്‍കുന്നിടത്ത് വിയറ്റ്‌നാം ഇപ്പോള്‍ നല്‍കുന്നത് 10-12 ശതമാനമാണെന്നും അതിനാല്‍ ഇന്ത്യയ്ക്ക് അവരോട് മത്സരിക്കാനാവില്ലെന്ന് പറയുന്നവരും ഉണ്ട്. ചൈനയുടെ കാര്യം പറയുകയും വേണ്ട. അവര്‍ നല്‍കുന്നത് 19-23 ശതമാനം ഇന്‍സെന്റീവാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍, ഈ പ്രശ്‌നങ്ങള്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചേക്കില്ലെന്നാണ് ഇന്ത്യന്‍ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ പറയുന്നത്. ഈ അസോസിയേഷനില്‍ ആപ്പിള്‍, ഫോക്‌സ്‌കോണ്‍, ഷഓമി, ഫ്‌ളക്‌സ്‌ട്രോണിക്‌സ് തുടങ്ങിയ കമ്പനികള്‍ അംഗങ്ങളാണ്. പല കാര്യങ്ങളും വിവിധ സംസ്ഥാന സർക്കാരുകളുമായാണ് ചര്‍ച്ച ചെയ്യേണ്ടത് എന്നാണ് അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, പുതിയ പോളിസ് വേള്‍ഡ് ട്രെയ്ഡ് ഓര്‍ഗനൈസേഷന്റെ നിബന്ധനകള്‍ പാലിക്കുന്നതായിരിക്കണം എന്നതില്‍ അവര്‍ വിട്ടുവീഴ്ച നല്‍കിയേക്കില്ല. കൂടാതെ, ഇന്ത്യ നല്‍കാമെന്നു പറയുന്ന പ്രോത്സാഹനത്തുക കയറ്റുമതിയുമായി നേരിട്ടു ബന്ധിപ്പിക്കുന്നതിനോടും കമ്പനികള്‍ക്ക് താത്പര്യമുണ്ടായേക്കില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA