sections
MORE

ഉപയോഗിച്ച ഫോണുകളുടെ കയറ്റുമതി കൂടി; പഴയ ഫോൺ വാങ്ങുമ്പോൾ അറിഞ്ഞിരിക്കാൻ 5 കാര്യങ്ങൾ

old-phone
SHARE

ഉപയോഗിച്ച സ്മാർട് ഫോണുകളുടെ ആഗോള കയറ്റുമതി 2019 ൽ മൊത്തം 206.7 ദശലക്ഷം യൂണിറ്റിലെത്തി. 2018 ൽ കയറ്റി അയച്ച 175.8 ദശലക്ഷം യൂണിറ്റിനേക്കാൾ 17.6 ശതമാനം വർധനയാണ് ഇത് കാണിക്കുന്നത്. ഇന്റർനാഷണൽ ഡേറ്റാ കോർപ്പറേഷൻ (IDC) ആണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്.

ഉപയോഗിച്ച സ്മാർട് ഫോൺ കയറ്റുമതി 2023 ൽ 332.9 ദശലക്ഷം യൂണിറ്റിലെത്തുമെന്നും പ്രവചനമുണ്ട്. 2018 മുതൽ 2023 വരെ 13.6 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കാണ് (സിഎജിആർ) ഇത് കാണിക്കുന്നത്. പുതിയ സ്മാർട് ഫോൺ വിപണിയിലെ സമീപകാല തകർച്ചയ്‌ക്കും അടുത്ത കുറച്ച് വർഷങ്ങളിൽ പുതിയ ഫോണുകളുടെ കയറ്റുമതിയിൽ ഇടിവിനും ഇത് കാരണമാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പുതുക്കിയതും ഉപയോഗിച്ചതുമായ ഹാൻഡ്സെറ്റുകൾ വിപണിയിൽ സജീവമാണ്. ഉപയോക്താക്കൾക്കും ബിസിനസുകൾക്കും ഏറെ പ്രിയപ്പെട്ടതാണ് ഉപയോഗിച്ച ഫോൺ വിപണി. പുതിയ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗണ്യമായ ലാഭം വാഗ്ദാനം ചെയ്യുന്നതാണ് ഉപയോഗിച്ച സ്മാർട് ഫോണുകളുടെ ആവശ്യക്കാർ ഉയരുന്നതിനുള്ള പ്രധാന കാരണം. അതേസമയം, 5ജി നെറ്റ്‌വർക്കുകളും സ്മാർട് ഫോണുകളും വരുന്നതോടെ ഉപയോഗിച്ച ഫോണുകളുടെ വിപണി താഴോട്ട് പോകുമെന്നാണ് ഐഡിസി പ്രതീക്ഷിക്കുന്നത്.

സെക്കന്‍ഡ് ഹാൻഡ് ഫോണുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

അത്യാവശ്യം ഫീച്ചേഴ്സുള്ള ഒരു സ്മാര്‍ട് ഫോണ്‍ സ്വന്തമാക്കാൻ ഇക്കാലത്ത് ആരാണ് ആഗ്രഹിക്കാത്തത്. എന്നാല്‍ വിലയുടെ വലുപ്പത്തില്‍ തട്ടി ആ ആഗ്രഹങ്ങള്‍ ഒതുക്കി വയ്ക്കുന്നവര്‍ക്ക് അനുഗ്രഹമാണ് യൂസ്ഡ് സ്മാര്‍ട് ഫോണ്‍ വിപണി. ഇന്ത്യയിലെ വിവിധ ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റുകളില്‍ ഉപയോഗിച്ച സ്മാര്‍ട് ഫോണുകളുടെ വിപണി സജീവമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

സ്മാര്‍ട് ഫോണുകളിലെ സാങ്കേതിക വിദ്യയും സൗകര്യങ്ങളും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരു വ്യക്തി ഫോണ്‍ മാറ്റുന്നത് ഉപയോഗത്തിലിരിക്കുന്ന ഫോണ്‍ ഉപയോഗശൂന്യമായി മാറുന്നതിനാലല്ല എന്നതാണ് രസകരമായ വസ്തുത. ഫോണ്‍ വാങ്ങി മൂന്നോ നാലോ മാസം ഉപയോഗിച്ച ശേഷം പുത്തന്‍ ഫോണ്‍ വാങ്ങുന്ന പലരും നമുക്ക് ചുറ്റുമുണ്ടാകും. ഇത്തരത്തില്‍ ഒരിക്കല്‍ ഉപയോഗിച്ച ഫോണുകള്‍ക്ക് ആവശ്യക്കാരേറെയുണ്ട് താനും. ഇത്തരത്തില്‍ ഉപയോഗിച്ച ഫോണ്‍ വാങ്ങുമ്പോള്‍ നാം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്.

∙ ബില്‍, ബോക്സ് എന്നിവ പരിശോധിക്കുക

വാങ്ങുന്ന ഫോണ്‍ ഒരു മോഷണ മുതല്‍ അല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. ആയതിനാല്‍ ബില്‍, പാക്ക് ചെയ്തു വരുന്ന ബോക്സ് എന്നിവ പരിശോധിക്കുക. ബോക്സിലും ബില്ലിലും വാറന്റി കാര്‍ഡിലും രേഖപ്പെടുത്തിയിരിക്കുന്ന ഐഎംഇഐ നമ്പരുകള്‍ ഫോണിലെ നമ്പരുകളുമായി താരതമ്യം ചെയ്ത് നോക്കുക. ഇരട്ട സിം ഫോണുകള്‍ക്ക് രണ്ട് ഐഎംഇഐ നമ്പറുകള്‍ ഉണ്ടാകും. # 06 # അമര്‍ത്തിയാല്‍ ഈ നമ്പര്‍ പരിശോധിക്കാന്‍ കഴിയും. ഫോണ്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലും ഈ നമ്പര്‍ ഉപകാരപ്പെടും. ഫോണിനൊപ്പം ഒറിജിനല്‍ അക്സസറികള്‍, ചാര്‍ജര്‍, ഹെഡ്സെറ്റ് എന്നിവ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. അഥവാ അക്സസറികള്‍ ലഭ്യമല്ലെങ്കില്‍ വിലക്കുറവ് ആവശ്യപ്പെടുകയുമാകാം. ഫോണ്‍ നിങ്ങള്‍ക്ക് നല്‍കുന്ന ആളുടെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി ബില്ലിനൊപ്പം വാങ്ങി വയ്ക്കുന്നതും സുരക്ഷിതമായ ഇടപാടിന് അത്യാവശ്യമാണ്.

∙ റാം ശേഷി നോക്കുക

ഇനിയുള്ള നാളുകളില്‍ ഫോണ്‍ വാങ്ങുമ്പോള്‍ റാമിന്റെ ശേഷി പ്രധാന ഘടകമാണ്. 10,000 രൂപയില്‍ താഴെ പുതിയ 2 ജിബി ഫോണുകള്‍ ലഭ്യമായിരിക്കുന്ന ഈ സമയത്ത് പരമാവധി 1 ജിബി വരെ റാമുള്ള ഫോണുകള്‍ 5000 രൂപയില്‍ താഴെ സെക്കന്റ് ഹാന്റ് മാര്‍ക്കറ്റില്‍ ലഭ്യമാണ്. 1 ജിബിയില്‍ കുറഞ്ഞ സ്പെസിഫിക്കേഷനിലുള്ള യൂസ്ഡ് ഫോണ്‍ വാങ്ങാതിരിക്കുന്നതാകും ഉചിതം.

∙ പ്രോസസര്‍ പരിശോധിക്കുക

നിങ്ങള്‍ വാങ്ങുന്ന ഫോണുകളുടെ പ്രോസസര്‍ ഏത് കമ്പനിയുടേതാണ് പരിശോധിക്കേണ്ടതുണ്ട്. ഒരു വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള മീഡിയ ടെക് പ്രോസസറുകള്‍ അത്ര നല്ല പ്രകടനമല്ല കാഴ്ചവയ്ക്കുന്നത്. ക്വാള്‍കോം സ്നാപ് ഡ്രാഗണ്‍ പ്രോസസറുകളുള്ള ഫോണ്‍ വാങ്ങുന്നതാകും മെച്ചം. ഇന്റല്‍ പ്രോസസറുള്ള മോഡലുകളും ഇപ്പോള്‍ യൂസ്‌ഡ് ഫോണ്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇവയുടെ കുറഞ്ഞ ബാറ്ററി ബാക്കപ്പ് പ്രധാന പോരായ്മയാണ്.

∙ വാറന്റി പരിശോധിക്കുക

ഫോണിന്റെ വാറണ്ടി പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. സ്മാര്‍ട് ഫോണ്‍ റൂട്ട് ചെയ്ത് പുതിയ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ വാറണ്ടി നഷ്ടമാകും. അതോടൊപ്പം അംഗീകൃത ഓണ്‍ലൈന്‍ വില്‍പനക്കാരില്‍ നിന്നും വാങ്ങാത്ത ഫോണുകള്‍ക്കും വാറണ്ടി ലഭിക്കാനുള്ള സാധ്യത കുറവാണ്. വാറണ്ടി ഇനിയും ബാക്കിയുള്ള ഫോണ്‍ വാങ്ങാന്‍ ശ്രമിക്കുന്നതാകും ഉചിതം. വാറണ്ടി സമയം കഴിഞ്ഞ ഫോണാണ് നിങ്ങള്‍ വലിയ വില നല്‍കി വാങ്ങുന്നതെങ്കില്‍ പിന്നീട് ദുഃഖിക്കേണ്ടിവരും. ഫോണിന്റെ ഹാര്‍ഡ്‌വെയര്‍ പരിശോധിച്ച് സ്ക്രൂവിനു മുകളിലുള്ള വാറണ്ടി സീല്‍ ഉണ്ടെന്നുള്ളതും ഉറപ്പു വരുത്തണം.

∙ ഫോണിന്റെ കണക്ടിവിറ്റി, ചാര്‍ജിങ് സംവിധാനം പരിശോധിക്കണം ‌

വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഫോണ്‍ ഡെസ്ക്ടോപ് പിസിയുമായോ ലാപ്ടോപ്പുമായോ കണക്ട് ചെയ്ത് ഡാറ്റാ ട്രാന്‍സ്ഫര്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. വിവിധ ഫ്രീക്ക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന സിമ്മുകള്‍ ഉപയോഗിച്ച് (ഉദാഹരം : എയര്‍ടെല്‍, ഐഡിയ എന്നിവ രണ്ടു വ്യത്യസ്ഥ ഫ്രീക്വന്‍സികളില്‍ പ്രവര്‍ത്തിക്കുന്ന സിമ്മുകളാണ്) ഫോണ്‍ നെറ്റ്‌വര്‍ക്ക് മാനുവല്‍ മോഡില്‍ സേര്‍ച്ച്‌ ചെയ്ത് തകരാറില്ലെന്നു ഉറപ്പുവരുത്തുക. കോള്‍ ചെയ്ത് സ്പീക്കര്‍ വോള്യം, വ്യക്തത എന്നിവ പരിശോധിക്കുക, വിവിധ സെന്‍സറുകൾ‍, ജിപിഎസ്, വൈഫൈ, 4ജി എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങളും പരിശോധിച്ച് നോക്കണം. ഡിസ്പ്ലേയില്‍ സ്പോട്ടുകളോ ഏതെങ്കിലും ഭാഗത്ത് ഉയര്‍ന്ന ബ്രൈറ്റ്നസ്, കുറഞ്ഞ ബ്രൈറ്റ്നസ് എന്നിവ പരിശോധിക്കുന്നതിനോപ്പം നിശ്ചിത സമയം ഫോണ്‍ ചാര്‍ജ് ചെയ്ത് ചാര്‍ജിങ് ക്ഷമതയും മനസ്സിലാക്കാവുന്നതാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഫോണ്‍ റീഡ് ചെയ്യുന്നുണ്ടോ എന്നതും പരിശോധിക്കണം. ഫോണ്‍ വില്‍ക്കുമ്പോഴോ വാങ്ങുമ്പോഴോ വ്യക്തി വിവരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി മൈക്രോ എസ്ഡി കാര്‍ഡ് ഊരി മാറ്റിയും, ഫാക്റ്ററി സെറ്റിങ്ങ്സിലേക്ക് ഫോണ്‍ റീസെറ്റ് ചെയ്തത്തിനു ശേഷവും മാത്രം ഫോണ്‍ കൈമാറ്റം നടത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA