ADVERTISEMENT

ഐഫോണുകള്‍ക്ക് ആപ്പിള്‍ ഇപ്പോഴും ഉപയോഗിക്കുന്നത് അവരുടെ ലൈറ്റ്‌നിങ് പോര്‍ട്ടാണ്. ചാര്‍ജിങ്ങിനും ഡേറ്റാ കൊടുക്കല്‍-സ്വീകരിക്കലിനും ഈ പോര്‍ട്ടാണ് ആപ്പിളിന്റെ ഫോണുകള്‍ ഉപയോഗിക്കുന്നത്. കമ്പനി ഉടനടി ലൈറ്റ്‌നിങ് പോര്‍ട്ടിനേക്കാള്‍ ശക്തമായ യുഎസ്ബി ടൈപ്-സി പോര്‍ട്ട് ഉപയോഗിച്ചു തുടങ്ങുമെന്ന വാര്‍ത്ത കേട്ടുവരികയായിരുന്നു. എന്നാല്‍, സിഎന്‍ബിസി ചാനല്‍ പറയുന്നത് 2021ലെ ഐഫോണുകള്‍ക്ക് (ഐഫോണ്‍ 13) 'ചാര്‍ജിങ് പോര്‍ട്ട്' ഉണ്ടാകുകയേ ഇല്ലെന്നാണ്. ഈ വര്‍ഷത്തെ മോഡലുകള്‍ക്ക് യുഎസ്ബി-സി ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. 

 

എന്തായാലും, 2021ലെ ഏറ്റവും മികച്ച മോഡലുകളില്‍ (പ്രോ) ചാര്‍ജിങ് കണക്ടര്‍ പോര്‍ട്ട് ഉണ്ടാവില്ലെന്നാണ് പുതിയ അഭ്യൂഹം-ലൈറ്റ്‌നിങ് പോര്‍ട്ട് വയര്‍ലെസ് ചാര്‍ജിങിന് വഴിമാറുമെന്നാണ് പ്രവചനം. ആപ്പിള്‍ കമ്പനിയുമായി ബന്ധപ്പെട്ട പ്രവചനങ്ങള്‍ നടത്തുന്ന കാര്യത്തില്‍ വളരെയധികം കൃത്യത അവകാശപ്പെടുന്ന മിങ്-ചി കുവോയെ ഉദ്ധരിച്ചാണ് സിഎന്‍ബിസിയുടെ റിപ്പോര്‍ട്ട്. ഇത് തങ്ങളുടെ എതിരാളികളെക്കാള്‍ മുൻപിലെത്താന്‍ കമ്പനിയെ സഹായിക്കുമെന്നതും ഇതോടൊപ്പം ഐഫോണ്‍ പ്രേമികളുടെ കയ്യില്‍ നിന്ന് കൂടുതല്‍ കാശുവാങ്ങാമെന്നതും കമ്പനിയെ ആ വഴിക്കുനീങ്ങാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് നിരീക്ഷണം. എന്നാല്‍, എല്ലാ മോഡലുകളിലും ഇതു കാണില്ല. കൂടുതല്‍ കാശുമുടക്കി ഐഫോണ്‍ വാങ്ങിയവരെ തിരിച്ചറിയാനും ഈ നിക്കത്തിലൂടെ സാധിക്കും.

 

ആദ്യ കമ്പനി ആപ്പിളായിരിക്കണമെന്നില്ല

 

ചൈനീസ് കമ്പനികളായ വിവോയും മെയ്‌സുവും എല്ലാ പോര്‍ട്ടുകളും സൈഡ് ബട്ടണുകളും ഒഴിവാക്കി ഫോണ്‍ നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങി. ഭാവിയിലെ ഫോണ്‍ തള്ളിയിരിക്കുന്ന ബട്ടണുകളോ, പോര്‍ട്ടുകള്‍ക്കുള്ള തുളകളോ ഇല്ലാത്ത ഒരു കഷണം ഗ്ലാസ് പോലെ തോന്നിക്കുന്നതായിരിക്കാം. വിവോ അപെക്‌സ് 2019 കണ്‍സെപ്റ്റ് ഫോണ്‍ ഇക്കാര്യമാണ് കാണിച്ചു തരുന്നത്. ഈ ഫോണില്‍ യുഎസ്ബി ടൈപ്-സി പോര്‍ട്ടിനു പകരം മാഗ്നെറ്റിക് വയര്‍ലെസ് കണക്ടറാണ് ചാര്‍ജിങ്ങിനായി ഉപയോഗിക്കുക. ഡേറ്റാ ട്രാന്‍സ്ഫര്‍ ചെയ്യാനും ഇതു തന്നെ ആയിരിക്കും ഉപയോഗിക്കുക.

 

ഇതെങ്ങനെ ഓണ്‍ ചെയ്യും?

 

ഇതു കൂടാതെ വിവോ സൈഡ് ബട്ടണുകളെയും നീക്കം ചെയ്തു. പവര്‍ ബട്ടണ്‍, വോളിയം ബട്ടണ്‍ തുടങ്ങിയവയുടെ സ്ഥലത്ത് അടയാളങ്ങള്‍ നല്‍കിയിരിക്കുകയാണ്. ഈ ഭാഗങ്ങള്‍ക്ക് ശക്തമായ സ്പര്‍ശം തിരിച്ചറിയാനുള്ള ശേഷിയുണ്ടായിരിക്കും. ഡിസ്‌പ്ലെയുടെ ഒരു വശത്തായി ഇട്ടിരിക്കുന്ന കുത്തുകളില്‍ അമര്‍ത്തിയാണ് ഫോണ്‍ ഓഫ്, ഓണ്‍ ചെയ്യുന്നത്. എന്നാല്‍, ഇതിന്റെ പ്രായോഗികത കമ്പനിയുടെ എൻജിനീയര്‍മാര്‍ പരിശോധിച്ചു വരുന്നതേയുള്ളു. ഇപ്പോഴും ഇതൊരു സങ്കല്‍പ്പം മാത്രമാണ്.

 

മെയ്‌സു കമ്പനി തങ്ങളുടെ 'സീറോ' എന്ന മോഡലും പരിചയപ്പെടുത്തിയിരുന്നു. ഈ മോഡലിനും ബട്ടണുകളും പോര്‍ട്ടുകളും ഇല്ല. ഈ ഫോണില്‍ സിം കാര്‍ഡ് സ്ലോട്ടും ഇല്ല. ഇ-സിം തന്നെ ഉപയോഗിക്കേണ്ടിവരും. ഭാവിയിലെ ഫോണുകള്‍ക്ക് ഇസിം തന്നെയായിരിക്കും കാണുക എന്നും കരുതുന്നു. സ്പര്‍ശിച്ചാല്‍ അറിയാവുന്ന ഹാപ്റ്റിക് ഫീഡ്ബാക്കുള്ള സിസ്റ്റമായിരിക്കും സീറോ ഫോണിന്. സൈഡിലായി വോളിയം കൂട്ടാനും കുറയ്ക്കാനുമുള്ള വെര്‍ച്വല്‍ ബട്ടണുകളും ഉണ്ടാകും.

 

തങ്ങളുടെ ഫോണ്‍ ഒരു സെറാമിക് കഷണം പോലെ തോന്നിക്കുമെന്നും പിന്നിലെ ക്യാമറാ സിസ്റ്റം മാത്രമായിരിക്കും ഫോണിന്റെ ബോഡയില്‍ അല്‍പ്പം തള്ളിയിരിക്കുന്ന പ്രദേശമെന്നും മെയ്‌സു പറയുന്നു. എന്നാല്‍ ഈ ഫോണിന് മൈക്രോഫോണിനായി പിന്നില്‍ ദ്വാരങ്ങളിട്ടിട്ടുണ്ട്. ഈ ഫോണും കണ്‍സെപ്റ്റ് ഫോണാണ്. പുറത്തിറങ്ങുമോ എന്നു തീര്‍ച്ചയില്ല.

 

ഇതൊക്കെ കോണ്ട് ഉപയോക്താവിന്റെ കാശുപോകും എന്നതല്ലാതെ എന്താണു ഉപകാരം? പോര്‍ട്ടുകള്‍ ഇല്ലാതാകുമ്പോള്‍ വെള്ളത്തിനു കയറാനുള്ള പഴുതുകള്‍ ഇല്ലാതാകുന്നതോടെ വാട്ടര്‍ റെസിസ്റ്റന്‍സ് വര്‍ധിക്കുമെന്നതാണ് ഒരു ഗുണം. പിന്നെ ആദ്യ കാലത്ത് ഇത്തരം ഫോണുകള്‍ വളരെയധികം ശ്രദ്ധയാകര്‍ഷിക്കും. എന്നാല്‍, ഇവ ഉപയോഗിക്കാന്‍ ചാര്‍ജിങ് പാഡുകളും മറ്റ് അക്‌സസറികളും വേണ്ടവരുമെന്നത് ഒരു അധികച്ചെലവുമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com