ADVERTISEMENT

കാശു കുറഞ്ഞവര്‍ക്കും ഐഫോണ്‍ താൽപര്യം സഫലീകരിക്കാനായേക്കുമെന്നാണ് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത്. ഓരോ വര്‍ഷവും ഇറക്കുന്ന പ്രീമിയം മോഡല്‍ ഐഫോണുകളുടെ തുടക്ക വില 60,000 രൂപയ്ക്കു മുകളിലായതിനാല്‍ പല ഉപയോകത്താക്കളും ആ വഴിക്കു ചിന്തിക്കുന്നേയില്ല. എന്നാല്‍, അത്തരക്കാരെയും തങ്ങളുടെ ഉപകരണ ശ്രേണിയിലേക്ക് അടുപ്പിക്കാനാണ് കമ്പനി ഇപ്പോള്‍ ശ്രമിക്കുന്നത്. വര്‍ഷത്തില്‍ രണ്ടാമതൊരിക്കല്‍ കൂടി ഐഫോണുകള്‍ റിലീസ് ചെയ്യുക എന്നതാണ് ഇനി കമ്പനി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം 2 മോഡലുകള്‍ ഇറക്കിയേക്കുമെന്നു പറയുന്നു. ഒരു മോഡലിനെക്കുറിച്ച് നേരത്തെ കേട്ടിരുന്നു. ഇതിന് ഐഫോണ്‍ 8ന്റെ ബോഡിയും ഏറ്റവും പുതിയ ഐഫോണ്‍ 11 ഉള്ള പ്രോസസറായ എ13 ബയോണിക്കും ആയിരിക്കും ഉണ്ടായിരിക്കുക എന്നാണ് ഊഹാപോഹങ്ങള്‍ പറയുന്നത്. അതായത് 4.7-ഇഞ്ച് വലുപ്പമുള്ള എല്‍സിഡി സ്‌ക്രീനുള്ള ഒരു ഫോണ്‍.

 

ഇതു കൂടാതെ 6.1-ഇഞ്ച് വലുപ്പമുള്ള മറ്റൊരു ഫോണും ഇറക്കിയേക്കാമെന്നും പറയുന്നു. ഈ ഫോണുകളെ ഐഫോണ്‍ 9, 9 പ്ലസ് എന്ന പേരുകളിട്ടു വിളിച്ചേക്കാമെന്ന് വാദിക്കുന്നവരും ഉണ്ട്. സ്‌ക്രീന്‍ ഉണ്ടാക്കി നല്‍കുന്ന കമ്പനികളുടെ വെളിപ്പെടുത്തലാണ് ഈ അഭ്യൂഹത്തിന് ബലം നല്‍കുന്നത്. രണ്ടു വലുപ്പത്തിലുള്ള ഡ്‌സ്‌പ്ലേകള്‍ ആപ്പിള്‍ ആവശ്യപ്പെട്ടു എന്നാണ് അവര്‍ പറയുന്നത്.

 

എന്നാല്‍, ഡിജിടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം എസ്ഇ മോഡലുകള്‍ ഈ വര്‍ഷം ഇറങ്ങണമെന്ന് നിര്‍ബന്ധമില്ല. കൂടാതെ, 5.5-ഇഞ്ച്, 6.1-ഇഞ്ച് എന്നീ സ്ക്രീൻ വലുപ്പമുളള ഫോണുകളായിരിക്കും ആപ്പിള്‍ ഇറക്കുക എന്നും അവര്‍ പറയുന്നു. അവ 2020 അവസാനമോ, 2021 ആദ്യമോ ആയിരിക്കാം എസ്ഇ മോഡലുകള്‍ വിപണിയിലെത്തുക എന്നുമാണ് അവരുടെ നിഗമനം. പുതിയ സീരീസിന്റെ തുടക്ക വില 399 ഡോളറായിരിക്കുമെന്നു പറയുന്നു. ഏകദേശം 29.000 രൂപയ്ക്ക് പുതിയ ഐഫോണ്‍ ‌സ്വന്തമാക്കാവുന്ന കാലമായിരിക്കാം വരുന്നത്.

 

എ14 ചിപ്പിന്റെ നിര്‍മ്മാണം ഉടന്‍ തുടങ്ങും

 

ഈ വര്‍ഷത്തെ മുഖ്യ ഐഫോണ്‍ മോഡലുകളായ ഐഫോണ്‍ 12 സീരിസില്‍ ഉപയോഗിക്കാനുള്ള എ14 ബയോണിക് ചിപ്പ് നിര്‍മ്മിക്കാനുള്ള കരാര്‍ ആപ്പിളിന്റെ ചിപ് നിര്‍മ്മാതാവായ തയ്‌വാന്‍ സെമികണ്‍ഡക്ടര്‍ മാനുഫാക്ചറിങ് കമ്പനി (ടിഎസ്എംസി) കരസ്ഥമാക്കിയതായി വാര്‍ത്തകള്‍ പറയുന്നു. ചിപ്നിര്‍മ്മാണം ഉടന്‍ തുടങ്ങും. പുതിയ 5 നാനോമീറ്റര്‍ പ്രൊഡക്ഷന്‍ പ്രോസസിലൂടെയായിരിക്കും പുതിയ ചിപ്പുകള്‍ നിര്‍മ്മിക്കുക. നിലവിലുള്ള മോഡലുകള്‍ക്ക് 7 നാനോമീറ്റര്‍ ഫാബ്രിക്കേഷന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. 5ജി സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ചായിരിക്കാം ഫോണ്‍ ഇറങ്ങുക എന്നതിനാല്‍ ഐഫോണുകളുടെ നിര്‍മ്മാണച്ചെലവ് 30 മുതല്‍ 100 ഡോളര്‍ വരെ വര്‍ധിച്ചേക്കുമെന്നും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com