ADVERTISEMENT

കഴിഞ്ഞ വര്‍ഷം ഐഫോണിന്റെ വില്‍പ്പനയില്‍ നേരിട്ട ഇടിവ് ആപ്പിള്‍ കമ്പനി മേധാവി ടിം കുക്കിന്റെ വാര്‍ഷിക വരുമാനം കുറയ്ക്കുന്നതിനു പോലും ഇടിവരുത്തിയിരുന്നു. എന്നാല്‍, 2020 ലെ ആദ്യ പാദത്തിലെ വരുമാനം കമ്പനിക്ക് ആഹ്ലാദം പകരുന്ന ഒന്നാണ് 91.8 ബില്ല്യന്‍ ഡോളര്‍. ഇതാകട്ടെ, മുന്‍വര്‍ഷത്തെ ഇതേ പാദത്തെക്കാള്‍ 9 ശതമാനം വര്‍ധനയാണ് കാണിച്ചിരിക്കുന്നത്. ഇതൊരു സർവകാല റെക്കോഡാണ് എന്നാണ് കുക്ക് പറഞ്ഞത്. ഇതിലെ 61 ശതമാനവും രജ്യാന്തര വിപണിയില്‍ നിന്നാണ് വന്നിരിക്കുന്നത്.

 

ഈ സർവകാല റെക്കോഡിനു പിന്നില്‍ ഐഫോണ്‍ 11, 11 പ്രോ എന്നീ മോഡലുകളുടെ വിജയമാണെന്നും കുക്ക് അറിയിച്ചു. ആപ്പിള്‍ സേവനങ്ങള്‍, വെയറബിൾസ് എന്നിവയും മികച്ച പ്രകടനം രേഖപ്പെടുത്തിയതായും കുക്ക് വെളിപ്പെടുത്തി. ക്രിസ്മസ് ഹോളിഡേ വില്‍പ്പനയില്‍ ആപ്പിള്‍ ഉപകരണങ്ങളുടെ വില്‍പ്പന തകൃതിയായി നടക്കുകയായിരുന്നു. ഐഫോണ്‍ വില്‍പ്പനയില്‍ റെക്കോഡിട്ടിരിക്കുകയാണ് കമ്പനി. ഇക്കാലയളവില്‍ 5600 കോടി ഡോളറിനുള്ള ഫോണുകളാണ് വിറ്റിരിക്കുന്നത്. ഐഫോണ്‍ 11, 11 പ്രോ, 11 പ്രോ മാക്‌സ് മോഡലുകള്‍ക്കെല്ലാം ധാരാളം ആവശ്യക്കാര്‍ ഉണ്ടായിരുന്നുവെന്നും കുക്ക് പറഞ്ഞു. 

 

എന്നാല്‍, ഐഫോണ്‍ 11 ആയിരുന്നു താരം. ഡിസംബറിലെ എല്ലാ ആഴ്ചയും ഈ മോഡലായിരുന്നു ഏറ്റവുമധികം വിറ്റിരുന്ന ഐഫോണ്‍. പല വിപണികളിലും തങ്ങള്‍ക്ക് ഇരട്ടയക്ക വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും കുക്ക് പറഞ്ഞു. അമേരിക്ക, യുകെ, ഫ്രാന്‍സ്, സിങ്കപ്പൂര്‍, ബ്രസില്‍, ചൈന, ഇന്ത്യ, തായ്‌ലൻഡ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഐഫോണ്‍ വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തിയെന്നും കുക്ക് പറഞ്ഞു.

 

അവതരണ സമയത്തു തന്നെ ഐഫോണ്‍ 11 മോഡലിന്, ഐഫോണ്‍ XSനെക്കാള്‍ വിലക്കുറവിലാണ് വിറ്റിരുന്നത് എന്നതാണ് ആളുകള്‍ക്ക് ആകര്‍ഷകമായതെന്ന് കരുതുന്നു. ഇന്ത്യയിലെ വില്‍പ്പന എത്രയായിരുന്നുവെന്ന് ആപ്പിള്‍ വെളിപ്പെടുത്തിയില്ല.  ഇന്ത്യയിൽ 2019 ല്‍ 6 ശതമാനം വര്‍ധന കാണിച്ചുവെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്. 2018ല്‍ ഇതേ കാലയളവില്‍ 43 ശതമാനം തകര്‍ച്ചയാണ് ഉണ്ടായത്. ഐഫോണ്‍ XR വില കുറച്ചു വില്‍ക്കുന്നതും ആപ്പിളിനു നേട്ടമുണ്ടാക്കിയെന്നു പറയുന്നു. ഐപാഡുകള്‍ക്കും ഇന്ത്യയില്‍ പ്രീയമേറുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റൊരു ശ്രദ്ധേയമായ നേട്ടത്തിന്റെ കഥയും ആപ്പിളിനു പറയാനുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം ചൈനയിലും കമ്പനിക്ക് വന്‍ നേട്ടമുണ്ടാക്കാനായിരിക്കുന്നു. ഐഫോണുകള്‍ക്ക് ഇരട്ടയക്ക വളര്‍ച്ച ചൈനയിലും നേടി.

 

ആപ്പിളും കൊറോണ വൈറസ് ഭീതിയില്‍

 

ഐഫോണ്‍ വില്‍പ്പനയുടെ കണക്കുകള്‍ ആപ്പിള്‍ പ്രേമികള്‍ക്ക് ആഹ്ലാദമുണ്ടാക്കുന്നുവെങ്കിലും ചൈനയില്‍ കൊറോണവൈറസ് പടരുന്നത് കമ്പനിക്ക് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആപ്പിളിന്റെ ഏറ്റവും വലിയ നിര്‍മ്മാണശാലയാണ് ചൈന എന്നതും അവിടുത്ത ആളുകള്‍ക്ക് ആപ്പിള്‍ ഉപകരണങ്ങളോടുള്ള പ്രീയവും കമ്പനിയെ വിഷമത്തിലാക്കുന്നു. തങ്ങള്‍ക്ക് വേണ്ടത്ര പ്രൊഡക്ടുകള്‍ നിര്‍മ്മിച്ചെടുക്കാനാകുമോ എന്ന പേടിയിലാണ് കമ്പനിയിപ്പോള്‍. ഈ സാഹചര്യം തങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കമ്പനി പറയുന്നു. ചൈനയിലെ തങ്ങളുടെ ഒരു വില്‍പ്പന ശാല കമ്പനി അടച്ചു കഴിഞ്ഞു. 

 

അടുത്ത പാദത്തില്‍ ആപ്പിളിനെ കാത്തിരിക്കുന്നത് ഇതിലും വലിയ വിജയമായിരിക്കുമെന്ന പ്രവചനത്തിനിടെയാണ് ഈ അപ്രതീക്ഷിത തിരിച്ചടി കമ്പനി നേരിടുന്നത്. ഐഫോണ്‍ വിതരണ ശ്രംഖലയ്ക്കു നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങള്‍ക്കു പല ബദല്‍ നടപടികളും കൈക്കൊള്ളുന്ന തിരക്കിലാണ് കമ്പനി ഇപ്പോള്‍. ഉപകരണ നിര്‍മ്മാണത്തിന്റെ കാര്യത്തിലും കമ്പനിക്ക് വന്‍ വെല്ലുവിളിയാണ് ഉള്ളത്. വുഹാന്‍ (Wuhan) പ്രദേശത്തു നിന്ന് തങ്ങള്‍ക്ക് ഐഫോണുകള്‍ക്കും മറ്റുമുള്ള ഘടകഭാഗങ്ങള്‍ നിര്‍മ്മിച്ചു തരുന്ന കമ്പനികളുണ്ടെന്ന് ആപ്പിള്‍ വെളിപ്പെടുത്തി. എന്നാല്‍, ഇവരില്‍ ഓരോരുത്തര്‍ക്കും പ്രശ്‌നം നേരിട്ടാല്‍ പകരക്കാരെയും കണ്ടുവച്ചിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.

 

കുക്കിന് 2019ല്‍ സാലറി കട്ട്

 

ആപ്പിള്‍ ഉപകരണങ്ങളുടെ വില്‍പ്പന 2019ല്‍ കുറഞ്ഞതിനാല്‍ മേധാവി കുക്കിന്റെ ശമ്പളം കുറച്ചിരുന്നു. അപ്പോള്‍ പോലും അദ്ദേഹത്തിന് 125 ദശലക്ഷം ഡോളറാണ് ലഭിച്ചത്. അദ്ദേഹത്തിന് 2018ല്‍ ലഭിച്ചത് 136 ദശലക്ഷം ഡോളറായിരുന്നു. ഏകദേശം 8 ശതമാനം കുറവാണ് അദ്ദേഹത്തിന് 2019ല്‍ ഉണ്ടായിരിക്കുന്നത്. ശമ്പളം, ബോണസ്, ഓഹരി എന്നിങ്ങനെ വിവിധ രീതിയിലാണ് അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം നിശ്ചയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com