sections
MORE

സ്മാര്‍ട് ഫോണ്‍ വിപണി: രണ്ടാം സ്ഥാനത്തു നിന്നും സാംസങ് പുറത്ത്; എവിടെ ഇന്ത്യൻ കമ്പനികൾ?

vivo
SHARE

വിപണി നിരീക്ഷകരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് സാംസങ്ങിനെ പിന്തള്ളി ചൈനീസ് കമ്പനിയായ വിവോ ഇന്ത്യയില്‍ ഏറ്റവുമധികം ഫോണ്‍ വില്‍ക്കുന്ന രണ്ടാമത്തെ കമ്പനിയായി തീര്‍ന്നിരിക്കുന്നു. ഒരു കാലത്ത് ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനി എന്ന പേരുണ്ടായിരുന്ന കമ്പനിയായിരുന്നു സാംസങ്. ഷഓമിയുടെ വരവോടെ അവര്‍ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു. എന്നാല്‍, ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അവര്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍. 

കൗണ്ടര്‍പോയിന്റ് റിസേര്‍ച് പുറത്തുവിട്ട 2019ലെ നാലാം ക്വാര്‍ട്ടറിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് 21 ശതമാനം വില്‍പ്പനയുമായി വിവോ രണ്ടാം സ്ഥാനത്ത് എത്തി. ഏകദേശം 19 ശതമാനം വില്‍പ്പനയുമായി സാംസങ് മൂന്നാം സ്ഥാനത്തുണ്ട്. എന്നാല്‍, ഒന്നാമതായി തുടരുന്ന ഷഓമിയുടെ മാര്‍ക്കറ്റ് ഷെയറിനും ഇടിവു തട്ടിയിട്ടുണ്ട്. നേരത്തെ 28 ശതമാനം വില്‍പ്പനയുള്ള അവര്‍ക്ക് ഇപ്പോള്‍ 27 ശതമാനം മാര്‍ക്കറ്റാണ് ഉള്ളത്.

അരിശംപൂണ്ട് ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ പ്രേമികള്‍

പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ പല ഇന്ത്യന്‍ ടെക്‌നോളജി പ്രേമികളും തങ്ങളുടെ അരിശം മറച്ചുവയ്ക്കുന്നില്ല. ഇന്ത്യന്‍ ബ്രാന്‍ഡുകളൊക്കെ എവിടെ എന്നാണ് അവര്‍ ചോദിക്കുന്നത്. കുറച്ചു ശ്രദ്ധിച്ചാല്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും വിജയിക്കാം. എന്നാൽ, അതിനുവേണ്ട തന്ത്രങ്ങളൊരുക്കാതെ എല്ലാം ചൈനീസ് കമ്പനികൾക്ക് വിട്ടുകൊടുക്കുന്നതിനെ കുറിച്ചാണ് പലർക്കും ആശങ്ക.

വിജയഗാഥയുമായി വിവോ

റിപ്പോര്‍ട്ട് പ്രകാരം, വിവോയുടെ വാര്‍ഷിക വളര്‍ച്ച 76 ശതമാനവും നാലാം പാദത്തിലെ മാത്രം വളര്‍ച്ച 134 ശതമാനവുമാണ്. ഇത് 2018 അവസാന പാദവുമായി താരതമ്യം ചെയ്യുമ്പോഴാണ്. ബജറ്റ് ഫോണ്‍ സെഗ്‌മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതാണ് വിവോയ്ക്ക് കൂടുതല്‍ ഫോണ്‍ വില്‍ക്കാനായത് എന്നാണ് വിലയിരുത്തല്‍. അവര്‍ നടത്തിയ മറ്റൊരു വലിയ മാറ്റവുമുണ്ട്. തങ്ങളുടെ എസ് സീരിസ് ഫോണുകള്‍ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും വില്‍പ്പനയ്ക്കു വച്ചതോടെ അവരുടെ ഭാഗ്യം തെളിയുകയായിരുന്നു. ഇതോടെ 15,000-20,000 രൂപയ്ക്കുള്ള ഫോണ്‍ മോഡലുകള്‍ക്കിടയില്‍ വിവോയ്ക്ക് പ്രിയമേറുകയായിരുന്നു.

അടുത്തത് എന്ത്?

കമ്പനി തങ്ങളുടെ നീക്കങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഓണ്‍ലൈന്‍ അഭ്യൂഹങ്ങള്‍ പ്രകാരം വിവോ അധികം താമസിയാതെ ഒരു 5ജി ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ചൈനാ കംപള്‍സറി സര്‍ട്ടിഫിക്കറ്റിനായി എത്തിയപ്പോഴാണ് പുറത്തായതെന്നു പറയുന്നു. 55 വോട്ട് ചാര്‍ജറും ഇതിനൊപ്പം നല്‍കുമെന്നു മാത്രമാണ് ഇതേപ്പറ്റി കൂടുതലായി അറിയാവുന്നത്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതായിരിക്കാം എന്‍ഇഎക്‌സ്3.

വണ്‍പ്ലസിനെ നേരിടാന്‍ വിവോ ഐക്കൂ

ഇന്ന് സബ് ബ്രാന്‍ഡുകളുടെ കളിയാണ്. വിവോ തങ്ങളുടെ സബ് ബ്രാന്‍ഡായ ഐക്കൂ (iQoo ഉച്ചാരണം ഐക്യൂ എന്നും ആകാം) താമസിയാതെ വിപണിയിലെത്തിക്കാനുള്ള തിരിക്കിലാണ്. ചൈനയില്‍ ഇത് കമ്പനിയുടെ സബ് ബ്രാന്‍ഡ് ആയി അറിയപ്പെടുമെങ്കിലും ഇന്ത്യയില്‍ ഇത് സ്വതന്ത്ര ബ്രാന്‍ഡ് ആയിരിക്കുമത്രെ. ഷഓമി തങ്ങളുടെ സബ് ബ്രാന്‍ഡ് ആയ പോക്കോയ്ക്ക് സ്വാതന്ത്ര്യം നല്‍കിയതു പോലെ നീങ്ങാനാണ് വിവോയും ശ്രമിക്കുന്നതത്രെ.

പ്രീമിയം സെഗ്‌മെന്റില്‍ എതിരില്ലാതെ വിലസുന്ന വണ്‍ പ്ലസിനെ വീഴിക്കുക എന്നതായിരിക്കും ഐക്കൂവിന്റെ ലക്ഷ്യം. ആദ്യമായി രണ്ടു മോഡലുകളായിരിക്കും ഐക്കൂ ബ്രാന്‍ഡില്‍ എത്തുക. ക്വാല്‍കം കമ്പനിയുടെ ഏറ്റവും ശക്തിയുള്ള പ്രോസസറായ സ്‌നാപ്ഡ്രാഗണ്‍ 865 വച്ചായിരിക്കും ഈ മോഡലുകള്‍ നിര്‍മ്മിക്കുക എന്നും അവയ്ക്ക് 5ജി സപ്പോര്‍ട്ട് ഉണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചു.

ഇന്ത്യയില്‍ 4-ാം സ്ഥാനത്ത് ഒപ്പോ

സാംസങ്ങിനും വളരെ പിന്നിലായി 12 ശതമാനം മാര്‍ക്കറ്റ് ഷെയറുമായി ഒപ്പോ നാലാം സ്ഥാനത്തുണ്ട്. എട്ടു ശതമാനമാണ് റിയല്‍മിയുടെ ഷെയര്‍.

ആപ്പിളും മുന്നേറി

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആപ്പിള്‍ കമ്പനിയും ശക്തമായ മുന്നേറ്റമാണ് ഇന്ത്യയില്‍ നടത്തിയിരിക്കുന്നത്. കമ്പനിയുടെ മാര്‍ക്കറ്റ് ഷെയര്‍ ഇപ്പോള്‍ 2 ശതമാനമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 41 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്. ഐഫോണ്‍ XR, 11 എന്നീ മോഡലുകളാണ് ആപ്പിളിന്റെ കുതിപ്പിന് വഴിയൊരുക്കിയത്. ഉടനെ വിപണിയില്‍ എത്തിയേക്കുമെന്നു പറഞ്ഞു കേള്‍ക്കുന്ന ഐഫോണ്‍ എസ്ഇ2 അല്ലെങ്കില്‍ ഐഫോണ്‍ 9ന്റെ വരവോടെ ആപ്പിള്‍ വീണ്ടും വില്‍പ്പനയില്‍ സജീവമാകുമെന്നും പലരും കരുതുന്നു. എസ്ഇ2 ഫോണിന്റെ തുടക്ക വേരിയന്റിന് ഏകദേശം 30,000 രൂപയായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്.

സാംസങ് തിരിച്ചു വരുമോ?

വിവോയ്ക്ക് ഇത് മാധൂര്യമൂറുന്ന വിജയമാണെങ്കിലും അവര്‍ക്ക് രണ്ടാം സ്ഥാനത്ത് പിടിച്ചു നില്‍ക്കണമെങ്കില്‍ ഏറെ വിയർക്കേണ്ടിവരുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. സാംസങ് തങ്ങളുടെ തന്ത്രങ്ങള്‍ കുറച്ചു മാറ്റിയാല്‍ അവര്‍ തിരിച്ചു വരുമെന്നാണ് പലരും കരുതുന്നത്. ചൈനീസ് ബ്രാന്‍ഡുകളോട് അയിത്തമുള്ളവര്‍ക്ക് ആശ്രയിക്കാന്‍ പ്രധാനമായി ഉള്ളത് സാംസങാണ് എന്നതാണ് അവരുടെ പ്രാധാന്യം.

ഷഓമി

ഈ മുന്നേറ്റത്തിനിടയിലും ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡ് എന്ന പേര് അനായാസമായി നിലനിര്‍ത്തിയിരിക്കുകയാണ് ഷഓമി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA