ADVERTISEMENT

മൊബൈല്‍ വ്യവസായത്തിന്റെ ലോകത്തെ ഏറ്റവും വലിയ പ്രദര്‍ശനമായ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് അഥവാ എംഡബ്ല്യൂസിയുടെ ബാഴ്‌സലോണയിലെ മീറ്റിങ് നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സമ്മേളനത്തിനെത്തുന്നവര്‍ തമ്മില്‍ കൈകൊടുക്കേണ്ടതില്ലെന്നും അറിയിച്ചു. നോ ഹാന്‍ഡ്‌ഷെയ്ക് പോളിസിയാണ് ഈ വര്‍ഷത്തെ മീറ്റിങ്ങിന്റെ സവിശേഷത. കൊറോണാവൈറസ് ഭീതിയില്‍ ബാഴ്‌സലോണയില്‍ നടക്കേണ്ടിയിരിക്കുന്ന എംഡബ്ല്യൂസി 2020 വേണ്ടെന്നു വയ്ക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞിരിക്കുകയാണ് സംഘാടകരായ ജിഎസ്എംഎ. ലോകമെമ്പാടും നിന്നുള്ള മൊബൈല്‍ സാങ്കേതികവിദ്യയിലെ നൂതനത്വം പ്രദര്‍ശനത്തിനുവയ്ക്കുകയാണ് ഓരോ വര്‍ഷവും എംഡബ്ല്യൂസി ചെയ്യുക.

 

ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നുമാണ് എംഡബ്ല്യൂസി. സാങ്കേതികവിദ്യയിലെ പല പുതുമകളും അവതരിപ്പിക്കുന്നത് എംഡബ്ല്യൂസിയുടെ വേദിയിലായിരുന്നു. ഇവയില്‍ സ്മാര്‍ട് ഫോണുകളും മറ്റ് ഉപകരണങ്ങളും സോഫ്റ്റ്‌വെയറിലെ മാറ്റങ്ങളും ഉള്‍പ്പെടും. നോ ഹാന്‍ഡ്‌ഷെയ്ക് പോളിസി കൂടാതെ കൊറോണാവൈറസിനെതിരെ പലതരം അവബോധനങ്ങളും ഇവിടെ ഉണ്ടായിരിക്കും. ബാഴ്‌സലോണയെ കൂടാതെ, ഷാന്‍ഹായ്, ലോസ് ആഞ്ചൽസ് എന്നീ നഗരങ്ങളിലും ഒപ്പം മൊബൈല്‍ 360 എന്നറിയപ്പെടുന്ന പ്രാദേശിക മീറ്റിങ്ങുകളും ഉള്‍പ്പെടുന്നതാണ് എംഡബ്ല്യൂസി.

 

എന്നാല്‍, ചില പ്രമുഖ കമ്പനികള്‍ പ്രദര്‍ശനത്തിന് എത്തില്ലെന്നറിയിച്ചു. വുഹാന്‍ കൊറോണാവൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ബാഴ്‌സലോണയില്‍ നടക്കുന്ന മീറ്റിങ്ങില്‍ തങ്ങളുടെ സാന്നിധ്യം ഉണ്ടായിരിക്കില്ല എന്നാണ് പ്രമുഖ കൊറിയന്‍ കമ്പനിയായ എല്‍ജി അറിയിച്ചിരിക്കുന്നത്. സ്മാര്‍ട് ഫോണ്‍ നിര്‍മ്മാണം കൂടാതെ, അവയ്ക്ക് ആവശ്യമായ ഡിസ്‌പ്ലെകളും ഘടകഭാഗങ്ങളും നിര്‍മ്മിച്ചു വിതരണം ചെയ്യുന്ന കമ്പനി കൂടിയാണ് എല്‍ജി. കൊറോണാവൈറസ് പടരുന്നതിനാലും അതിനെതിരെ ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതിനാലും തങ്ങളുടെ ജോലിക്കാരുടെ സുരക്ഷയെ മുന്‍നിർത്തി തങ്ങള്‍ ഈ വര്‍ഷത്തെ എംഡബ്ല്യൂസിയില്‍ പങ്കെടുക്കുന്നില്ല എന്നാണ് എല്‍ജി പറയുന്നത്. ഈ വിഷമം പിടിച്ച സാഹചര്യത്തില്‍ തങ്ങളുടെ നിലപാട് മനസ്സിലാക്കാന്‍ വിഷമുണ്ടാവില്ല എന്നാണ് അവര്‍ കുറിച്ചത്.

 

മറ്റൊരു പ്രധാന മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാവയ സെഡ്റ്റിഇയും എംഡബ്ല്യൂസിലെ തങ്ങളുടെ പ്രസ് കോണ്‍ഫറന്‍സ് വേണ്ടന്നുവച്ചതായി അറിയിച്ചിരിക്കുകയാണ്. സ്മാര്‍ട് ഫോണ്‍ വ്യവസായത്തെ കൊറോണാവൈറസ് മോശമായി ബാധിച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ കമ്പനികള്‍ എല്‍ജിയുടെയും സെഡ്റ്റിഇയുടെയും പാത പിന്തുടര്‍ന്നാലും അദ്ഭുതമുണ്ടാവില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

എംഡബ്ല്യൂസിയില്‍ വന്‍ പ്രതിരോധ സന്നാഹം

 

വന്‍ പ്രതിരോധ നീക്കങ്ങളാണ് എംഡബ്ല്യൂസിയ്‌ക്ക് എത്തുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. നോ-ഹാന്‍ഡ്‌ഷെയ്ക് പോളിസി കൂടാതെ നിരവധി സുരക്ഷയാണ് സംഘാടകര്‍ ഒരുക്കുന്നത്. വർധിച്ച രീതിയില്‍ ക്ലീനിങും അണുമുക്തമാക്കലും നടന്നുകൊണ്ടിരിക്കുകയാണ്. തത്സമയ മെഡിക്കല്‍ സപ്പോര്‍ട്ടും ഒരുക്കിയിട്ടുണ്ട്. ശുചിത്വം ഉറപ്പാക്കാനായി മുട്ടിനുമുട്ടിന് ഹൈജീന്‍ സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 24-27 വരെയാണ് ബാഴ്‌സലോണ എംഡബ്ല്യൂസി നടക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com