ADVERTISEMENT

കൊറോണാവൈറസ് മൂലം പ്രശ്‌നം നേരിട്ടു തുടങ്ങിയതിനാല്‍ ഷഓമി റെഡ്മി നോട്ട് 8 ഫോണിന്റെ 4 ജിബി വേര്‍ഷന് 500 രൂപ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ഫോൺ നിർമാണ ഘടകഭാഗങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നതിൽ കാര്യമായ പ്രതിസന്ധി നേരിടുന്നുണ്ട്. ലോകമെമ്പാടുമുള്ള കമ്പനികളുടെ പ്രൊഡക്ടുകളിലും താമസിയാതെ വില വര്‍ധന വന്നേക്കാമെന്നാണ് പുതിയ പ്രവചനം.

 

റെഡ്മി നോട്ട് 8, 4ജിബി റാം 64 ജിബി മോഡല്‍ 9,999 രൂപയ്ക്കാണ് വിറ്റുകൊണ്ടിരുന്നത്. ഇത് 10,499 രൂപയായി ഉയര്‍ത്തിയിരിക്കുകയാണ് കമ്പനി. (ഇതെഴുതുന്ന സമയത്ത് ആമസോണില്‍ 10,499 രൂപയാണ് വില. ഫ്‌ളിപ്കാര്‍ട്ടില്‍ വില പിന്നെയും കൂടുതലാണ്.) എന്നാല്‍, ഈ മോഡലിന്റെ 6 ജിബി വേരിയന്റിന് ഇപ്പോഴും 12,999 രൂപ തന്നെയാണ് വില. വില വര്‍ധന താത്കാലികമാകാനുള്ള സാധ്യത ഷഓമി തള്ളിക്കളയുന്നില്ല. പഴയ വിലയിലേക്ക് തിരിച്ചു പോകാമെന്നും പറയുന്നു.

 

ചൈനയിലെ ഫാക്ടറികള്‍ അടച്ചിടുന്നത് തങ്ങളുടെ സപ്ലൈ ചെയ്‌നിനെ ബാധിച്ചേക്കാമെന്ന് ഷഓമി വെളിപ്പെടുത്തി. ഘടകഭാഗങ്ങള്‍ എത്തുന്നതു കുറഞ്ഞേക്കാമെന്ന് അവര്‍ സമ്മതിച്ചു. എന്നാല്‍, ബദല്‍ സാധ്യതകള്‍ തങ്ങള്‍ ആരായുകയാണെന്നും അവര്‍ അറിയിച്ചു. പെട്ടെന്നുള്ള ആഘാതത്താല്‍ ചില പ്രൊഡക്ടുകള്‍ക്ക് വില വര്‍ധന വേണ്ടിവന്നേക്കാം എന്നാണ് അവരുടെ നിലപാട്.

 

ഐഫോണുകളും വിറ്റു തീരുന്നു

 

ആപ്പിളിന്റെ ഐഫോണ്‍ 11, 11 പ്രോ മോഡലുകള്‍ താമിയാതെ ഔട്ട് ഓഫ് സ്റ്റോക്ക് ആയേക്കാമെന്ന് പറയുന്നു. ഇന്ത്യയില്‍ നിര്‍മ്മിച്ചു വന്നിരുന്ന ചില സ്മാര്‍ട് ഫോണുകളുടെ നിര്‍മ്മാണം അടുത്തയാഴ്ച അവസാനത്തോടെ മുഴുവൻ നിലച്ചേക്കാമെന്നും ചിലര്‍ വാദിക്കുന്നു. ചൈനയില്‍ നിന്ന് വേണ്ടത്ര ഘടകഭാഗങ്ങള്‍ എത്തിയേക്കില്ലെന്ന ഭീതിയാണ് ഈ പ്രവചനത്തിനു പിന്നില്‍. കൂടാതെ, സ്മാര്‍ട് ഫോണ്‍ വില്‍പ്പന 10-15 ശതമാനം ജനുവരി-മാര്‍ച്ച് കാലത്ത് കുറഞ്ഞേക്കാമെന്നും പറയുന്നു. ഇന്ത്യാ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ പറയുന്നത് ചൈനയില്‍ പടര്‍ന്ന കൊറോണാ വൈറസിന്റെ ആഘാതം ഇപ്പോള്‍ത്തന്നെ ഇന്ത്യയില്‍ പ്രതിഫലിച്ചു കാണാമെന്നാണ്. പല ഘടകഭാഗങ്ങളുടെയും സ്റ്റോക് തീരുന്നു. അടുത്ത ആഴ്ച കാര്യമായ എന്തെങ്കിലും മാറ്റമുണ്ടായില്ലെങ്കില്‍ വിപണിയെ അത് ഗൗരവകരമായി ബാധിച്ചേക്കാമെന്നാണ് പ്രവചനം.

 

ചൈന ഉണരണം

 

ചില ഫോണുകളുടെ ക്യാമറാ മൊഡ്യൂളുകള്‍ വിയറ്റ്‌നാമിലാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍, ഡിസ്‌പ്ലേകളും കണക്ടറുകളും ഏതാണ്ടു പൂര്‍ണ്ണമായി തന്നെ ചൈനയിലാണ് ഉണ്ടാക്കുന്നത്. ചിപ്പുകള്‍ തയ്‌വാനില്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും അവയുടെ ജോലി പൂര്‍ത്തിയാക്കല്‍ നടക്കുന്നത് ചൈനയിലാണ്. ഫീച്ചര്‍ ഫോണുകളുടെ നിര്‍മ്മാണവും പാടേ നിലച്ചേക്കാം. അവയുടെ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ഫെബ്രുവരി മാസത്തേക്കുള്ള സാധനങ്ങള്‍ ഡിസംബറിലും ജനുവരിയിലുമായി തന്നെ വാങ്ങുക എന്നതാണ് തുടര്‍ന്നുവരുന്ന രീതി. എന്നാല്‍, മാര്‍ച്ചിലേക്കു വേണ്ട സാധനങ്ങള്‍ ഫെബ്രുവരി പകുതിയോടെ വാങ്ങി സ്‌റ്റോക്ക് ചെയ്യേണ്ടതായിരുന്നു. ഇതിനാല്‍ തന്നെ ചില ഉപകരണങ്ങളുടെ ലഭ്യത ഇല്ലാതായേക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

 

ഐഫോണ്‍ 11 പ്രോ, ആപ്പിള്‍ വാച്ച്, എയര്‍പോഡ്‌സ്, മാക്ബുക്കുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണവും കുറഞ്ഞേക്കാമെന്ന് വാദമുണ്ട്. എന്നാല്‍, ഇതേക്കുറിച്ച് ആപ്പിള്‍ പ്രതികരിച്ചില്ല. എന്നാല്‍, ആപ്പിളിന്റെ പ്രധാന നിര്‍മ്മാതാവായ ഫോക്‌സ്‌കോണ്‍ പറയുന്നത് തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി അവസാനത്തോടെ തുടങ്ങാന്‍ സാധിച്ചേക്കുമെന്നാണ്.

 

ഘടകഭാഗങ്ങള്‍ വരാന്‍ വൈകിയാല്‍ നിര്‍മ്മാണച്ചെലവ് ഉയരും. അങ്ങനെ ചില ഉപകരണങ്ങളുടെ വില വര്‍ധിക്കുമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നത് 4-5 ആഴ്ച വരെ നീട്ടിവയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഇനി ഫോണുകളും മറ്റും ഇതിനിടയ്ക്ക് അവതരിപ്പിക്കപ്പെട്ടാലും അധികം എണ്ണം വല്‍പ്പനയ്ക്ക് എത്തണമെന്നില്ല. ഫെബ്രുവരിയില്‍ ഫാക്ടറികളില്‍ കുറച്ചു ജോലിയേ നടക്കൂ. മാര്‍ച്ചിലെങ്കിലും ചൈന കൊറോണാവൈറസ് ബാധയെ പിടിച്ചു നിർത്തുമെങ്കില്‍ രണ്ടു മാസത്തിനുള്ളില്‍ എല്ലാം പൂര്‍വ്വസ്ഥിതി പ്രാപിച്ചേക്കാമെന്നാണ് കണക്കുകൂട്ടലുകള്‍.

 

ഈ സ്ഥിതി മുതലെടുത്ത് ബ്രാന്‍ഡുകള്‍ വില വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ് പലരും മുന്നില്‍ കാണുന്നത്. തങ്ങളുടെ ചില ഫോണുകളുടെ ഘടകഭാഗങ്ങള്‍ എത്താന്‍ വൈകിയേക്കുമെന്ന് റിയല്‍മി അറിയിച്ചു. എന്നാല്‍, ഇതുവരെ ഗൗരവത്തിലെടുക്കേണ്ട പ്രശ്‌നങ്ങളൊന്നും തങ്ങള്‍ക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ അറിയിച്ചു.

 

ചാര്‍ജര്‍

 

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ ചാര്‍ജര്‍ നിര്‍മ്മാതാവാണ് സാല്‍കോംപ് (Salcomp). അടുത്തയാഴ്ച മുതല്‍ തങ്ങളുടെ ഫാക്ടറികളെ ഘടകഭാഗങ്ങള്‍ എത്തുന്നില്ല എന്നത് 100 ശതമാനം ബാധിക്കുമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. ചൈനയിലെ ഫാക്ടറികളില്‍ ജോലി തുടങ്ങിയില്ലെങ്കില്‍ തങ്ങള്‍ക്ക് മുന്നോട്ടു പോകാനായേക്കില്ല എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, ചൈനയിലെ പല കമ്പനികളും പണി തുടങ്ങാത്തത് സർക്കാർ അനുവദിക്കാത്തതിനാല്‍ മാത്രമാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. സർക്കാർ സ്ഥിതിഗതികള്‍ അടുത്തതായി അവലോകനം ചെയ്യുക ഫെബ്രുവരി 17നാണ്. അന്ന് എന്തെങ്കിലും തീരുമാനത്തിൽ എത്തിച്ചേര്‍ന്നില്ലെങ്കില്‍ ഇന്ത്യയിലേക്കുള്ള സപ്ലൈ മുഴുവന്‍ മുടങ്ങിയേക്കും. സാല്‍കോംപിന്റെ ഇന്ത്യയിലെ ഫാക്ടറികളില്‍ രണ്ടാഴ്ചത്തേക്കു കൂടിയെങ്കിലുമുള്ള സാധനങ്ങള്‍ ഉണ്ടെന്ന് അവര്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com