ADVERTISEMENT

ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്ന ഐഫോണ്‍ 12 മോഡലുകള്‍ക്കെല്ലാം 5ജി വേര്‍ഷന്‍ അവതരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവയില്‍ ക്വാല്‍കമിന്റെ എക്‌സ്55 മോഡം ഉപയോഗിക്കുമെന്നായിരുന്നു പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍, 'ഫാസ്റ്റ് കമ്പനി' ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത് അടുത്ത തലമുറ ഐഫോണുകള്‍ക്കായി സ്വന്തം 5ജി മോഡം നിര്‍മ്മിക്കുന്നത് ആപ്പിള്‍ പരിഗണിക്കുന്നുവെന്നാണ്. ക്വാല്‍കമിന്റെ ക്യുടിഎം25 ആന്റിനയുടെ (QTM525 antenna) വലുപ്പമാണ് ആപ്പിളിനെ കുഴക്കുന്നത്. ഇവയിലൂടെയാണ് എക്‌സ്55 മോഡത്തിലേക്ക് 5ജിയുടെ എംഎംവൈവ് (mmWave) സിഗ്നലുകള്‍ പിടിച്ചെടുത്ത് അയയ്ക്കുന്നത്. എംഎംവേവിന് പൊതുവെ റെയ്ഞ്ച് കുറവാണ്. അപ്പോള്‍ ഒന്നിലേറെ ആന്റിന പിടിപ്പിക്കേണ്ടിവന്നാല്‍ മാത്രമായിരിക്കും ഭേദപ്പെട്ട പ്രകടനം കാഴ്ചയവയ്ക്കാനാകൂ. ഇങ്ങനെ ചെയ്യേണ്ടിവന്നാല്‍ ഐഫോണുകളുടെ സ്ലിം ബ്യൂട്ടി നഷ്ടപ്പെടും. ഇതിനാല്‍, കമ്പനി സ്വന്തം 5ജി മോഡം നിര്‍മ്മിച്ചു ഘടിപ്പിക്കുന്ന കാര്യം ഗൗരവത്തില്‍ പരിഗണിക്കുകയാണെന്നാണ് കേള്‍ക്കുന്നത്.

 

എന്നാല്‍, ഇപ്പോള്‍ പോലും കമ്പനി തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും പറയുന്നു. വിവിധ തരം ഡിസൈനുകളാണ് കമ്പനി പരിഗണിക്കുന്നതെന്നാണ് കേള്‍വി. ഇവയില്‍ ക്വാല്‍കമിന്റെ മോഡം ഉപയോഗിച്ച് അല്‍പ്പം 'വണ്ണം' കൂടിയ ഐഫോണും, സ്വന്തം ആന്റിന ഉപയോഗിച്ച് മെലിഞ്ഞ ഐഫോണും പരിഗണിക്കുന്നുവത്രെ. ആന്റിനയുടെ നിര്‍മ്മാണത്തില്‍ ക്വാല്‍കം-ആപ്പിള്‍ കൂട്ടുകെട്ട് താത്കാലികം മാത്രമാണു താനും. ഇരു കമ്പനികളും തമ്മില്‍ നിലനിന്നിരുന്ന കേസ് തീര്‍പ്പാക്കിയതും അടുത്ത കാലത്താണ്. അപ്പിള്‍ ഇന്റലിന്റെ 5ജി നിര്‍മ്മാണ ഡിവിഷന്‍ ആപ്പിള്‍ വാങ്ങിയിരുന്നു. ഭാവിയില്‍ മുന്‍ ഇന്റല്‍ എൻജിനീയര്‍മാരുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്ന ആന്റിന തന്നെയായിരിക്കും അവര്‍ ഉപയോഗിക്കുക.

 

ഐഫോണ്‍ 9/എസ്ഇ2 നിര്‍മ്മാണം തുടങ്ങുന്നു

 

ചരിത്രത്തില്‍ ആദ്യമായി ലോഞ്ച് സമയത്തു തന്നെ ഏകദേശം 30,000 രൂപയ്ക്കു ലഭ്യമാക്കിയേക്കുമെന്നു കരുതുന്ന വില കുറഞ്ഞ ഐഫോണ്‍ മോഡലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നു പറയുന്നു. ഐഫോണ്‍ എസ്ഇ2 എന്നോ ഐഫോണ്‍ 9 എന്നോ വിളിച്ചേക്കാവുന്ന ഈ മോഡല്‍ ചിലപ്പോള്‍ മാര്‍ച്ചില്‍ തന്നെ അവതരിപ്പിച്ചേക്കും. ആപ്പിളിനായി ഫോണ്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ അടുത്ത ആഴ്ചകളില്‍ നിര്‍മ്മാണം തുടങ്ങുമെന്നാണ് ഡിജി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഫോണില്‍ സ്ട്രക്‌ചേഡ്-ലൈറ്റ് 3ഡി സെന്‍സറുകളും വിസിഎസ്ഇഎല്‍ (Vertical-cavity surface-emittinglaser) ഘടകങ്ങളും ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവ വിന്‍ സെമി (Win Semi) എന്ന കമ്പനിയായിരിക്കും ആപ്പിളിനു വേണ്ടി നിര്‍മ്മിക്കുക. അതേസമയം, ഫോണിനു വേണ്ട ഡിഫ്രാക്ടീവ് ഒപ്ടിക്കല്‍ എലമെന്റ്‌സ് നിര്‍മ്മിക്കുന്നത് ടിഎസ്എംസിയുടെ സഹസ്ഥാപനമായ സിന്‍ടെക് (Xintec) ആയിരിക്കും.

 

എസ്ഇ2 മോഡല്‍ ഐഫോണ്‍ 8ന്റെ നവീകരിച്ച പതിപ്പായിരിക്കും. 5.4-ഇഞ്ച് ഡിസ്‌പ്ലേ ആണ് പ്രതീക്ഷിക്കുന്നത്. പിന്നില്‍ കൂടുതല്‍ ഭേദപ്പെട്ട ക്യാമറ പ്രതീക്ഷിക്കുന്നു. ഈ വര്‍ഷത്തെ ഐഫോണ്‍ 11 പ്രോ മാക്‌സ് മോഡലിനു ശക്തിപകരുന്ന എ13 ചിപ്പായിരിക്കും പുതിയ ഫോണിന്റെയും കരുത്ത്. ഫോണിന് 3ജിബി റാമും കണ്ടേക്കും. ഫോണിന് ടച്‌ഐഡി കൂടാതെ ഫെയ്‌സ്‌ഐഡിയും കണ്ടേക്കുമെന്ന് അവകാശപ്പെടുന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഐഫോണ്‍ 11 സീരിസിലെ മദര്‍ബോര്‍ഡ് ഉള്‍ക്കൊള്ളിക്കുമെന്നും പറയുന്നു. ഇതെല്ലാം ശരിയാണെങ്കില്‍ 30,000 രൂപയ്ക്കു ലഭിക്കുന്ന ഏറ്റവും നല്ല ഫോണായി തീരാനും സാധ്യതയുണ്ട്.

 

ഐഫോണ്‍ 12 സെപ്റ്റംബറില്‍ ഇറങ്ങുമോ?

 

എസ്ഇ2 മോഡലിന്റെ നിര്‍മ്മാണം സമയത്തിനു പൂര്‍ത്തിയായേക്കുമെങ്കിലും ഐഫോണ്‍ 12 സെപ്റ്റംബറില്‍ പുറത്തിറക്കുന്ന കാര്യത്തില്‍ ആപ്പിള്‍ അല്‍പ്പം പ്രതിസന്ധി നേരിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഐഫോണ്‍ 12വുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കേണ്ട പല ടെസ്റ്റുകള്‍ക്കായി എൻജിനീയര്‍മാരെ ചൈനയിലേക്ക് അയയ്‌ക്കേണ്ട എന്നാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com