ADVERTISEMENT

പുതിയ, വില കുറഞ്ഞ ഐഫോണ്‍ എസ്ഇ2 അഥവാ ഐഫോണ്‍ 9 മോഡലിനെക്കുറിച്ചുള്ള ജിജ്ഞാസാഭരിതമായ വാര്‍ത്തകള്‍ പ്രചരിക്കുന്ന സമയമാണിത്. എല്ലാം തന്നെ അഭ്യൂഹങ്ങളാണ്. സാധാരണ ഐഫോണുകള്‍ പുറത്തിറങ്ങുന്നതിനു മുമ്പ് അവയെക്കുറിച്ചുള്ള ചിത്രങ്ങളും മറ്റും ചോര്‍ത്തിയെടുത്ത് കാണിക്കാറുണ്ട്. ഇപ്പോള്‍ പുതിയ ഐഫോണ്‍ 9ന്റെതെന്നു പറഞ്ഞ് ഒരു ടിക്‌ടോക് വിഡിയോ ട്വിറ്ററില്‍ പ്രചരിക്കുകയാണ്. ഈ വിഡിയോ പൂര്‍ണമായി വിശ്വസിക്കണമോ എന്നറിയാതെ കുഴങ്ങുകയാണ് ഐഫോണ്‍ പ്രേമികള്‍. എന്നാൽ ഇതാണ് പുതിയ ഐഫോണെങ്കില്‍ പ്രതീക്ഷിക്കാന്‍ ഏറെയുണ്ടുതാനും.

 

പല ടെക് വിദഗ്ധരും തറപ്പിച്ചു പറഞ്ഞിരുന്നത് ഐഫോണ്‍ 8ന്റെ ബോഡിയില്‍ ഐഫോണ്‍ 11ന്റെ പ്രോസസറുള്ള ഫോണ്‍ എന്നാണ്. അതായത് 4.7-ഇഞ്ച് സ്‌ക്രീനുള്ള ഫോണ്‍. പക്ഷേ, വിഡിയോയില്‍ കാണുന്നത് ഐഫോണ്‍ 4ന്റെ വലിച്ചു നീട്ടിയ വേര്‍ഷനാണ്. അത് കൂടുതല്‍ ആകര്‍ഷകമാണ്. ഐഫോണ്‍ 4നേക്കാള്‍ വലുപ്പം കൂടി, കനം കുറഞ്ഞതുമായാണ് വിഡിയോയില്‍ നിന്നു മനസിലാകുന്നത്. പുതിയ ഐഫോണ്‍ സീരിസുകളെക്കാള്‍ ബെസല്‍ ഉണ്ട് എന്നത് ന്യൂനതയായി തോന്നാം. പിന്നിൽ ഗ്ലാസാണ്. ഫിസിക്കല്‍ ഹോം ബട്ടണ്‍ കാണാം. അതായത് ടച്‌ഐഡി ഉണ്ടായിരിക്കും. പിന്നില്‍ ഒറ്റ ക്യാമറ മാത്രമാണുള്ളത്. താഴെയുള്ള സ്പീക്കര്‍ ഗ്രില്ലുകള്‍ക്കിടയിലായി ചാര്‍ജിങ് പോര്‍ട്ടും കാണാം. എന്നാല്‍, ഇതിൽ ചെറിയൊരു അത്ഭുതം അതിന് ഹെഡ്‌ഫോണ്‍ ജാക്കില്ല എന്നതാണ്. ഇത് പുതിയ ഐഫോണുകളുടെ ഒരു ഫീച്ചറാണ്.

 

വിഡിയോ വ്യാജം?

 

ചുരുക്കിപ്പറഞ്ഞാല്‍, വിഡിയോ വിശ്വസനീയമാണെങ്കില്‍ ഐഫോണ്‍ 8, ഐഫോണ്‍ 4 എന്നീ മോഡലുകളുടെ ഒരു മിശ്രണമാണ് പുതിയ ഐഫോണ്‍ എസ്ഇ 2, അല്ലെങ്കില്‍ ഐഫോണ്‍ 9ന്റേത്. എന്നാല്‍, ഈ വിഡിയോ ഒറിജിനലാണോ എന്ന കാര്യത്തില്‍ പലരും സംശയം പ്രകടിപ്പിച്ചുകഴിഞ്ഞു. ഇത്തരം വിഡിയോകൾ പൊതുവെ പ്രൊട്ടോടൈപ് മോഡലുകളുടേതാണ് പുറത്തുവരാറ്. അപ്പോളെല്ലാം 'പ്രൊപ്രൈറ്ററി ആന്‍ഡ് കോണ്‍ഫിഡന്‍ഷ്യല്‍' ('Proprietary and Confidential') എന്ന് ലോക്ക് സ്‌ക്രീനില്‍ കാണാമായിരുന്നു. എന്നാല്‍, ഈ ഹാന്‍ഡ്‌സെറ്റില്‍ അതില്ല. അതിനാല്‍ തന്നെ ഇത് വ്യാജമായിരിക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

ഒഎസ് ആന്‍ഡ്രോയിഡ്?

 

കാര്യങ്ങള്‍ അങ്ങനെ നില്‍ക്കേയാണ് ആപ്പിള്‍ ഉപകരണങ്ങളെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റായ 'ആപ്പിള്‍ ഇന്‍സൈഡര്‍' മറ്റൊരു കാര്യം ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയത്. അവര്‍ പറയുന്നത് വിഡിയോയില്‍ കാണുന്ന ഫോണില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പറേറ്റിങ്സിസ്റ്റം ഐഓഎസ് അല്ല എന്നാണ്. ഇത് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിനുമേല്‍, ഐഓഎസ് സ്‌കിന്‍ ഇട്ടതാണ് എന്നാണ് അവരുടെ നിരീക്ഷണം. ഐഓഎസ് സ്‌കിന്നുകള്‍ ആപ്പിളിന്റെ ആപ്പുകളുടെ ഐക്കണും, അവ വിന്യസിച്ചിരിക്കുന്ന രീതികളും അനുകരിക്കുന്നു. ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍പ്രയാസമാണ്. ആപ്പിള്‍ ഇന്‍സൈഡര്‍ സാങ്കേതികമായി എന്താണ് കണ്ടെത്തിയത് എന്ന് എടുത്തുപറഞ്ഞിട്ടില്ല. വ്യാജമാണോ എ്ന്ന് സ്വയം കണ്ടു തീരുമാനിക്കൂ. വിഡിയോ ലിങ്ക് ഇതാ

 

ഈ വര്‍ഷം ആദ്യ പകുതിയില്‍ ആപ്പിള്‍ അവതരിപ്പിക്കുമെന്നു കരുതുന്ന പല ഉപകരണങ്ങളില്‍ ഒന്നാണ് ഐഫോണ്‍ 9/SE2/ മാര്‍ച്ച് 31 അല്ലെങ്കില്‍ ഏപ്രില്‍ 3ന് പുതിയ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍, കൊറോണാ വൈറസ് പടര്‍ന്നതിനെത്തുടര്‍ന്ന് പുതിയ ഫോണിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണം ഇതുവരെ തുടങ്ങിയിട്ടില്ലെന്നും അതിനാൽ അവതരണം നീട്ടിവയ്ക്കുമെന്നും വാദിക്കുന്നവർ ഉണ്ട്. പുതിയ ഫോണിനെക്കുറിച്ചുള്ള ഏറ്റവും ആവേശകരമായ കാര്യം അതിന്റെ വിലയാണ്. രാജ്യാന്തര വിപണി വില 3999 ഡോളറായിരിക്കുമെന്നാണ് അഭ്യൂഹം. എന്നാല്‍, ഇന്ത്യയിലേക്ക് ഹാന്‍ഡ്‌സെറ്റ് ഇറക്കുമതി ചെയ്യുകയാണെങ്കില്‍ ടാക്‌സ് വരും. പക്ഷേ, ഫോണ്‍ ഇന്ത്യയിലും നിര്‍മിക്കുന്നുണ്ടെങ്കില്‍ വില 30,000 രൂപയില്‍ താഴെയായിരിക്കുമെന്നും പറയുന്നു.

 

ഇന്ത്യ പോലെയുള്ള മാര്‍ക്കറ്റുകളെ ലക്ഷ്യംവച്ചാണ് പുതിയ ഫോണ്‍ ഇറങ്ങുന്നത്. എന്നാല്‍, ഈ വര്‍ഷം ഐഫോണ്‍ XR, 11 എന്നീ മോഡലുകള്‍ ആപ്പിളിനെപ്പോലും അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യയില്‍ നടത്തിയിരിക്കുന്നത്. രാജ്യത്തെ പ്രീമിയം സെഗ്മെന്റിലേക്ക് അപ്രതീക്ഷിത തിരിച്ചുവരവാണ് കമ്പനി നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com