ADVERTISEMENT

ഭാവിയിലെ ഐഫോണുകള്‍ക്ക് ചിലപ്പോള്‍ ചാര്‍ജിങ് പോര്‍ട്ടുകളും ഓണ്‍-ഓഫ് സ്വിച്ചും ഒന്നും കണ്ടേക്കില്ല എന്നാണ് കമ്പനിയുടെ പുതിയ പേറ്റന്റ് അപേക്ഷ സൂചിപ്പിക്കുന്നത്. 'ആറു വശങ്ങളിലും ഗ്ലാസു പൊതിഞ്ഞ ഇലക്ട്രോണിക് ഉപകരണ'മായിരിക്കും ഇത്. നിലവിലുള്ള ഒരു ഐഫോണിനോടും സാമ്യമുള്ളതല്ല ഇത്. ഡിസ്‌പ്ലെ വശങ്ങളിലേക്കും പിന്നിലേക്കും വളച്ചെടുക്കുന്ന എന്തോ വിദ്യയാണ് ഇത്തരം ഫോണില്‍ പ്രയോഗിക്കുക എന്നാണ് തോന്നുന്നത്. ഷഓമിയുടെ കണ്‍സപ്സ്റ്റ് ഫോണായ 'മി മിക്‌സ് ആല്‍ഫയുടെ’ ഡിസൈന്‍ ആപ്പിളിന്റെ പുതിയ ഡിസൈനുമായി ചെറിയ സാമ്യം കണ്ടേക്കാം. ആപ്പിളിന്റെ ഡിസ്‌പ്ലെ പിന്നിലേക്കും പരന്നു കിടക്കുന്നു.

 

ബട്ടണുകളേ ഇല്ല

 

പേറ്റന്റ്ലി ആപ്പിള്‍ എന്ന വെബ്‌സൈറ്റാണ് പുതിയ അപേക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിനുള്ള പേറ്റന്റ് അപേക്ഷ 2019 ഓഗസ്റ്റ് 15നാണ് ആപ്പിള്‍ നല്‍കിയത്. ഈ അപേക്ഷ, പേറ്റന്റുകള്‍ സ്വീകരിക്കുന്ന ഓഫിസ് പ്രസിദ്ധീകരിച്ചത് ഫെബ്രുവരി 20 നാണ്. രൂപരേഖകളില്‍ നിന്ന് മനസ്സിലാകുന്നത് പുതിയ ഫോണിന് പവര്‍ ബട്ടണ്‍, വോളിയം ബട്ടണ്‍, ചാര്‍ജിങ് പോര്‍ട്ട് തുടങ്ങിയവ ഉണ്ടാവില്ല എന്നാണ്. ഒരു തരം ബട്ടണും ഫോണിന് ഉണ്ടാവില്ല എന്നാണ് സൂചന. വിവോ അപെക്‌സ് 2019 പോലെയുള്ള ഫോണുകള്‍ ഇത്തരം ഡിസൈന്‍ പരീക്ഷിക്കുന്നുണ്ട്. ഇത്തരം ഫോണുകളുടെ ചാര്‍ജിങ് വയര്‍ലെസ് മാറ്റുകളില്‍ വച്ചു മാത്രമായിരിക്കും സാധ്യമാകുക. പുതിയ തലമുറ ഐഫോണുകള്‍ക്കും വയര്‍ലെസ് ചാര്‍ജിങ് ഉണ്ട്. എന്നാല്‍ അവയ്ക്ക് ചാര്‍ജിങ് പോര്‍ട്ടുകളും ഉണ്ട്. വയര്‍ലെസ് ചാര്‍ജിങ്ങിന് ചില ഗുണങ്ങള്‍ ഉണ്ടെങ്കിലും താരതമ്യേനെ പതുക്കെയാണ് ചാർജിങ് നടക്കുക എന്നതിനാല്‍, പലപ്പോഴും വയേഡ് ചാര്‍ജിങ്ങിനെയാണ് പലരും ആശ്രയിക്കുക. 

 

ഇത്തരമൊരു ഐഫോണ്‍ ഇറക്കുമെന്ന് യാതൊരു സൂചനയും ആപ്പിള്‍ നല്‍കിയിട്ടില്ല. ആപ്പിള്‍, ഗൂഗിള്‍, സാംസങ് തുടങ്ങിയ കമ്പനികള്‍ ഇത്തരം പേറ്റന്റ് അപേക്ഷകള്‍ സമര്‍പ്പിച്ചിടാറുണ്ട്. ഇത് തങ്ങളുടെ ബൗദ്ധികവകാശം സംരക്ഷിക്കാനായാണ്. എന്നാല്‍, ആപ്പിള്‍ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തരതമ്യേന വിശ്വസിക്കാവുന്ന പ്രവചനങ്ങള്‍ നടത്തുന്നയാള്‍ എന്ന പ്രശസ്തിയുള്ള മിങ്-ചി കുവോ പറയുന്നത് പോര്‍ട്ടുകളില്ലാത്ത ഐഫോണ്‍ 2021ല്‍ പുറത്തുവരുമെന്നാണ്. എന്തായാലും ഈ വര്‍ഷം ഇറങ്ങാനിരിക്കുന്ന ഐഫോണ്‍ 12 സീരീസില്‍ ഇത്തരമൊരു മോഡല്‍ ഉണ്ടാവില്ല എന്നുതന്നെയാണ് വിശ്വാസം.

 

വരുന്നു എയര്‍പോഡ്‌സ് X! ബോസിനു വെല്ലുവിളിയാകുമോ ?

 

ആപ്പിള്‍ വില കൂടിയ ഒന്നോ ഓന്നിലേറെയോ ഓണ്‍ ഇയര്‍ എയര്‍പോഡ്‌സ് ഈ വര്‍ഷം പുറത്തിറക്കിയേക്കുമെന്നാണ് സൂചന. ഇതിന് എയര്‍പോട്‌സ് X എന്നു വിളിച്ചേക്കാം. നിലവിലുള്ള ഇന്‍-ഇയര്‍ എയര്‍പോഡ്‌സും എയര്‍പോഡ്‌സ് പ്രോയുമൊക്കെ നല്ല രീതിയില്‍ വില്‍ക്കപ്പെടുന്നുണ്ട്. ഏകദേശം 399 ഡോളര്‍ (ഏകദേശം 28,683 രൂപ) ആയിരിക്കും വില. ഈ മോഡല്‍ സുപ്രശസ്ത ഓഡിയോ കമ്പനിയായ ബോസിന് വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്നാണ് ഇപ്പോഴത്തെ സംസാരം. വിലയുടെ കാര്യത്തില്‍ ബോസ്, സെന്‍ഹൈസര്‍, സാംസങ് തുടങ്ങിയ കമ്പനികളുടെ പ്രീമിയം ഹെഡ്‌സെറ്റുകളുടെ വില തന്നെയാണ് ആപ്പിളിന്റെ എയര്‍പേഡ്‌സ് Xനും ഉള്ളത്. നോയിസ് ക്യാന്‍സലേഷനും കൃത്യതയുള്ള ശബ്ദവും മറ്റും ഇത്തരം ഹെഡ്‌സെറ്റുകളെ വേര്‍തിരിച്ചു നിർത്തുന്നു.

 

ഇത്തരം രണ്ടു ഹെഡ്‌സെറ്റുകള്‍ 2020യില്‍ ഇറക്കാന്‍ ഒരുങ്ങുകയാണ് ആപ്പിളെന്ന് ഒന്നിലേറെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടറും ഇതു ശരിവച്ചിരുന്നു. ഇതാ അതു സൂചിപ്പിക്കുന്ന ഒരു ട്വീറ്റ്. 

 

എന്നാല്‍, എയര്‍പോഡ്‌സ് X എന്ന പേരിലായിരിക്കണമെന്നില്ല ഈ വയര്‍ലെസ് ഓണ്‍ ഇയര്‍ സെറ്റ് ഇറങ്ങുക എന്നു വാദിക്കുന്നവരും ഉണ്ട്. അടുത്ത കാലത്തായി ആപ്പിള്‍ വളരെ നല്ല വയര്‍ലെസ് ഇയര്‍ഫോണുകള്‍ എയര്‍പോഡ്‌സ്, എയര്‍പോഡ്‌സ് പ്രോ തുടങ്ങിയ പേരുകളില്‍ ഇറക്കുകയാണ്. മികച്ച റിപ്പോര്‍ട്ടുകളാണ് ഇവയെക്കുറിച്ച് ലഭിക്കുന്നത്. ബീറ്റ്‌സ് (Beats) ബ്രാന്‍ഡ് നെയിമിലും ആപ്പിള്‍ ഹെഡ്‌ഫോണുകളും മറ്റും ഇറക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com