sections
MORE

കൊറോണാ വൈറസ് ഭീതി: പ്രതിരോധത്തിന് ഫ്രീ സർവീസുമായി സാംസങ്

corona-samsung
SHARE

കൊറോണാവൈറസ് അതിവേഗം പകരുന്നതിനിടയില്‍ ഫോണുകള്‍ അണുമുക്തമാക്കി നല്‍കുമെന്ന് സാംസങ് അറിയിച്ചു. സ്മാര്‍ട് ഫോണുകളുടെ പ്രതലം അണുക്കുളുടെ കൂമ്പാരമാണെന്ന് പല തവണ തെളിയിക്കപ്പെട്ടിട്ടുണ്ട്. മഹാമാരി പടരുമ്പോള്‍ സാംസങ് സഹായഹസ്തവുമായി എത്തുന്നത് തങ്ങളുടെ, 'ഗ്യാലക്‌സി സാനിറ്റൈസിങ് സര്‍വീസു'മായാണ്. ഇത് ഇന്ത്യയിലടക്കം 19 രാജ്യങ്ങളിൽ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. സാംസങ് സ്മാര്‍ട് ഫോണുകള്‍, ഗ്യാലക്‌സി വാച്ച്, ഗ്യാലക്‌സി ബഡ്‌സ് എന്നിവ യുവി-സി ലൈറ്റ് ഉപയോഗിച്ച് തങ്ങളുടെ സര്‍വീസ് സെന്ററുകളിലൂടെ അണുമുക്തമാക്കാനാണ് കമ്പനി എടുത്തിരിക്കുന്ന തീരുമാനം. ഈ സേവനം ഫ്രീ ആയിരിക്കും. എന്നാല്‍ സാംസങ് ഉപകണങ്ങള്‍ക്കു മാത്രമായിരിക്കും ലഭ്യമാക്കുക.

ഫോണുകള്‍ ക്ലീന്‍ ചെയ്യാന്‍ സാംസങ് രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. അത് ഉപകരണങ്ങള്‍ക്കു ഭാവിയില്‍ പ്രശ്‌നമാകാം. എന്നാല്‍, സാംസങ് ഉപയോഗിക്കുന്ന യുവി-സി ഉപകരണങ്ങള്‍ അത്തരം കേടുവരുത്തില്ല എന്നാണ് പറയുന്നത്. എന്നാല്‍, കമ്പനി ഒരു മുന്‍കൂര്‍ജാമ്യം എടുക്കുന്നുമുണ്ട്- പുതിയ സാഹചര്യം പെട്ടെന്ന് വന്നു കൂടിയതായതിനാല്‍ ഫോണ്‍ ക്ലീനിങ് നടത്താന്‍ സാംസങ്ങിന് മറ്റു നിര്‍മ്മാതാക്കളെ ആശ്രയിക്കേണ്ടതായി വന്നിരിക്കുന്നു. തേഡ് പാര്‍ട്ടി നിര്‍മ്മാതാക്കളുടെ ഉപകണങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍, ഫോണ്‍ എത്രമാത്രം ക്ലീന്‍ ആകുമെന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് ഉറപ്പു നല്‍കാനാകില്ല എന്നാണ് കമ്പനി പറയുന്നത്. ഫലം വ്യത്യസ്തമായിരിക്കാം. 'എല്ലാ ബാക്ടീരിയകളും ജേംസും വൈറസസും പോകണമെന്നില്ലെന്നും സാംസങ് പറയുന്നു.

കോവിഡ്-19നെതിരെയുള്ള യുദ്ധത്തില്‍ ഇതുവരെ ഊന്നല്‍ ലഭിച്ചിരിക്കുന്നത് മാസ്‌ക് ധരിക്കുന്നതിനും ഗ്ലൗസ് അണിയുന്നതിനും കൈ ഉചിതമായ ലായനി ഉപയോഗിച്ചു കഴുകി ശുദ്ധീകരിക്കുന്നതിനുമാണ്. എന്നാല്‍, സ്വന്തം ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയ ഉപകരണങ്ങളും നിരന്തരം ക്ലീന്‍ ചെയ്ത്സൂക്ഷിക്കേണ്ടത് അതിപ്രധാനമാണ്. ആഗോള തലത്തില്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍ പല തവണ പറഞ്ഞിട്ടുള്ള കാര്യമാണ് സ്മാര്‍ട്ട്‌ഫോണുകളും കംപ്യൂട്ടര്‍ കീബോഡുകളുമൊക്കെ ബാക്ടീരിയകളുടെയും വൈറസിന്റെയും കൂമ്പാരമാണെന്നത്. ഇക്കാലത്തെ രോഗവാഹകരില്‍ ഇവയ്ക്കുള്ള പ്രാധാന്യം പറഞ്ഞറിയിക്കാനാവില്ല. നിങ്ങളുടെ ഫോണോ ലാപ്‌ടോപോ വൈറസ് ബാധിതമായിട്ടുണ്ടെങ്കില്‍ അവ എത്ര തവണ കഴുകിയാലും ശുദ്ധി വരണമെന്നില്ല എന്നത് കൊറോണാവൈറസ് കാലത്ത് പേടിപ്പിക്കുന്ന കാര്യമാണ്.

ഫോണ്‍ നിര്‍മ്മാണം വിയറ്റ്‌നാമിലേക്കു മാറ്റി സാംസങ്

അതേസമയം, തങ്ങളുടെ ഫോണ്‍ നിര്‍മ്മാണം താത്കാലികമായി ദക്ഷിണ കൊറിയയില്‍ നിന്ന് വിയറ്റ്‌നാമിലേക്കു മാറ്റിയിരിക്കുകയാണ് സാംസങ്. രണ്ടാമതൊരു ജോലിക്കാരും കൊറോണാവൈറസ് പിടിപെട്ടു എന്നതിന്റെ പേരിലാണ് കമ്പനിയുടെ പുതിയ നീക്കം. സാംസങ്ങിന്റെ സുപ്രധാന മോഡലുകളായ എസ്20 സീരിസ്, സെഡ് ഫ്‌ളിപ് ഫോള്‍ഡബിള്‍ ഫോണ്‍ തുടങ്ങിയവയുടെ നിര്‍മ്മാണമാണ് ഇനി വിയറ്റ്‌നാമില്‍ നടത്തുക.

സാംസങ്ങിന്റെ ഫോണ്‍ അല്ലെങ്കില്‍ എങ്ങനെ യുവി ക്ലീനിങ് നടത്താം?

വിവിധ തരം സ്മാര്‍ട് ഫോണ്‍ സാനിറ്റൈസറുകള്‍ ഇന്ന് ഇന്ത്യയിലും ലഭ്യമാണ്. എന്നാല്‍, ഇവയ്ക്ക് നല്ല വില നല്‍കണം. ഇനി പറയുന്നവ ഇത്തരത്തിലുള്ള അവകാശവാദങ്ങള്‍ നടത്തുന്ന പ്രൊഡക്ടുകളാണ്. എന്നാല്‍, ഇവയുടെ പ്രവര്‍ത്തന മികവ് നേരിട്ടു വിലയിരുത്തിയിട്ടില്ല.

വിമാക്‌സ് സെല്‍ഫോണ്‍ യുവി സാനിറ്റൈസര്‍ (Vmax Cell Phone uv Sanitizer/Disinfector) ഉപയോഗിച്ച് ഏതു സ്മാര്‍ട് ഫോണും ഇയര്‍ ഫോണും ആഭരണങ്ങളും വാച്ചുകളും താക്കോലുകളുംം സ്പൂണുകളും എല്ലാം അണുമുക്തമാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 99.9 ശതമാനം ബാക്ടീരിയകളെയും 6 മിനിറ്റുകൊണ്ട് നിര്‍മ്മാര്‍ജജനം ചെയ്യുമെന്ന് കമ്പനി പറയുന്നു. ആമസോണില്‍ ലഭ്യമായ ഈ പ്രൊഡക്ടിന് ഇതെഴുതുന്ന സമയത്ത് വില 10,880 രൂപയാണ് വില.

ഫോണ്‍സോപ് (PhoneSoap)

ഇതില്‍ വച്ച് ഫോണ്‍ ഡിസ്ഇന്‍ഫെക്ട് ചെയ്യുകയും ഒപ്പം ചാര്‍ജ് ചെയ്യുകയും ചെയ്യാമെന്ന് കമ്പനി പറയുന്നു. വില 7,500 രൂപ. സ്മാര്‍ട് ഫോണ്‍ യുവി സാനിറ്റൈസര്‍ (Smartphone UV Sanitizer) എന്ന പേരിലുള്ള പ്രൊഡക്ടിന് 21,700 രൂപയാണ് വില. 

മോബിറ്റൈസര്‍ മൊബൈല്‍ സാനിറ്റൈസര്‍ (Mobitizer Mobile Sanitizer) എന്ന ഉപകരണവും സമാനമായ ഉപയോഗം വാഗ്ദാനം ചെയ്യുന്നു. വില 4999 രൂപ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA