sections
MORE

ഐഫോണിനും 64 എംപി ക്യാമറ, 5ജി ഐഫോണിന്റെ കാര്യമോ? അഭ്യൂഹങ്ങൾ പറയുന്നതെന്ത്?

iPhone-12
SHARE

കൂടുതല്‍ മെഗാപിക്‌സല്‍ ഉണ്ടെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട ചിത്രം കിട്ടുമെന്ന പൊതുവിശ്വാസത്തിനെതിരെ നിന്നിരുന്ന രണ്ടു പ്രധാന കമ്പനികളായിരുന്നു ആപ്പിളും സാംസങും. എന്നാല്‍, സാംസങ് ഈ വര്‍ഷത്തെ എസ്20 അള്‍ട്രായില്‍ 108 എംപി ക്യാമറ പിടിപ്പിച്ചതിനു ശേഷം പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത് ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ 12 പ്രോയിലെങ്കിലും 64എംപി ക്യാമറ കൊണ്ടുവന്നേക്കുമെന്നാണ്. കമ്പനിയുടെ ഈ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത് എവരിതിങ് ആപ്പിള്‍പ്രോ എന്ന യുട്യൂബ് ചാനലാണ്. അവര്‍ക്ക്, വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുത്തു പ്രശസ്തനായ മാര്‍ക്ക് വെയ്ന്‍ബാച്ച് എന്നയാളില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.

വര്‍ഷങ്ങളായി 12എംപിയുടെ അപ്പുറത്തേക്കു ചിന്തിക്കുക കൂടി ചെയ്യാതിരുന്ന ആപ്പിള്‍, ആദ്യമായി ആ കടമ്പ കടക്കുകയാണ്. കൂടുതല്‍ മെച്ചപ്പെട്ട സെന്‍സറായിരിക്കും ഐഫോണ്‍ 12 പ്രോ മാക്‌സില്‍ ഉണ്ടാകുക. ഇത് 64 എംപി വരെ ആയേക്കാമെന്നാണ് പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത്. വിവിധ വലുപ്പത്തിലുള്ള 64എംപി ക്യാമറാ സെന്‍സറുകള്‍ ആപ്പിളിപ്പോള്‍ ടെസ്റ്റു ചെയ്തുകൊണ്ടിരിക്കുകയാണ്. സോണി ഇറക്കുന്ന 64എംപി മൊഡ്യൂള്‍ അണിഞ്ഞ് ഐഫോണ്‍ 12 ഇറങ്ങാനുള്ള സാധ്യതയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

സാംസങ് എസ്20 അള്‍ട്രായുടെ പ്രൊഡക്ട് പേജില്‍ ആപ്പിളിന്റെ ഐഫോണ്‍ 11 പ്രോ മാക്‌സിന്റെ 12എംപി ക്യാമറയെ കളിയാക്കുന്നുണ്ട്. ഈ ഫോണിലെ 108 എംപി സെന്‍സര്‍ സാംസങ് തന്നെ ഉണ്ടാക്കിയതാണ്. അടുത്ത എതിരാളികളായതിനാല്‍ സാംസങ്ങിന്റെ ക്യാമറാ മൊഡ്യൂള്‍ ആപ്പിള്‍ വാങ്ങിയേക്കില്ല. എന്നാല്‍, തങ്ങളുടെ ഐഫോണുകള്‍ക്ക് സ്ഥിരമായി ക്യാമറാ മൊഡ്യൂള്‍ നല്‍കിവന്ന സോണിയെ വിശ്വസിക്കാന്‍ തന്നെയാണ് സാധ്യത.

സ്ഥിരമായി ഉപയോഗിക്കുന്ന 12 എംപി ക്യാമറയ്ക്കു പകരം ഗ്യാലക്‌സി എസ്20 അള്‍ട്രാ ഞെട്ടിക്കുന്ന 108 എംപി സെന്‍സര്‍ ഉപയോഗിക്കുന്നു. പത്തു ലക്ഷം അധിക പിക്‌സല്‍സ്. അസാധ്യമായ രീതിയില്‍ ഷാര്‍പ് ആയ ചിത്രങ്ങള്‍ ലഭിക്കുന്നു. ഇവ ക്രോപ് ചെയ്ത് പോലും പ്രിന്റ് ചെയ്യാമെന്നാണ് സാംസങ് ഉന്നയിക്കുന്ന അവകാശവാദം. എസ്20 അള്‍ട്രായുടെ പ്രഹരശേഷി തന്നെയാണ് ആപ്പിളിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ആപ്പിള്‍ തിരിച്ചടിക്കേണ്ട കാര്യമുണ്ട്. അതിന് 64 എംപി ധാരാളം മതിയാകും താനും എന്നാണ് പറയുന്നത്.

ഐഫോണ്‍ 12ല്‍ പ്രതീക്ഷിക്കുന്ന മറ്റു ക്യാമറാ ഫീച്ചറുകള്‍

അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സിന്റെ അപേര്‍ചര്‍ ഇപ്പോള്‍ എഫ്/2.4 ആണ്. ഇത് എഫ്/1.6 അല്ലെങ്കില്‍ എഫ്/1.7 ആക്കിയേക്കുമെന്നു പറയുന്നു. ഇതിലൂടെ അള്‍ട്രാവൈഡ് ലെന്‍സ് ഐഫോണ്‍ 11 പ്രോ മാക്‌സിനേക്കാള്‍ മികച്ച പ്രകടനം നടത്തും. കൂടാതെ, നൈറ്റ് മോഡില്‍ ചിത്രമെടുക്കുമ്പോള്‍ മികവ് വര്‍ധിക്കുകയും ചെയ്യും. അള്‍ട്രാ വൈഡ് ലെന്‍സിന്റെ കുറഞ്ഞ ഫോക്കസിങ് അകലം കുറച്ച് മാക്രോ ലെന്‍സിന്റെ അഭാവം നികത്താനുള്ള ശ്രമവും ഉണ്ടെന്നും പറയുന്നു. സ്മാര്‍ട് എചിഡിആര്‍, 10 ശതമാനം അധിക ചാര്‍ജ് കൊള്ളുന്ന ബാറ്ററി, 120 ഹെട്‌സ് ഡിസ്‌പ്ലെ എന്നിവയും പ്രതീക്ഷിക്കുന്നതായി പറയുന്നു. ഇവയെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ്.

5ജി ഐഫോണ്‍ വൈകിയേക്കും?

കൊറോണാവൈറസിന്റെ ആഘാതത്തില്‍ ഈ വര്‍ഷം എത്തുമെന്നു കരുതുന്ന ഐഫോണ്‍ 5ജി വൈകിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ആപ്പിള്‍ ആദ്യമായി 5ജി ടെക്‌നോളജി അവതരിപ്പിക്കുന്ന മോഡലായിരിക്കും ഇത്. നിലവിലുള്ള ഐഫോണുകളെ പരിപൂര്‍ണ്ണമായും നിഷ്പ്രഭമാക്കുന്ന ഡേറ്റാ ഡൗണ്‍ലോഡ് സ്പീഡുകളായിരിക്കും ഈ മോഡലിന്. എന്നാല്‍, 5ജി സേവനം ലഭ്യമല്ലാത്ത ഇടങ്ങളില്‍ ഈ ഫോണിന് അധിക വില നല്‍കുന്നതില്‍ അര്‍ഥമില്ലെന്നു വാദിക്കുന്നവരും ഉണ്ട്. കാരണം അടുത്ത വര്‍ഷം (2021) ഇറങ്ങുന്ന ഐഫോണുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട 5ജി ടെക്‌നോളജി ഉറപ്പായും പ്രതീക്ഷിക്കാമെന്നാണ് ഈ വാദമുയര്‍ത്തുന്നവര്‍ പറയുന്നത്. ഇപ്പോള്‍ 5ജി സാങ്കേതികവിദ്യയ്ക്ക് നെറ്റ്‌വര്‍ക്കിന്റെ കാര്യത്തിലായാലും പല്ലുമുളച്ചു വരുന്നതേയുള്ളു.

രണ്ടു വേരിയന്റുകള്‍?

ഈ വര്‍ഷം രണ്ടു 5ജി മോഡലുകള്‍ ഉണ്ടായേക്കുമെന്നാണ് കേള്‍ക്കുന്നത്- ഒരെണ്ണം സ്പീഡ് കുറഞ്ഞ സബ്-6 ഗിഗാഹെട്‌സ് (sub-6ghz) ടെക്‌നോളജി ഉപയോഗിച്ചായിരിക്കും ഇറങ്ങുക. ഇത് സെപ്റ്റംബറില്‍ തന്നെ ഇറക്കിയേക്കും. എന്നാല്‍, കൂടുതല്‍ വേഗമുള്ള എംഎംവേവ് ടെക്‌നോളജിയുമായി ഇറങ്ങുന്ന ഐഫോണ്‍ ഡിസംബറിലോ ജനുവരിയിലോ മാത്രമായിരിക്കും ഇറങ്ങുക എന്നും വാദമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
FROM ONMANORAMA