ADVERTISEMENT

മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഒരുപിടി സവിശേഷതകളുമായി ഈ വര്‍ഷത്തെ ഏറ്റവും മികച്ച സ്മാര്‍ട് ഫോണ്‍ സീരിസിലൊന്നായ വാവെയ് പി40 അവതരിപ്പിച്ചു. അമേരിക്കയുടെ മൂക്കുകയര്‍ പൂര്‍ണ്ണമായി വീഴുന്നതിനു മുൻപ് തങ്ങളുടെ മികവ് ലോകത്തിനു മുന്നില്‍ ഒരിക്കല്‍ കൂടെ പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടെ അവതരിപ്പിക്കപ്പെട്ടവയാണ് പി40, പി40 പ്രോ, പി40 പ്രോ പ്ലസ് എന്നിവ. ഇവയ്ക്കെല്ലാം വാവെയുടെ സ്വന്തം കിരിന്‍ 990 5ജി അതിവേഗ പ്രൊസസറാണ് നല്‍കിയിരിക്കുന്നത്. ഇവയുടെ ക്യാമറകളുടെ എണ്ണം യഥാക്രമം 3, 4, 5 എന്നിങ്ങനെയാണ്. പ്രോ മോഡലുകള്‍ക്ക് 4കെ എച്ഡിആര്‍പ്ലസ് വിഡിയോ റെക്കോഡിങ് ശേഷിയുമുണ്ട്. സെക്കന്‍ഡില്‍ 7680 ഫ്രെയിം റെക്കോഡു ചെയ്യാമെന്ന സവിശേഷതയും ഉണ്ട്. എന്നാല്‍, ഇവയൊക്കെ ഈ ഫോണുകളെ ആകര്‍ഷകമാക്കുമോ?

5ജി ബാന്‍ഡ്, പുതിയ വൈ-ഫൈ ടെക്‌നോളജി (160MHz Wi-Fi 6 Plus) എന്നിവ പ്രധാന ഫീച്ചറുകളാണ്. പി40 മോഡലുകള്‍ക്ക് 2,400എംബിപിഎസ് ട്രാന്‍സ്ഫര്‍ സ്പീഡ് വരെ കിട്ടാമെന്നു പറയുന്നു. 40 വാട്ട് വയര്‍ലെസ് ചാര്‍ജിങ് സപ്പോര്‍ട്ടും ഉണ്ട്. ഹൈ-എന്‍ഡ് ടെക്‌നോളജി ഈ ഫോണുകളെ പൊതിഞ്ഞുനിൽക്കുന്നു. പി40, പി40 പ്രോ മോഡലുകള്‍ ഗ്ലാസ് നിര്‍മ്മിതമാണ്. പി40 പ്രോ പ്ലസിന് നാനോ-ടെക് സെറാമിക് ബ്ലാക് പാനലാണുളളത്. ഇത് പ്രീമിയം ലുക്ക് വര്‍ധിപ്പിക്കുന്നു. പ്രോ, പ്രോ പ്ലസ് മോഡലുകള്‍ക്ക് 90 ഹെട്‌സ് റിഫ്രഷ് റെയ്റ്റ് ഉള്ള ഫുള്‍ എച്ഡി പ്ലസ് ഓലെഡ് ഡിസ്‌പ്ലെയാണുള്ളത്. നേര്‍ത്ത ബസെല്‍ മാത്രമുള്ള ഇവയ്ക്ക്, ഇന്‍-സ്‌ക്രീന്‍ ഫിങ്ഗര്‍ പ്രിന്റ് സ്‌കാനറും ഉണ്ട്. ആപ്പിളിന്റെ സിറിയെ പോലെ സ്വന്തമായി വോയിസ് അസിസ്റ്റന്റും വാവെയ് സൃഷ്ടിച്ചിട്ടുണ്ട്-സിലിയ.

മികച്ച ക്യാമറാ ഫോണുകളിലൊന്ന്

സാധാരണ സ്മാര്‍ട് ഫോണുകളില്‍ കാണുന്നതിനെക്കാള്‍ വലുപ്പമുള്ള 1/1.28-ഇഞ്ച് ക്യാമറാ സെന്‍സറാണ് പ്രധാന ക്യാമറയ്ക്കുള്ളത്. ജര്‍മന്‍ ക്യാമറാ നിര്‍മാതാവായ ലൈക്കയുമായി ചേര്‍ന്നാണ് പി40 സീരിസിന്റെ ക്യാമറ നിര്‍മിച്ചിരിക്കുന്നത്. അള്‍ട്രാ വൈഡ് ലെന്‍സ് ഉള്‍പ്പടെ, ട്രിപ്പിള്‍ ക്യാമറാ സെറ്റ്-അപും ടെലി ക്യാമറയുമാണ് ഉള്ളത്.

പി40

6.1-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണ് ഉള്ളത്. മൂന്നു പിന്‍ ക്യാമറകളുമായി വരുന്ന ഈ ഫോണിന് 50എംപി പ്രധാന ക്യാമറ, 40എംപി അള്‍ട്രാ വൈഡ്, 12എംപി, 5എക്‌സ് ടെലി ലെന്‍സ് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 3800 എംഎഎച് ബാറ്ററിയും ഉണ്ട്. ഇതിന് ചാര്‍ജിങ് സ്പീഡും കുറവാണ് - 22.3 വോട്‌സ്.

പി40 പ്രോ

പി40 പ്രോ, പ്രോ പ്ലസ് മോഡലുകള്‍ക്ക് 6.58-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണ്. ഇവയ്ക്ക് 4200എംഎഎച് ബാറ്ററിയും നല്‍കിയിരിക്കുന്നു. പ്രധാന ക്യാമറയക്ക് നല്‍കിയിരിക്കുന്നത് 50എംപി ക്വാഡ്-ബെയര്‍ സെന്‍സറും ഓപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും എഫ്1.9 അപേര്‍ചറുമാണ്. കൂടാതെ, അള്‍ട്രാ വൈഡ് ക്യാമറയെയും പരിപൂര്‍ണ്ണമായി പുതുക്കിപ്പണിതിട്ടുണ്ട് - 40 എംപി സെന്‍സറാണ് നല്‍കിയിരിക്കുന്നത്. ടെലിലെന്‍സ് പെരിസ്‌കോപ് രീതിയിലാണ് സൃഷ്ടിച്ചിരിക്കുന്നത്. 5 എക്‌സ് ഓപ്ടിക്കല്‍ മാഗ്നിഫിക്കേഷന്‍ ഉള്ള ഈ ക്യാമറയ്‌ക്കൊപ്പം സൂപ്പര്‍ റെസലൂഷന്‍ അല്‍ഗോറിതങ്ങളെയും കൂട്ടിച്ചേര്‍ത്ത് അതിന്റെ സൂം ഫാക്ടര്‍ 50ല്‍ എത്തിച്ചിട്ടുണ്ട്. ഡെപ്ത് സെന്‍സിങ്ങിനായി ഒരു ടൈം-ഓഫ്-ഫ്‌ളൈറ്റ് സെന്‍സറും പിടിപ്പിച്ചിരിക്കുന്നു. മികച്ച ബോ-കെ നല്‍കാന്‍ ഇതിനായേക്കും. മൂന്നു ക്യാമറകളുടെയും ഓട്ടോഫോക്കസ് പ്രകടനം മെച്ചപ്പെടുത്താനും ഇതിനാകും. 32 എംപി സെല്‍ഫി ക്യാമറയാണ് പ്രോ മോഡലുകള്‍ക്ക്.

പി40 പ്രോ പ്ലസ്

പ്രോ വേര്‍ഷനില്‍ ഏറ്റവും മാറ്റുള്ള ഫോണ്‍ പി40 പ്രോ പ്ലസ് ആണ്. രണ്ടു ടെലി ലെന്‍സുകളാണ് ഇതിനു നല്‍കിയിരിക്കുന്നത്. കുറഞ്ഞ സൂം മതിയെങ്കില്‍ 3എക്‌സ് ടെലിയും, കൂടുതല്‍ അകലേയ്ക്കു പോകണമെങ്കില്‍ പെരിസ്‌കോപ് സ്റ്റൈലിലുള്ള 10എക്‌സ് ടെലിയും ഉപയോഗിക്കാം. ഇതിന് 100എക്‌സ് വരെ ഡിജിറ്റല്‍ സൂം കിട്ടും. അഞ്ചു മടങ്ങ് പ്രകാശം പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ പെരിസ്‌കോപ് ലെന്‍സുകള്‍ അടുക്കിയിരിക്കുന്നത്.

മൂന്നു മോഡലുകളിലെയും പ്രധാന ക്യാമറ പിക്‌സല്‍ ബിന്നിങ് സാങ്കേതികവിദ്യയിലൂടെ അതിന്റെ ഡൈനാമിക് റെയ്ഞ്ച് വര്‍ധിപ്പിക്കാനും ശ്രമിക്കുന്നു. പുതിയയ ഓക്ടാ പിഡിഎഫ് സാങ്കേതികവിദ്യ കാര്യമായ മാറ്റം കൊണ്ടുവരുമെന്നു കരുതുന്നു. വാവെയ് എക്ഡി ഫ്യൂഷന്‍ എൻജിന്‍ വിവിധ സെന്‍സറുകളില്‍ നിന്നുള്ള ഡേറ്റ എടുത്താണ് സൂം ഫങ്ഷന്‍ മെച്ചപ്പെടുത്തുന്നത്. മള്‍ട്ടി സ്‌പെക്ട്രം കളര്‍ ടെംപറേച്ചര്‍ സെന്‍സറും എഐ ശക്തിപകരുന്ന വൈറ്റ് ബാലന്‍സും പുതിയ അധ്യായം തുറക്കുമെന്ന് വാവെയ് കരുതുന്നു.

പ്രധാന ന്യൂനത ഗൂഗിള്‍ സേവനങ്ങളുടെ അഭാവമാണ്. ആന്‍ഡ്രോയിഡിന്റെ ലൈസന്‍സ് വേണ്ടാത്ത പതിപ്പില്‍ നിര്‍മ്മിച്ച ഇഎംയുഐ 10.1 ആണ് സോഫ്റ്റ്‌വെയര്‍. വാവെയ് മോബി സര്‍വീസസ് ആണ് ആപ്പുകള്‍ നല്‍കുക. പ്ലേ സ്റ്റോറിനു പകരം വാവെയ് ആപ് ഗ്യാലറിയായിരിക്കും ഫോണിന് ഉണ്ടാകുക.

പി40 മോഡലിന് 6ജിബി, 128ജിബി ഏകദേശം 66,000 രൂപയായിരിക്കും വില. പി40 പ്രോ 8ജിബി റാം, 256ജിബി സ്റ്റോറേജ് വേരിയന്റിന് ഏകദേശം 82,000 രൂപയായിരിക്കും വില. 8ജിബി, 512 ജിബി, പ്രോ പ്ലസ് മോഡലിന് ഏകദേശം 1,15,000 രൂപയായിരിക്കും വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com